കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

സത്യദൈവത്തിന്റെ വചനങ്ങളെ തള്ളിക്കളയുന്നവർ

ചിന്തകൾ യാഥാർഥ്യങ്ങൾ

നമ്മൾ പലരോടും സുവിശേഷം പറയും. നമ്മൾ ജാതിയും, മതവും, വർഗ്ഗവും, വർണ്ണവും നോക്കാതെയാണ് സുവിശേഷം പറയുക. എല്ലാവരും രക്ഷിക്കപ്പെടേണം എന്ന് നമ്മൾ ആഗ്രഹിക്കുന്നു. അതിന് കാരണം നമ്മുടെ കർത്താവിന്റെ ആഗ്രഹം അതാണ്.

1തിമൊഥെയൊസ് 2 ന്റെ 4 ൽ അപ്പോസ്തലനായ പൗലോസ് നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെക്കുറിച്ചുള്ള സാക്ഷ്യം പറയുന്നത് “അവൻ സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തിൽ എത്തുവാനും ഇച്ഛിക്കുന്നു”. നമ്മളും അത് ആഗ്രഹിക്കുന്നു.

ലഘുലേഖകളാണ് നമ്മുടെ ഏറ്റവും വലിയ ആയുധം. ഭവനസന്ദർശനമായാലും, പരസ്യയോഗങ്ങളായാലും നാം പൊതുജനത്തിന് സുവിശേഷം അടങ്ങിയ പുസ്തകങ്ങളും, ലഘുലേഖകളും കൊടുക്കുന്നു. മറ്റുള്ളവർ ഈ സത്യം മനസ്സിലാക്കി നാം കണ്ടെത്തിയ രക്ഷ നമുക്ക് മുന്നിൽ കാണുന്ന എല്ലാവരും അറിയണം എന്നാണ് നമ്മുടെയും ആഗ്രഹം.

ഈ ആഗ്രഹത്തോടെ മുന്നേറുന്ന നമ്മെ തടയുവാൻ പലപ്പോഴും വർഗ്ഗീയ വാദികൾ മുന്നോട്ട് വരാറുണ്ട്. നമ്മുടെ കയ്യിലുള്ള സുവിശേഷം അടങ്ങുന്ന പുസ്തകങ്ങളും ലഘുലേഖകളും ചിലർ വാരിക്കൂട്ടി കത്തിച്ചും കളയാറുണ്ട്. ജീവനുള്ള ദൈവത്തിന്റെ വചനത്തിന് യാതൊരു വിലയും കല്പിക്കാതെ നശിപ്പിക്കുന്നവരെ കാണുമ്പോൾ നമുക്ക് ഒത്തിരി സങ്കടം വരും. ജീവനുള്ള ദൈവത്തിന്റെ വചനം അനുസരിച്ചില്ല എങ്കിൽ ഈ ജനം നിത്യനാശത്തിലേക്കു പോകും എന്ന സങ്കടം നമ്മെ ഭരിക്കും. അതിനാൽ തന്നെ ഈ കർത്താവിന് വേണ്ടി നമ്മിൽ അനേകർ മർദ്ദനവും, മരണവും ഏറ്റിട്ടുണ്ട്.

Voice Of Sathgamaya യുടെ ഇന്നത്തെ ചോദ്യം. നാം സുവിശേഷം പറയാറുണ്ടോ?. സുവിശേഷം പറയുന്നവരെ പ്രോത്സാഹിപ്പിക്കാറുണ്ടോ? നമ്മുടെ കുടുംബത്തിലുള്ളവർ, അയൽവാസികൾ, ബന്ധുക്കളൊക്കെ ഈ സുവിശേഷം അറിയാതെ മരിച്ചുപോയാൽ നമുക്കും അതിന്റെ ഉത്തരവാദിത്വം ദൈവത്തോട് പറയേണ്ടതായി വരും എന്ന് ഓർപ്പിക്കാനാണ് ഈ വരികൾ കുറിക്കുന്നത്.

1പത്രൊസ് 2 ന്റെ 9 ൽ “നിങ്ങളോ അന്ധകാരത്തിൽനിന്നു തന്റെ അത്ഭുതപ്രകാശത്തിലേക്കു നിങ്ങളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആകുന്നു”. എന്ന് എഴുതിയിരിക്കുന്നു.
ഒരുകാലത്ത് നമ്മളും അന്ധകാരത്തിൽ ആയിരുന്നു. പാപാന്ധകാരത്തിൽ. അവിടെനിന്നു നമ്മുടെ കർത്താവ് തന്റെ അത്ഭുതപ്രകാശത്തിലേക്കാണ് നമ്മളെ വിളിച്ചത്. അതുകൊണ്ട്, അവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവുമാണ് നാം. ഈ സത്യം എപ്പോഴും നമുക്ക് ഓർമ്മ വേണം.

1പത്രൊസ് 2 ന്റെ 9 നെ നമുക്ക് അല്പം വിഭജിക്കാം.

(1) നമ്മൾ അന്ധകാരത്തിൽ ആയിരുന്നു.

(2) അതിൽ നിന്നു കർത്താവ് നമ്മളെ തന്റെ അത്ഭുതപ്രകാശത്തിലേക്കു വിളിച്ചുകൊണ്ടുവന്നു.

(3) എന്നിട്ട് നമ്മളെ വിളിച്ചവന്റെ സൽഗുണങ്ങളെ ഘോഷിപ്പാന്തക്കവണ്ണം തിരഞ്ഞെടുത്തു.

(4) അതിന് വേണ്ടി നമ്മെ ഒരു പ്രത്യേക ജാതിയും രാജകീയപുരോഹിതവർഗ്ഗവും വിശുദ്ധവംശവും സ്വന്തജനവും ആക്കി വെച്ചു.

പക്ഷെ, ഇപ്പോൾ നമ്മൾ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത് ❓.

(1) നമ്മുടെ ഇപ്പോഴത്തെ പ്രവർത്തികളും, സാക്ഷ്യങ്ങളും കേൾക്കുമ്പോൾ നാം വീണ്ടും അന്ധകാരത്തിൽ മടങ്ങിയെത്തി എന്നതല്ലേ സത്യം ❓.

(2) നാം രക്ഷിക്കപ്പെട്ട അന്ന് കർത്താവ് നമ്മിൽ തെളിയിച്ച ആ അത്ഭുതവെളിച്ചം ഇന്ന് എവിടെ ❓.

(3) സത്യത്തിൽ ഇന്ന് നമുക്ക് നമ്മുടെ ദൈവത്തിന്റെ സൽഗുണനങ്ങൾ ആണ് പറയാനുള്ളത് ❓. അതോ ദൈവജനത്തിന്റെ കുറ്റവും, കുറവുകളും മാത്രമാണോ ❓.

(4) ഇന്ന് നാം വേർപെട്ട ദൈവത്തിന്റെ സ്വന്തജനം ആണോ ❓. വിശുദ്ധ വംശമാണോ ❓.

(5) സത്യത്തിൽ വിശ്വാസികളിൽ ഉണ്ടായിരിക്കേണ്ട സന്തോഷവും, സമാധാനവും നമ്മിലുണ്ടോ ❓.

(6) ക്രിസ്തീയ ഐക്യവും, കൂട്ടയ്മയും നമ്മിലുണ്ടോ ❓.

(7) നമ്മെക്കാൾ അച്ചടക്കത്തോടും, സ്നേഹത്തോടും ഐക്യത്തോടും, സന്തോഷത്തോടും ജീവിക്കുന്ന അവിശ്വാസികൾ ഇന്ന് നമ്മുടെ ചുറ്റും ഇല്ലേ ❓.

(8) നാം മത്സരികളായി സത്യദൈവത്തിന്റെ വഴി തള്ളിക്കളഞ്ഞുവോ ❓.

ഈ ചിന്തകൾ നമ്മിൽ ഭരിക്കുമ്പോൾ ഒരുപക്ഷെ, നമുക്ക് നമ്മിൽ ഒരു മാറ്റം വരുത്തുവാൻ തോന്നിയാൽ എത്ര നന്നായിരുന്നു എന്ന ആഗ്രഹത്തോടെ നിങ്ങളുടെ കൂട്ട് സഹോദരൻ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More