കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

നീ എന്നെ അയച്ചതു എന്തിന്നു?

ഷിബു കൊടുങ്ങല്ലൂർ

പുറപ്പാട് പുസ്തകം 5 ന്റെ 20,21,22 വാക്യങ്ങൾ നമുക്ക് ഒന്ന് വായിച്ചിട്ട് മുൻപോട്ട് പോകാം.

പുറപ്പാട് 5 ന്റെ 20 “അവർ ഫറവോനെ വിട്ടു പുറപ്പെടുമ്പോൾ മോശെയും അഹരോനും വഴിയിൽ നില്ക്കുന്നതു കണ്ടു”, ചരിത്രം നമുക്ക് അറിയാം. എങ്കിലും ഒന്ന് ഓർപ്പിക്കട്ടെ,  വിഷയം അത്ര നിസ്സാരമല്ല. എബ്രായർ എന്ന് വിളിക്കപ്പെടുന്ന യാക്കോബിന്റെ സന്തതി പരമ്പര യോസേഫിനെ അറിയാത്ത ഫറവോനാൽ വല്ലാതെ പീഡിപ്പിക്കപ്പെടുകയാണ്.

പണ്ടത്തെ ഫറവൊൻ, അവൻ മരിച്ചുപോയി. ആ ഫറവൊൻ ജീവിച്ചിരുന്ന കാലത്ത് അവൻ വല്ലാത്ത ഒരു ധർമ്മസങ്കടത്തിൽ ആയ ഒരു സമയം ഉണ്ടായിരുന്നു. അവൻ കണ്ട രണ്ട് സ്വപ്നങ്ങൾ നിമിത്തം വല്ലാതെ വിഷമിച്ചുപോയ ദിനരാത്രങ്ങൾ, ദേശത്തിലെ സകല പ്രവാചകന്മാരും, മന്ത്രവാദികളും തോറ്റു തുന്നംപടിയ ദിവസങ്ങൾ. ആ കാലഘട്ടത്തിലാണ് അന്നത്തെ ഫറവൊൻ യോസേഫിനെ അറിഞ്ഞത്.

അവൻ യോസേഫിനെ മാത്രമല്ല, അവന്റെ അപ്പൻ യാക്കോബിനെയും, അവന്റെ സകല സഹോദരന്മാരെയും അവൻ അറിഞ്ഞു. അതുകൊണ്ട് ആ ഫറവൊൻ യാക്കോബിനും മക്കൾക്കും ധാരാളം ആനുകൂല്യങ്ങൾ നൽകി.

ആ ഫറവൊനും മരിച്ചു, യാക്കോബിന്റെ എല്ലാ മക്കളും മരിച്ചു. ഇപ്പോൾ യാക്കോബിന്റെ തലമുറ മക്കൾ ഉണ്ട്, പുതിയ ഫറവൊനും ഉണ്ട്.

ഇവിടെ നിന്നുകൊണ്ട് VOICE OF SATHGAMAYA ക്ക് പറയുവാനുള്ളത് നിങ്ങൾ ശ്രദ്ധവെച്ച് കേട്ടിട്ട് പ്രതികരിക്കാമോ?

യോസേഫിനെ പൊട്ടക്കുഴിയിൽ ഇട്ട പൊട്ടന്മാരുടെ തലമുറയ്ക്ക് അറിയാമല്ലോ, ഞങ്ങളുടെ പിതാക്കന്മാർ വല്ലാത്ത അതിഭയങ്കര തെറ്റാണ് യോസേഫിനോട് ചെയ്തത് എന്ന്. എന്നിട്ടും അതൊന്നും വകവയ്ക്കാതെ യോസേഫ് തങ്ങളുടെ പിതാക്കന്മാരുടെ തലമുറയെയോട് ക്ഷമിച്ചു, ഇത്രയും ഉയർച്ച തന്നു എന്ന് അറിയുന്ന ഈ മക്കൾ, അന്യദേശത്തു പരദേശിയായി പാർക്കുന്ന കാലത്ത് അല്പം മര്യാദയോടെയൊക്കെ ജീവിക്കേണ്ടിയിരുന്നില്ലേ? ഇന്ന് ഇവരെ തദ്ദേശവാസികൾക്ക് ഭയമാണ്.

നമുക്ക് പുറപ്പാട് 1 ന്റെ 8,9,10 വാക്യങ്ങൾ വായിക്കാം

“അനന്തരം യോസേഫിനെ അറിയാത്ത പുതിയോരു രാജാവു മിസ്രയീമിൽ ഉണ്ടായി. അവൻ  തന്റെ ജനത്തോടു: യിസ്രായേൽജനം നമ്മെക്കാൾ ബാഹുല്യവും ശക്തിയുമുള്ളവരാകുന്നു. അവർ പെരുകീട്ടു ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോടു ചേർന്നു നമ്മോടു പൊരുതു ഈ രാജ്യം വിട്ടു പൊയ്ക്കളവാൻ സംഗതി വരാതിരിക്കേണ്ടതിന്നു നാം അവരോടു ബുദ്ധിയായി പെരുമാറുക”.

നമ്മൾ ഈ നാട്ടിൽ പരദേശികളാണ്. നമ്മുടെ സ്വഭാവം എപ്പോഴും ദൈവീക സ്വഭാവം ആയിരിക്കണം. മുൻപിലത്തെ ഫറവോന്റെ ഹൃദയവിശാലത കൊണ്ട് കിട്ടിയ ആനുകൂല്യത്തിലാണ് തങ്ങൾ ജീവിക്കുന്നത് എന്ന ബോദ്ധ്യത്തിൽ വേണം എന്നും ഇവർ ജീവിക്കാൻ. പക്ഷെ, അവർക്കത് കഴിഞ്ഞില്ല. ഇന്ന് തദ്ദേശീയരായ ജനങ്ങൾക്ക്‌ ഇവരെ പേടിയാണ്. എന്നെങ്കിലും ഒരു യുദ്ധം ഉണ്ടായാൽ ശത്രുപക്ഷം ചേർന്നു നമ്മെ ആക്രമിക്കും എന്ന ഭയം. സത്യത്തിൽ ഇതൊരു തെറ്റിദ്ധാരണയാണ്. എന്തുകൊണ്ട് ഈ തെറ്റിദ്ധാരണ ഇവരുടെ മേൽ വന്നു. ഇവർ പെരുകീട്ടു ഒരു യുദ്ധം ഉണ്ടാകുന്ന പക്ഷം നമ്മുടെ ശത്രുക്കളോടു ചേർന്നു നമ്മോടു പൊരുതു നമ്മെ തോൽപിക്കാൻ സാധ്യതയുണ്ട് എന്ന് ഫറവോൻ പറഞ്ഞപ്പോൾ “ഇല്ല യജമാനാനെ, ഇവർ പാവങ്ങളാണ്  നല്ലവരാണ്, നമ്മോട് സ്നേഹവും വിദേയത്വവുമുള്ളവരാണ് ” എന്ന് ഒരൊറ്റ മിസ്രയേമ്യനും പറഞ്ഞില്ല. അതിന്റെ അർത്ഥം, ഫറവോന്റെ ഭയം ആ ജനത്തിന്റെയും ഭയം ആയിരുന്നു.

10 ക്രിസ്ത്യാനികൾ ഒന്നിച്ചു കൂടുന്ന സ്ഥലത്തെ, 10 ക്രിസ്തു വിശ്വാസികൾ ഒരുമിച്ച് ആരാധിക്കുന്ന സ്ഥലത്തെ തദ്ദേശീയരായ ആളുകൾക്ക് നമ്മെക്കുറിച്ചുള്ള അഭിപ്രായം എന്താണ് ? ഏതെങ്കിലും ക്രിസ്തുവിരോധികളായ വർഗ്ഗീയ വാദികൾ വന്നിട്ട്, ഇവർ നമ്മുടെ ശത്രുക്കളാണ്  തക്കം കിട്ടിയാൽ ഇവർ നമ്മെ ഒതുക്കും, നമുക്കെതിരെ യുദ്ധത്തിന് വരും എന്ന് പറഞ്ഞാൽ *ഇല്ല, ഇവരെ ഞങ്ങൾക്കറിയാം, ഇവർ ദൈവത്തെ ഭയന്ന് ജീവിക്കുന്നവരാണ്, ഇവർ ഇവിടെ പരദേശികളാണ്, ഇവർ ഭൂമിയിൽ പ്രതീക്ഷ വെച്ചിരിക്കുന്നവരല്ല എന്ന് സാക്ഷ്യം പറയുമോ?

പുറപ്പാട് 5 ന്റെ 21 ലേക്ക് വരുമ്പോൾ

“അവരോടു: നിങ്ങൾ ഫറവോന്റെയും അവന്റെ ഭൃത്യന്മാരുടെയും മുമ്പാകെ ഞങ്ങളെ നാറ്റി, ഞങ്ങളെ കൊല്ലുവാൻ അവരുടെ കയ്യിൽ വാൾ കൊടുത്തതുകൊണ്ടു യഹോവ നിങ്ങളെ നോക്കി ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു”. കണ്ടോ? ഇവന്മാർ അപ്പപ്പോൾ കാണുന്നവരെ അപ്പാ എന്ന് വിളിക്കുന്നവരുടെ കൂട്ടത്തിലാണ്.

ഈ മിസ്രായീമ്യരെക്കൊണ്ട് ജീവിക്കാൻ പറ്റുന്നില്ലേ എന്ന് ദൈവത്തോട് കരഞ്ഞു കാല് പിടിച്ചവരാണ് ഇപ്പോൾ യഹോവയായ ദൈവം അയച്ച മോശയ്ക്കും, അഹരൊന്നും എതിരെ തിരിഞ്ഞിരിക്കുന്നത്.

നമ്മുടെ ഇടയിലും ഈ സ്വഭാവക്കാർ കുറച്ചു അധികമില്ലേ?. അപ്പോൾ കാണുന്നവരെ അപ്പാ എന്ന് നീട്ടി വിളിക്കുന്നവർ.

ഇങ്ങനെയുള്ള വിശ്വാസികളുടെ ഇടയിലേക്ക് ശുശ്രുഷ കൊടുത്തു വിടുന്ന ഉപദേശിമാരും, പാസ്റ്റർമാരും ഇവന്മാരെക്കൊണ്ട് വലിയ കഷ്ടത്തിലാണ്.

അതുകൊണ്ടാണ്  പുറപ്പാട് 5 ന്റെ 22 ൽ *”അപ്പോൾ മോശെ യഹോവയുടെ അടുക്കൽ ചെന്നു: കർത്താവേ, നീ ഈ ജനത്തിന്നു ദോഷം വരുത്തിയതു എന്തു? നീ എന്നെ അയച്ചതു എന്തിന്നു”എന്ന് ചോദിച്ചുപോയത്.

ഒരിക്കൽ ഒരു സഹോദരി ഒരു സുവിശേഷപ്രസംഗകന്റെ മുഖത്തു നോക്കി പറഞ്ഞു, *ഞാൻ രക്ഷിക്കപ്പെടുന്നതിനു ഒരു ദിവസം മുൻപ് നിങ്ങളെ പരിചയപ്പെടാൻ കഴിയാഞ്ഞത് എന്റെ ഭാഗ്യം. ക്രിസ്ത്യാനികളിൽ നിങ്ങളെപ്പോലുള്ളവർ ഉണ്ട് എന്നറിഞ്ഞിരുന്നുവെങ്കിൽ ഒരുപക്ഷെ, ഞാൻ കർത്താവിനെ സ്വീകരിക്കാൻ മടി കാണിച്ചേനെ ‼️.

ഒരു നിമിഷം നമുക്ക് ഓരോരുത്തർക്കും ചിന്തിക്കാം. എന്റെ സാക്ഷ്യമില്ലാത്ത ജീവിതം കൊണ്ട് ആർക്കാണ് ഗുണം. എന്റെ അയൽവാസികളും, ദേശക്കാരും എന്നെ ഒരു ശത്രുവായിട്ടാണ് കാണുന്നതെങ്കിൽ എന്നിലെ ക്രിസ്ത്യാനിക്ക് ദേശത്ത് എന്ത് വിലയുണ്ട്. ഞാൻ സഭയിലെ സെക്രട്ടറിയോ, പാസ്റ്ററോ, ഉപദേശിയോ, ശുശ്രുഷക്കാരനോ? ആരുമായിക്കൊള്ളട്ടെ എന്റെ സഭാ വിശ്വാസികൾക്ക് ഞാൻ ഒരു ഭാരമാണോ?

അല്ല, കർത്താവ്‌ എന്നെ ഏല്പിച്ച ശുശ്രുഷ മോശയെപ്പോലെ ഞാൻ ചെയ്യുന്നു. പക്ഷെ, വിശ്വാസികൾ അത് അറിയാതെ പോകുന്നത് അവർ ദൈവശബ്ദം കേൾക്കാത്തതിനാലാണ്. അതുകൊണ്ട് മോശയെപ്പോലെ നിരാശ തോന്നാം എങ്കിലും, കർത്താവേ, എന്തിന് എന്നെ ഈ വേലയ്ക്കു അയച്ചു, മേശയിലെ ശുശ്രുഷയ്ക്ക്, ശുശ്രുഷകന്റെ ജോലിക്ക് അയച്ചു എന്ന് ചോദിക്കാതെ സ്തോത്രം ചെയ്ത് മുന്നോട്ട് പോകാൻ ദൈവം നമ്മെ സഹായിക്കട്ടെ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More