കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

നമ്മുടെ സഭയോഗങ്ങൾ രക്ഷിക്കപ്പെടാത്ത കുഞ്ഞുങ്ങൾക്ക് സാക്ഷ്യമാണോ?

നൈനാൻ സാമുവേൽ

നമ്മുടെ സഭയോഗങ്ങൾ രക്ഷിക്കപ്പെടാത്ത കുഞ്ഞുങ്ങൾക്ക് സാക്ഷ്യമാണോ?

സഭായോഗങ്ങളില്‍ വിശ്വാസികള്‍ അവരുടെ മക്കളെ പങ്കെടുപ്പിക്കേണ്ടത് അത്യന്താപേഷിതമാണ്‌. ”രണ്ടോ മൂന്നോ പേര്‍ എന്‍റെ നാമത്തില്‍ കൂടിവരുന്നിടത്തൊക്കെയും ഞാന്‍ അവരുടെ നടുവില്‍ ഉണ്ട് എന്നും ഞാന്‍ നിങ്ങളോടു പറയുന്നു” (മത്തായി 18: 20 ) നമ്മുടെ കര്‍ത്താവിനെ മഹത്വപ്പെടുത്താനും, അവനില്‍ നിന്നും പഠിക്കുവാനും, പ്രാര്‍ത്ഥിക്കുവാനും ഒക്കെ നാം കൂടിവരുമ്പോള്‍ കര്‍ത്താവിന്‍റെ സാനിധ്യം ഉണ്ടെന്നുള്ള ബോധ്യവും, ഭക്തിയും നമ്മുക്ക് ഉണ്ടായിരിക്കണം.

കുഞ്ഞുകളി: നമ്മുടെ വിഷയത്തിലേക്ക് കടക്കുന്നതിനു മുന്‍പ് തന്നെ ഇന്ന് നാം സാധാരണയായി ചില പ്രാദേശീക സഭകളില്‍ കണ്ടുവരുന്ന ‘കുഞ്ഞുകളി’ പറഞ്ഞു തുടങ്ങാം. ചില സഭകളില്‍ സഭയോഗത്തിന് മധ്യത്തില്‍ ‘പിള്ളേര്‍’ ഓടിനടക്കുന്നു. അവരുടെ ‘കളി’ കാണുവാന്‍ എല്ലാര്ക്കും ഇഷ്ടമാണ്. എല്ലാവരും അതുകണ്ട് ആനന്ദിക്കുന്നു. മേശയിലെ തുണി വലിക്കുകയും മറ്റും ചെയ്യാന്‍ തുടങ്ങുമ്പോള്‍ അപ്പനും അമ്മയും പിറകെ ഓടുന്നു. അങ്ങനെ സഭായോഗം ഒരു ‘കുടുംബ കളിക്കളം’ ആയി മാറുന്നു. പിന്നെ സഭയിലെ ‘പ്രബല’രുടെ മക്കള്‍ ആയതുകൊണ്ട് ആര്‍ക്കും ‘ നിയന്ത്രിക്കാന്‍’ പറ്റുകയും ഇല്ല. “പിള്ളേരല്ലേ ബ്രദറെ… അങ്ങനെയൊക്കെയാ..” എന്ന ആശ്വാസവാക്കുകളും..

കുഞ്ഞു ബേക്കറി: മറ്റു ചില മാതാപിതാക്കള്‍ മക്കളോടൊപ്പം ഒരു ‘ബേക്കറി’ തുടങ്ങാനുള്ള ആഹാരങ്ങളും ചുമന്നുകൊണ്ടു യോഗത്തിന് വരുന്നു. സഭായോഗമധ്യേ കുട്ടികളെ പരിപോഷിപ്പിക്കുന്നു. അതുകണ്ടിരിക്കുന്ന മറ്റു കുട്ടികളും കൈയും നീട്ടി കൂടെ കൂടുന്നു. അങ്ങനെ കുഞ്ഞുങ്ങളുടെ തിരക്കും, ആഹാര സാധനങ്ങളുടെ മണവും ഒക്കെയായി ഒരു ‘ചില്‍റന്‍സ് ഫെസ്റ്റ്’ ആയി ചില സഭായോഗങ്ങള്‍ മാറുന്നു. “നമ്മള് പ്രായമുള്ളവരെ പോലെയാണോ… കുട്ടികള്‍ അവര്‍ക്ക് വിശക്കില്ലേ?”

കളിപ്പാട്ടക്കട: ഇനിയും മറ്റൊരു കൂട്ടം മാതാപിതാക്കള്‍ സഭായോഗത്തില്‍ ‘കളിപ്പാട്ടക്കട’ തുറക്കുന്നു. വില്പനക്കല്ല, തങ്ങളുടെ മക്കളെ കളിപ്പിക്കാന്‍ മാത്രമാണ് എന്നൊരു വിത്യാസം. അടങ്ങിയിരുന്ന മറ്റു കുഞ്ഞുങ്ങള്‍ ഈ കളിപ്പാട്ടങ്ങള്‍ കാണുകയും, ആകര്‍ഷിക്കപ്പെടുകയും, അതുകിട്ടുവാന്‍ വേണ്ടി കരയുകയും, വഴക്കുണ്ടാക്കുകയും ചെയ്യുന്നു. അവരുടെ മാതാപിതാക്കള്‍ ചെറിയ നുള്ളും, പിച്ചും ഒക്കെ മക്കള്‍ക്ക്‌ കൊടുക്കുന്നു. മറ്റുചിലര്‍ സ്വന്തം പിള്ളേരുടെ കരച്ചില്‍ നിര്‍ത്താന്‍ മറ്റുള്ളവരുടെ കയ്യില്‍ ഇരിക്കുന്ന കളിപ്പാട്ടം വാങ്ങി കൊടുക്കാന്‍ ശ്രമിക്കുന്നു അങ്ങനെ അവര്‍ കരയാന്‍ തുടങ്ങുന്നു. ചിലര് പിള്ളേരെ വലിച്ചു കൊണ്ട് പുറത്തേക്കു പോയി അവരുടെ ദേഷ്യം തീര്‍ക്കുന്നു. “പിള്ളേരല്ലേ അവര് കളിക്കുന്ന പ്രായമല്ലേ??”

പല്‍കുടിക്കുന്ന കുഞ്ഞുങ്ങള്‍ക്ക്‌ പാല്‍ കൊടുക്കുന്നതോ, ശബ്ദം ഇല്ലാത്ത / ഉണ്ടാക്കാത്ത എന്തെകിലും കൊണ്ട് കുഞ്ഞുങ്ങള്‍ കളിക്കുന്നതോ അല്ല ഞങ്ങള്‍ പറയുവാന്‍ ആഗ്രഹിക്കുന്നത്. സഭയോഗത്തിന്റെ മാന്യതക്കും, കര്‍ത്താവിന്‍റെ മഹത്വത്തിനും കോട്ടം വരുത്തുന്നതെല്ലാം നാം ഒഴിവാക്കണം. നമ്മള്‍ക്ക് എല്ലാവര്ക്കും തന്നെ കുഞ്ഞുങ്ങളെ ഇഷ്ടമാണ്. അവരുടെ കളികളും, മറ്റും എല്ലാവരെയും ആകര്‍ഷിക്കുന്നതാണ്. ചുരുക്കത്തില്‍ സഭായോഗത്തില്‍ കര്‍ത്താവിലേക്കുള്ള ചിന്തകള്‍ കുഞ്ഞുങ്ങളിലേക്കാക്കി സാത്താന്‍ വിജയിക്കുന്നു.

ഈ കാര്യങ്ങള്‍ സഭയിലുള്ള പലരും താങ്കളോട് പറയാന്‍ മടിക്കുന്നത് ഒരു ‘മുഷിപ്പ്’ ഒഴിവാക്കാന്‍ വേണ്ടിയാണ്. വിശ്വാസികള്‍ ആയവര്‍, സഭയിലുള്ള ഈ ‘കുഞ്ഞിക്കളികള്‍’ മാനസീകമായി അവജ്ഞയോടെയാണ് കാണുന്നത്. മാത്രമല്ല, ദൈവ സന്നിധിയില്‍ കുറ്റകരവുമാണ്. സഭയോഗത്തെ ഉപേഷയായി കരുതുന്നതിനു തുല്യവും, അതോടൊപ്പം താങ്കളുടെ അപക്വതയെ വെളിപ്പെടുതുന്നതുമാണ്. സഭയോഗത്തിന് പോകുന്നതിനു മുന്‍പ് കുഞ്ഞുങ്ങളുമായി ഒന്നിച്ചു പ്രാര്‍ത്ഥിച്ചു പോകണം. ഇത് മക്കള്‍ കേള്‍ക്കുന്നതും, സഭയോഗത്തിന് കുഞ്ഞുങ്ങള്‍ അടങ്ങിയിരിക്കുന്നതിനു പ്രേരകമാകും.

തിരുവത്താഴം സാക്ഷ്യത്തിന്റെ ശുശ്രൂഷയാണ് അവന്റെ മരണത്തെ പ്രസ്താവിക്കുന്നു 1 കൊരിന്ത്യര്‍ 11:8 എന്നതിലെ പ്രസ്താവന എന്ന വാക്കിനെ മറ്റുഭാഗങ്ങളില്‍ പ്രസംഗം എന്നാണ് വിവര്‍ത്തനം ചെയ്തിരിക്കുന്നത്. 1 കൊരിന്ത്യര്‍ 9:14ല്‍ സുവിശേഷം പ്രസംഗിക്കുന്നതിനോടുള്ള ബന്ധത്തിലാണ് ഈ പദം ഉപയോഗിച്ചിരിക്കുന്നത് . വാസ്തവത്തില്‍ മേശമേലിരിക്കുന്ന അപ്പവും വീഞ്ഞും സുവിശേഷം സ്പഷ്ടമായി നമ്മെ വിളിച്ചറിയിക്കുന്നുണ്ട്. കര്‍ത്താവിനെ മരണത്തില്‍ നാം സ്മരിക്കുമ്പോള്‍ നാം നില്‍ക്കുന്ന കൃപയെക്കുറിച്ചും നമ്മെ തേടിയെത്തിയ ആ കൃപയുടെ അടിസ്ഥാനത്തെ കുറിച്ചും നമ്മുടെ പാപപരിഹാരത്തിനായി കര്ത്താവര്‍പ്പിച്ച സമ്പൂര്‍ണ ബലിയെ കുറിച്ചുമുള്ള ഓര്‍മ്മ നമുക്ക് നിരന്തരമായി നല്‍കുന്നുണ്ട്. ആകയാല്‍ നാം ഓരോ പ്രാവശ്യം അപ്പം മുറിക്കുമ്പോഴും ദൈവമുന്പാകെയും (മലാഖി 3:16) സ്വര്‍ഗീയ വാഴ്ചകള്‍ക്കു മുന്പാകെയും (എഫേ:3:10) സാക്ഷ്യം വഹിക്കുന്നുണ്ട്. മാത്രമല്ല നാം ക്രിസ്തുവിനുല്ലവരാണെന്നും കര്‍ത്താവിന്‍റെ മരണവും പുനരുദ്ധാനവും മാത്രമാണ് നമുക്കുള്ള ഏക പ്രശംസയെന്നും മറ്റുള്ളവര്‍ മുന്പാകെയും നാം പ്രസ്താവിക്കുകയാണ്.

ആരാധനാ യോഗത്തില്‍ പങ്കെടുത്തതുമൂലം രക്ഷിക്കപ്പെട്ട ചിലരെക്കുരിച്ചും നാം ഇടക്കെല്ലാം കേള്‍ക്കാറുണ്ട് ദയവായി 1 കൊരി 14:24,25 വായിക്കുക. ഇത് മേല്‍ പറഞ്ഞതുപോലെയുള്ള ഒന്നായിരിക്കാം. വിശേഷാല്‍ ആഴ്ചതോറും ഇതിനു സാക്ഷികളാകുന്ന വിശ്വാസികളുടെ മക്കളെ സംബന്ധിച്ചു തന്നെ. തിരുവത്താഴം സ്ഥാപിക്കുന്നതിന് മുന്പായി കര്‍ത്താവു പെസഹ ആച്ചരിക്കുന്നതായി ലൂക്കോ.22:14-20 ല്‍ നാം കാണുന്നു. ഇവ രണ്ടും നമ്മുടെ കര്‍ത്താവിന്‍റെ പ്രായശ്ചിത്ത മരണത്തെ പ്രായശ്ചിത്ത മരണത്തെ പ്രസ്താവിക്കുന്നതാണ്. രക്തം ചൊരിഞ്ഞ പെസഹ കുഞ്ഞാട് കര്‍ത്താവിനെയും തന്‍റെ പാപ പരിഹാര ബലിയുടെയും തെളിവാര്‍ന്ന നിഴലാണ്. അവന്‍ നമ്മുടെ പെസഹ കുഞ്ഞാടും ദൈവകുഞ്ഞാടും ആകുന്നു (യോഹ:1:29 ,1 കൊരി5:6,7 ,1 പത്രോ:1 18,19) അങ്ങനെ ഇവ രണ്ടും രക്തത്താലുള്ള വീണ്ടെടുപ്പിനെ കാണിക്കുന്നു.

പെസഹയോടുള്ള ബന്ധത്തില്‍ നാം പുറപ്പാട് 12:26,27 ല്‍ ഇപ്രകാരം വായിക്കുന്നു. “ഈ കർമ്മം എന്തെന്നു നിങ്ങളുടെ മക്കൾ നിങ്ങളോടു ചോദിക്കുമ്പോൾ: മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം.” ഈ ഭാഗത്ത്‌ നിന്നും ദൈവത്തിനു നമ്മുടെ മക്കളെ കുറിച്ച് കരുതലുണ്ടെന്നും, അവരും ദൈവത്തെ കുറിച്ചും, അവിടുത്തെ രക്ഷിക്കുന്ന കൃപയെക്കുറിച്ചും, ശക്തിയെ കുറിച്ചും അറിയണം എന്ന് ആഗ്രഹിക്കുന്നതായും മനസിലാക്കാം. പെസഹ യുഗത്തിലായിരുന്നാലും, പെസഹയെ തുടര്‍ന്ന് വന്ന തിരുവത്താഴത്തിന്റെ കൃപാ യുഗത്തിലായിരുന്നാലും ഈ മക്കളെ കുറിച്ചുള്ള ഉത്തരവാദിത്വം ഒരുപോലെ തന്നെയാണ്. തന്‍റെ ജനത്തിന്റെ മക്കളെകുറിച്ചു ദൈവം വിചാരപ്പെടുന്നു. അവര്‍ രക്ഷിക്കപ്പെടണ്ടതിനായി തന്‍റെ വചനം അവര്‍ക്ക് നല്‍കുന്നു. നീയോ ഇന്നവരോടു പഠിച്ചു എന്നു ഓർക്കുകയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്താൽ നിന്നെ രക്ഷെക്കു ജ്ഞാനിയാക്കുവാൻ മതിയായ തിരുവെഴുത്തുകളെ ബാല്യംമുതൽ അറികയും ചെയ്യുന്നതു കൊണ്ടു നീ പഠിച്ചും നിശ്ചയം പ്രാപിച്ചും ഇരിക്കുന്നതിൽ നിലനിൽക്ക. (1തിമോ 3:14,15) മക്കളെ ദൈവ വചനം പഠിപ്പിക്കുന്നതിനും, ദൈവ വഴികളില്‍ നടത്തുന്നതിനും ഈ വാക്യങ്ങള്‍ നമ്മെ ഉത്തേജിപ്പിക്കേണ്ടതാണ്.

പെസഹ ആചരിക്കുന്ന സമയത്ത് യിസ്രായേല്യരുടെ കുഞ്ഞുങ്ങള്‍ അതിനു സാക്ഷ്യം വഹിച്ച് ശുശ്രുഷകള്‍ വ്യക്തമായി കാണുകയും, ദൈവം മിസ്രയീമില്‍ നിന്ന് യിസ്രായേലിന് കൊടുത്ത വലിയ വിടുതലിനെ കുറിച്ചു മക്കള്‍ അറിയുകയും വേണമെന്ന് ദൈവം ആഗ്രഹിച്ചു. തിരുവത്തഴത്തോടുള്ള ബന്ധത്തിലും ഇത് ശരിയായിരിക്കേണ്ടതാണ്. കര്‍ത്താവിനെ ഓര്‍ക്കുന്ന സമയത്ത് വിശ്വാസികളുടെ മക്കള്‍ സന്നിഹിതരായിരിക്കണം. അവര്‍ അവിടെ ഇല്ലെങ്കില്‍ ഈ ശുശ്രുഷയുടെ അര്‍ത്ഥം എന്തെന്ന് ‘നിങ്ങളുടെ മക്കള്‍’ ചോദിക്കുന്നത് എങ്ങനെ? വാസ്തവത്തില്‍ യിസ്രായേല്‍ മക്കള്‍ക്ക്‌ ലഭിച്ച വലിയ വിടുതല്‍ ക്രിസ്തുയേശുവില്‍ കൂടി നമ്മുക്ക് നല്‍കിയ രക്ഷയുടെ നിഴലയിട്ടാണ് ഇരിക്കുന്നത്. അതിന്റെ സ്മരണ നിലനിര്‍ത്തനായിട്ടാണ് തിരുവത്താഴം നല്‍കിയത്. ആകയാല്‍ പെസഹയില്‍ യിസ്രയേല്യരുടെ മക്കള്‍ സന്നിഹിതരകുന്നതിലും വലിയ പ്രാധാന്യമാണ്, നമ്മുടെ മക്കള്‍ തിരുവത്താഴ ശുശ്രുഷവേളയില്‍ സന്നിഹിതരാകുക എന്നത്.

തിരുവത്താഴ ശുശ്രൂഷയോടുള്ള ബന്ധത്തില്‍ മാതാപിതാക്കളുടെ മനോഭാവം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു എന്ന കാര്യം തീര്‍ച്ചയാണ്.
മാതാപിതാക്കളെ കാര്യമായി സ്വാധീനിക്കുന്നവ മാത്രമേ അവരുടെ മക്കളെയും സ്വധീനിക്കുകയുള്ളൂ. ദൈവഭക്തിയുള്ള യിസ്രയേല്യര്‍ പെസഹക്കായി കാത്തിരിക്കുകയും ഏറെ തീഷ്ണതയോടും, ഭക്തിയോടും കൂടി പെസഹ ഒരുക്കുകയും ചെയ്തുപോന്നു. അപ്പോള്‍ ‘എന്തുകൊണ്ട്’ എന്ന് ചോദിക്കുന്നതില്‍ അവരുടെ മക്കളും ആകാംഷ ഉള്ളവരായി തീരുന്നു എന്ന് വ്യക്തം. ഇന്നും അതുപോലെ തന്നെയാണ്. തിരുവത്താഴ ശുശ്രുഷ വളരെ വിലമതിക്കുകയും മാതാപിതാക്കള്‍ അതീവ ശ്രദ്ധയോടും ഭക്തിയോടും കൂടി ഒരുങ്ങുകയും ചെയ്യുന്നത് അവരുടെ മക്കള്‍ കാണാനിടവന്നാല്‍ നമ്മുടെ മക്കളും അതിന്റെ അര്‍ത്ഥവും, ആവിശ്യവും എന്തെന്ന് ചോദിക്കും. അപ്പോള്‍ എത്ര ഹൃദ്യമായി അതിനെ വിവരിച്ചു കൊടുക്കാന്‍ നമുക്കാകും. അത് ഒടുവില്‍ എല്ലാവര്ക്കും അനുഗ്രഹമായി തീരുകയും ചെയ്യും. എല്ലാറ്റിനും ഉപരിയായി സഭ ഒന്നടങ്കം പരിശുദ്ധാത്മാവിന്‍റെ നടത്തിപ്പിനും നിയന്ത്രണത്തിനും ഏല്പിച്ചു കൊടുക്കുകയും വേണം. അപ്പോള്‍ രക്ഷിക്കപ്പെടാത്തവര്‍ ഇതിങ്കല്‍ ആകൃഷ്ടരും താല്പര്യവുമായി ദൈവം ” വാസ്തവമായി നിങ്ങളുടെ ഇടയില്‍ ഉണ്ട്” എന്ന് പറയുവാന്‍ സംഗതിയാകും. 1കോരി 14:24,25. നമ്മുടെ സഭായോഗം ഈവിധം ആയിരിക്കണം.

സഭയില്‍ തിരുവത്താഴ സമയത്ത് നന്ദിയുടെയും, ആരാധനയുടെയും അതേ ആത്മാവില്‍ തന്നെ നാം ഭവനങ്ങളിലേക്ക് മടങ്ങുകയും വേണം. അങ്ങനെ ചെയ്താല്‍ വീണ്ടെടുപ്പിന്റെ മഹത്വവും, മധുരവും മക്കളും അറിയുവാനും, മാതാപിതാക്കളുടെ ദൈവം തങ്ങളെയും വീണ്ടെടുപ്പാന്‍ പ്രാപ്തനാണെന്ന് അവര്‍ ഗ്രഹിപ്പാനും സംഗതിയാകും. എന്നാല്‍ ഇതിനു പകരം സാധാരണ ചെയ്യേണ്ടതായ എന്തോ ഒരു കടമ നിര്‍വഹിക്കുന്നു എന്നാ നിലയില്‍ മാത്രം ഇടപെട്ടാല്‍ മക്കളെ അത് പ്രതികൂലമായി ബാധിക്കും.

കര്‍ത്താവിന്‍റെ മരണത്തെ പ്രസ്താവിക്കുന്ന ശുശ്രൂഷയാണ് തിരുവത്താഴം. അതോടൊപ്പം, കര്‍ത്താവു മാത്രമാണ് രക്ഷിതാവും വീണ്ടെടുപ്പുകാരനും എന്ന് അവിശ്വസികളോട് വിളിച്ചു പറയുന്ന ഒരു സാക്ഷ്യവും ആയിരിക്കുന്നു.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More