Powered by: <a href="#">Manna Broadcasting Network</a>
1 Peter 5:2-3
അതുകൊണ്ട് നിങ്ങളുടെ വിചാരണയിലുള്ള ദൈവത്തിന്റെ ആട്ടിൻ കൂട്ടത്തെ മേയിച്ചുകൊൾവിൻ. നിർബ്ബന്ധത്താലല്ല, ദൈവത്തിന് ഹിതമാംവണ്ണം മനഃപൂർവ്വമായും, അധർമ്മമായ ലാഭമോഹംകൊണ്ടല്ല, ഉന്മേഷത്തോടെയും നിങ്ങളുടെ പരിപാലനത്തിൻ കീഴുള്ളവരുടെ മേൽ യജമാനനെപ്പോലെ അധികാര പ്രമത്തത കാട്ടുകയല്ല, ആട്ടിൻ കൂട്ടത്തിന് മാതൃകകളായിത്തീർന്നുകൊണ്ടത്രെ വേണ്ടത്.
കർത്താവിന്റെ വരവിനോട് ഏറ്റവും അടുത്തിരിക്കുന്ന ഈ നാളുകളിൽ നാം എങ്ങനെയുള്ളവരായിരിക്കണം? നമ്മുടെ അലസമായ ആത്മീയ ജീവിത ശൈലിയിൽ നിന്ന് നാം എഴുന്നേൽക്കണം. നമ്മുടെ മുമ്പിലുള്ള വേലയിൽ മുഴുകുവാൻ നിർണയങ്ങൾ ഉള്ളവരായി നാം മാറണം. കർത്താവ് പറഞ്ഞു – കൊയ്ത്തു വളരെ വലുതാണ്, വേലക്കാർ തുലോം കുറവാണ്; വേലയെ തടസ്സപ്പെടുത്തുന്നവരും, കൊയ്ത്തിനെ നശിപ്പിക്കുന്ന ചെറു കുറുക്കന്മാരുടെ ശല്യവും ഈ നാളുകളിൽ അനവധിയാണ്. എന്നാൽ ഓരോ മനുഷ്യരുടെ ആത്മാവിന്റെയും മൂല്യം ഏറ്റവും വിലപ്പെട്ടതാണ്, പാപത്തിൽ ജീവിക്കുന്നവരുടെ ദുരിതങ്ങൾ വലുതാണ്. പാപിക്കായി നിയമിക്കപ്പെട്ടിരിക്കുന്ന നരകത്തിലെ നിത്യ ദുരിതങ്ങൾ അതിഭീകരമാണ്. എന്നാൽ സ്വർഗ്ഗത്തിന്റെ സന്തോഷങ്ങൾ അനിർവചനീയമാണ്. ഓർക്കുക!! ദൈവ മുൻപാകെയുള്ള വിശ്വസ്തനായ ഒരു ശുശ്രൂഷകന്റെ പ്രാഗത്ഭ്യവും, സുരക്ഷിതത്വവും ചെറുതല്ല. ആ വിജയ ശുശ്രൂഷയുടെ സന്തോഷവും, പ്രതിഫലവും നിത്യത മുഴുവൻ പ്രതിഫലിപ്പിക്കപ്പെടുന്നവയായിരിക്കും. ഈ ലോകത്തിൽ വച്ചു ദൈവത്തോടും, അവന്റെ ആത്മാവോടും കൂടെ ചേർന്ന്, സഹപ്രവർത്തകരായി നിന്ന് സ്വർഗ്ഗത്തിന്റെ വേല ചെയ്യുവാൻ നിയോഗം ലഭിക്കുക എന്നത് ചെറിയ ബഹുമാനമല്ല കേട്ടോ!!! മനുഷ്യരുടെ രക്ഷയ്ക്കായി ക്രിസ്തുവിന്റെ രക്തം ചൊരിയപ്പെട്ടത് ഒരു ലഘുവായ കാര്യമല്ലെന്നോർക്കുക. ക്രിസ്തുവിന്റെ സൈന്യത്തെ ഭീകര ശത്രുക്കളുടെ ഇടയിലൂടെ നടത്തുവാനും, അപകടം നിറഞ്ഞ ഈ ലോക മരുഭൂമിയിലൂടെ അവരെ സുരക്ഷിതമായി നയിക്കാനും, കൊടുങ്കാറ്റുകളിലൂടെയും പാറക്കെട്ടുകൾക്കിടയിലൂടെയും, അലറുന്ന തിരമാലകൾക്കിടയിലൂടെയും ജീവിതയാനത്തെ നയിച്ചു അതിനെ വിശ്രമ തുറമുഖത്തേക്ക് സുരക്ഷിതമായി എത്തിക്കാനുമുള്ള വേലകൾക്കായുള്ള നിയോഗങ്ങൾ പ്രാപിക്കുവാൻ നിന്റെ ഇപ്പോഴുള്ള ഈ ചെറിയ ഉത്സാഹവും, പെട്ടെന്ന് മടുത്തുപോകുന്ന ഹൃദയനിലയും,ഒട്ടും തൃപ്തിയില്ലാത്ത ജീവിതശൈലികൊണ്ടും ഒരുകാലത്തും കഴിയുകയില്ല. ദൈവ സ്നേഹത്തിന്റെ ജ്വാലയാൽ കത്തിയെരിയുന്ന ഹൃദയമുള്ളവരെയാണ് ദൈവത്തിനു അതിനായി ആവശ്യമുള്ളത്.അങ്ങനെയുള്ളവരുടെ കൂട്ടത്തിൽ ദൈവത്തിനു നിന്നെ കണ്ടെത്താനാകുമോ????
ദൈവീക ശുശ്രൂഷകൾക്കായി നിയോഗിക്കപ്പെട്ടവർ സ്വയം പരിശോധിക്കേണ്ട അതിപ്രധാന കാര്യങ്ങൾ :
- നിങ്ങളുടെ ശുശ്രൂഷയുടെ ജയവും, പരാജയവും വിലയിരുത്തുന്നത് സ്വർഗ്ഗമാണ്. പക്ഷെ ഒരു കാര്യം ഓർക്കുക! വിശുദ്ധ വിളി ഒരു അശുദ്ധനായ മനുഷ്യനെ രക്ഷിക്കുകയില്ല. സ്വർഗ്ഗത്തിന്റെ സഹായമാണ് അതിപ്രധാനമായിട്ടുള്ളത്.
- നിങ്ങളും മറ്റുള്ളവരെപോലെ തന്നെ പാപകരമായതിനോടുള്ള ചായ്‌വുകളും, പ്രലോഭനങ്ങളും ഉള്ളവർ തന്നെയാണ്.
- (നിങ്ങൾക്ക്) മറ്റുള്ള സാധാരണ വിശ്വാസികളെക്കാൾ വലിയ സാത്താന്യ പരീക്ഷകളെ തരണം ചെയ്യേണ്ടതായിട്ടുണ്ട്.
- പരീക്ഷകന്റെ ആദ്യത്തേതും മൂർച്ചയുള്ളതുമായ ആക്രമണം നിങ്ങളുടെ മേൽ ആയിരിക്കും അവൻ ആദ്യം വരുത്തുക. കാരണം ദൈവീക ശുശ്രൂഷകൾ എല്ലാം അവന്റെ സാമ്രാജ്യത്തിനെതിരെ നേതൃത്വം വഹിക്കുന്നവയാകയാൽ അവൻ നിങ്ങളെ ഒരിക്കലും ആക്രമിക്കാതെ ഒഴിവാക്കുകയില്ല.
- അനേകം കണ്ണുകൾ നിങ്ങളുടെ മേൽ ഉണ്ട്, അതിനാൽ നിങ്ങളുടെ വീഴ്ച നിരീക്ഷിക്കാൻ ധാരാളം പേർ എപ്പോഴും ഉണ്ടാകുമെന്നോർക്കുക.
- നിങ്ങളുടെ പാപങ്ങൾ മറ്റ് മനുഷ്യരെ അപേക്ഷിച്ച് കൂടുതൽ ഗൗരവമേറിയതാണ് . മോശയോടുള്ള ദൈവീക ഇടപെടൽ നമ്മെ പഠിപ്പിക്കുന്ന സത്യം അതാണ്.
- നിങ്ങളുടെ കർത്താവിനോടും, നിങ്ങളെ വിളിച്ച യജമാനനോടുമുള്ള ബഹുമാനവും,അവന്റെ വിശുദ്ധ വചനങ്ങളോടു പുലർത്തേണ്ടുന്ന സത്യസന്ധതയുടെ ഉത്തരവാദിത്വവും മറ്റു മനുഷ്യരെക്കാൾ നിങ്ങളിൽ ഏറ്റവും അധികമാണ്.
- നിങ്ങളിലൂടെ വചനം ശ്രവിക്കുന്ന ആത്മാക്കളുടെ വിടുതലും,ആശ്വാസവും, നിങ്ങളുടെ അധ്വാനത്തിന്റെ വിജയവും,എല്ലാം ആശ്രയിച്ചിരിക്കുന്നത്- ദൈവമുൻപാകെയുള്ള നിങ്ങളുടെ ഹൃദയ നിലയിലെ വിശുദ്ധിയുടെയും , സത്യസന്ധതയുടെയും അടിസ്ഥാനത്തിൽ മാത്രം ആണ്.
അതീവ ഗൗരവത്തോടെയും നിർണയങ്ങളോടെയും സൂഷ്മതയോടെയും കൂടി കാക്കപ്പെടേണ്ടുന്ന ജീവിതമാണത് കേട്ടോ!