കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

വട വൃക്ഷങ്ങൾ വീണു പോകുന്നതെന്തുകൊണ്ട്?

സാം പോൾ, കുന്നക്കുരുടി

1 കൊരിന്ത്യർ 10:12

അതുകൊണ്ട്, താൻ ഉറച്ചുനിൽക്കുന്നെന്നു കരുതുന്നയാൾ വീഴാതിരിക്കാൻ സൂക്ഷിക്കട്ടെ.

മനുഷ്യനെ  ആക്രമിക്കുന്ന ഗുരുതരമായ പല രോഗങ്ങളുടെയും  പൊതു സ്വഭാവം എന്നത്, അത് ഒരു മുൻ‌കാല രോഗലക്ഷണങ്ങളും പുറമെ കാണിക്കുന്നില്ല എന്നതാണ്. പക്ഷെ നാം അറിയാതെ നാളുകൾക്കു മുൻപേ തന്നെ ആ രോഗാണു തന്റെ പ്രവർത്തനം ഉള്ളിൽ ഗൂഢമായി ആരംഭിച്ചിട്ടുണ്ടാകും. അതുപോലെ തന്നെ: ദൈവമുൻപാകെയുള്ള രഹസ്യ ജീവിതത്തിലെ രഹസ്യ പിന്മാറ്റത്തിന്റെ അനുഭവമില്ലാതെ ഒരിക്കലും ഒരു വിശുദ്ധൻ വലിയ വീഴ്ചകളിലേക്ക് തെന്നി വീഴുകയില്ല എന്നത് ഉറപ്പായ സത്യമാണ്. ദൈവജനത്തിനിടയിൽ വളരെ ശോഭിച്ചു നിൽക്കുന്ന മഹാന്മാരായ ദൈവ ദാസൻമാരുടെ വീഴ്ചയെ കുറിച്ചുള്ള വാർത്തകൾ പലപ്പോഴും സഭയും വിശ്വാസ സമൂഹവും അതീവ ഞെട്ടലോടെയായിരിക്കും കേൾക്കേണ്ടി വരിക. അതിനാൽ അനേക ബലഹീന വിശ്വാസികളുടെയും വിശ്വാസം ക്ഷീണിക്കപ്പെടുകയും നിരുത്സാഹപ്പെടുകയും പലരും അതിനാൽ ഇടറി പോകാൻ ഇടവരുകയും ചെയ്യുന്നു. ദൈവത്തിന്റെ ശത്രുക്കൾ ആ വീഴ്ചയെ ഏറ്റവും ആഘോഷിക്കുകയും  ദൈവ നാമത്തെ ഏറ്റവും നിന്ദിക്കുകയും അപമാനിക്കുകയും ചെയ്യുന്നു. എന്നാൽ ഇത്തരം വീഴ്ചകളുടെ നിജസ്ഥിതി അറിയാൻ ശ്രമിച്ചാൽ ഒരുകാര്യം വ്യക്തമാകും. വീഴ്ചയുടെ കാരണം എന്നത് തങ്ങളുടെ രഹസ്യജീവിതത്തിൽ ദൈവമുൻപാകെ പുലർത്തിയ തികഞ്ഞ അവിശ്വസ്ഥതയും രഹസ്യ പിന്മാറ്റ ജീവിതവുമായിരുന്നു എന്ന ഗൂഡസത്യം. പരസ്യമായി വീഴുന്നതിന് വളരെ മുമ്പുതന്നെ തങ്ങളുടെ രഹസ്യജീവിതത്തിൽ അവർ ദൈവമുൻപാകെ അനേക വട്ടം വീണുപോയിരുന്നവർ ആയിരുന്നിരിക്കും. പൊക്കമേറിയ വൻ വട വൃക്ഷങ്ങൾ ഒരു ദിവസം തികച്ചും അപ്രതീക്ഷിതമായി വീണു നിലംപരിചായി കിടക്കുന്നത് നാം ചിലപ്പോളെങ്കിലും കണ്ടിട്ടില്ലേ?? ദു:ഖകരമെന്നുള്ളത്  ആ വൻ പതനത്തിന്റെ രഹസ്യം അത് നിലംപൊത്തുന്നതുവരെ പലപ്പോഴും ആർക്കും കണ്ടെത്താനാവില്ല എന്നതാണ്. രഹസ്യ പാപങ്ങൾ അർബുദ രോഗത്തേക്കാൾ ഭയങ്കരമാണ്. മുഴു ജീവനെയും കാർന്നു തിന്നുന്ന രഹസ്യ കൊലയാളിയാണത്. പിശാചിന്റെ ആയുധശാലയിലെ ഏറ്റവും ശക്തമായതും വക്രതയേറിയതുമായ ആയുധങ്ങളിൽ ഒന്ന്. യോസേഫിനെ വീഴിക്കാൻ സാത്താൻ എടുത്തു ഉപയോഗിച്ച വജ്രായുധമാണത്.

പ്രിയ വിശ്വസിയെ!!!കോട്ട കെട്ടി സൂക്ഷിച്ചുകൊള്ളണം: നിന്റെ മുഴു നിനവുകളെയും നിരൂപണങ്ങളെയും  മനോവികാരങ്ങളെയും ഹൃദയവിചാരങ്ങളെയും. എപ്പോഴും, സകലവിധ കനത്ത ജാഗ്രതയോടും കൂടെ..

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More