കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

പ്രശ്‌നങ്ങളിലെ ദൈവിക ഉദ്ദേശ്യം

പ്രശ്നം …. പ്രശ്നം ….. പ്രശ്നം… ഈ ജീവിതമാകെ പ്രശ്നങ്ങൾ!!! പ്രശ്നങ്ങളുടെയും പ്രശ്‌നപരിഹാരങ്ങളുടെയും ഒരു പരമ്പരയാണ് മനുഷ്യജീവിതം. നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഒന്നുകിൽ നമ്മെ പരാജയപ്പെടുത്തും അല്ലെങ്കിൽ ജീവിതത്തിന്റെ നവപാതയിലേക്ക് കൈപിടിച്ച് വിജയിപ്പിക്കും. എന്നാൽ ചിലപ്പോഴെങ്കിലും വിജയ പരാജയങ്ങളുടെ നിർണ്ണയം അവയോട് നാം എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചുമിരിക്കുന്നു. ഏതു രീതിയിലായാലും പ്രശ്നങ്ങൾ നിലനിൽക്കുന്നു എന്നതും വളരെ വൈഷമ്യമാകും വിധം മനുഷ്യ ജീവിതങ്ങളെ ബാധിക്കുന്നു എന്നതും പരമ യാഥാർഥ്യമാണ്. ദൗർഭാഗ്യവശാൽ, ജീവിത പ്രശ്‌നങ്ങൾ എങ്ങനെ നന്മയ്‌ക്കായി ഉപയോഗിക്കാൻ ദൈവം ആഗ്രഹിക്കുന്നുവെന്ന് കാണാൻ മിക്കപ്പോഴും നാം പരാജയപ്പെടുന്നു. അവയോട് നാം മൗഢ്യമായി പ്രതികരിക്കുകയും ആ വക പ്രശ്‌നങ്ങൾ എന്തെല്ലാം പ്രയോജനങ്ങൾ കൈവരുത്തുമെന്ന് ചിന്തിക്കുന്നതിനു പകരം അവയാൽ നീരസപ്പെടുകയും ചെയ്യുന്നു. മനുഷ്യ ജീവിത പ്രശ്നങ്ങൾ മുഖാന്തരം ദൈവം ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന അഞ്ച് ഉദ്ദേശ്യങ്ങൾ ആണ് ചിന്താവിഷയം.

1. നമ്മെ നയിക്കുവാനുള്ള സംവിധാനമായി ദൈവം പ്രശ്നങ്ങളെ ഉപയോഗിക്കുന്നു.
ചില സമ്മർദ്ദ സാഹചര്യങ്ങളിലെ നിശ്ചല നിമിഷങ്ങളിൽ നമ്മെ ചലിപ്പിക്കാൻ ചിലപ്പോൾ ദൈവം നമ്മുടെ കീഴിൽ തീ കൊളുത്തണം. അങ്ങനെ നമ്മെ ചില പ്രശ്നങ്ങളാൽ ചലിപ്പിക്കുന്നു. ആ പ്രശ്‌നങ്ങൾ പലപ്പോഴും നമ്മെ ഒരു പുതിയ ദിശയിലേക്ക് നയിക്കുകയും നമ്മുടെ സ്വഭാവ രൂപീകരണം, കാഴ്ചപ്പാടിലെ വിപുലീകരണം, എന്നിങ്ങനെ നമ്മുടെ ജീവിത രീതികളിൽ ചില മാറ്റങ്ങൾ ഉണ്ടാകുവാൻ പ്രേരിപ്പിക്കുന്നു. അങ്ങനെ പ്രശ്നങ്ങൾ ചിലപ്പോൾ നമ്മുടെ വഴികൾ മാറ്റാൻ വേദനാജനകമായ ഒരു സാഹചര്യം സൃഷ്ടിച്ച്, ജീവിതത്തിന്റെ അടുത്ത ഘട്ടത്തിലേക്ക്‌ നമ്മെ നയിക്കുവാനുള്ള സംവിധാനമായി പ്രശ്നങ്ങളെ ദൈവം ഉപയോഗിക്കുന്നു. ഇയോബിന്റെ അപ്രതീക്ഷിത പ്രശ്നങ്ങളും അത് തന്നെ മറ്റൊരു ദിശയിലേക്ക് നയിക്കുവാനായി ദൈവം ഉപയോഗിക്കുന്നതും സാത്താൻ പോലും തന്റെ ജീവിതത്തിനു മുന്നിൽ പരാജിതനാകുന്നതും ചരിത്ര സത്യം (2കോരി. 12:10).

2. ചില ജീവിതപാഠങ്ങൾ പ്രശ്നങ്ങൾ മുഖേന നമ്മെ പഠിപ്പിക്കുവാൻ ദൈവം ഉപയോഗിക്കുന്നു.
നമ്മുടെ ജീവിതങ്ങളിൽ ചില പ്രശ്നങ്ങളും അവ തരുന്ന പരാജയത്തിലൂടെയും വേദനയിലൂടെയും മാത്രം നാം പഠിക്കുന്ന ചില പാഠങ്ങളും ഉണ്ട്. നമ്മുടെ മാതാപിതാക്കൾ ചൂടുള്ള അടുപ്പിൽ തൊടരുതെന്ന് കുട്ടിക്കാലത്ത് പറഞ്ഞതായി ഓർക്കുന്നുണ്ടോ? എന്നാൽ ആ തീ കൊണ്ടുള്ള ഉപകാരങ്ങൾ നിരവധിയാണ്. ചില പ്രശ്നങ്ങൾ ചില സമയങ്ങളിൽ അങ്ങനെ തോന്നിയാലും പില്കാലത് അവയൊക്ക നമ്മുടെ ആവശ്യങ്ങൾക്കായി ദൈവം ഒരുക്കിയാതായി കാണുന്നു. ചില പ്രശ്നകാരമായ വിഷയങ്ങൾ വളരെ അപകടകാരി എന്നറിഞ്ഞിരിക്കെ നാം സൂക്ഷിച്ച് അത് വിനിയോഗിക്കുമ്പോൾ ഉപയോഗമുള്ളതായി മാറുന്നു. ആരോഗ്യം, പണം, ബന്ധങ്ങൾ … അത് നഷ്ടപ്പെടുന്നതിലൂടെ. “… എനിക്ക് സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യമായിരുന്നു അവയെല്ലാം എന്ന് പിൽകാലത്ത് പറയത്തക്കവിധം ദൈവം നമ്മെ ആ പ്രശ്നങ്ങളിലൂടെ നടത്തുന്നു(സങ്കീ 119:71-72).

3. നമ്മെ പരിശോധിക്കാൻ ദൈവം പ്രശ്നങ്ങൾ ഉപയോഗിക്കുന്നു.
ഗുരു ശിഷ്യ ബന്ധത്തിൽ പരീക്ഷണങ്ങൾ സംഭവ്യമാണ്. അതുപോലെ, ദൈവം എപ്പോഴെങ്കിലും നമ്മുടെ വിശ്വാസത്തെ ഒരു പ്രശ്നത്താൽ പരിശോധിച്ചിട്ടുണ്ടോ? ആ പരിശോധനയ്ക്കായുള്ള പ്രശ്നങ്ങൾ നമ്മെക്കുറിച്ച് എന്താണ് വെളിപ്പെടുത്തുന്നത്? ഒരു ദൈവദാസന്റെ അഭിപ്രായം ഇപ്രകാരമാണ്; ചിലപ്പോഴെങ്കിലും മനുഷ്യ ജീവിതങ്ങളെ ടീ ബാഗുകൾ പോലെ കണ്ടാൽ നന്നായിരിക്കും, അവയുടെ ഉള്ളിൽ എന്താണെന്ന് അറിയണമെങ്കിൽ ചൂടുവെള്ളത്തിൽ ഇടുക എന്നത് ആവശ്യമാണ്. അതുപോലെ, ചൂടുവെള്ളത്തിൽ ഇടുന്ന ഒരനുഭവത്തിലൂടെ ദൈവം നമ്മെ കടത്തി വിട്ടാലും ജീവിതത്തിൽ പല തരത്തിലുള്ള കഷ്ടതകൾ ഉണ്ടാകുമ്പോഴും, നാം സന്തോഷമുള്ളവാരായിരിക്കണം, കാരണം ഈ കഷ്ടതകൾ നമ്മുടെ വിശ്വാസത്തെ പരീക്ഷിക്കുന്നുവെന്ന് അറിഞ്ഞിരിക്കണം. ഇത് നമുക്ക് ക്ഷമ നൽകും യാക്കോബ് 1:2-3, സ്ഥിരത ഉളവാക്കും, അത് സമ്പൂർണ്ണമായും പരിശോധിച്ച് ദൈവ നാമ മഹത്വത്തിനാക്കും.

4. നമ്മെ സംരക്ഷിക്കാൻ ദൈവം പ്രശ്നങ്ങൾ ഉപയോഗിക്കുന്നു.
പ്രശ്നങ്ങൾ പൊതുവെ ഉപദ്രവകാരികളെണെങ്കിലും, അവയിലും ഗുരുതരമായ എന്തെങ്കിലും നമ്മെ ഉപദ്രവിക്കുന്നതിൽ നിന്ന് തടയുന്നതിന് ചില പ്രശ്നങ്ങൾ അനുഗ്രഹമായി തീരും. കഴിഞ്ഞ വർഷം ഒരു സുഹൃത്ത് തന്റെ ബോസ് തന്നോട് ചെയ്യാൻ ആവശ്യപ്പെട്ട അധാർമ്മികമായ എന്തെങ്കിലും ചെയ്യാൻ വിസമ്മതിച്ചതിന് പുറത്താക്കപ്പെട്ടു. അദ്ദേഹത്തിന്റെ തൊഴിലില്ലായ്മ ഒരു പ്രശ്‌നമായിരുന്നു – എന്നാൽ മാനേജ്‌മെന്റിന്റെ പ്രവർത്തനങ്ങൾ ഒടുവിൽ കണ്ടെത്തിയപ്പോൾ ഒരു വർഷത്തിന് ശേഷം ശിക്ഷിക്കപ്പെടുന്നതിൽ നിന്നും തുടർന്ന് ജയിലിലേക്ക് അയച്ചതിൽ നിന്നും ഇത് അദ്ദേഹത്തെ രക്ഷിച്ചു. “നിങ്ങൾ എന്നെ ഉപദ്രവിക്കാൻ ഉദ്ദേശിച്ചു, എന്നാൽ ദൈവം അത് നന്മയ്ക്കായി ഉദ്ദേശിച്ചു”ഉല്പത്തി 50:20.

5. നമ്മെ പൂർണ്ണരാക്കുവാൻ ദൈവം പ്രശ്നങ്ങൾ ഉപയോഗിക്കുന്നു.
പ്രശ്നങ്ങൾ, ശരിയായി പ്രതികരിക്കുമ്പോൾ, സ്വഭാവ നിർമ്മാതാക്കളാണ്. നമ്മുടെ സുഖസൗകര്യങ്ങളേക്കാൾ നമ്മുടെ സ്വഭാവത്തിൽ ദൈവത്തിന് വളരെയധികം താൽപ്പര്യമുണ്ട്. ദൈവവുമായുള്ള നമ്മുടെ ബന്ധവും സ്വഭാവവും മാത്രമാണ് നാം നിത്യതയിലേക്ക് കൊണ്ടുപോകാൻ പോകുന്ന രണ്ട് കാര്യങ്ങൾ. “ഞങ്ങൾ പ്രശ്‌നങ്ങളിൽ അകപ്പെടുമ്പോൾ നമുക്ക് സന്തോഷിക്കാം. ക്ഷമയോടെയിരിക്കാൻ അവ നമ്മെ സഹായിക്കുന്നു. ക്ഷമ നമ്മിൽ സ്വഭാവത്തിന്റെ ശക്തി വികസിപ്പിക്കുകയും നമ്മുടെ പ്രതീക്ഷയും വിശ്വാസവും ശക്തവും സ്ഥിരതയുള്ളതുമാകുന്നതുവരെ ഓരോ തവണ ഉപയോഗിക്കുമ്പോഴും ദൈവത്തിൽ കൂടുതൽ വിശ്വസിക്കാൻ നമ്മെ സഹായിക്കുന്നു” (റോമർ 5:3-4).

ദൈവം നമ്മുടെ ജീവിതത്തിൽ പ്രവർത്തിക്കുന്നു. അത് നാം തിരിച്ചറിയുകയോ മനസ്സിലാക്കുകയോ ചെയ്യാത്തപ്പോഴും താൻ തന്റെ വാഗ്ദത്ത നിവർത്തികരണത്തിന്നായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ  നാം ദൈവവുമായി സഹകരിക്കുമ്പോൾ നമ്മുടെ പ്രശ്നങ്ങളെല്ലാം വളരെ എളുപ്പവും ലാഭകരവുമായിതീരുന്നു.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More