കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ബൈബിളിലെ 3 കല്യാണങ്ങളിൽ പ്രധാന്യമേറിയത്

ചിന്തകൾ യഥാർഥ്യങ്ങൾ

കഴിഞ്ഞ ലേഖനങ്ങളിൽ ബൈബിളിലെ ഇതിവൃത്വത്തിൽ 3 കല്യാണങ്ങൾ ഉണ്ടെന്ന് പറഞ്ഞിരുന്നല്ലോ. അതിൽ ഒന്നാമത്തേത് ആദം + ഹവ്വ ദമ്പതികളുടേതാണ് എന്നും പറഞ്ഞു. രണ്ടാമത്തെ കല്യാണത്തെ ബൈബിൾ വിശേഷിപ്പിക്കുന്നത് കുഞ്ഞാടിന്റെ കല്യാണം എന്നാണ് എന്നും പറഞ്ഞു. ആട്, ആട്ടിടയൻ, കുഞ്ഞാട് എന്നീ പദങ്ങൾ ആരെക്കുറിച്ചെല്ലാമാണ് ബൈബിളിൽ പറഞ്ഞിരിക്കുന്നത് എന്നതിന്റെ ചില സൂചനകൾ വാക്യങ്ങൾ സഹിതം ഇന്നലത്തെ ലേഖനത്തിൽ കുറിച്ചിരുന്നത് നിങ്ങൾ ശ്രദ്ധിച്ചിരിക്കുമല്ലോ.

അപ്പോസ്തലനായ പൗലോസ് എഫെസ്യർക്ക് എഴുതിയ ലേഖനം 5 ന്റെ 32 ൽ “ഈ മർമ്മം വലിയതു; ഞാൻ ക്രിസ്തുവിനെയും സഭയെയും ഉദ്ദേശിച്ചത്രേ പറയുന്നതു”. എന്ന് പറയുന്ന ഈ വാക്യത്തെ ആർക്കും ഇതുവരെ മതിയായ രീതിയിൽ വ്യാഖ്യാനിക്കാൻ കഴിഞ്ഞിട്ടില്ല എന്നാണ് എന്റെ അഭിപ്രായം. ആരെങ്കിലും, എന്തെങ്കിലുമൊക്കെ പറഞ്ഞിട്ടുണ്ടാകാം, പക്ഷെ, ഈ വാക്യത്തെ വ്യാഖ്യാനിച്ചു പഠിപ്പിക്കുന്നതിനേക്കാൾ വ്യാഖ്യാനിച്ചു കാണിക്കുന്നതായിരിക്കും ഏറെ നല്ലത്. അത് അത്ര എളുപ്പമല്ല.

നമ്മൾ ഇപ്പോഴും പറഞ്ഞുവരുന്നതും ബൈബിളിലെ കല്യാണങ്ങൾ 2 ൽ തന്നെ നിന്നുകൊണ്ടാണ്. കർത്താവ് എനിക്ക് കൃപ തരുന്നു, ഞാൻ എഴുതുന്നു. ആരൊക്കെ ഇത് വായിക്കുന്നു, ഗ്രഹിക്കുന്നു എന്ന എണ്ണത്തിലല്ല ആരെങ്കിലും ഒരാളെങ്കിലും ചിന്തിക്കും എന്നതാണ് എന്റെ കർത്തവ്യത്തിന്റെ പ്രസക്തി.

ബൈബിൾ വിശ്വസിക്കുന്നു എന്ന് പറയുന്നവർ, പ്രമാണിക്കുന്നു എന്ന് അവകാശപ്പെടുന്നവർ, പഠിപ്പിക്കുന്നവർ എല്ലാം പറയുന്നതിന്റെ അപ്പുറം ഒരു സ്റ്റെപ്പ് കൂടെ മുന്നോട്ടുപോയി പറയുന്നതുകൊണ്ടും, പ്രവർത്തിക്കുന്നതുകൊണ്ടും, പഠിപ്പിക്കുന്നതുകൊണ്ടുമാകാം VOICE OF SATHGAMAYA എന്ന പേരിനെ പലരും ഭയക്കുന്നത്. അവസരം നിഷേധിക്കുന്നത്.

എഫെസ്യർ 5 ന്റെ 25 ൽ പറയുന്ന “ഭർത്താക്കന്മാരേ, ക്രിസ്തുവും സഭയെ സ്നേഹിച്ചതുപോലെ നിങ്ങളുടെ ഭാര്യമാരെ സ്നേഹിപ്പിൻ”. എന്ന വാക്ക് പ്രാവർത്തികമാക്കുവാൻ എത്രപേർ മനസ്സ് വെച്ചിട്ടുണ്ട്.

ക്രിസ്തു എന്ന ഭർത്താവ് സഭയെ എങ്ങിനെയാണ് സ്നേഹിച്ചത്?. അതുപോലെ നമുക്ക് നമ്മുടെ ഭാര്യയെ സ്നേഹിക്കാൻ കഴിയുന്നുണ്ടോ?

ക്രിസ്ത്യാനികളും, വേർപാടുകാരുമായ നമുക്ക് ബൈബിൾ നന്നായി വ്യാഖ്യാനിക്കാനറിയാം. ആ അറിവ് വെച്ച് എഫെസ്യർ 5 ന്റെ 26 ഒന്ന് വ്യാഖ്യാനിക്കാൻ ശ്രമിച്ചാൽ “അവൻ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താൽ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും” എന്ന് എഴുതിയിട്ട്, 5 ന്റെ 27 ൽ “കറ, ചുളുക്കം മുതലായതു ഒന്നും ഇല്ലാതെ സഭയെ ശുദ്ധയും നിഷ്കളങ്കയുമായി തനിക്കു തന്നേ തേജസ്സോടെ മുന്നിറുത്തേണ്ടതിന്നും തന്നെത്താൻ അവൾക്കു വേണ്ടി ഏല്പിച്ചുകൊടുത്തു”. എന്നാണ് വായിക്കുന്നത്. ക്രിസ്തു സഭയെ എങ്ങിനെയാണ് സ്നേഹിച്ചത് എന്ന് നാം വ്യാഖ്യാനിക്കണമെങ്കിൽ പൗലോസ് റോമർക്ക് എഴുതിയ ലേഖനം 5 ന്റെ 8 മുതൽ താഴോട്ട് വായിക്കണം. അവിടെ “ക്രിസ്തുവോ നാം പാപികൾ ആയിരിക്കുമ്പോൾ തന്നേ നമുക്കുവേണ്ടി മരിക്കയാൽ ദൈവം തനിക്കു നമ്മോടുള്ള സ്നേഹത്തെ പ്രദർശിപ്പിക്കുന്നു”. ക്രിസ്തു സഭയെ സ്നേഹിച്ചു എന്ന് പറയുമ്പോൾ, അതിന്റെ അർത്ഥം ഒരുകാലത്ത് പാപികളായിരുന്ന, ആശുദ്ധരായിരുന്ന, ദൈവത്തെ അറിയാത്തവരായി, ദൈവവുമായി ബന്ധമില്ലാതിരുന്ന നമ്മെ സ്നേഹിച്ചു എന്നാണ് അർത്ഥം. സ്തോത്രം.

അങ്ങിനെയെങ്കിൽ നാം വിവാഹം കഴിക്കാൻ തിരഞ്ഞെടുക്കുന്ന തിരഞ്ഞെടുപ്പിൽ ഈ മാനദണ്ഡം അല്പമെങ്കിലും വരാറുണ്ടോ?. ഒരു അനാഥയെ കല്യാണം കഴിക്കാൻ, ഒരു വിധവയുടെ മക്കളെ കല്യാണം കഴിക്കാൻ, ഒരു വീടില്ലാത്ത, വാടക വീട്ടിൽ കഴിയുന്ന, നമ്മുടെ ജാതിയിൽ നിന്നും അല്പം വ്യത്യാസമുള്ള, പഠിത്തത്തിലും, സൗന്ദര്യത്തിലും, പദവിയിലും അല്പം താണവളെ വിവാഹം ആലോചിക്കാൻ പോലും നാം താല്പര്യം കാണിക്കാറുണ്ടോ?. ഇവിടെയാണ്‌, ക്രിസ്തുവോ, നാം പാപികൾ ആയിരിക്കുമ്പോൾ തന്നെ, ദൈവം ഇല്ലാത്തവരായിരിക്കുമ്പോൾ തന്നെ നമ്മെ സ്നേഹിച്ചു എന്ന് പറയുന്നതിന്റെ മർമ്മം.

റോമർ 5 ന്റെ 9 ൽ “അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമോ നാം അവനാൽ എത്ര അധികമായി കോപത്തിൽനിന്നു രക്ഷിക്കപ്പെടും”. എന്ന് വായിക്കുന്നതിൽ ഒരു കാര്യം വ്യക്തം, ക്രിസ്തുവിന്റെ മണവാട്ടി സഭ ക്രിസ്തു എന്ന അവന്റെ രക്തത്താൽ നീതീകരിക്കപ്പെട്ടശേഷമാണ് സഭയായത്. സഭ എന്ന ക്രിസ്തുവിന്റെ മണവാട്ടിയെ യോഗ്യ ആക്കിയത് ക്രിസ്തു ആണെങ്കിൽ, ഇന്ന് കല്യാണം കഴിക്കുന്ന ഏത് ഭർത്താവ് തങ്ങൾ യോഗ്യരാക്കിയ ഭാര്യയെ
വിവാഹം കഴിക്കുന്നുണ്ട്?.

5 ന്റെ 10 ൽ “ശത്രുക്കളായിരിക്കുമ്പോൾ തന്നേ നമുക്കു അവന്റെ പുത്രന്റെ മരണത്താൽ ദൈവത്തോടു നിരപ്പു വന്നു എങ്കിൽ നിരന്നശേഷം നാം അവന്റെ ജീവനാൽ എത്ര അധികമായി രക്ഷിക്കപ്പെടും”. ക്രിസ്തു എന്ന ഭർത്താവ് തന്റെ മരണത്താൽ നമ്മെ ദൈവത്തോടു നിരപ്പിച്ചിട്ടാണ് മണവാട്ടി ആക്കിയതെങ്കിൽ, ഇന്ന് നമ്മൾ നോക്കുന്ന സൗന്ദര്യം, പദവി, ജാതി, കൈ നീട്ടി വാങ്ങുന്ന സ്ത്രീധനമൊക്കെ നീതിക്ക് നിരക്കുന്നതോ.

റോമർ 5 ന്റെ 11 “അത്രയുമല്ല, നമുക്കു ഇപ്പോൾ നിരപ്പു ലഭിച്ചതിന്നു കാരണമായ നമ്മുടെ കർത്താവായ യേശുക്രിസ്തുമുഖാന്തരം നാം ദൈവത്തിൽ പ്രശംസിക്കയും ചെയ്യുന്നു”. നമുക്ക് ഇപ്പോൾ ഒരു പ്രശംസയുണ്ടെങ്കിൽ അത് എഫെസ്യർ 5 ന്റെ 8,9 വാക്യങ്ങളിൽ വായിക്കുന്നത്തുപോലെ “കൃപയാലല്ലോ നിങ്ങൾ വിശ്വാസംമൂലം രക്ഷിക്കപ്പെട്ടിരിക്കുന്നതു; അതിന്നും നിങ്ങൾ കാരണമല്ല; ദൈവത്തിന്റെ ദാനമത്രേയാകുന്നു. ആരും പ്രശംസിക്കാതിരിപ്പാൻ പ്രവൃത്തികളും കാരണമല്ല”. ഇന്ന് നമ്മുടെ ഓരോരുത്തരുടെയും ഭാര്യമാർ പ്രശംസിക്കുന്നത് അവരുടെ തറവാട്ടിന്റെ പേരിൽ ആണെങ്കിൽ, കൊടുത്ത സ്ത്രീധനത്തിന്റെ പേരിലാണെങ്കിൽ, സൗന്ദര്യത്തിന്റെയും, വിദ്യാഭ്യാസത്തിന്റെയും, തൊഴിലിന്റെയും അടിസ്ഥാനത്തിലാണെങ്കിൽ ഇവരുടെ വിവാഹങ്ങൾ നടത്തിക്കൊടുക്കുമ്പോൾ ശുശ്രുഷകന്മാർക്ക് പോലും ഈ മർമ്മം അറിയില്ല എന്നതല്ലേ വാസ്തവം.

ബൈബിളിലെ 3 കല്യാണങ്ങളിൽ പ്രധാന്യമേറിയതിനെക്കുറിച്ചാണ് ഇപ്പോൾ ചിന്തിച്ചത്. കർത്താവ് അനുവദിച്ചാൽ ഇതിന്റെ അടുത്ത ഭാഗം നാളെ ചിന്തിക്കാമെന്ന ആഗ്രഹത്തോടെ….

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More