Powered by: <a href="#">Manna Broadcasting Network</a>
മോശ തെറ്റുകാരനാണോ? എന്തിനാണ് മോശ മിദ്യനിലേക്ക് ഓടിപ്പോയത്?
ഞങ്ങൾ എപ്പോഴും പറയുന്ന ഒരു കാര്യം നമ്മുടെ ലേഖനത്തിന്റെ പ്രത്യേക സ്വഭാവം നാം മറ്റുള്ളവരെ കുറ്റപ്പെടുത്തുക എന്നതല്ല, നമ്മെ തന്നെ കുറ്റപ്പെടുത്തി, നമ്മുടെ മാനസ്സാന്തരം ആഗ്രഹിക്കുക എന്നതാണ്. ഇന്നത്തെ നമ്മുടെ ലേഖനം പുതിയനിയമത്തിന്റെ പശ്ചാത്തലത്തിൽ മോശയുടെ ജീവിതത്തിലെ ഒരു സംഭവത്തെ കാണാൻ ശ്രമിക്കാം എന്നതാണ്.
നമ്മുടെ ചോദ്യം മോശ തെറ്റുകാരാനാണോ? എന്നതാണ്. ന്യായപ്രമാണം എന്ത് പറയുന്നു എന്ന് മത്തായി എഴുതിയ സുവിശേഷം 5 ന്റെ 38 ൽ ഉണ്ട്. “കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ”. തല്ലിയാൽ തിരിച്ചടിക്കാം, ചീത്ത പറഞ്ഞാൽ തിരിച്ചും ആകാം. വെല്ലുവിളിച്ചാൽ തിരിച്ചും വെല്ലുവിളിക്കാം. ഇത് ന്യായപ്രമാണം.
മത്തായി 5 ന്റെ 39
“ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക”. ഇത് പുതിയനിയമം.
ഇന്ന് നമ്മൾ ഏത് നിയമത്തിന്റെ കീഴിൽ ഉള്ളവരാണ് ? അവസ്ഥയിൽ പുതിയനിയമത്തിന്റെ കീഴിലെ ക്രിസ്ത്യാനിയാണ് എങ്കിലും പ്രവൃത്തിയിൽ ന്യായപ്രമാണത്തെ അതിന്റെ പൂർണ്ണ സത്തയിൽ അനുസരിക്കുന്ന ദൈവത്തിന്റെ സ്വന്തം ജനമാണ്. പുതിയനിയമത്തിന്റെ കീഴിൽ, ക്രിസ്തുവിന്റെ ഗിരിപ്രഭാഷണത്തിന്റെ കീഴിൽ യേശുക്രിസ്തു പറഞ്ഞ അതേ കാര്യങ്ങൾ അതേപടി എഴുതിത്തന്ന മത്തായിയുടെ സുവിശേഷം 5 ന്റെ 5 ൽ “സൗമ്യതയുള്ളവർ ഭാഗ്യവാന്മാർ; അവർ ഭൂമിയെ അവകാശമാക്കും”. എന്ന വാക്യത്തിലെ സൗമ്യത നമ്മിലുണ്ടോ ?
5 ന്റെ 6 ൽ പറയുന്ന “നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ; അവർക്കു തൃപ്തിവരും”.
എന്ന നീതി നമ്മിൽ ഉണ്ടോ ?
5 ന്റെ 7 ൽ പറയുന്ന “കരുണയുള്ളവർ ഭാഗ്യവാന്മാർ; അവർക്കു കരുണ ലഭിക്കും”. എന്ന കരുണ നമ്മിൽ ഉണ്ടോ ?
5 ന്റെ 8 ലേക്ക് വരുമ്പോൾ “ഹൃദയശുദ്ധിയുള്ളവർ ഭാഗ്യവാന്മാർ; അവർ ദൈവത്തെ കാണും”. എന്നാണ് പറഞ്ഞിരിക്കുന്നത്. നമ്മുടെ ഹൃദയം ശുദ്ധിയുള്ളതാണോ ?
ഒടുവിലായി 5 ന്റെ 9 ൽ കാണുന്ന
“സമാധാനം ഉണ്ടാക്കുന്നവർ ഭാഗ്യവാന്മാർ; അവർ ദൈവത്തിന്റെ പുത്രന്മാർ എന്നു വിളിക്കപ്പെടും”. എന്ന വാക്യത്തിലെ ദൈവപുത്രന്മാർ എന്ന വിളിക്ക് യോഗ്യനാകാൻ തക്കവിധം നാം സമാധാനം ഉണ്ടാക്കാറുണ്ടോ ?
ഈ ചോദ്യങ്ങൾക്കു മറുപടി പറയുമ്പോൾ നാം എവിടെ നിൽക്കുന്നു എന്ന് മനസ്സിലാകും.
ഇതേ മത്തായിയുടെ സുവിശേഷം 5 ന്റെ 21 ൽ “കൊല ചെയ്യരുതു എന്നും ആരെങ്കിലും കൊല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ”. എന്നാണ് വായിക്കുന്നത്. ന്യായപ്രമാണകാലത്ത് പകരത്തിനു പകരം ചെയ്യാമായിരുന്നു. പക്ഷെ, കൊല ചെയ്യരുത് എന്നാണ് പ്രമാണം. പക്ഷെ, മോശ കൊല ചെയ്തു. അത് ന്യായപ്രമാണത്തിന്റെ കീഴിൽ അല്ലാത്ത കാലത്തല്ലായിരുന്നതിനാൽ അതിലെ ശരി തെറ്റുകൾ പറയാൻ ഞാനും ആരുമല്ല.
പുറപ്പാട് പുസ്തകം 2 ന്റെ 11 ൽ “ആ കാലത്തു മോശെ മുതിർന്നശേഷം അവൻ തന്റെ സഹോദരന്മാരുടെ അടുക്കൽ ചെന്നു അവരുടെ ഭാരമുള്ള വേല നോക്കി, തന്റെ സഹോദരന്മാരിൽ ഒരു എബ്രായനെ ഒരു മിസ്രയീമ്യൻ അടിക്കുന്നതു കണ്ടു”. നമ്മുടെ കുടുംബക്കാരെ, കൂട്ടുസഹോദരങ്ങളെ ആരെങ്കിലും അടിക്കുന്നത് കണ്ടാൽ നീതിബോധമുള്ള നമുക്കും നോക്കി നിൽക്കാൻ കഴിയില്ല. മോശ നോക്കി നിന്നില്ല. അവൻ തിരിച്ചടിച്ചു എന്നാണ് വാക്യം 12 ൽ വായിക്കുന്നത്.
“അവൻ അങ്ങോട്ടും ഇങ്ങോട്ടും നോക്കീട്ടു ആരും ഇല്ലെന്നു കണ്ടപ്പോൾ മിസ്രയീമ്യനെ അടിച്ചു കൊന്നു മണലിൽ മറവുചെയ്തു”.
തന്റെ കൂട്ട് സഹോദരനായ എബ്രായനെ അടിക്കുന്ന മിസ്രയേമ്യനെയാണ് അന്ന് മോശ കൊന്നത്. അതിൽ തെറ്റില്ല.
പിന്നെ എന്തിന് മോശ മിദ്യാനിലേക്ക് ഓടിപ്പോകേണ്ടി വന്നു എന്ന് ചിന്തിക്കുമ്പോളാണ്, നമുക്ക് നമ്മുടെ ഉള്ളിലെ സ്വഭാവം വെളിവാകുന്നത്.
പുറപ്പാട് 2 ന്റെ 13,14 വാക്യങ്ങൾ.
“പിറ്റേ ദിവസവും അവൻ ചെന്നപ്പോൾ രണ്ടു എബ്രായ പുരുഷന്മാർ തമ്മിൽ ശണ്ഠയിടുന്നതു കണ്ടു, അന്യായം ചെയ്തവനോടു: നിന്റെ കൂട്ടുകാരനെ അടിക്കുന്നതു എന്തു എന്നു ചോദിച്ചു. അതിന്നു അവൻ: നിന്നെ ഞങ്ങൾക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ? മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ എന്നു ചോദിച്ചു. അപ്പോൾ കാര്യം പ്രസിദ്ധമായിപ്പോയല്ലോ എന്നു മോശെ പറഞ്ഞു പേടിച്ചു”.
തന്റെ സ്വന്ത സഹോദരന്മാർ തമ്മിൽ ശണ്ഠയിടുന്നതു കണ്ടിട്ടാണ് മോശ അവിടെ എത്തിയത്. അതിൽ ഒരുത്തന്റെ പക്ഷത്ത് അന്യായമുണ്ട്. അന്യായം ചെയ്തവൻ തന്റെ കൂട്ടുകാരനെ അടിക്കുന്നതായും നാം ഇവിടെ നിന്നും മനസ്സിലാക്കാം. അതുകൊണ്ടാണ് മോശ ഇടപെട്ടത്.
മിസ്രായേമ്യനെ തല്ലിയതുപോലെ തല്ലിയില്ല, കൊന്നില്ല, മണ്ണിൽ കുഴിച്ചു മൂടിയില്ല. എന്താ സഹോദരാ ഇങ്ങനെ ചെയുന്നത്? എന്ന് ചോദിച്ചതേയുള്ളു. അപ്പോൾ അവൻ തന്റെ തനി സ്വഭാവം എടുത്തു. നിന്നെ ഞങ്ങൾക്കു പ്രഭുവും ന്യായാധിപതിയും ആക്കിയവൻ ആർ?. പഴയനിയമത്തിലെ ഈ ചോദ്യം ഇന്ന് സഹോദരന്മാർ തമ്മിൽ ചോദിച്ചുകൊണ്ടിരിക്കുകയാണ്.
മിസ്രയീമ്യനെ കൊന്നതുപോലെ എന്നെയും കൊല്ലുവാൻ ഭാവിക്കുന്നുവോ? എന്ന ചോദ്യം മോശയെ ഭയപ്പെടുത്തി. ഫറവോൻ തന്നെ കൊല്ലും എന്ന് ഉറപ്പായി. മോശ ഓടിപ്പോയി.
ഈ പുതിയനിയമ കാലത്ത് സഹോദരി സഹോദരന്മാർ തമ്മിൽ അടിയാണ്. സത്യത്തിൽ യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണം അനുസരിക്കുന്ന പുതിയനിയമ വിശ്വാസികൾ തമ്മിൽ അടിയുണ്ടാകാൻ പാടില്ലാത്തതാണ്. പക്ഷെ, ഇന്ന് തമ്മിൽ തമ്മിൽ ശണ്ഠയല്ല, അടിയല്ല, വെട്ടും കുത്തുമാണ്. *ഏതെങ്കിലും ഒരു മോശയ്ക്ക് അടുത്ത് ചെന്ന് എന്താ സഹോദരന്മാരെ എന്ന് ചോദിക്കാൻ നിവൃത്തിയില്ല. നമ്മൾ ഫാറാവോന്റെ കോടതിയിൽ പോയി മോശയെ കൊല്ലിക്കാനുള്ള എല്ലാ വഴികളും ഉണ്ടാക്കും. തന്മൂലം ഒരൊറ്റ മോശയും ഇന്ന് സഹോദരന്മാരുടെ വഴക്ക് തീർക്കാൻ അടുത്ത് വരില്ല. ഓടിയകലും. എന്തുകൊണ്ടെന്നാൽ ഒരൊറ്റ പുതിയനിയമ എബ്രായനും യേശുക്രിസ്തുവിന്റെ ഗിരിപ്രഭാഷണത്തിന്റെ കീഴിൽ ഇല്ല.
ഇന്ന് ക്രിസ്ത്യാനികളായ നാം അനുസരിക്കുന്ന ഗിരിപ്രഭാഷണം പണ്ട് മോശയോട് സീനായി പാർവ്വതത്തിൽ വെച്ച് യഹോവ പറഞ്ഞ പ്രമാണം ആണ് അത് എന്തായിരുന്നു എന്ന് നമ്മുടെ കർത്താവ് പറഞ്ഞത് മത്തായി 5 ന്റെ 38 ൽ ഉണ്ട്. “കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ”. അതിന് ഉത്തരം നാം ഇന്നും പറഞ്ഞുകൊണ്ടിരിക്കുന്നു. ഉവ്വ് കർത്താവേ, ഞങ്ങൾ അത് ഇന്നും അനുസരിക്കുന്നു. ചുട്ടക്ക് വിട്ടുകൊടുക്കാൻ ഞങ്ങൾ തയ്യാറല്ല. കണ്ണിനു പകരം കണ്ണ് ഞങ്ങൾ അടിച്ചുപൊട്ടിച്ചില്ലെങ്കിൽ പിന്നെ ഞങ്ങളെ എന്തിന് കൊള്ളാം എന്ന മറുചോദ്യം ചോദിച്ചുകൊണ്ടല്ലേ നമ്മുടെ മുന്നേറ്റം.