കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

നാം തമ്മിൽ തല്ലി നശിക്കരുതേ…

ക്രിസ്തുഭക്തർ തമ്മിൽ ഭയങ്കര വാക്പൈറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കണ്ടുവരുന്നത്. പറയുന്ന കാര്യങ്ങൾ ഒരളവിൽ ശരിയാണ് എന്ന് സമ്മതിക്കേണ്ടതായും വരും. പലതിനും എതിരാളികൾ തെളിവുകളും നിരത്തുന്നുണ്ട്. ഇങ്ങനെ പോകാനാണോ കർത്താവ്‌ നമ്മെക്കുറിച്ച് ആഗ്രഹിക്കുന്നത് എന്നുമാത്രമാണ് VOICE OF SATHGAMAYA യുടെ ഇന്നത്തെ ചോദ്യം.

പുറപ്പാട് 2 ന്റെ 13 ൽ
“പിറ്റേ ദിവസവും അവൻ ചെന്നപ്പോൾ രണ്ടു എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോടു: നിന്റെ കൂട്ടുകാരനെ അടിക്കുന്നതു എന്തു എന്നു ചോദിച്ചു”.

അന്ന് മോശ സതുദ്ദേശത്തോടെ ചോദിച്ചത് മോശയ്ക്ക് വിനയായി. മോശ അവിടെ പരിപൂർണ്ണമായും പരാജയപ്പെട്ടു. അവൻ ഭയന്നു. ഒരുനിമിഷം പോലും അവൻ ആ നാട്ടിൽ നിന്നില്ല. അവൻ മരണഭയത്താൽ ഓടി. ഇന്നും ഇതേ അവസ്ഥ തുടരുന്നു. എബ്രായർ തമ്മിൽ ഇന്നും അടിയാണ്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ. അവൻ സാധുവിനെ അടിക്കുന്നു, പീഡിപ്പിക്കുന്നു. ആരെങ്കിലും ചോദിക്കാൻ ചെന്നാൽ അവർ അവനെ മരണഭയത്തിലാക്കുന്നു. അയ്യോ കഷ്ടം.

ദേശം നാശത്തിലേക്കു കൂപ്പുകുത്തുമ്പോൾ വിശ്വാസികളായ നാം തമ്മിൽ തല്ലി സ്വയം നശിക്കരുതേ… ലോകം വല്ലാതെ വഷളായി. ഇനി പിടിച്ചാൽ കിട്ടില്ല. ഈ ലോകത്തിന് വെളിച്ചം കൊടുക്കാൻ ദൈവം തിരഞ്ഞെടുത്ത എബ്രായരാണ് നാം എന്ന് നാം മറന്നുപോയി. തമ്മിൽ തല്ലാണ്. അയ്യോ എന്തൊരു കഷ്ടം ❓.

ഇന്നും ഞങ്ങൾ മദ്യപാനികളോട് പറയുന്നു അയ്യോ കുടിക്കരുതേ, കുടിച്ചു ജന്മം പാഴാക്കരുതേ, ലഹരിവസ്തുക്കൾ ഉപയോഗിക്കരുതേ…..

ഞങ്ങൾ രണ്ട് സുവിശേഷകന്മാർ ഒരു കുടുംബം സന്ദർശിച്ചു. ഞങ്ങൾ രണ്ടുപേരും കുടുംബമായി മാറി മാറി ആ കുടുംബത്തെ സന്ദർശിച്ചു. മണിക്കൂറുകളോളം അദ്ദേഹവുമായി ഞങ്ങൾ ഫോണിൽ സംസാരിച്ചു. ഇന്നും ഞങ്ങൾ അയാളോട് സംസാരിച്ചു. സുവിശേഷം പറയാൻ ഒത്തിരി കൊതിച്ചു. യേശു കർത്താവാണ്, പാപികളുടെ രക്ഷിതാവാണ് എന്നൊക്കെ പറഞ്ഞുനോക്കി. അതൊന്നും അദ്ദേഹത്തിന്റെ ഉള്ളിൽ കേറുന്നില്ല. കാരണം അയാൾ എന്നും, എപ്പോഴും മദ്യം കഴിക്കുന്നവനാകയാൽ സുബോധത്തോടെ അയാളെ ഞങ്ങളുടെ കയ്യിൽ കിട്ടുന്നില്ല.

ചാരായം കുടിക്കരുത് എന്ന് പലവട്ടം പറഞ്ഞുനോക്കി അദ്ദേഹം വല്ലാതെ വാചാലനായി, “സാർ, ഞങ്ങളാണ് നിങ്ങളെപ്പോലുള്ള പ്രായമായവർക്ക് പെൻഷൻ തരുന്നത്, ഞങ്ങൾ ബീവറേജിൽ കൊടുക്കുന്ന 200 ശതമാനത്തിലധികം നികുതിപ്പണം കൊണ്ടാണ് ശമ്പളം കൊടുക്കുന്നത്. ഒരു മിമിക്രിക്കാരൻ പറഞ്ഞത് “ഞങ്ങളെ കുടിയൻ എന്ന് വിളിക്കരുത്, ഞങ്ങളെ സംസ്ഥാനത്തിന്റെ സാമ്പാത്തീക നായകൻ എന്ന് വിളിക്കണം” എന്നാണ്. ഇത്രമാത്രം അധഃപ്പതിച്ച കേരളത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ പ്രവർത്തകർ വളരെ അത്യാവശ്യമാണ്. സുവിശേഷകന്മാർ ലഹരിവിരുദ്ധ ബോധവത്കരണം നടത്താതെ ഒരു കുടിയന്റെ അടുത്ത് പോയി സുവിശേഷം പറഞ്ഞാൽ കുടം കമഴ്ത്തി വെച്ച് അതിൽ വെള്ളം നിറയ്ക്കാൻ ശ്രമിക്കുന്നതുപോലെയുള്ളു. ഈ വിഷയത്തിൽ സുവിശേഷപ്രവർത്തകർ തന്നെ രണ്ട് തട്ടിലാണ്. പരസ്പരം വിമർശിച്ചു വിമർശിച്ചു സമയം കളയും. ഈ വിമർശിക്കാൻ എടുക്കുന്ന സമയം ഒരു മദ്യപാനിയോട് ഇത് വിപത്താണ്, പാപത്തിന്റെ പഴുത്ത പഴമാണ്, ഇത് നിങ്ങളുടെ ആത്മീകവും, ഭൗമീകവുമായ ഉന്നമനത്തിന് തടസമാണ് എന്ന് മനസിലാക്കി അവനെ മദ്യപാന ശീലത്തിൽ നിന്നും പിന്തിരിപ്പിക്കാതെയിരുന്നാൽ നമുക്ക് സുവിശേഷം പറയാൻ എന്ന് അവനെ നമുക്ക് സുബോധത്തോടെ കിട്ടും ?

കൺവെൻഷൻ നടത്തുന്നവരെ നാം വിമർശിക്കാറുണ്ട്. വലിയ വലിയ സ്റ്റേജുകൾ കെട്ടി വർഷങ്ങളായി നടത്തിവരുന്ന കൺവെൻഷനുകളിൽ ആരും രക്ഷിക്കപ്പെടുന്നില്ല എന്ന്. ആ വിമർശനവും തെറ്റാണ്. ചില ആഴ്ചകൾക്ക് മുൻപ് ഒരു ഡ്രൈവറായ സഹോദരൻ സഭയിലേക്ക് കേറിവന്നു. അദ്ദേഹം തന്നെത്താൻ പരിചയപ്പെടുത്തി, സ്വന്തസ്ഥലം, ഇപ്പോൾ ആയിരിക്കുന്ന സ്ഥലംസഭ. ആരാധനയും, കർത്രുമേശയും കഴിഞ്ഞു പിരിഞ്ഞപ്പോൾ ഞാൻ അദ്ദേഹത്തോട് ചോദിച്ചു. സഹോദരൻ എന്നാണ് രക്ഷിക്കപ്പെട്ടത്. അദ്ദേഹം പറഞ്ഞു ഞാൻ ഒരു കൂലി തൊഴിലാളിയാണ്. കിട്ടുന്ന ജോലി ചെയ്യും. ഒരിക്കൽ ഞാൻ ഒരു സുവിശേഷവിശ്വാസിയുടെ വീട്ടിൽ പ്ലമ്പറായി ജോലി ചെയ്തു. ഞാൻ ഒരു ഡ്രൈവർ ആണ് എന്ന് മനസ്സിലാക്കിയ ആ ദൈവദാസൻ ഇടയ്ക്കിടെ വാഹനമോടിക്കാൻ എന്നെ വിളിക്കും, കൂലി തരും. ഒരു ദിവസം അദ്ദേഹം എന്നെ വിളിച്ചിട്ട് പറഞ്ഞു മോനെ ഞങ്ങളുടെ ജനറൽ കൺവെൻഷൻ നടക്കുകയാണ്. വണ്ടി ഓടിക്കാൻ വേറെ ആരുമില്ല. മോൻ വരണം. കൂലിക്കാരൻ കൂലിക്ക് യോഗ്യൻ. ഞാൻ ആ ജോലിയും ഏറ്റെടുത്തു. കൺവെൻഷൻ ഗ്രൗണ്ടിൽ വണ്ടി ഇട്ട് പുറത്തേക്കുപോയ എന്റെ കയ്യിൽ പിടിച്ചിട്ട് ആ ദൈവദാസൻ പറഞ്ഞു, “മോനെ, ഇത് സുവിശേഷപ്രസംഗം ആണ്, ആർക്കും കേൾക്കാം. മോൻ എന്റെ കൂടെയിരുന്നു ദൈവവചനം കേൾക്ക് ” മനസ്സില്ലാ മനസ്സോടെ ഞാൻ ആ കൺവെൻഷൻ പന്തലിൽ ഇരുന്നു. അന്ന് രാത്രി ആ പ്രസംഗം എന്നോട് ആയിരുന്നു എന്ന് എനിക്ക് ബോദ്ധ്യമായി. അന്ന് ഞാൻ കർത്താവിനെ രക്ഷിതാവായി സ്വീകരിച്ചു. ഒരു ജനറൽ കൺവെൻഷൻ മാമങ്കം നടത്തുന്ന ചെലവ് ഉണ്ടെങ്കിൽ 100 പരസ്യയോഗങ്ങൾ നടത്താം എന്നും, 50 വിശ്വാസികളുടെ വീടുകളുടെ മുറ്റത്ത്‌ പന്തൽ കെട്ടി ആ വീട്ടിലെ വിശ്വാസിയുടെ അയൽവാസികളെ സുവിശേഷം കേൾപ്പിക്കാം എന്നതൊക്കെ ശരിയാണ്. വീട്ട് മുറ്റത്തെ കൺവെൻഷനിൽ രക്ഷിക്കപ്പെട്ട അയൽവാസിയുമായി ആരാധനക്ക് പോകുന്ന വിശ്വാസികളുമുണ്ട്.

വിശ്വാസികളായ നാം വിമർശിച്ചു വിമർശിച്ചു, പരസ്പരം പഴി ചാരി പഴിചാരി കാലം കഴിക്കാനുള്ളവരല്ല.

എബ്രായരുടെ തല്ലുപിടുത്തവും, തമ്മിലടിയും കൊണ്ട് അവർ സ്വയം നശിക്കുകയായിരുന്നു. മിസ്രയേമ്യർ അവരെ കഠിനമായി പീഡിപ്പിക്കുകയായിരുന്നു. തല്ലിയ എബ്രായനും, തല്ല് കൊണ്ട എബ്രായനും ഇപ്പോൾ മിസ്രയേമ്യരുടെ തല്ല് കൊണ്ട് അയ്യംവിളിക്കുകയാണ്. അയ്യനെ വിളിക്കുകയാണ്.

ഇന്ന് കേരളത്തിൽ എന്തിനെയൊക്കെ ചൊല്ലിയാണ് തർക്കങ്ങൾ എന്ന് വിവരിക്കാൻ കഴിയുന്നില്ല. ക്രിസ്ത്യാനി എന്നും പറഞ്ഞു പരസ്യമായി റോഡിൽ ഇറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥ വരുമ്പോൾ നാം ഒന്നിച്ചു കരയുമ്പോൾ… സ്വർഗ്ഗത്തിലെ ദൈവം നമ്മുടെ നിലവിളി കേൾക്കും വരെ നാം തമ്മിൽ തല്ലും. അന്ന് ഒരു കാര്യം നാം മനസ്സിലാക്കണം. അന്ന് നമ്മൾ വിമർശിച്ചു വിട്ട മോശ ഇപ്പോൾ ഹോരേബിൽ യിത്രോയുടെ ആടുകളെ മേയ്ക്കുന്നുണ്ട് എന്ന് നമുക്ക് അറിഞ്ഞുകൂടായെങ്കിലും ദൈവത്തിന് അതറിയാം. അന്ന് നമ്മുടെ കരച്ചിൽ കേട്ട് മനസ്സലിയുന്ന ദൈവം ഹോരേബിലേക്ക് ഇറങ്ങിചെല്ലും. നമ്മൾ വേണ്ട എന്ന് പറഞ്ഞ മോശയെത്തന്നെ ദൈവം വിളിക്കും. ഇതെല്ലാം നാം ദൈവവചനത്തിൽ നിന്നും ഉൾക്കൊള്ളാൻ കഴിഞ്ഞാൽ നമ്മുടെ വിമർശങ്ങളുടെ മൂല്യം നമുക്ക് അളക്കാൻ കഴിയും.

ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടമായി എങ്കിൽ മറ്റുള്ള വിശ്വാസികൾക്കും ഷെയർ ചെയ്ത് കൊടുക്കുക.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More