കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

നമ്മൾ ഫറവോന്റെ ഹൃദയത്തേയും തോൽപിക്കുന്നവരോ?

ചിന്തകൾ യഥാർഥ്യങ്ങൾ

ബൈബിൾ വിശ്വാസികളായ നമുക്ക് എല്ലാവർക്കും സുപരിചിതമായ ഒരു സ്ഥാനപ്പേരാണ് ഫറവോൻ എന്നുള്ളത്. ഫറവോന്മാർ അനേകരുണ്ട് എങ്കിലും യഹോവയായ ദൈവത്തോട് മത്സരിച്ച, ഹൃദയം കഠിനമാക്കിയ ഫറവോനെ അറിയാത്തവരാരുമില്ല. പക്ഷെ, ഈ കാലങ്ങളിൽ ഫറവോന്റെ ഹൃദയത്തെപ്പോലും തോൽപിച്ചവരുണ്ടോ എന്ന് സംശയിക്കുന്നു.

പുറപ്പാട് പുസ്തകം 7 ന്റെ 3 ൽ “എന്നാൽ ഞാൻ ഫറവോന്റെ ഹൃദയം കഠിനമാക്കും; മിസ്രയീംദേശത്തു എന്റെ അടയാളങ്ങളും അത്ഭുതങ്ങളും പെരുക്കും”. എന്ന് വായിക്കുമ്പോൾ, നമ്മൾ ആരായാലും ചോദിച്ചുപോകും ഇവിടെ കുറ്റക്കാരൻ ഫറവോൻ ആണോ, അതോ യഹോവയായ ദൈവം ആണോ എന്ന്. യുക്തി കൊണ്ട് വാദിക്കാൻ ശ്രമിച്ചാൽ ഞാനും, നിങ്ങളും പറയും ഫറവോന്റെ ഹൃദയം കഠിനമാക്കിയ യഹോവയായ ദൈവമാണ് കുറ്റക്കാരാണെന്നു.

സത്യത്തിൽ ദൈവമാണോ കുറ്റക്കാരൻ ?. അല്ല.‼️.
പുറപ്പാട് 3 ന്റെ 19 വായിച്ചു കേൾക്കാം.
“എന്നാൽ മിസ്രയീംരാജാവു ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാൻ സമ്മതിക്കയില്ല എന്നു ഞാൻ അറിയുന്നു”. യഹോവയായ ദൈവം പറയുന്നു, ഞാൻ ഒരു കാര്യം അറിയുന്നു. അതെന്താണ് എന്ന് മേല്പറഞ്ഞ വാക്യത്തിൽ തന്നെയുണ്ട്. “മിസ്രയീംരാജാവു ഭുജബലംകൊണ്ടല്ലാതെ നിങ്ങളെ പോകുവാൻ സമ്മതിക്കയില്ല”.

മോശ ഫറവോന്റെ മുൻപിൽ ചെല്ലുമ്പോൾ ഫറവോന്റെ മനോഭാവം എന്താണെന്ന് സർവ്വജ്ഞാനിയായ ദൈവം നേരത്തേ കണ്ടിരുന്നു. ഈ ഫറവോൻ സ്വതവേ കഠിനഹൃദയനായിരുന്നു.
കുറച്ചു വർഷങ്ങൾക്കു മുൻപ് ഒരു യുവാവ് എന്നോട് പറഞ്ഞു, “അങ്കിളേ, എന്റെ ഫാമിലി പ്രശ്നം ഒന്ന് തീരാൻ പ്രാർത്ഥിക്കണം”. ആ യുവാവിന്റെ സങ്കടം കേട്ടപ്പോൾ എന്റെ മനസ്സ് ഉരുകി. ഞാൻ മറുഭാഗത്തുള്ളവരോട് അനുരഞ്ചനത്തിന് വേണ്ടി സംസാരിക്കാൻ തുടങ്ങി. മറുഭാഗത്തുള്ളവർ ഹൃദയം കഠിനമാക്കാൻ തുടങ്ങി. കോടതി വ്യവഹാരത്തിൽ ഒന്നിന് പുറമെ ഒന്നൊന്നായി കേസുകൾ ഫയൽ ചെയ്യാൻ തുടങ്ങി. അപ്പോൾ ഞാൻ ആ യുവാവിനോട് പറഞ്ഞു, അയാളുടെ ഹൃദയം കഠിനപ്പെട്ടിരിക്കുന്നു. 10 ബാധകൾ പോലെ കേസിന്റെ എണ്ണം 10 ആകുമ്പോൾ അദ്ദേഹം മുങ്ങിച്ഛത്തോളും. ഫറവോന്റെ ഹൃദയം കഠിനപ്പെട്ടതായിരുന്നു. അത് ദൈവത്തിന് നന്നായി അറിയാം. അതുകൊണ്ട് അദ്ദേഹം മരുമകനെതിരെയുള്ള കേസ് 10 ലും നിർത്തിയില്ല.

ഇന്ന് എന്നെ ഫോണിൽ വിളിച്ച് സംസാരിച്ച ഒരു സഹോദരൻ പറഞ്ഞത്, വളരെ ലളിതമായ തീരാവുന്ന ഒരു പ്രശ്നം 25 വർഷമായി നീട്ടി നീട്ടി വഷളാക്കിക്കൊണ്ടിരിക്കുകയാണ് എന്നാണ്. എങ്ങിനെ നമുക്ക് അതിന് കഴിയുന്നു എന്നതാണ് ഒരു ചോദ്യം.

യോഹന്നാൻ എഴുതിയ സുവിശേഷം 1 ന്റെ 12 ൽ “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു”. എന്ന് വായിക്കുന്നതിനാൽ, കർത്താവായ യേശുക്രിസ്തുവിന്റെ രക്തത്താൽ ശുദ്ധീകരണം പ്രാപിച്ച നാം ദൈവമക്കൾ ആണല്ലോ? നാം ദൈവമക്കൾ ആണെങ്കിൽ നമ്മിൽ ദൈവീക സ്വഭാവം അല്ലേ ഉണ്ടാകേണ്ടത്?

എന്തുകൊണ്ട് ദൈവമക്കൾ എന്ന് അവകാശപ്പെടുന്ന നമ്മിൽ ഫറവോന്യ സ്വഭാവം ഉണ്ടാകുന്നു? അപ്പോൾ നമ്മൾ യഥാർത്ഥത്തിൽ വീണ്ടും ജനിച്ചില്ല എന്ന് സംശയിക്കേണമോ? ദൈവമാക്കളായ നമ്മുടെ തന്നെ ചോദ്യം, യഥാർത്ഥ ദൈവമക്കൾക്ക്‌ ഇത്ര കൂരമായി പെരുമാറാൻ കഴിയുമോ? ഒരു പ്രശ്നപരിഹാരം എന്ന നിലയിൽ ഇത്ര വാശി എവിടെ നിന്നും വരുന്നു?

യോഹന്നാൻ 1 ന്റെ 13 ൽ “അവർ രക്തത്തിൽ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തിൽ നിന്നത്രേ ജനിച്ചതു”. എന്ന് തീർത്തു പറയുമ്പോൾ ജഡത്തിന്റെ ഇഷ്ടത്താൽ ജനിക്കാത്ത നമ്മിൽ, പുരുഷന്റെ ഇഷ്ടത്താലുമല്ല എന്ന് തീർത്തുപറയുമ്പോൾ പിന്നെ എങ്ങിനെ?
തിരുവചനം വളരെ വ്യക്തമായി പറയുന്നു യഥാർത്ഥത്തിൽ പാപമോചനം പ്രാപിച്ചു രക്ഷിക്കപ്പെട്ടവർ ദൈവത്തിൽ നിന്നത്രേ ജനിച്ചതു. ദൈവത്തിൽ നിന്നും ജനിച്ചവരാണ് നമ്മൾ എങ്കിൽ എങ്ങിനെ നമ്മുടെ ഹൃദയം ഇത്ര കഠിനമാക്കാൻ കഴിയും?

ദൈവം എന്താണ് പറഞ്ഞത് എന്ന ചോദ്യമായി ഹവ്വയുടെ അടുത്ത് ആദ്യം വന്ന അതേ പിശാചല്ലേ 40 നീണ്ട ദിവസങ്ങൾ മരുഭൂമിയിൽ ഉപവാസത്തിലായിരുന്ന നമ്മുടെ കർത്താവിന്റെ അടുത്ത് വന്ന് ദൈവവചനത്തിൽ നിന്നും വാക്യങ്ങൾ എടുത്ത് പറഞ്ഞിട്ട് പരീക്ഷിച്ചത് ?

ഫറവോനെപ്പോലെ ഹൃദയം കഠിനമാക്കാൻ നമ്മെ നിർബന്ധിക്കുന്നത് ആര്? ദൈവമല്ല എന്ന് നമുക്ക് എല്ലാവർക്കും അറിയാമെങ്കിലും, പിശാചിനു ദൈവവചനത്തെ ഉപയോഗിച്ചു നമ്മെ കെണിയിൽ വീഴ്ത്താൻ കഴിയുമെന്നിരിക്കെ നമ്മുടെ മുന്നിൽ വരുന്ന പ്രശ്നങ്ങൾ തീർക്കാൻ നാം ഉപയോഗിക്കുന്നത് ദൈവവചനം ആണെങ്കിൽ പോലും അത് ഉപയോഗിക്കുന്ന മനസ്സ് ദൈവത്തിന്റേതോ, അതോ പിശാചിന്റേതോ എന്ന് ശോധന ചെയ്യാൻ ഈ ചെറിയ ലേഖനം ഇടവരുത്തട്ടെ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More