കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ഈ പുതുവത്സരത്തിലെങ്കിലും ഞാൻ നന്നാവുമോ ?

ലോകം ഇന്നലെയും ക്രിസ്തുമസ്സ്‌ ആഘോഷിച്ചു. കേരളത്തിൽ എത്ര കോടി രൂപയുടെ മദ്യം വിറ്റു തീർന്നു എന്ന കണക്ക് വരുന്നതേയുള്ളു. ആഘോഷങ്ങൾക്കിടയിലുണ്ടായ അപകടങ്ങൾ, മരണങ്ങൾ, അനിഷ്ട സംഭവങ്ങളുടെയൊക്കെ വാർത്തകൾ ക്രോടീകരിച്ചു വരുന്നതേയുള്ളു.

വിശേഷദിവസങ്ങളിൽ അല്ലാതെ എന്നും മദ്യപിക്കുന്നവരാണ് ഞങ്ങളുടെ മനസ്സുകളെ കൂടുതൽ തകർത്തുകൊണ്ടിരിക്കുന്നത്. മദ്യപിച്ച് ആരോഗ്യം കളയുന്നതിനാൽ മക്കളുടെ വിദ്യാഭ്യാസവും, ഉന്നമനവും, ഭാവിയും തകർക്കുന്നവരാണ് ഇന്ന് ഒരു വലിയ കൂട്ടം എന്നതാണ് കേരളത്തിന്റെ ശാപം.

സദൃശ്യവാക്യങ്ങൾ 15 ന്റെ 15 ൽ “അരിഷ്ടന്റെ ജീവനാൾ ഒക്കെയും കഷ്ടകാലം” എന്ന് എഴുതിയിട്ടുണ്ട്. ധാരാളം അരിഷ്ടന്മാരെ എന്നും കണ്ടുകൊണ്ടിരിക്കുന്നവരാണ് ഞങ്ങൾ.

ഒരുഭാഗത്ത് ജീവിതം കുടിയന്മാർ കുടിച്ചു തുലയ്ക്കുന്നു. മറ്റൊരു ഭാഗത്ത്‌ ലോട്ടറി റ്റിക്കറ്റിന്റെ അടിമകളായി ജീവിതം തകർത്തുവരുന്നു. പഠിക്കാൻ പോകുന്ന കുട്ടികളെ ലഹരിക്ക് അടിമകളാക്കി നശിപ്പിക്കുന്നു. സ്കൂൾ / കോളേജ് ക്യാമ്പസുകളിൽ പ്രണയത്തിന് മൗനാനുവാദം കൊടുക്കുന്നവർ യുവതീ – യുവാക്കളെ കൊലപാതകത്തിലേക്കും, ആത്മഹത്യയിലേക്കും നയിക്കുന്നു.

“സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം”. എന്ന ബൈബിൾ വാക്യം കഴിഞ്ഞദിവസത്തെ ലേഖനത്തിൽ ഉദ്ധരിച്ചിരുന്നു. അത് കണ്ട ഒരു സ്നേഹിതൻ എഴുതിയ കമന്റ് ഞങ്ങളെ അല്പം ചിന്തിപ്പിച്ചു.
“സന്തുഷ്ടഹൃദയന്നോ നിത്യം ഉത്സവം” എന്ന് പറയുന്ന നിങ്ങൾ നിത്യം എങ്ങിനെയാണ് ഉത്സവം കൊണ്ടാടുന്നത്?

ആ ചോദ്യം ചോദിച്ച സഹോദരനോടുള്ള മറുപടി ആത്മാർത്ഥമായി പറയട്ടെ, സഹോദരാ, ഊണും ഉറക്കവും ഇല്ലെങ്കിലും, കയ്യിൽ ഊറിവരുന്ന പൈസ എടുത്ത് ഇങ്ങനെയുള്ളവരുടെ ഉദ്ധാരണത്തിനുവേണ്ടി പ്രവർത്തിക്കുകയാണ്. ഇന്നലെയും ഒരു കുടുംബത്തെ സന്ദർശിച്ചു അവരോട് ദൈവസ്നേഹം പങ്ക് വയ്ക്കുവാൻ 40 + 40 = 80 കിലോമീറ്റർ യാത്രചെയ്തു. മദ്യ സ്നേഹത്തിൽ നിന്നും, ദൈവസ്നേഹത്തിലേക്ക് ഒരാളെയെങ്കിലും എത്തിക്കാൻ, പാപത്തിൽ മരിച്ചു മന്മറഞ്ഞിട്ട് നരകത്തിൽ പോകാതിരിക്കുവാനുള്ള സത് വാർത്ത അറിയിക്കുന്നതാണ് സഹോദരാ ഞങ്ങളുടെ എന്നുമുള്ള ഉത്സവം.

ക്രിസ്തുമസ്സ്‌ എന്ന മഹാ ഉത്സവത്തിന്റെ മറവിൽ ലഭ്യമാകുന്ന എല്ലാ സൗകര്യങ്ങളും ഉപയോഗിച്ച് ഇനി കുടിക്കരുതേ, ലഹരി ഉപയോഗിക്കരുതേ, നിങ്ങളിൽ പാപം ഉള്ളതുകൊണ്ടാണ് നിങ്ങൾക്ക് മദ്യം കുടിക്കാൻ തോന്നുന്നത്, മതങ്ങൾ നിങ്ങൾക്ക് പാപമോചനം തരികയില്ല അപ്പോസ്തല പ്രവൃത്തികൾ 4 ന്റെ 12 ൽ പറയുന്ന “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല”. എന്ന വാക്യം കവലകൾ കവലകൾ തോറും പ്രസംഗിക്കുന്നതാണ് ഞങ്ങളുടെ ഉത്സവം.

ആണ്ടിലൊരിക്കൽ ക്രിസ്തുമസിന്റെ പേരിൽ, ക്രിസ്തുവിന്റെ പേരിലുള്ള മതങ്ങളുടെ ആളുകൾ ഈ സമൂഹത്തിനു വേണ്ടി എന്ത് ചെയ്തുതന്നു എന്ന് നാം ഒന്ന് അന്വേഷിക്കാനും ആവശ്യമുണ്ട്.

VOICE OF SATHGAMAYA ഒരു സംഘടിത പ്രവർത്തനമാണെങ്കിലും അത്രയധികം സാമ്പത്തീക ഭദ്രതയുള്ള ടീമൊന്നുമല്ല. അടുത്ത ഞങ്ങളുടെ പ്രാർത്ഥനാ വിഷയം ദൈവം ഞങ്ങളെ അനുവദിച്ചാൽ കൊഴിഞ്ഞാമ്പാറ ബസ്സ് സ്റ്റാൻഡിൽ പ്രത്യേകം തയ്യാറാക്കുന്ന പന്തലിൽ വെച്ച് ഒരു ക്രൈസ്തവ സാഹിത്യ പ്രദർശനവും, സൗജന്യ പുസ്തക വിതാരണവും നടത്തണം എന്ന് ആഗ്രഹിക്കുന്നു. അതിനുള്ള പ്രാർത്ഥന തുടങ്ങിക്കഴിഞ്ഞു. നശിച്ചുപോകുന്ന ആത്മാക്കളെക്കുറിച്ചുള്ള ഭാരമാണ് സഹോദരാ ഞങ്ങളുടെ ഉത്സവം.

കഴിഞ്ഞ ദിവസം സിനിമാ നടൻ മമ്മുട്ടിയുമായി നടത്തിയ ഒരു അഭിമുഖത്തിൽ മുട്ടിനു മുട്ടിനു മദ്യശാലകൾ തുറന്ന് വെച്ചിട്ട് ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തിയിട്ട് എന്ത് പ്രയോജനം”? എന്ന് ചോദിച്ചതായി കേട്ടു. ഇന്ന് നമ്മൾ ചെയ്തുകൊണ്ടുരിക്കുന്ന ഇങ്ങനെയുള്ള വസ്തുതാ വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഒരു അറുതിവന്നേ മതിയാകു.

പ്രബുദ്ധകേരളത്തിൽ ഇത്രത്തോളം മദ്യപാനികൾ പെരുകാനുള്ള ഏക കാരണം ക്രിസ്തീയ ധർമ്മം പുലർത്താൻ കഴിയാത്ത ക്രിസ്ത്യാനികളാണ് എന്നതാണ് ഞങ്ങളുടെ പക്ഷം. എല്ലാ പുതുവത്സരങ്ങളിലും പതിവ് പല്ലവിയായി ക്രിസ്ത്യാനികൾ ഉപയോഗിക്കുന്ന ഒരു വാചകം ആണ് ഈ ലേഖനത്തിന്റെ തലക്കെട്ട്. ഈ വർഷത്തിലെങ്കിലും നമ്മൾ ഒന്ന് നന്നായാൽ മതിയായിരുന്നു.

2020 ൽ കൊറോണാ വന്ന് മുഴുലോകത്തേയും കീഴ്മേൽ മറിച്ചപ്പോഴും ഉണ്ടാകാത്ത മാനസ്സാന്തരം ഉണ്ടാക്കാനാണോ B. L 7 എന്ന പുതിയ വകഭേദം വന്നേക്കുന്നത്. ആർക്കറിയാം?.
ഫറവോന്യ ഹൃദയമുള്ള ആരെങ്കിലും ഇനിയും നമ്മുടെയിടയിൽ ഉണ്ട് എങ്കിൽ അവരുടെ മാനസ്സാന്തരത്തിനു ചെങ്കടലിൽ തള്ളിയിടുകയല്ലാതെ വേറെ മാർഗ്ഗം ഒന്നുമില്ലല്ലോ. ഇസ്രായേൽ മക്കളെ എന്നും ഫറവോന്റെ അടിമകളായി നിർത്തുവാൻ ദൈവത്തിന് പദ്ധതിയില്ല. പൈശാചിക ബലത്തിൽ, മന്ത്രവാദികളുടെ സഹായത്താൽ തൽക്കാലം ചിലത് ചെയ്യാൻ ചിലപ്പോൾ കഴിയും. പക്ഷെ, അത് താൽക്കാലികമാണ്. തൊട്ടടുത്ത ദിവസം നിങ്ങൾ കടലിൽ മുങ്ങിച്ചാകുമെന്ന് പ്രവചിച്ചു പറയുവാൻ കഴിവുള്ള ഒരൊറ്റ പ്രവാചകന്മാരും അന്നും, ഇന്നും ഇല്ല.

ആകയാൽ ബൈബിളിൽ ഇല്ലാത്ത കാര്യങ്ങൾ അനുകരിച്ചു വഞ്ചിതരാകരുതേ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More