Powered by: <a href="#">Manna Broadcasting Network</a>
അഗ്നി പ്രവേശം ചെയ്യുക
പല രാജാക്കന്മാരും തങ്ങളുടെ കുഞ്ഞുങ്ങളെ അഗ്നി പ്രവേശം ചെയ്തു. അഗ്നി പ്രവേശം എന്നാൽ, ഇരുമ്പു കൊണ്ട് പൊള്ളയായി ഉണ്ടാക്കിയ ജാതികളുടെ വിഗ്രഹങ്ങൾക്കുള്ളിൽ തീയിട്ട് പഴുപ്പിക്കും. ചുട്ടുപഴുത്ത വിഗ്രഹത്തിന്റെ നീട്ടിയ കരങ്ങളിലേക്ക് കുഞ്ഞുങ്ങളെ ജീവനോടെ വെച്ചു കൊടുത്ത് ദഹിപ്പിക്കുന്നതാണ്.
സീദോന്യരുടെ മ്ളേച്ഛവിഗ്രഹമായ അസ്തരോത്ത്, മോവാബ്യരുടെ മ്‌ളേച്ഛവിഗ്രഹമായ കേമോശ് അമ്മോന്യരുടെ മ്ളേച്ഛവിഗ്രഹമായ മില്ക്കോം ഇവയുടെ എല്ലാം ചുട്ടുപഴുത്ത കൈകളിൽ കുഞ്ഞുങ്ങളെ വെച്ചു കൊടുത്ത് അർപ്പിക്കുന്നവർ യിസ്രായേലിൽ അനേകരായിരുന്നു.
“നിന്‍റെ സന്തതിയിൽ ഒന്നിനെയും മോലേക്കിന്നു അർപ്പിച്ചു നിന്‍റെ ദൈവത്തിന്‍റെ നാമത്തെ അശുദ്ധമാക്കരുതു; ഞാൻ യഹോവ ആകുന്നു ”
( ലേവ്യപുസ്തകം 18:21).
“അവൻ യിസ്രായേൽരാജാക്കന്മാരുടെ വഴിയിൽ നടന്നു; യഹോവ യിസ്രായേൽമക്കളുടെ മുമ്പിൽ നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകൾക്കൊത്തവണ്ണം തന്‍റെ മകനെ അഗ്നിപ്രവേശവും ചെയ്യിച്ചു ”
( 2രാജാക്കന്മാർ.16:3). ആഹാസ് രാജാവിനെക്കുറിച്ചാണിവിടെ പറഞ്ഞിരിക്കുന്നത്.
“അവർ തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അഗ്നിപ്രവേശം ചെയ്യിച്ചു പ്രശ്നവും ആഭിചാരവും പ്രയോഗിച്ചു യഹോവയെ കോപിപ്പിക്കേണ്ടതിന്നു അവന്നു അനിഷ്ടമായുള്ളതു ചെയ്‍വാൻ തങ്ങളെത്തന്നേ വിറ്റുകളഞ്ഞു ” ( 2രാജാക്കന്മാർ.17:17). ഹോശെയ രാജാവിന്റെ നേതൃത്വത്തിൽ യിസ്രായേൽ ജനം ചെയ്ത മ്ളേച്ഛതകളാണിവിടെ പറഞ്ഞിരിക്കുന്നത്.
“അവൻ തന്‍റെ മകനെ അഗ്നി പ്രവേശം ചെയ്യിക്കയും മുഹൂർത്തം നോക്കുകയും ആഭിചാരം പ്രയോഗിക്കയും വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിക്കയും ചെയ്തു. യഹോവയെ കോപിപ്പിപ്പാൻ തക്കവണ്ണം അവന്നു അനിഷ്ടമായുള്ളതു പലതും ചെയ്തു ” ( 2രാജാക്കന്മാർ.21:6).
രാജാവായ മനശ്ശെയാണിവിടെ ഈ മ്ളേച്ഛത പ്രവർത്തിച്ചത്.
ക്രൈസ്തവർ എന്നഭിമാനിക്കുന്നവരും, വിശ്വാസികൾ എന്നഭിമാനിക്കുന്നവരും അവരുടെ മക്കളും പലനിലകളിൽ വിഗ്രഹാരാധികളായും മക്കളെ പിശാചിന്റെ ചുട്ടുപഴുത്ത കൈകളിൽ വച്ചു കൊടുക്കുന്നവരല്ലേ?