Powered by: <a href="#">Manna Broadcasting Network</a>
നിങ്ങളുടെ ഹൃദയം പാപത്തെക്കുറിച്ച് വിലയിരുത്തുന്നത് ഏറ്റവും ലാഘവമായ മനോഭാവത്തോടെ ആണെങ്കിൽ, കേവലം ഒരു ഏറ്റുപറച്ചിലുകൊണ്ട് തീരാകുന്ന ലഖുവായ ഒന്നാണെന്നു കരുതുന്നുണ്ടെങ്കിൽ, രക്ഷകനെ ക്രൂശിൽ തറയ്ക്കാൻ കാരണമായ താങ്കളുടെ പാപത്തെക്കുറിച്ചും, അവൻ അതിന്നായി അനുഭവിച്ച പീഡകളെയും കുറിച്ച് ഒരു നിമിഷം നിന്ന് ചിന്തിക്കേണ്ടത് അനിവാര്യമാണ് !!.
റോമൻ പടയാളികളുടെ ക്രൂര പീഡനത്താൽ അവന്റെ മുതുകു തുറന്നു പുറത്തേക്കു തള്ളി വന്ന അസ്ഥികളെ ഹൃദയത്തിൽ ഒന്ന് കാണാൻ ശ്രമിക്കുക. കർത്താവിന്റെ രക്തരൂക്ഷിതമായ ശരീരത്തെ പരുക്കനായ മരകുരിശിൽ ആണികൾ തറച്ചു തൂക്കിയിട്ടപ്പോൾ പ്രാണവായു ശ്വസിക്കുന്നതിനായി അവൻ എത്രമാത്രം കഷ്ടപ്പെട്ടു എന്ന് ഒന്ന് ഓർത്തു നോക്കുക. പടയാളികൾ ചാട്ടവാറിനാൽ അടിച്ചുണ്ടാക്കിയ മുറിവുകളിലേക്ക് വീണ്ടും അടിച്ചു ആഴത്തിൽ കുഴിച്ച പിളർപ്പുപോലെ അവന്റെ ശരീരമാംസം മുഴുവൻ പിളർന്നു നിന്നത് ഓർമയിൽ വരട്ടെ! അവന്റെ കൈകളിലേക്കും കാലുകളിലേക്കും ദാരുണമായി തുളച്ചുകയറ്റിയ വലിയ ആണികളെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? കടന്നുപോകുന്നവരുടെ മുഴുവൻ തലകുലുക്കിയുള്ള പരിഹസമേറ്റവനായും നഗ്നനായും ക്രൂശിൽ തൂങ്ങിക്കിടന്നപ്പോൾ അവൻ ശ്വാസം എടുക്കുവാനായി അനുഭവിച്ച ബുദ്ധിമുട്ടിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ? യേശു തന്റെ സ്വന്തം പാപം നിമിത്തം മരിച്ചവനല്ല കേട്ടോ. അവൻ നമ്മെപ്രതി മാത്രം മരിക്കേണ്ടി വന്നവനാണ്. “നമ്മുടെ ലംഘനങ്ങൾ ആണ് അവൻ കുത്തപ്പെട്ടതിന്റെ കാരണം. നമ്മുടെ അതിക്രമങ്ങൾ നിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾ നിമിത്തം തകർന്നും ഇരിക്കുന്നു ”(യെശ. 53: 5) എന്നല്ലേ നാം വായിക്കുന്നത്. പറഞ്ഞറിയിക്കാനാവാത്ത മഹാ വേദന കർത്താവ് നിനക്കായി ക്രൂശിൽ സഹിച്ചതിന്റെ ഓർമ്മകൾ പാപത്തിൽ നിന്നും പിന്തിരിയാൻ നിങ്ങളെ എപ്പോഴെങ്കിലും പ്രേരിപ്പിക്കാറുണ്ടോ? ഇല്ലെങ്കിൽ ഞാൻ എത്ര നന്ദികെട്ടവനാണ് അല്ലെ???