കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

 എനിക്കുവേണ്ടി തകർക്കപ്പെട്ട കർത്താവ്‌!!!

സാം പോൾ, കുന്നക്കുരുടി

1 പത്രൊസ് 2:24

നാം പാപം സംബന്ധിച്ചു മരിച്ചു നീതിക്കു ജീവിക്കേണ്ടതിന്നു അവൻ തന്റെ ശരീരത്തിൽ നമ്മുടെ പാപങ്ങളെ ചുമന്നുകൊണ്ടു ക്രൂശിന്മേൽ കയറി; അവന്റെ അടിപ്പിണരാൽ നിങ്ങൾക്കു സൌഖ്യം വന്നിരിക്കുന്നു.

ഭാരമേറിയ മരക്കുരിശ് കാർത്താവിന്റെ മുറിവേറ്റ തോളിലേയ്ക്ക് പടയാളികൾ ഇട്ടുകൊടുക്കുമ്പോൾ അതിന്റെ ഭാരത്താലും വേദനയാലും  അവൻ പലവട്ടം നിലതെറ്റി വേച്ചു വീണു പോയിട്ടുണ്ടാകും. അപ്പോൾ അവന്റെ കൈത്തണ്ടയിലൂടെയും പേശികളിലൂടെയും മിന്നൽ പോലെ പാഞ്ഞിറങ്ങിയ വേദനയുടെ ആഴം എത്രയധികമായിരിക്കും? ചതുരാകൃതിയിലുള്ള കനത്ത ഇരുമ്പാണികൾ കർത്താവിന്റെ കരങ്ങളിൽ അടിച്ചു കയറ്റുമ്പോൾ, അവന്റെ മാംസം കൈകളെ തുളച്ചു മരത്തിനുള്ളിലേക്ക് ആഴ്ന്നിറങ്ങുകയായിരുന്നില്ലേ? അതിന്റെ വേദനയിൽ പുളഞ്ഞു കൊണ്ടിരിക്കുന്നതിനിടയിൽ ആ പടയാളി  കർത്താവിന്റെ മറുകരവും അതുപോലെ ക്രൂരമായി ആ മരക്കുരിശിലേക്ക് ആണികളാൽ തറച്ച് കയറ്റുന്നു. തുടർന്ന് അവന്റെ കാലുകളെ ഒന്നിന് മുകളിൽ മറ്റൊന്നായി അമർത്തിവച്ചു വലിയ ആണികളിൽ ഒന്നെടുത്തു അതിൽ തറച്ചു കയറ്റുന്നു. എന്റെ കർത്താവിന്റെ കാലിലെ മാംസവും എല്ലുകളും ഞെരമ്പുകളും എല്ലാം തകർത്തു കൊണ്ട്  ആ ആണി മരത്തിനുള്ളിലേക്ക് അമർന്നു തുളഞ്ഞു കയറുകയായിരുന്നില്ലേ? കർത്താവ്‌ തന്റെ ശരീര ഭാരത്തെ ഈ ആണികളിൽ തൂങ്ങി നിന്ന് കൊണ്ട് എങ്ങനെ ബാലൻസ് ചെയ്തു ക്രൂശിൽ കിടന്നു എന്ന് ഊഹിക്കാനാകുമോ? അവന്റെ ഓരോ ചെറിയ ഞെരക്കത്തിലും ചലനങ്ങളിലും അനുഭവിക്കേണ്ടി വന്ന കൊടിയ വേദനയുടെ പാരമ്യം എത്രയധികം ആയിരിക്കും? തന്റെ ആണികൾ തറച്ച കൈകളിലെ പേശികളും ഞരമ്പുകളും വേദനയാൽ മുറുകുമ്പോൾ തന്റെ ശരീര ഭാരത്തെ താങ്ങി നിർത്തുവാൻ വേണ്ടി ആണികൾ തറഞ്ഞ പാദങ്ങൾ കൊണ്ട് തന്നെത്തന്നെ മേലോട്ട് തള്ളി ഊന്നി ഉയർന്നു നിൽക്കാൻ അവൻ അനേക വട്ടം ശ്രമിച്ചിട്ടുണ്ടാകും. ഒരു ചെറിയ ശ്വാസം പോലും ലഭിക്കുവാനായി സ്വന്ത ശരീരത്തെ ഉയർത്തി നിർത്താൻ അവൻ ഒരുപാട് പാട് പെടേണ്ടി വന്നിട്ടുണ്ടാകാം. അതിനു കഴിയാതെ വരുമ്പോൾ സ്വഭാവികമായും കാർബൺ ഡൈ ഓക്സൈഡ്‌ അവന്റെ ശ്വാസകോശത്തിലും രക്തപ്രവാഹത്തിലും നിറയും. ഒരു ചെറിയ ശ്വാസമെങ്കിലും ലഭിക്കുവാൻ വേണ്ടി ആ പരുക്കൻ മരത്തടിയിൽ കിടന്നു കൊണ്ട് തന്റെ അടിച്ചു കീറിയ മുതുകുപയോഗിച്ച് അവൻ മുകളിലേക്കും താഴേക്കും എത്രയോ പ്രാവശ്യം നിരങ്ങിയിട്ടുണ്ടാകും? പരിധിയില്ലാത്ത തീവ്ര വേദനയുടെയും സങ്കട പരമ്യത്തിന്റെയും വല്ലാത്ത മണിക്കൂറുകൾ! വല്ലാതെ ഞെരങ്ങി ലഭിച്ച അല്പം ശ്വാസത്തിന്റെ സഹായത്തോടെ തന്നോട് കൂടെ തൂങ്ങപ്പെട്ട  കള്ളന്മാരിൽ ഒരുവനെ പറുദീയിലേക്കും നയിച്ചു എന്റെ കർത്താവ്‌. അങ്ങനെ ആറാം മണി നേരമായി.. -നട്ടുച്ചക്ക് കത്തിനിന്ന സൂര്യൻ പെട്ടെന്ന് മറയുന്നു. ദേശം വലിയ അന്ധകാരത്തിലാകുന്നു. ഈ കൂരിരുട്ടിന്റെ മറവിൽ പിതാവാം ദൈവം അവനോടു എങ്ങനെ ഇടപെട്ടു എന്നത് ആരും കണ്ടിട്ടുമില്ല. അത് വിവരിക്കുവാൻ മനുഷ്യന്റെ ഭാഷകളും വാക്കുകളും പര്യാപ്തവുമല്ല. ഒടുവിൽ അത്യുച്ച ശബ്ദത്തിൽ നടുവിലെ ക്രൂശിൽ നിന്ന് ഒരു നിലവിളി ഉയരുന്നു, “എലോഹി എലോഹി ലമ്മ ശബക്താനി “… ആ കരച്ചിലിന്റെ ശബ്ദം ഒന്നുകൂടി ഉയർന്നു കെട്ടു …

ഒടുവിൽ!!! സ്വന്ത തോളിൽ തല ചായ്ച്ചു അവൻ തന്റെ പ്രാണനെ പിതാവിന് ഏല്പിച്ചു കൊടുത്തു..

“വർണ്യമല്ല ദേവാ തവ- ദണ്ഡനങ്ങൾ ഈ ഭൂഭാഷയിൽ- പൂർണമായി ഗ്രഹിപ്പാനും മന്നിൽ ആർക്കും അസാധ്യം എന്ന് പാട്ടുകാരൻ പാടുന്നു !! അതെ….ഈ സ്നേഹമുള്ള ക്രൂശു കണ്ടു കൊണ്ട് ഞാൻ എന്റെ മുഖം നിന്റെ മുൻപിൽ താഴ്ത്തുന്നു കർത്താവേ!!!

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More