കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

നിങ്ങൾ തമ്മിൽ വാദിച്ചതെന്ത്?

ഫിലിപ്പ് വർഗീസ് 'എരിയൽ'

എവിടെയും ചൂട് പിടിച്ച ചർച്ചകൾ, തീപ്പൊരി പാറുന്ന തകർപ്പൻ പ്രസംഗങ്ങൾ. രഹസ്യ സംഭാഷണങ്ങൾ, വേട്ടെടുപ്പിൽ ഭൂരിപക്ഷം തങ്ങളുടെ സ്ഥാനാർത്ഥികൾക്കു ലഭിക്കുന്നതിനായി, വീടുതോറും കയറിയിറങ്ങിയുള്ള വോട്ടു പിടുത്തം, മറുവശത്തു കുൽസിത തന്ത്രങ്ങളുമായുള്ള ചാക്കിട്ടുപിടുത്തം, ഒപ്പം തങ്ങളുടെ സ്ഥാനാർത്ഥികളുടെ നെടുനീളൻ ഫ്ളക്സ് പ്രദർശനം. ഇങ്ങനെ പ്രചരണ പദ്ധതികൾ പലവിധം.

കേട്ടു മടുത്ത വാക്കുകളാണിവയെങ്കിലും മുകളിൽകുറിച്ച വാക്കുകളുടെ പശ്ചാത്തലം തികച്ചും വ്യത്യസ്തമാണ് .

രാഷ്ട്രീയ പാർട്ടികളുടെ ഒരു തിരഞ്ഞെടുപ്പ് വൃത്താന്തമല്ല അത്, മറിച്ചു , ദൈവത്താൽ വിളിച്ചു വേർതിരിക്കപ്പെട്ടവർ എന്ന് തലയുയർത്തി, ഉറക്കെപ്പറയുന്ന ഒരു സുവിശേഷവിഹിത സഭ അടുത്ത ചില വർഷങ്ങൾ തങ്ങളെ ഭരിക്കുന്നതിനായി നേതാക്കളെ തിരഞ്ഞെടുക്കുന്ന പ്രചരണത്തിൽ കേട്ട ചില കോലാഹലങ്ങളാണ്!

കർത്താവിൻറെ ചുടുനിണത്താൽ കഴുകപ്പെട്ടവർ, കൂട്ടായി നിന്ന് കർത്താവിൻറെ രാജ്യത്തിൻറെ കെട്ടുപണിക്കായി പ്രവർത്തിക്കേണ്ടവർ, ഇവിടെയിതാ രാഷ്ട്രീയക്കാരെപ്പോലും വെല്ലുന്ന തരത്തിലുള്ള തിരഞ്ഞെടുപ്പു മാർഗ്ഗങ്ങളിൽ ഏർപ്പെടുന്നു എന്നത് തികച്ചും ലജ്‌ജാകരമായ ഒരു കാര്യം തന്നെ.

വേർപെട്ട കൂട്ടരെന്നഭിമാനിക്കുന്ന ഇക്കൂട്ടർ ഒരു വലിയ അടിസ്ഥാനസത്യം പാടെ മറന്നുപോകുന്നു. വിശ്വാസികളുടെ കൂട്ടമായ ക്രിസ്തീയ സഭക്ക് ഒരു തിരഞ്ഞെടുക്കപ്പെട്ട നേതാവോ അയാളുടെ കീഴിലുള്ള ഒരു ഭരണസംവിധാനമോ ആവശ്യമുണ്ടോ? തിരുവചനം ഇതേപ്പറ്റി എന്തു പറയുന്നു.

വിശുദ്ധ വേദപുസ്തകത്തിൽ കൊരിന്തു സഭയിലെ ഭിന്നതക്കു കാരണം ഇത്തരം വിവിധ പക്ഷങ്ങളായിരുന്നു എന്ന് കാണുവാൻ കഴിയുന്നു. ഈ വിഷയത്തിൽ അപ്പോസ്തോലിക മാതൃക എന്തായിരുന്നു എന്ന് ചിന്തിക്കുന്നത് വളരെ ആവശ്യം. അപ്പോസ്തലന്മാർ ദൈവ വചനം പ്രസംഗിച്ചത് മൂലം അനേക സ്ഥലങ്ങളിൽ സഭകൾ സ്ഥാപിതമായി, എന്നാൽ അവയുടെ സുഗമമായ നടത്തിപ്പിനും നിയന്ത്രണത്തിനുമായി ഒരു ആസ്ഥാനകേന്ദ്രമോ, ഒരു കേന്ദ്ര അധികാരിയെയോ അവർ തിരഞ്ഞെടുത്തില്ല. യേശുക്രിസ്‌തു മാത്രമാണ് മൂലക്കല്ലെന്നും, തിരുവചനാനുസരണം നടക്കുക മാത്രമാണ് അപ്പോസ്തലന്മാർ ഉൾപ്പടെയുള്ള സകലരുടെയും ചുമതലയെന്നും പൗലോസ് വ്യക്തമാക്കി (എഫെ.2:20; ഗലാ. 1: 6-9).

തങ്ങളുടെ പ്രവർത്തനത്തിലൂടെ രൂപീകൃതമായ സ്ഥലം സഭകളിലൊന്നിലും മേൽക്കോയ്‌മ നടത്താൻ അവർ ആഗ്രഹിച്ചില്ല. പകരം, സഭകൾക്കാവശ്യമായ ദൂതുകൾ നേരിലും, കത്തുകൾ മൂലവും അവരെ അറിയിക്കുക മാത്രമേ ചെയ്തുള്ളു. 2 കൊരി 1:24; 1യോഹ 1:17; 1കൊരി.16:12 തുടങ്ങിയ വാക്യങ്ങളിൽനിന്നും അപ്പോസ്തലന്മാർ കർതൃത്വം നടത്തുന്നതിന് ആഗ്രഹിക്കുകയോ അതിനു മുതിരുകയോ ചെയ്തില്ലെന്നും തിരുവചനാനുസരണം ജീവിക്കുവാൻ പ്രേരിപ്പിച്ചതേയുള്ളുവെന്നും തെളിയുന്നു.

ഇവിടെ പ്രത്യേകം പ്രസ്താവ്യമായ ഒരു കാര്യം, അപ്പല്ലോസിനെ നിയന്ത്രിക്കാനല്ല പൗലോസ് ശ്രമിച്ചത്, പകരം അപേക്ഷിക്കുക മാത്രമാണ് ചെയ്തത്.

ഇവിടെ ഒരു കൂട്ടർ ഞങ്ങൾ അപ്പോസ്തോലിക പിന്തുടർച്ചക്കാരാണെന്നു അവകാശവാദം മുഴക്കാറുണ്ട്. അപ്പോസ്തോലന്മാർ നേതൃത്വമോഹികളായിരുന്നില്ല. എന്നാൽ ഇന്ന് സ്വന്ത നേതൃത്വവും സ്ഥാനവും നഷ്ടപ്പെടാതിരിക്കാൻ തങ്ങളാൽ ആവുന്നതെല്ലാം ചെയ്യുന്ന ഇക്കൂട്ടർ ആ പൈതൃകം അവകാശപ്പെടുന്നത് തികച്ചും പരിഹാസ്യം തന്നെ.

ദൈവീക സത്യങ്ങൾ പ്രഘോഷിച്ചപ്പോൾ മാത്രമേ അവർ ആജ്ഞാരൂപേണ സംസാരിച്ചുള്ളു. സഭയുടെ സ്വഭാവത്തെപ്പറ്റിയും അച്ചടക്കത്തെപ്പറ്റിയും സംസാരിച്ചപ്പോൾ അവർ സഭയിലെ പക്വതയുള്ള ജേഷ്ഠസഹോദരന്മാരെപ്പോലെ നിർദ്ദേശരൂപത്തിൽ മാത്രമാണ് സംസാരിച്ചത്. സഭാ സ്ഥാപനത്തിന് ശേഷം സന്ദർശനം നടത്തിയും ആശ്വാസവാക്കുകൾ ഉൾക്കൊണ്ട കത്തുകൾ അയച്ചും വിശ്വാസികളെ ഉറപ്പിച്ചു പോന്നു. സഭാപരിപാലനം പരിശുദ്ധാൽമാവിന്റെ പരിപൂർണ്ണ നിയന്ത്രണത്തിൽ മാത്രമാണെന്നും അവർ വിശ്വസിച്ചിരുന്നു.

എപ്പിസ്‌കോപ്പൽ സഭകളിലും, വേർപെട്ടവരെന്നഭിമാനിക്കുന്ന ചില പ്രസ്ഥാനങ്ങളിലും ഇന്നു കാണുന്ന തിരഞ്ഞെടുപ്പുകളും, വാഴിക്കലുകളും, തുടർന്നുള്ള റവ. മോസ്റ്റ് റവ.; റൈറ്റ് റവ.; പാസ്റ്റർ; സെന്റർ പാസ്റ്റർ; ഇന്റർനാഷണൽ പാസ്റ്റർ; ദിവ്യ ശ്രീ; നിതാന്തവന്ദ്യദിവ്യമഹാമഹിമശ്രീ, തുടങ്ങിയവയും പുതിയനിയമത്തിലുള്ളവയല്ല. ക്രിസ്തുവാകുന്ന പാറമേൽ ഉയർത്തപ്പെട്ട സഭയെ അതിൻ്റെ നാഥൻ നിയന്ത്രിക്കുന്നെങ്കിൽ പിന്നെ അതിന്മേൽ കർതൃത്വം അവകാശപ്പെടുവാൻ ആർക്കു കഴിയും?

ഇന്നീക്കാണുന്ന കോലാഹലങ്ങൾക്കു പിന്നിൽ പ്രതിഫലിക്കുന്നത് വലിയവനാകാനുള്ള മോഹം തന്നെ. നിങ്ങളോ എല്ലാവരും സഹോദരന്മാർ (മത്തായി 23:9) എന്ന കർത്തൃവചനം ഈ പ്രീയപ്പെട്ടവർ ഓർത്തിരുന്നെങ്കിൽ!

ദാസനെപ്പോലെ സേവാ ചെയ്ത, ദൈവത്തിന്റെ ഏകജാതനെ ഒന്നനുകരിച്ചിരുന്നെങ്കിൽ!

ഒടുവിൽ വീട്ടിൽ എത്തുമ്പോൾ സ്വർഗ്ഗീയ യജമാനൻ ചോദിക്കുവാൻ പോകുന്ന ചോദ്യമാണ് ഈ ലേഖനത്തിൻറെ തലവാചകം. നിങ്ങൾ തമ്മിൽ വാദിച്ചതെന്ത്?

എന്ത് മറുപടി പറയും. ചിന്തിക്കുക.

വാൽക്കഷണം: 
മേൽപ്പറഞ്ഞ കൂട്ടരുടെ ചെയ്തികൾ കണ്ടോ എന്തോ, ഇന്ന് ബ്രദറൺ സമൂഹത്തിലും കടന്നുകൂടിയിരിക്കുന്ന ഒന്നത്രെ, അവിടുന്നും ഇവിടുന്നും കിട്ടിയ ഡോ. തങ്ങളുടെ പേരിനൊപ്പം ചേർത്തുവെക്കാൻ ശ്രമിക്കുന്ന ഒരു പ്രവണത. ഇതു, മേല്പറഞ്ഞവർക്കൊപ്പം നിൽക്കുന്നതിനുള്ള ഒരു വ്യഗ്രതയല്ലേയെന്നു പലപ്പോഴും തോന്നിപ്പോയിട്ടുണ്ട്! ഗൗരവതരമായി ചിന്തിക്കേണ്ട ഒരു കാര്യം തന്നെയിതു എന്നതിൽ ഒട്ടും സംശയമില്ല! നമുക്കിത് വേണോ ചിന്തിക്കുക.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More