Powered by: <a href="#">Manna Broadcasting Network</a>
സംഭവ ബഹുലമായ ഒരു വർഷം കൂടി നമ്മെ കടന്നു പോകുന്നു. പുതുവത്സരത്തെ വരവേൽക്കാൻ ലോകം ഒരുങ്ങുന്നു. ലോക മനുഷ്യർ പലതരത്തിൽ ആഘോഷിക്കുന്നു. സമുദായക്കാർ പാതിരാ കുർബാനയും, ബ്രെത്റൻ സഭകളും, പെന്തക്കോസ്തു പ്രസ്ഥാനങ്ങളും സാക്ഷ്യ യോഗങ്ങളും, ആണ്ടറുതി യോഗവും മറ്റുമായി പലവിധ കൂടിവരവുകൾ.
പല സാക്ഷ്യ യോഗങ്ങളിലും കേൾക്കാറുള്ളതാണ്. കഴിഞ്ഞ വർഷം ‘ഞാൻ അവിശ്വസ്ഥൻ ആയിരുന്നിട്ടും, കർത്താവ് വിശ്വസ്തൻ ആയിരുന്നു. കർത്താവ് എനിക്ക് “നല്ലോനും വല്ലോനും” ആയിരുന്നു. പുതിയ വർഷത്തിൽ കർത്താവിനു പ്രയോജനം ഉള്ളവനായി ജീവിക്കുവാൻ എല്ലാവരും എനിക്കായി പ്രാർത്ഥിക്കണം.’ എല്ലാ വർഷവും ഇങ്ങനെ തന്നെ പറയുന്ന പലരെയും കാണുവാൻ ഇടയായിട്ടുണ്ട്.
മാത്രമല്ല സാക്ഷ്യം എന്ന പേരിൽ ഭൗതീക കാര്യങ്ങളിൽ ഉണ്ടായ നന്മകളും, ജീവിതത്തിൽ വന്ന രോഗങ്ങളും, പ്രശ്നങ്ങളും, പൊങ്ങച്ചങ്ങളും ഒക്കെ നിരത്തി പറയുകയും, വാചാലർ ആകുകയും ചെയ്യാറുണ്ട്. മറ്റൊരു തരത്തിൽ പറഞ്ഞാൽ , കഴിഞ്ഞ വർഷം മരണം വഴിയായി മാറ്റപെട്ടരെയും, വലിയ രോഗത്തിൽ ആയിപ്പോയവരെയും ദൈവം കൈവിട്ടു , അനുഗ്രഹിച്ചില്ല എന്നാണ് നാം പറയാതെ പറയുന്നത്.
വേദപുസ്തകത്തിൽ നാം കാണുന്ന സാക്ഷ്യങ്ങളുടെ മാതൃക വളരെ വ്യത്യസ്തമാണ്.
വ്യക്തിപരമായി നമ്മുടെ കർത്താവിനോടുള്ള ബന്ധത്തിലെ ആഴവും തദ്വാര ആത്മീയതയിൽ ഉള്ള പുരോഗതിയും, സഭക്ക് അനുഗ്രഹമായി എങ്ങനെ നിലകൊള്ളാൻ സാധിച്ചു എന്ന് പരിശോധിക്കുകയും, ദൈവനാമ മഹത്വത്തിനും കേൾക്കുന്നവരുടെ ആത്മീയ ഉത്തേജനത്തിനുമായ കാര്യങ്ങൾ മാത്രം സാക്ഷ്യമായി പറഞ്ഞിരുന്നെകിൽ എത്ര നന്നായിരുന്നു.