കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

2022 : ദൈവത്തെപ്പോലെ മറ്റൊരുത്തനുമില്ല, 2023 : അവൻ നമ്മുടെ സങ്കേതമാണ്

ടൈറ്റസ്, ഇടയാറന്മുള

പെസഹായുടെ രാത്രിയിൽ തിടുക്കത്തോടെ ആഹാരം കഴിച്ചു പോടുന്നിനവേ കനാനിലേക്ക് യാത്ര പുറപ്പെട്ട ആ ജനതയെ കനാൻ ദേശത്തിന്റെ അതിരോളം എത്തിച്ച ശേഷം പിസ്ഗയുടെ മുകളിൽ കയറി ആ മനോഹര ദേശം നോക്കി കണ്ട മോശ അവരെ വിട്ട് യാത്രയാകും മുമ്പേ അവരെ അനുഗ്രഹിച്ചു പറഞ്ഞ അനുഗ്രഹ വാക്യങ്ങൾ ആവർത്തനപുസ്തകം 33 ൽ നാം വായിക്കുന്നുണ്ട്. അവിടെ നാൽപതു വർഷത്തെ നീണ്ട യാത്രയെ തിരിഞ്ഞ് നോക്കിയിട്ട് ദൈവദാസനായ മോശ പറയുകയാണ് :

 

“യെശൂരൂന്റെ ദൈവത്തെപ്പോലെ മറ്റൊരുത്തനുമില്ല, അവൻ നിന്റെ സഹായത്തിനായി ആകാശത്തൂടെ മേഘാരൂഢ നായി വരുന്നു, പുരാതന നായ ദൈവം നിന്റെ സങ്കേതം “(ആവ:33:26).

 

പ്രീയരെ 40 വർഷത്തെ യാത്രയെ പുറകോട്ട് നോക്കി മോശ പറഞ്ഞ വാക്കുകൾ ആണിവ. യിസ്രയേലിനെ ദൈവം വിളിച്ച ഓമനപ്പേരാണ് “യെശൂരൂൻ ” എന്നത്. ദൈവത്തിനു തന്റെ ജനവുമായി അഭേദ്യമായ ഒരു ബന്ധമുണ്ടെന്നു ഈ വാക്കുകൾ സൂചിപ്പിക്കുന്നു.

1. 40 വർഷത്തെ അവരുടെ മരു യാത്രയിൽ 41 പ്രാവശ്യം അവർ തങ്ങളുടെ കൂടാരം മാറ്റി അടിയ്ക്കേണ്ടതായി വന്നിട്ടുണ്ട്. ഒരുപാട് അവർ ബുദ്ധിമുട്ടി, എങ്കിലും കർത്താവ്‌ അവരെ താങ്ങി ആശ്വസിപ്പിച്ചു നടത്തി.

2. 40 വർഷത്തെ യാത്രയിൽ, അവരിൽ ആരുടേയും കാലിലെ ചെരുപ്പ് തേഞ്ഞു പോകയോ വസ്ത്രം പഴകിപ്പോകയോ ചെയ്തില്ല. ദൈവം അതുതകരമായി അവരെ കരുതി.

3. 40 വർഷത്തെ യാത്രയിൽ 31 ൽ അധികം നാട്ടു രാജാക്കന്മാരുമായി അവർ യുദ്ധം ചെയ്യേണ്ടതായി വന്നു, എന്നാൽ ഒരു യുദ്ധത്തിലും അവർ നേരിട്ട് ശത്രുവിനോട് പോരാടേണ്ടി വന്നില്ല, ദൈവത്തിന്റെ ദൂതൻ കയ്യിൽ ഊരി പിടിച്ച വാളുമായി അവർക്ക് മുമ്പിൽ നടന്ന് അവർക്ക് വേണ്ടി യുദ്ധം ചെയ്തു.

4. 40 വർഷത്തെ യാത്രയിൽ ആഹാരത്തിനോ, വെള്ളത്തിനോ അവർക്ക് പ്രയാസം ഇല്ലായിരുന്നു. സ്വർഗ്ഗത്തിൽ നിന്ന് ദൈവം അവർക്ക് മന്ന കൊടുത്ത് അവരെ പോറ്റി, മാറായിൽ മധുര ജലം അവർക്ക് കുടിപ്പാൻ കൊടുത്തു. രാത്രിയിൽ അഗ്നി സ്തംഭമായും,പകലിൽ മേഖസ്തംഭമായും അവൻ അവർക്ക് യാത്രാ ക്ഷേമം നൽകി, അതുകൊണ്ട് അവർ ക്ഷീണിതരായില്ല.

5. 40 വർഷം തികഞ്ഞ ആ രാത്രിയിൽ ദൈവം അവരോടു പറഞ്ഞു : ” യിസ്രായേലേ, നിങ്ങൾ ഈ പർവ്വതം ചുറ്റി നടന്നത് മതി ” അടുത്ത പ്രഭാതത്തിൽ അവരുടെ കാളിച്ചുവടുകൾ കനാൻ ദേശത്ത് ചവിട്ടുവാൻ അവർക്ക് കഴിഞ്ഞു.

ഇതെല്ലാം കണ്ട മോശ പറയുകയാണ് ” യിസ്രായേലേ, നീ ഭാഗ്യവാൻ “. പ്രീയ ദൈവജനമേ! കൃപയാൽ പാപത്തിന്റെ അടിമ ചന്തയിൽ നിന്ന് വിളിച്ച് വേർതിരിക്കപ്പെട്ട ഞാനും നിങ്ങളും ചൂടേറിയ ഈ മരുഭൂമിയിലൂടെ നമ്മുടെ യാത്ര തുടരുകയാണ്. അവിടുത്തെ കൃപയാണ് പോയ വർഷം നമ്മെ നടത്തിയത്, വരും വർഷത്തിൽ നടത്താനുള്ളത്.

യിസ്രായേലിനു ദൈവം വാഗ്ദാനം ചെയ്തത് ഒരു ഭൗതീക കനാൻ ആയിരുന്നുവെങ്കിൽ, എനിക്കും നിങ്ങൾക്കും അവിടുന്ന് വാഗ്ദത്തം ചെയ്തിട്ടുള്ളത് സ്വർഗീയ കനാൻ അതായത് ആ ബെയൂല ദേശമാണ്, അവിടെക്കാണ് നാം യാത്ര ചെയ്യുന്നത്.

ആ ദേശം, രാജ്യം അതെക്കുറിച്ചാണ് നിന്നുടെ രാജ്യത്തിൽ ‘ എന്ന് സൈമൺ സാർ പാടിയത്. 2023 ൽ കർത്താവ്‌ വരുകയോ, അല്ലെങ്കിൽ നാം വിട്ട് പിരിഞ്ഞു കർത്താവിനോട് കൂടെ ആകയോ ചെയ്‌താൽ, കഴിഞ്ഞ കാലം അത്രയും തന്റെ വിശ്വസ്ഥതയുടെ ചിറകടിയിൽ നമ്മെ നടത്തിയ കർത്താവിന്റെ കൃപയുടെ അത്യന്ത ധനം നാം നേരിട്ട് അന്ന് അനുഭവിച്ചറിയും. അതല്ല, കുറെ കാലം കൂടി ഈ യാത്ര ഇവിടെ തുടരുവാനാണ് അവിടുന്ന് നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത് എങ്കിൽ, നിശ്ചയമായും 2022 ൽ നമുക്ക് നല്കപ്പെട്ടതിലും അധികം കൃപയോടെ നമ്മെ നടത്തുവാൻ അവൻ വിശ്വസ്ഥൻ.!

ആകയാൽ 2022 നമ്മോട് വിടപറയാൻ പോകുന്ന ഈ സമയം പുറകോട്ട് നോക്കി അവൻ ചെയ്ത വലിയ ഉപകാരത്തിനും മുമ്പോട്ട് നോക്കി അവന്റെ കൃപയുടെ കരുതലിനെ മുൻകണ്ടും പുതിയ സമർപ്പണത്തോടെ, ധീരതയോടെ, പ്രത്യാശയോടെ നമ്മുടെ വിശ്വാസ ജീവിത യാത്ര നമുക്ക് തുടരാം, ദൈവം നമ്മെ അനുഗ്രഹിക്കട്ടെ, ഏറ്റവും സന്തോഷവും, സമാധാനവും, നന്മയും, ആയുരാരോഗ്യവുമുള്ള ഒരു പുതുവത്സരം ദൈവം എല്ലാവർക്കും നൽകട്ടെ എന്ന് ആശംസിക്കുന്നു. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More