Powered by: <a href="#">Manna Broadcasting Network</a>
എബ്രായർ 4:16
അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.
ദൈവവുമായി തനിയെ ചിലവഴിക്കുന്ന ധാരാളം സമയങ്ങൾ ജീവിതത്തിൽ നാം മനഃപൂർവം ഉണ്ടാക്കിയെടുക്കണം. രാവിലെയും വൈകുന്നേരങ്ങളിലും ചിലവഴിക്കുന്ന കാൽ മണിക്കൂർ സമയം മാത്രം അടുത്തുവന്നുകൊണ്ട് നിന്റെ ജീവനായകനെ മാറ്റിനിർത്തരുത്. ദൈവത്തെ നന്നായി പരിചയപ്പെട്ടു അവനെ പരിജ്ഞാനത്തിൽ അറിയാനായി ആ സന്നിധിയിൽ തനിയെയിരിക്കാൻ സമയമെടുക്കുക. എല്ലാം അവനുമായി സംസാരിക്കുക. നിന്റെ എല്ലാ ചിന്തകളും, വികാരങ്ങളും, ആഗ്രഹങ്ങളും, പദ്ധതികളും, സംശയങ്ങളും എല്ലാം അവനോട് പകരുക. തന്റെ സൃഷ്ടിയുടെ മകുടമായ മനുഷ്യനോട് സംവദിക്കാൻ അവൻ അതിയായി ആഗ്രഹിക്കുന്നു. എന്നാൽ അവന്റെ സൃഷ്ടികൾക്കു അവനുമായി സംസാരിക്കാൻ സമയമോ ആഗ്രഹമൊ ഇല്ലാത്തതെന്താണ്? കേവലം ഒരു ബന്ധത്തിൽ ജീവിക്കാൻ മാത്രമല്ല,നമ്മോടു ഏറ്റവും അടുത്തിരിക്കുവാനും ദൈവം ഏറ്റവും ആഗ്രഹിക്കുന്നവനാണ് കേട്ടോ. എന്നാൽ നാം ആ ഹൃദ്യതയുള്ള അടുപ്പം അവഗണിച്ച് ദൈവത്തെക്കുറിച്ചുള്ള കേവല അറിവിലും പരിചയത്തിലും സംതൃപ്തരായിരിക്കയാണോ? ലോകവുമായി, സുഹൃത്തുക്കളുമായി, അയൽവാസികളുമായി എല്ലാം അടുത്ത ബന്ധം പുലർത്താൻ മിടുക്കു കാട്ടുന്ന എനിക്ക് പക്ഷേ ദൈവവുമായി അങ്ങനെയൊരു ബന്ധത്തിന് താല്പര്യമില്ലെങ്കിൽ ഞാൻ എത്രയോ നന്ദി കെട്ടവനാണ് അല്ലേ? കളിമണ്ണിന് കുശവനോടോ, ഒരു മാർബിൾ കഷണത്തിന് അതിന്റെ ശില്പിയോടോ ആശയ വിനിമയം ഒരിക്കലും സാധ്യമല്ല. പക്ഷെ എന്റെ സൃഷ്ടാവിനോട്-സകലത്തിന്റെയും സകലവുമായ അത്യുന്നതനായ മഹാ ദൈവത്തോട് -എനിക്ക് സംസാരിക്കാൻ കഴിയുന്നു എന്നത് എനിക്ക് ലഭിച്ച മഹാ ഭാഗ്യ പദവികളിൽ ഒന്നല്ലേ???ചിന്തിക്കുക!!