Powered by: <a href="#">Manna Broadcasting Network</a>
കഠിനഹൃദയം എന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസ്സിലേക്ക് വന്നിരുന്നത് ഫറവോനെ ആയിരുന്നു. ഇന്ന് അത് മാറി. ഫറവോനെ കവച്ചു വെച്ചിട്ട് മത്സരിച്ചു വിജയലക്ഷ്യം നേടിയ ധാരാളം ഫറവോന്മാർ നമ്മുടെ ആത്മീക ഗോളത്തിൽ കണ്ടുവരുന്നുണ്ട്. അതുകൊണ്ട് ഫറവോന് ഞാൻ ഇനി അടിമയല്ല എന്നും പരമ സീയോനിൽ ഞാൻ അന്യനല്ല എന്നും പാടാൻ കഴിയില്ല. ഇന്ന് അനേകൾ, ശതമാനക്കണക്കു പറയാൻ ബുദ്ധിമുട്ടാണ്. ദൈവത്തോട് മത്സരിച്ചിട്ട് ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാതെ സഭയിൽ പീഡനങ്ങൾ അഴിച്ചുവിടുന്ന ശുശ്രുഷകന്മാർ ഇന്ന് എത്രയോ അധികം.
Voice Of Sathgamaya യുടെ ലേഖനങ്ങൾ ഒത്തിരി ആളുകൾ ഷെയർ ചെയ്യുന്നുണ്ട് എന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്. സഭാ വ്യത്യാസങ്ങൾ കൂടാതെയുള്ള ഷെയറിങ്ങിൽ ലേഖനം വായിച്ച പലരും ഞങ്ങളെ വിളിക്കുന്നുണ്ട്. കൊല്ലത്തുള്ള ഒരു മത്സ്യത്തൊഴിലാളി ഇന്ന് വിളിച്ചിട്ട് സ്നേഹത്തോടെ ഒത്തിരി സംസാരിച്ചു. ചിലർ ലേഖനം വായിച്ചിട്ട് ഇത് എന്നെക്കുറിച്ചാണ് എന്ന് പറഞ്ഞു വഴക്ക് പറഞ്ഞവരുമുണ്ട്. ദൈവത്മാവ് തരുന്ന ചിന്ത ദൈവനാമത്തിന് മഹത്വം ഉണ്ടാകുവാൻ വേണ്ടി എഴുതുന്നതിനാൽ ഈ ലേഖനം വായിച്ചിട്ട്, ഇതിൽ പറയുന്ന കഠിനഹൃദയൻ ഞാൻ ആണ്, അല്ലെങ്കിൽ എന്നെയാണ് ഫറവോൻ എന്ന് വിളച്ചത് എന്നൊന്നും ആരും സ്വയം സമ്മതിക്കുകയും വേണ്ട.
1ശമൂവേൽ 15 ന്റെ 24 ൽ ശൌൽ ശമൂവേലിനോടു കുറ്റസമ്മതം നടത്തുന്ന ഒരു കാര്യമുണ്ട്.
“….ഞാൻ ജനത്തെ ഭയപ്പെട്ടു അവരുടെ വാക്കു അനുസരിച്ചതിനാൽ യഹോവയുടെ കല്പനയും നിന്റെ വാക്കും ലംഘിച്ചു പാപം ചെയ്തിരിക്കുന്നു”.
ഇന്ന് നമ്മൾ എല്ലാവരും ഈ ശൌലിനെപ്പോലെ ദൈവജനത്തെ ഭയപ്പെട്ടു അവരുടെ വാക്കുകൾ അനുസരിച്ചിട്ട് യഹോവയുടെ വചനവും, കല്പനകളും ലംഘിച്ചു ജീവിക്കുകയാണ്. പാപം നമ്മോട് കൂടെയുണ്ട്.
എന്തുകൊണ്ടാണ് അല്പം പോലും വിട്ടുവീഴ്ചക്കു തയ്യാറാകാതെ ദൈവമക്കൾക്കു പെരുമാറാൻ കഴിയുന്നത് എന്നതിന് കർത്താവിന്റെ സ്വന്തം സഹോദരൻ യാക്കോബ് തരുന്ന ഒരു മറുപടിയുണ്ട് അദ്ധ്യായം 4 ന്റെ 8 ൽ “ദൈവത്തോടു അടുത്തു ചെല്ലുവിൻ; എന്നാൽ അവൻ നിങ്ങളോടു അടുത്തുവരും. പാപികളേ, കൈകളെ വെടിപ്പാക്കുവിൻ; ഇരുമനസ്സുള്ളോരേ, ഹൃദയങ്ങളെ ശുദ്ധീകരിപ്പിൻ. ”
ദൈവത്തിന്റേയും, ദൈവവചനത്തിന്റേയും അടുത്ത് പോകാതെ പിശാചിന്റെ സഹവാസത്തിൽ നടക്കുന്ന ഒരാൾക്ക് ദൈവീകമായി ചിന്തിക്കാനേ കഴിയില്ല.
ഫറവോൻ പറയുന്നുണ്ട് എനിക്ക് യഹോവയെ അറിയില്ല എന്ന്. നമുക്ക് പുറപ്പാട് പുസ്തകം 5 ന്റെ 2 വായിക്കാം.
“അതിന്നു ഫറവോൻ: യിസ്രായേലിനെ വിട്ടയപ്പാൻ തക്കവണ്ണം ഞാൻ യഹോവയുടെ വാക്കു കേൾക്കേണ്ടതിന്നു അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല എന്നു പറഞ്ഞു”. കഠിനഹൃദയനായ ഫറവോൻ എത്ര ധിക്കാരത്തോടെയാണ് യഹോവയെക്കുറിച്ച് പറയുന്നത്. അവൻ ആർ? ഞാൻ യഹോവയെ അറികയില്ല; ഇത് അവിശ്വാസി.
വിശ്വാസികളായ നമ്മുടെ അവസ്ഥ എന്താണ്?. യഹോവയായ ദൈവം ആരാണെന്ന് നമുക്ക് അറിയാമോ.
എബ്രായർ 12 ന്റെ 29 “നമ്മുടെ ദൈവം ദഹിപ്പിക്കുന്ന അഗ്നിയല്ലോ”. ഈ ദൈവം നമ്മെ ദഹിപ്പിക്കുമോ.
1ശമൂവേൽ 15 ന്റെ 23 ൽ “മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവൻ നിന്നെയും രാജസ്ഥാനത്തിൽനിന്നു തള്ളിക്കളഞ്ഞിരിക്കുന്നു”. എന്ന് പറഞ്ഞത് ആരോടാണ് . ഇസ്രായേലിന്റെ പ്രഥമ രാജാവായ ശൌലിനോട് തന്നെ.
ഇന്ന് നമ്മുടെ ഇടയിൽ ഭയങ്കര മത്സരമാണ്. അത് ആഭിചാരദോഷംപോലെഏറ്റവും വലുതാണ്. മാത്രമല്ല ശാഠ്യം നമ്മിൽ കുറവാണോ. അത് മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും അതിഭയങ്കരവുമാകുന്നു.
യഹോവയായ ദൈവത്തിന്റെ മുൻപിൽ മത്സരം ആഭിചാരദോഷംപോലെയും ശാഠ്യം മിത്ഥ്യാപൂജയും വിഗ്രഹാരാധനയും പോലെയും ആകുന്നു; നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവൻ നമ്മേയും തള്ളിക്കളയും എന്ന് നാം തിരിച്ചറിയുക.
നീ യഹോവയുടെ വചനത്തെ തള്ളിക്കളഞ്ഞതുകൊണ്ടു അവൻ നിന്നെയും തള്ളിക്കളയും എന്ന് ഭയത്തോടെ ഓർക്കാൻ കഴിയാത്തവൻ രക്ഷിക്കുപ്പെട്ടവനോ എന്ന് നാം സംശയിക്കേണ്ടതാരിക്കുന്നു.
എന്നാൽ, മത്സരികൾ വരണ്ട ദേശത്തു പാർക്കുമെന്ന്. സങ്കീർത്തനക്കാരൻ വളരെ വ്യക്തമായി കുറിച്ചു വെച്ചിട്ടുമുണ്ട്.
നമ്മുടെ ഇന്നത്തെ ചിന്ത, യഹോവയായ ദൈവത്തെ അറിയാവുന്ന ശൌൽ യഹോവയോട് മത്സരിച്ചു എങ്കിൽ, യഹോവയായ ദൈവത്തെ അറിയാത്ത ഫറവോൻ ചെയ്ത ദോഷം, ഇസ്രായേൽ മക്കളുടെ ആരാധന മുടക്കി എന്നതാണ്.
പുറപ്പാട് 10 ന്റെ 3 ൽ “അങ്ങനെ മോശെയും അഹരോനും ഫറവോന്റെ അടുക്കൽ ചെന്നു അവനോടു പറഞ്ഞതെന്തെന്നാൽ: എബ്രായരുടെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: എന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുവാൻ എത്രത്തോളം നിനക്കു മനസ്സില്ലാതിരിക്കും? എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക”. എന്നെ, യഹോവയായ ദൈവമായ എന്നെ ആരാധിപ്പാൻ എന്റെ ജനത്തെ വിട്ടയക്ക എന്ന് മോശയും അഹരൊനും കെഞ്ചിക്കഴുകയാണ്. ഹൃദയകാഠിന്യമുള്ള, മത്സരിയായ ഫറവോൻ ഒട്ടും വഴങ്ങുന്നില്ല.
ദൈവം തന്റെ രക്തത്താൽ വീണ്ടെടുത്തിട്ടുള്ള ആരുടെയെങ്കിലും ജീവനുള്ള ദൈവത്തെ ആരാധിക്കുവാനുള്ള അവകാശത്തിൽ നിന്നും നാം അവരെ ഏതെങ്കിലും വിധത്തിൽ തടഞ്ഞു വെച്ചിട്ടുണ്ടെങ്കിൽ യഹോവയാൽ നിയോഗിക്കപ്പെട്ട മോശയെപ്പോലെ, അഹരോനെപ്പോലെ ആരെങ്കിലും കെഞ്ചികേട്ടുകൊണ്ടിരിക്കുന്നുണ്ട് എങ്കിൽ ആ ദൈവദാസ്സന്മാരെ അവഗണിച്ചാൽ, ഇപ്പോൾ വന്നുകൊണ്ടിരിക്കുന്ന ബാധകൾ ഏതുമില്ലാതെയാകും എന്ന് അറിഞ്ഞുകൊള്ളുക.
ഒടുവിൽ ഫാറാവോന്റെ ഭൃത്യന്മാർ പറഞ്ഞത് നമുക്ക് വായിക്കാം
പുറപ്പാട് 10 ന്റെ 7
“അപ്പോൾ ഭൃത്യന്മാർ ഫറവോനോടു: എത്രത്തോളം ഇവൻ നമുക്കു കണിയായിരിക്കും? ആ മനുഷ്യരെ തങ്ങളുടെ ദൈവമായ യഹോവയെ ആരാധിക്കേണ്ടതിന്നു വിട്ടയക്കേണം; മിസ്രയീം നശിച്ചുപോകുന്നു എന്നു ഇപ്പോഴും നീ അറിയുന്നില്ലയോ എന്നു പറഞ്ഞു”. ഫാറാവോന്റെ ഹൃദയകഠിന്യം ഭൃത്യന്മാർക്കും സഹിക്കാതെയായി. മിസ്രയീം നശിച്ചുപോകുന്ന കാര്യം ഇപ്പോഴും ഫറവോൻ അറിയുന്നില്ല എന്നതാണ് സത്യം.
നമ്മിൽ ചിലരുടെ വാശി, ശാഠ്യം, മത്സരം ദൈവനാമത്തിനും, ദൈവസഭയ്ക്കും വരുത്തിവെയ്ക്കുന്ന നഷ്ടങ്ങളെക്കുറിച്ച് ഒരു തിരിച്ചറിവ് ഉണ്ടായെങ്കിൽ എന്ന ആഗ്രഹത്തോടെ കർത്താവിന്റെ വയലിൽ നിങ്ങളിൽ ഒരുവനായി അധ്വാനിക്കുന്ന എളിയ സഹോദരൻ.