കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

മൂപ്പന്മാരുടെ മേൽനോട്ടം ഇല്ലാത്ത വചനപഠനങ്ങൾ – ദുരുപദേശങ്ങളുടെ വാതിലുകൾ

പ്രാദേശീക സഭയിലെ മൂപ്പന്മാരുടെ / ഉപദേഷ്ടാക്കന്മാരുടെ മേൽനോട്ടം ഇല്ലാത്ത പരിപാടികൾ മൂലം ദുരുപദേശങ്ങൾ സഭയിലേക്കു കടന്നുവരുവാൻ ഉള്ള സാദ്ധ്യതകൾ ഏറെയാണ്. അത്തരത്തിൽ മുഖ്യമായും സഭയിൽ തന്നെ നടന്നുവരുന്ന സഭയോഗങ്ങൾ അല്ലാത്ത പഠന രീതികളാണ്. അവയിൽ ചിലതു സൺഡേസ്കൂൾ, സഹോദരിമാരുടെ യോഗം , യൂത്ത് മീറ്റിങ് , ബ്ലോക്ക് യോഗങ്ങൾ ( വലിയ സഭകൾ ആണെങ്കിൽ ചെറിയ കൂട്ടങ്ങൾ ആയി ഓരോ പ്രദേശങ്ങളിൽ കൂടി വരുന്നത്) എന്നിവയാണ്.

ഒരു പ്രാദേശീക സഭയുടെ നല്ല സാക്ഷ്യത്തിനും, നിലനില്പിനും, ഉപദേശ നിശ്ചയത്തിനും, ക്രമങ്ങൾക്കും അടിസ്ഥാനം, ദൈവം ആക്കിയ മൂപ്പന്മാരും അവരുടെ ഐക്യതയും ആണ് .

ഉപദേശ വിഷയങ്ങളിൽ നല്ല അറിവ് ഇല്ലാത്തവർ ആണ് സൺ‌ഡേ സ്കൂൾ പഠിപ്പിക്കുന്നതും, സഹോദരിമാരുടെ കൂട്ടത്തിനു ക്‌ളാസുകൾ എടുക്കുന്നതും, യൂത്തുമീറ്റിംഗ് നടത്തുന്നതും പ്രസംഗിക്കുന്നതും ഒക്കെ എങ്കിൽ അതിന്റെ ദോഷം സഭയിൽ പ്രകടമാകും.

ഉദാഹരണമായി, മറ്റ് പല നാമധേയ സഭകളിലും, സമുദായങ്ങളിലും, പെന്തിക്കോസ്തു പ്രസ്ഥാനങ്ങളിലും ഒക്കെ ഉള്ള ആളുകൾ ചെറുപ്പം മുതൽ തന്നെ പല കാര്യങ്ങളിലും വേർപാട് സഭക്കാരെക്കാൾ വളരെ പരിശീലനം ലഭിച്ചവർ ആണ്. ലീഡ് ചെയ്യുവാൻ കഴിവ് ഉള്ളവർ ആണ്, പ്രത്യേകിച്ചും സഹോദരിമാർ. വിവാഹബന്ധത്തിലും മറ്റുമായി വേർപാട് സഭകളിൽ ചേർന്ന ഇവരാണ് മൂപ്പന്മാരുടെ മേൽനോട്ടമില്ലാതെ പഠിപ്പിക്കുന്നത് എങ്കിൽ ദുരുപദേശം പഠിപ്പിക്കുവാൻ സാധ്യതയേറെയാണ്.

അന്യഭാഷ, പ്രവചനം(അ.പ്രവ 2, 1 കൊരി 12), സ്വർഗസ്ഥൻ ആയ പിതാവേ ..പ്രാർത്ഥന ഉരുവിടൽ (മത്തായി :6), വിശ്വാസത്താലും സ്നാനത്താലുമുള്ള രക്ഷ(മർക്കോസ് 16.16), ഒന്നിൽ അധികം മൂപ്പന്മാർ, ഭരണം, യേശുവിന്റെ നാമത്തിൽ ഉള്ള പ്രാർത്ഥന, എല്ലാവർക്കും ഉള്ള പൗരോഹിത്യം, സഹോദരിമാരുടെ ശുശ്രൂഷകൾ, സഭയിൽ സഹോദരിമാർ ഉപദേശിക്കാത്തത് , മൂടുപടം., വല്ലപ്പോഴും ഉള്ള തിരുവത്താഴം, സഭയോഗങ്ങൾ, കർത്താവിന്റെ രണ്ടാം വരവ് , മഹോപദ്രവം തുടങ്ങി പല വിഷയങ്ങളിലും പഠിപ്പിക്കുന്നതിൽ തെറ്റുകൾ കടന്നുവരാം.

സഭാ നേതൃത്വത്തിന്റെ നിരന്തരമായ ശ്രദ്ധയും, ആവശ്യമായ നിർദ്ദേശങ്ങളും, കൃത്യതയോടുള്ള തിരുത്തലുകളും എല്ലാ വേദ പഠന യോഗങ്ങളിലും ആവശ്യം ആണ്.

ദുരുപദേശത്തിന്റെ ‘വിത്തുകൾ’ ആയിരിക്കാം വിതക്കപ്പെടുന്നത്. എന്നാൽ ഈ വിത്തുകൾ കാലങ്ങൾ കൊണ്ട് ദുരുപദേശത്തിന്റെ വൃക്ഷങ്ങൾ ആയി മാറുകയും, മൂപ്പന്മാർക്ക് നിയന്ത്രിക്കുവാൻ സാധിക്കാതെ വരികയും ചെയ്യും.

സഭയിൽ ഒരു പ്രയാസം ഉണ്ടാകരുതല്ലോ എന്ന്‌ കരുതി പല കാര്യങ്ങളും സമയാസമയങ്ങളിൽ തിരുത്താതെ പോകുമ്പോൾ, സഭയുടെ മൂപ്പന്മാർ അഥവാ സഭാ നേതൃത്വം ചില പ്രത്യേക ഇരിപ്പിടത്തിൽ ഇരിക്കുവാനും, അപ്പത്തിനും പാനപാത്രത്തിനും സ്തോത്രം ചെയ്യുവാനും, പ്രസ്താവന നടത്തുവാനും, ആശിർവാദം പറയുവാനും ഉള്ള ആളുകളായി മാത്രം മാറിപ്പോകും.

ഇതു വായിക്കുന്ന എത്രപേര് ഇന്ന് നിങ്ങളുടെ സഭയിലെ മൂപ്പന്മാരെ ഓർത്തു പ്രാർത്ഥിച്ചു? നിരന്തരം നമ്മുടെ മൂപ്പന്മാരെയും സഭാ നേതൃത്വത്തെയും ഓർത്തു നമ്മുക്ക് പ്രാർത്ഥിക്കാം.

എബ്രായർ 13 : 17. നിങ്ങളെ നടത്തുന്നവരെ അനുസരിച്ചു കീഴടങ്ങിയിരിപ്പിൻ; അവർ കണക്കു ബോധിപ്പിക്കേണ്ടുന്നവരാകയാൽ നിങ്ങളുടെ ആത്മാക്കൾക്കുവേണ്ടി ജാഗരിച്ചിരിക്കുന്നു; ഇതു അവർ ഞരങ്ങിക്കൊണ്ടല്ല സന്തോഷത്തോടെ ചെയ്‍വാൻ ഇടവരുത്തുവിൻ; അല്ലാഞ്ഞാൽ നിങ്ങൾക്കു നന്നല്ല.
Hebrews 13:17. Obey them that have the rule over you, and submit yourselves: for they watch for your souls, as they that must give account, that they may do it with joy, and not with grief: for that is unprofitable for you.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More