Powered by: <a href="#">Manna Broadcasting Network</a>
യോന 2:2
“ഞാൻ പാതാളത്തിന്റെ വയറ്റിൽ നിന്ന് അയ്യം വിളിച്ചു.നീ എന്റെ അപേക്ഷ കേട്ടു”.
ഒരു രക്ഷപ്പെടൽ ഇനി അസാധ്യമാണെന്നും സകല പ്രതീക്ഷകളും എന്നേക്കുമായി അസ്തമിച്ചു കഴിഞ്ഞു എന്നും പൂർണമായി ഉറപ്പിക്കുവാൻ കഴിയുന്ന അവസ്ഥയിലാണ് ഇപ്പോൾ യോന ആയിരിക്കുന്നത്. ഒരു മനുഷ്യനും തന്നെ അന്വേഷിച്ചു കണ്ടെത്തുവാൻ കഴിയാത്ത അത്ര ഇരുട്ടിലും, ആർക്കും ഒരു സഹായവുമായി എത്തുവാൻ കഴിയാത്ത അത്ര ആഴത്തിലും, എത്രയൊക്കെ ഉറക്കെ വിളിച്ചാലും ആർക്കും വിളികേൾക്കാൻ കഴിയാത്ത അത്ര ദൂരത്തുമാണ് താൻ ഇപ്പോൾ കിടക്കുന്നത്. എന്നിട്ടും ആ ആഴിയുടെ അടിത്തട്ടിൽ, മഹാ മത്സ്യത്തിൻറെ വയറിനുള്ളിൽ കിടന്ന് ഒരൽപം പോലും പ്രകാശമില്ലാത്തതും കൂരിരുട്ട് നിറഞ്ഞതും ശ്വാസം മുട്ടുന്നതുമായ ആ അവസ്ഥയിലും അയാൾ തൻറെ ദൈവത്തോട് പ്രാർത്ഥിക്കുകയാണ്.
അമ്പേ പരാജയം ആണ് തൻറെ ജീവിതം എന്നറിഞ്ഞിട്ടും യോന ദൈവത്തെ നോക്കി ഇങ്ങനെ പറഞ്ഞു….”നിൻറെ ദൃഷ്ടിയിൽ നിന്ന് എനിക്ക് നീക്കം വന്നിരിക്കുന്നു എങ്കിലും ഞാൻ നിൻറെ വിശുദ്ധ മന്ദിരത്തിലേക്കു തന്നെ നോക്കിക്കൊണ്ടിരിക്കും.!”
തക്ക സമയത്തു തന്നെ യഹോവയുടെ പക്കൽ നിന്ന് രക്ഷ വരിക തന്നെ ചെയ്തു (2:10). യോനയെ എത്തേണ്ടിയിടത്തു ദൈവം ജീവനോടെ, പൂർണ ആരോഗ്യത്തോടെ എത്തിച്ചു. 100% ഫലപ്രദമായ വേല അവനിലൂടെ ദൈവം നിവർത്തിക്കുകയും ചെയ്തു. അതുകൊണ്ടു ദൈവപൈതലേ, നിങ്ങളുടെ ജീവിതം തോൽവികൾ ഏറ്റുവാങ്ങിയതാണെങ്കിലും, മുൻപിൽ മുഴുവൻ ഇരുട്ടാണെങ്കിലും,ഒരു സഹായവും എവിടെനിന്നും വരാൻ സാധ്യത ഇല്ലെന്നു ഉറപ്പാണെങ്കിലും ,ആകെ ക്ഷീണിച്ചു മടുത്തിരിക്കുകയാണെങ്കിലും നീയും യോനയെ പോലെ, സഹായം വരുന്ന പർവതത്തിലേക്കു നോക്കുന്നത് തുടരുക. നിൻറെ സാഹചര്യം എന്തുതന്നെയായാലും നിൻറെ രക്ഷ യഹോവയുടെ പക്കൽ നിന്ന് വരും… ഉറപ്പ്…