കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

കാല സമ്പൂർണ്ണതയിൽ

ഗോഡ്സൺ പി എസ്സ്, കുട്ടമല

വിശുദ്ധ വേദപുസ്തകത്തിന്റെ താളുകൾ പരിശോധിക്കുമ്പോൾ നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്ന ഒരു അനുഗ്രഹീതമായ യാഥാർത്ഥ്യം എന്നത് ദൈവത്തിന് തന്റെ കാര്യപരിപാടികൾക്ക് അതിന്റെതായ സമയമുണ്ട് എന്നുള്ളതാണ്. നാം എത്രയധികം തിരക്കേറിയ വരാണെങ്കിലും നമ്മുടെ ആവശ്യങ്ങൾ ദൈവത്തിന്റെ സമയത്ത് ദൈവം നടത്തി തരുമ്പോഴാണ് അത് സന്തോഷ പൂർണിതമായ ഒരു നടത്തിപ്പായി തീരുകയുള്ളു. ഒരുപക്ഷേ ആ നടത്തിപ്പിന് കാലങ്ങൾ കുറെ എടുത്തു വന്നേക്കാം മറ്റൊരു വാക്കിൽ പറഞ്ഞാൽ സമയം കൂടുതൽ എടുത്തു എന്ന് വന്നേക്കാം, നാം നിനക്കുന്ന മാത്രയിൽ നമ്മുടെ ഇഷ്ടാനുസരണപ്രകാരം അത് നടന്നു എന്ന് വരണം എന്നില്ല എന്നാൽ അത് ദൈവത്തിന്റെ ഇഷ്ടപ്രകാരം ദൈവത്തിന്റെ സമയത്താണ് നടക്കുന്നതെങ്കിൽ തീർച്ചയായും അതിൽ സന്തോഷിക്കുവാൻ സമാധാനത്തോടെ അത് സ്വീകരിക്കുവാൻ നമുക്ക് സാധിക്കും.

തിരുവചനം ദൈവം ആഗ്രഹിക്കുന്ന സമയത്തിന് വേണ്ടി കാത്തിരിക്കാതെ ദൈവത്തിന്റെ കാര്യപരിപാടി എത്രയും വേഗം തന്റെ ജീവിതത്തിൽ നടപ്പിലാക്കുവാൻ വേണ്ടി ശ്രമിച്ച അനേകം വ്യക്തികളുടെ ചരിത്രം വേദപുസ്തകത്തിൽ ഉണ്ട്. അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന വ്യക്തിത്വം അബ്രഹാം ആണ്. അബ്രഹാമിനോട് ദൈവം പറയുന്നു നിന്റെ സന്തതികൾ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെയും കടൽക്കരയിലെ മണൽത്തരികൾ പോലെയും ആകും പക്ഷേ ആ ദൈവീക കാര്യപരിപാടി തന്റെ ജീവിതത്തിൽ നടപ്പാക്കുവാൻ ദൈവ ഉദ്ദേശിച്ച സമയം എന്ന് പറയുന്നത് അബ്രഹാമിന് നൂറു വയസ്സും സാറായിക്ക് 90 വയസ്സും തികയണമായിരുന്നു. എന്നാൽ അത്രയും നാൾ വരെ കാത്തിരിക്കുവാനുള്ള ഒരു മനസ്സ് അബ്രഹാമിനെ ഇല്ലാത്തതുകൊണ്ട് അബ്രഹാം വേറൊരു വഴിയായി ഒരു സന്തതിയെ ജനിപ്പിച്ച് ദൈവത്തിന് കൊടുക്കുകയാണ്, അബ്രഹാം കരുതി ആ വിധത്തില്ലെങ്കിലും ദൈവത്തിന്റെ വാഗ്ദത്വം നിവർത്തീകരിക്കപ്പെടുമല്ലോ എന്നാണ്. പക്ഷേ അത് ഒരു വലിയ വിപത്തിലേക്ക് കൊണ്ടെത്തിക്കുവാൻ ആയിട്ട് ഇടയായി തീർന്നു. ദൈവത്തിന് എല്ലാ പരിപാടികൾക്കും ദൈവത്തിന്റെതായ ഒരു സമയമുണ്ട് ആ സമയം വരെ നാം കാത്തിരിക്കുക എന്ന് പറയുന്നത് ഏറ്റവും ശ്രേഷ്ഠമായ ഒരു കാര്യമാണ്.

ജോസഫ് എന്ന് പറയുന്ന ഭക്തനെ കുറിച്ച് നാം വായിക്കുന്നത്, മിസ്രയീം എന്ന മഹാരാജ്യത്തിന്റെ മന്ത്രിയായത് ഒറ്റ രാത്രി കൊണ്ടല്ല. ആ രാജ്യത്തിന്റെ മന്ത്രിയായി മാറുവാൻ വേണ്ടി ദൈവം യോസേഫിന് അനുവദിച്ച വഴികൾ എന്നു പറയുന്നത് വളരെ വേദന നിറഞ്ഞതാണ് സ്വന്തം സഹോദരന്മാർ ആക്രമിക്കുന്നു, പൊട്ടക്കിണറ്റിലേക്ക് വലിച്ചെറിയുന്നു, അടിമയായിട്ട് വിറ്റു കളയുന്നു, പോത്തീഫർ  ഭാര്യയായാൽ പരീക്ഷിക്കപ്പെടുന്നു, തുടർന്ന് ചങ്ങലയാർ ബന്ധിക്കപ്പെട്ട് താൻ തടവറക്കുള്ളിൽ അകപ്പെടുന്നു. ഇത്രയധികം വേദനകളിലൂടെ കടത്തിവിട്ടതിനുശേഷം ആണ് മിസ്രയിമിന്റെ മന്ത്രിയായിട്ട് ഈ മനുഷ്യനെ ദൈവം മാറ്റുന്നത്.

പ്രിയമുള്ളവരെ ദൈവത്തിന്റെ കാര്യപരിപാടിക്ക് എപ്പോഴും ദൈവത്തിന് സമയമുണ്ട്. ഒരു കാല സമ്പൂർണ്ണതയുണ്ട് ആ സമ്പൂർണ്ണത ആകുമ്പോൾ – ആ സമയത്തിന്റെ പൂർണതയാകുമ്പോൾ ദൈവം അത് ഭംഗിയായി ചെയ്യും എന്നുള്ളതാണ് യാഥാർഥ്യം.

പ്രവാചകനായ യെശയ്യാവിന് ദൈവം യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് വെളിപ്പെടുത്തി കൊടുക്കുമ്പോൾ പറയുന്നത് കന്യക ഗർഭിണിയാകും എന്നാണ്. ഒരു കന്യക ഗർഭിണിയാകും എന്ന് വിശ്വസിച്ച യഹൂദന്മാർ തങ്ങൾക്കുണ്ടാകുന്ന പെൺകുട്ടികളെ വളരെ പവിത്രതയോടെ വിശുദ്ധിയോടു കൂടെയാണ് വളർത്തിക്കൊണ്ടുവന്നത് എന്നാൽ ആ കാര്യം സംഭവിക്കുവാൻ ഏകദേശം 650 മുതൽ 700 വർഷം വരെ കാത്തിരിക്കേണ്ടിവന്നു. എത്രയോ പെൺകുട്ടികൾ വിശുദ്ധിയോടുകൂടെ ജീവിച്ചിട്ടുണ്ടായിരുന്നിരിക്കും, അങ്ങനെ ജീവിച്ച എത്രയോ പേർ ഈ സംഭവം നടക്കുന്നത് കാണാതെ ലോകത്ത് നിന്ന് മാറ്റപ്പെട്ടിട്ടുണ്ടാകാം എങ്കിലും ദൈവം തന്റെ സമയം മാറ്റിയില്ല ദൈവം തന്റെ സമയത്തിന്റെ പൂർത്തീകരണത്തിനു വേണ്ടി കാത്തിരുന്നു എന്നതാണ് നമുക്ക് മനസ്സിലാക്കാൻ പറ്റുന്ന ഒരു യാഥാർത്ഥ്യം. അതാണ് കാല സമ്പൂർണ്ണത എന്നു പറയുന്നത്. ആ കാല സമ്പൂർണ്ണത വരെ ദൈവം കാത്തിരുന്നു. ദൈവീക പ്രവർത്തി നടക്കണമെങ്കിൽ മറിയ എന്ന് പറയുന്ന ഒരു പെൺകുട്ടി ജനിക്കണം അവൾ ഇതേ വിശുദ്ധിയിൽ ജീവിച്ച് മുന്നോട്ട് വരണം ആ പെൺകുട്ടിക്കാണ് ദൈവത്തിന്റെ കൃപ ലഭിക്കുവാൻ ഇടയായി തീരേണ്ടത്. കൃപ ലഭിച്ചവളെ നിനക്ക് വന്ദനം എന്നാണ് ദൂതൻ അഭിസംബോധന ചെയ്യുന്നത്. കൃപ എന്ന വാക്കിന്റെ അർത്ഥം അർഹിക്കാത്ത ദാനം എന്നാണല്ലോ. ഒരുപക്ഷേ മറിയയെ പോലെ വിശുദ്ധിയോടുകൂടെ ജീവിച്ച ഒട്ടനേകം പെൺകുട്ടികൾ അവിടെ ഉണ്ടാകാം എന്നാൽ അവർക്കൊന്നും ലഭിക്കാത്ത ദൈവത്തിന്റെ കൃപ മറിയയോട് ദൈവത്തിന് തോന്നുവാൻ ഇടയായി തീർന്നു. ഈ ദൈവീക പ്രവർത്തിക്ക് ദൈവത്തിന് ഒരു സമയം ഉണ്ടായിരുന്നു.

പ്രിയ ദൈവജനമേ, നമ്മുടെ ഓരോരുത്തരുടെയും ഇഷ്ടപ്രകാരം പ്രവർത്തിക്കുന്ന ഒരു റോബർട്ട് അല്ല ദൈവം എന്നത് നാം മനസ്സിലാക്കണം പക്ഷേ ദൈവത്തിന്റെ കാര്യപരിപാടികൾ ദൈവം ആഗ്രഹിക്കുന്നത് പോലെ എന്നിൽ നടക്കണം എന്ന ആഗ്രഹം നമുക്ക് ഉണ്ടെങ്കിൽ ദൈവത്തിന്റെ സമയത്തിനായി നമുക്ക് കാത്തിരിക്കാം. അതൊരു പക്ഷേ ഇപ്പോഴാകാം,  നാളെയാകാം, കുറെ മാസങ്ങൾ കഴിഞ്ഞിട്ടാകാം എന്താണേലും ഒരു കാര്യം ഉറപ്പാണ്. ദൈവത്തിന്റെ കാര്യപരിപാടികൾ എന്റെ ജീവിതത്തിൽ നടപ്പാക്കണം എന്ന് എനിക്ക് ആഗ്രഹമുണ്ടെങ്കിൽ കാത്തിരുന്നേ മതിയാവുകയുള്ളൂ അതിന് വേറെ എളുപ്പവഴികൾ ഒന്നും തന്നെയില്ല. ദൈവീക കാര്യപരിപാടികൾ എന്നിൽ ദൈവം ചെയ്യുന്നില്ല എന്ന് മനസ്സിലാക്കിയിട്ട് അബ്രഹാമിനെ പോലെ ദൈവിക പരിപാടികൾ ഞാൻ ചെയ്താലും കുഴപ്പമില്ല എന്ന മട്ടിൽ നാം ഇറങ്ങി പുറപ്പെട്ടാൽ അതിന്റെ അന്ത്യം വേദനാജനവും ഭയാനകവും ആയിതീരുവാൻ സാധ്യതയുണ്ട്. അതുകൊണ്ട്, ദൈവീക പദ്ധതികൾ ചെയ്ത് ആപത്തിൽ അകപ്പെടാതെ ദൈവത്തിന്റെ കാലാ സമ്പൂർണ്ണതയ്ക്കായി – സമയത്തിനായി കാത്തിരിക്കാം.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More