കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

നമ്മുടെ എല്ലാ സഹോദരന്മാരും നമുക്ക് പ്രിയരാകട്ടെ

ചിന്തകൾ യഥാർഥ്യങ്ങൾ

നിമിഷങ്ങൾ മിനിറ്റുകളും, മണിക്കൂറുകളും, ദിവസങ്ങളും, മാസങ്ങളുമായി വർഷങ്ങൾ കഴിഞ്ഞു കഴിഞ്ഞു നാം ഇപ്പോൾ 2023 ൽ എത്തി നിൽക്കുന്നു. HAPPY NEW YEAR പറഞ്ഞതിന് ശേഷം ഇപ്പോൾ 18 ദിവസം പിന്നിട്ടു. സമയം പെട്ടന്ന് ഓടിയോടി പോകുന്നതുപോലെ നമുക്ക് ഫീൽ ചെയ്യുന്നില്ലേ. നമ്മുടെ കർത്താവിന്റെ വരവ് ഇതുവരെ താമസിച്ചു. ഇനിയും കർത്താവ് വേഗം വരുമെന്ന പ്രതീക്ഷയിൽ തന്നെ നാം കാലങ്ങൾ കഴിക്കുമ്പോഴും നമ്മുടെ ഉത്തരവാദിത്വങ്ങളിൽ നിന്നും നമ്മുടെ യാത്ര പിന്നോട്ട് തന്നെയല്ലേ. കർത്താവിന്റെ വരവിനുള്ള ഒരുക്കവും, തിടുക്കവും ഇന്ന് നമ്മിലുണ്ടോ.

കൊലൊസ്സ്യർക്ക്‌ പൗലോസ് എഴുതിയ ലേഖനം 4 ന്റെ 5 ൽ “സമയം തക്കത്തിൽ ഉപയോഗിച്ചുകൊണ്ടു പുറത്തുള്ളവരോടു ജ്ഞാനത്തോടെ പെരുമാറുവിൻ”. എന്നാണ് എഴുതിയിരിക്കുന്നത്. നാം നമ്മുടെ സമയങ്ങൾ തക്കത്തിൽ ഉപയോഗിക്കുന്നതിൽ വീഴ്ച വരുത്താറില്ലേ. പലപ്പോഴും സമയത്തെ തക്ക സമയത്ത് ഉപയോഗിക്കുവാൻ നമുക്ക് കഴിയാറില്ല എന്നത് നമ്മുടെ ഒരു വലിയ പ്രശ്നമല്ലേ. മാത്രമല്ല പലപ്പോഴും പുറത്തുള്ളവരോട് ജ്ഞാനത്തോടെ പെരുമാറുവാൻ നമുക്ക് കഴിയാറില്ല എന്നതും സത്യമല്ലേ.

1പത്രൊസ് 5 ന്റെ 7 ൽ “അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ”. എന്ന് എത്ര വ്യക്തമായിട്ടാണ് ദൈവത്തിന്റെ ആത്മാവ് നമുക്ക് രേഖയാക്കി തന്നിരിക്കുന്നത്. തള്ളിപ്പറഞ്ഞിട്ടും തള്ളിക്കളയാത്ത ആ കർത്താവിനെക്കുറിച്ചാണ് പത്രൊസ് എന്ന ശിഷ്യൻ പറയുന്നത് അവൻ നിങ്ങൾക്കായി കരുതും. എന്ന്. വളരെ അടുത്തിടപഴകിയ ബന്ധത്തിന്റെ അനുഭവത്തിൽ നിന്നുകൊണ്ടാണ് പത്രോസ് ഇത്‌ പറയുന്നത്. ഇന്ന് പത്രോസ് നമ്മോട് പറയാതെ പറയുന്നത് ഒരു കാലത്ത് ഞാൻ നിങ്ങളെപ്പോലെയായിരുന്നു. ക്രിസ്തുവിനെ തൊട്ടറിഞ്ഞ ഞാൻ എന്റെ ചിന്താകുലങ്ങളൊന്നും അവന്റെമേൽ ഇട്ടില്ല. പടയാളികൾ കർത്താവിനെ പിടിക്കാൻ വന്നപ്പോൾ എനിക്ക് BP കൂടി, ഞാൻ ചിന്താഭാരമുള്ളവനായി. അപ്പോൾ ഞാൻ എന്റെ ചിന്താഭാരമൊന്നും കർത്താവിന്റെ മേൽ ഇട്ടില്ല. ഞാൻ വാൾ എടുത്ത് വന്നവന്റെ കാത് അറുത്തുമാറ്റി. ഉന്നം പിഴച്ചില്ലായിരുന്നു എങ്കിൽ അവന്റെ തല കഴുത്തിന് മീതെ ഉണ്ടാകുമായിരുന്നില്ല. എന്നാൽ എന്റെ ചിന്തയിലെ ഭാരം ഏറ്റെടുത്ത കർത്താവ്, അവന്റെ കാത് ശരിയാക്കിക്കൊടുത്തിട്ട് എന്നോട് പറഞ്ഞു, പത്രോസേ, വാൾ ഉറയിൽ ഇടുക, വാൾ എടുക്കുന്നവൻ വാളാൽ നശിക്കും. അന്ന് ഞാൻ ഉറയിലിട്ട വാൾ പിന്നീട് ഒരിക്കലും എടുത്തിട്ടില്ല. അതുകൊണ്ട് ഞാൻ നിങ്ങളോടും പറയുന്നു കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്കുക.

കേഫാവ് എന്ന പത്രോസിന്റെ കോപം അവൻ കളഞ്ഞു എന്നതിന്റെ തെളിവാണ് ഗലാത്യർക്ക് എഴുതിയ ലേഖനം 2 ന്റെ 11 മുതൽ വായിക്കുമ്പോൾ നമുക്ക് മനസ്സിലാക്കാൻ കഴിയുന്നത്. നമുക്ക് ആ വാക്യങ്ങൾ വായിക്കാം.

“എന്നാൽ കേഫാവു അന്ത്യൊക്ക്യയിൽ വന്നാറെ അവനിൽ കുറ്റം കാണുകയാൽ ഞാൻ അഭിമുഖമായി അവനോടു എതിർത്തുനിന്നു. യാക്കോബിന്റെ അടുക്കൽനിന്നു ചിലർ വരും മുമ്പെ അവൻ ജാതികളോടുകൂടെ തിന്നു പോന്നു; അവർ വന്നപ്പോഴോ അവൻ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞു നിന്നു”. എന്ന് വായിക്കുമ്പോൾ, അന്ന് വാൾ എടുത്ത പത്രോസ് ഇപ്പോൾ ഭയപ്പെട്ടു പിൻവാങ്ങി പിരിഞ്ഞു നിന്നു എന്നാണല്ലോ വായിക്കുന്നത്.
2 ന്റെ 13 ൽ “ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതുകൊണ്ടു ബർന്നബാസും അവരുടെ കപടത്താൽ തെറ്റിപ്പോവാൻ ഇടവന്നു”. അതുകൊണ്ടാണ് പൗലോസ് ഇടപെട്ടത്.
2 ന്റെ 14 ൽ “അവർ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാൻ എല്ലാവരും കേൾക്കെ കേഫാവിനോടു പറഞ്ഞതു: യെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കിൽ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാൻ നിർബന്ധിക്കുന്നതു എന്തു?” ഇങ്ങനെ എതിർത്തു നിന്ന പൗലോസിനോട് പത്രോസ് എന്ന കേഫാവ് എതിർത്തില്ല എന്നതാണ് പത്രോസ് വാൾ ഉറയിൽ ഇട്ടതിന്റെ മറ്റൊരു തെളിവ്.

മാത്രമല്ല പത്രൊസ് തന്റെ രണ്ടാം ലേഖനം 3 ന്റെ 15 ൽ “അങ്ങനെ തന്നേ നമ്മുടെ പ്രിയ സഹോദരനായ പൗലൊസും തനിക്കു ലഭിച്ച ജ്ഞാനത്തിന്നു തക്കവണ്ണം നിങ്ങൾക്കും ഇതിനെക്കുറിച്ചു സംസാരിക്കുന്ന സകല ലേഖനങ്ങളിലും എഴുതീട്ടുണ്ടല്ലോ”. എന്ന് പറയുമ്പോൾ നമ്മുടെ പ്രിയ സഹോദരനായ പൗലൊസ് എന്നാണ് പറയുന്നത്. ഇന്ന് നമുക്ക് ഇങ്ങനെ പറയാൻ കഴിയാറുണ്ടോ.

പത്രോസിന്റെ ഭാഗത്ത്‌ ഒരു തെറ്റ് വന്നപ്പോൾ, അത് തെറ്റാണ് എന്ന് ബോദ്ധ്യമുള്ള പൗലോസ് ശക്തമായ ഭാഷയിലാണ് പത്രോസിനെ ശാസിച്ചത്. പക്ഷെ, ആ ശാസന പത്രോസ് മനസ്സോടെ സ്വീകരിച്ചതുകൊണ്ടാണ് പൗലോസിനെ പ്രിയ സഹോദരൻ എന്ന് പത്രോസിന് വിളിക്കാൻ കഴിഞ്ഞത്.

നമുക്ക് നമ്മുടെ ഇന്നത്തെ അവസ്ഥയിലേക്ക് ഒന്ന് തിരിഞ്ഞുനോക്കിയിട്ട്, നമ്മുടെ മനോഭാവം ഏത് വിധം എന്ന് പരിശോധിക്കാൻ VOICE OF SATHGAMAYA യുടെ ഈ ചിന്തകൾ ഇടവരുത്തട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം.
ഇന്ന് നമ്മുടെ ഇടയിലുള്ള ശാസനകൾ എങ്ങിനെയുള്ളതാണ്. ദൈവവചനത്തിന് നിരക്കുന്നതാണോ. ശാസന കേൾക്കുന്ന ആൾക്ക് ബോധം വരുത്തുന്നതാണോ.

നമുക്ക് മറ്റുള്ളവരെ ശാസിക്കാൻ എളുപ്പമാണ്. പത്രോസിനോട് പൗലോസ് ചെയ്തതുപോലെ ദൈവവചനത്തിന്റെ അടിസ്ഥാനത്തിൽ തക്കതായ തെളിവോടുകൂടെയാണെങ്കിൽ അതിന്റെ പര്യവസാനം എത്ര നന്നായിരിക്കും. പൗലോസിനെപ്പോലെ നമുക്ക് നമ്മുടെ മുന്നിൽ വരുന്ന വിഷയങ്ങൾ വചനാനുസരണം കൈകാര്യം ചെയ്യാനുള്ള കൃപയ്ക്കായി നമുക്കും പ്രാർത്ഥിക്കാം. നമ്മൾ എഴുതുന്ന ഓരോ ലേഖനങ്ങളിലും പത്രോസ് പൗലോസിനെക്കുറിച്ച് എഴുതിയതുപോലെ “നമ്മുടെ പ്രിയ സഹോദരൻ പൗലോസ് ” എന്ന് എഴുതുവാനുള്ള ആത്മീക പക്വതയും, വളർച്ചയും പ്രാപിക്കാൻ ദൈവകരങ്ങളിൽ നമുക്ക് താണിരിക്കാം.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More