കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

എന്താ നമ്മൾ ഇങ്ങനെ?

നീണ്ട 1500 ദിവസങ്ങൾ തോട്ടടുത്തെത്തി. ഇതുവരെ ഒരൊറ്റ ദിവസം പോലും മുടങ്ങാതെ VOICE OF SATHGAMAYA യുടെ ഈ പേജിൽ എഴുതി പോസ്റ്റ്‌ ചെയ്യാൻ ഞങ്ങളെ ബലപ്പെടുത്തിയ ദൈവത്തിന് സ്തോത്രം. നിരവധി പ്രതിസന്ധികളെ ഇതിനോടകം ഞങ്ങളും അഭിമുഖീകരിച്ചു. ചുരുക്കം ചിലർ തങ്ങളുടെ താലന്തുകൾ ഈ പേജിൽ വിനിയോഗിച്ചു. കേവലം 24 വയസ്സ് മാത്രമുള്ള ഒരു സഹോദരിയുടെ രണ്ട് ലേഖനങ്ങൾ ഈ പേജിൽ പോസ്റ്റ്‌ ചെയ്തു. പിന്നീട് ഞങ്ങൾ അറിഞ്ഞത് ഒരു ഞെട്ടിക്കുന്ന വാർത്തയാണ്. ഏതോ ഒരു അജ്ഞാത രോഗം മൂലം അവൾ ഈ ലോകത്തോട് യാത്രയായി. ഇന്ന് അവൾ ഇമ്പങ്ങളുടെ പറുദീസയിൽ വിശ്രമിക്കുന്നു.

ഈ 1500 ദിവസങ്ങൾക്കുള്ളിൽ പലവിധ ബുദ്ധിമുട്ടുകൾ ഞങ്ങളും തരണം ചെയ്തു. കൊറോണായെന്ന രോഗത്താൽ ലോകം മുഴുവനും ബുദ്ധിമുട്ടിയപ്പോഴും രോഗം വരാതെ ദൈവം ഞങ്ങളെ കാത്തു എങ്കിലും വളരെയടുത്ത ബന്ധുമിത്രാദികളുടെ മരണങ്ങൾ, കുടുംബത്തിലെ വിവിധങ്ങളായ – സന്തോഷവും, സങ്കടകരവുമായ പ്രതിസന്ധികളെല്ലാം, ഒഴിച്ചുകൂടാൻ പറ്റാത്ത യാത്രകളൊക്കെ വന്നപ്പോഴും ഈ പേജ് മുടങ്ങാതെ കൊണ്ടുപോകാൻ ഞങ്ങളെ ബലപ്പെടുത്തിയ ദൈവത്തിന് സകല മഹത്വവും അർപ്പിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇന്നും ഞങ്ങൾക്ക് വളരെ പ്രചോദനം ആയി തുടരുന്നു. ലേഖനത്തിലെ ആശയങ്ങളോട് ആത്മസംയമനം പാലിക്കാൻ കഴിയാത്തവർ ഉണ്ടാക്കിയ ബുദ്ധിമുട്ടുകൾ ഇനിയും തരണം ചെയ്ത് തീർന്നിട്ടില്ലായെങ്കിലും കുരിശ്ശിൽ തകർത്ത് വിജയം നേടിയ കർത്താവിൽ മാത്രം ശരണപ്പെടുന്നു. എന്നത്തെപ്പോലെ തന്നെ 1500 എന്ന ദിവസവും പോകണം എന്നതിനാൽ ദൈവനാമത്തിന് മഹത്വം കൊടുക്കുന്നു എന്നതിന്നപ്പുറം മറ്റുള്ള അലങ്കാരങ്ങൾ ഒന്നുമില്ല.

സുവിശേഷപ്രവർത്തന മേഖലയിൽ ഞങ്ങൾ നിന്നു കാണണം എന്ന ആഗ്രഹത്താൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച, സാമ്പത്തികമായും, സാങ്കേതികമായും ഞങ്ങളെ സഹായിച്ചു കൈ താങ്ങിയ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും ദൈവത്തോടുള്ള സ്തോത്രത്തോടെ അറിയിക്കുന്നു.

യോനായുടെ പുസ്തകം 3 ന്റെ 1 ൽ “യഹോവയുടെ അരുളപ്പാടു രണ്ടാം പ്രാവശ്യം യോനെക്കു ഉണ്ടായതു എന്തെന്നാൽ”
ഒന്നാം പ്രാവശ്യം ദൈവം യോനയോടു പറഞ്ഞിരുന്നു. അവൻ അത് അനുസരിച്ചില്ല. ഇപ്പോൾ ഇതാ രണ്ടാമത്തെ പ്രാവശ്യം.
നമ്മുടെ ജീവിതത്തിലും നാം ഒന്ന് സ്വയം പരിശോധിക്കുക. ഇത്‌ എത്രാമത്തെ പ്രാവശ്യമാണ് ?.

3 ന്റെ 2 ൽ “നീ പുറപ്പെട്ടു മഹാനഗരമായ നീനെവേയിലേക്കു ചെന്നു ഞാൻ നിന്നോടു അരുളിച്ചെയ്യുന്ന പ്രസംഗം അതിനോടു പ്രസംഗിക്ക”.
മനസ്സില്ലാമനസ്സോടെ യോനാ നിനവേയിൽ പോയി. ഇന്നും നമ്മൾ ഇങ്ങനെയാണ്. പലതും മനസ്സില്ലാമനസ്സോടെയാണ് ചെയ്യുന്നത്. ദൈവം പറഞ്ഞാൽപോലും ചെയ്യാൻ മനസ്സില്ലാത്ത ദുഷ്ടഹൃദയം നമ്മിലും ഉണ്ടോ എന്ന് സ്വയം ശോധന ചെയ്യാം.

3 ന്റെ 3 ൽ “അങ്ങനെ യോനാ പുറപ്പെട്ടു, യഹോവയുടെ കല്പനപ്രകാരം നീനെവേയിലേക്കു ചെന്നു. എന്നാൽ നീനെവേ മൂന്നു ദിവസത്തെ വഴിയുള്ള അതിമഹത്തായോരു നഗരമായിരുന്നു”.

3 ന്റെ 4 ൽ “യോനാ നഗരത്തിൽ കടന്നു ആദ്യം ഒരു ദിവസത്തെ വഴിചെന്നു: ഇനി നാല്പതു ദിവസം കഴിഞ്ഞാൽ നീനെവേ ഉന്മൂലമാകും എന്നു ഘോഷിച്ചുപറഞ്ഞു”.

3 ന്റെ 5 ൽ “എന്നാൽ നീനെവേക്കാർ ദൈവത്തിൽ വിശ്വസിച്ചു ഒരു ഉപവാസം പരസ്യം ചെയ്തു വലിയവരും ചെറിയവരും ഒരുപോലെ രട്ടുടുത്തു”.
പോയി പറയാൻ ദൈവം പറഞ്ഞു, പോയി പറയില്ല എന്ന് യോനാ തീരുമാനിച്ചു.
യോനായെക്കൊണ്ട് തന്നെ ഈ ദൗത്യം ചെയ്യിക്കുമെന്ന് ദൈവം തീരുമാനിച്ചു, യോനാ ദൈവത്തിൽ നിന്നുപോലും വഴി മാറിപ്പോയി വാശി പിടിച്ചു.
ചിന്തിക്കണേ, നമ്മൾ ഇപ്പോൾ എവിടെയാണ്? ദൈവീക വഴിയിലാണോ? അതോ ഇപ്പോഴും ദൈവത്തോട് വാശി പിടിച്ചു തിരുവചനത്തെ അനുസരിക്കാതെ വഴി മാറി നടക്കുകയാണോ?

3 ന്റെ 10 ൽ “അവർ ദുർമ്മാർഗ്ഗം വിട്ടുതിരിഞ്ഞു എന്നു ദൈവം അവരുടെ പ്രവൃത്തികളാൽ കണ്ടപ്പോൾ താൻ അവർക്കു വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ചു ദൈവം അനുതപിച്ചു അതു വരുത്തിയതുമില്ല”.
ദൈവത്തിന് പോലും തന്റെ തീരുമാനം മാറ്റാൻ താല്പര്യമുണ്ട്. എങ്കിലും ദൈവമക്കളായ നമ്മുടെ തീരുമാനം എന്താ മാറ്റാത്തത്?

എന്താ നമ്മൾ ഇങ്ങനെ? യോനാ 4 ന്റെ 1 “യോനെക്കു ഇതു അത്യന്തം അനിഷ്ടമായി, അവന്നു കോപം വന്നു”.
ആടിയുലയുന്ന കപ്പലിൽ എല്ലാം നഷ്ടപ്പെട്ട എല്ലാവരെപ്പോലെ, ഒന്നും എടുക്കാതെ വെള്ളത്തിൽ ഏറിയപ്പെട്ട യോനാ വെറും കയ്യോടെയാണ് നിനവേയിൽ എത്തിയതെങ്കിലും തന്നിലെ മുറുകെ പറ്റുന്ന പാപം അപ്പോഴും അവന്റെ തോളിൽ ഉണ്ടായിരുന്നു. അവന്റെ അനിഷ്ടവും, കോപവും അവൻ ഇപ്പോഴും കൊണ്ടുനടക്കുകയാണ്.

Voice Of Sathgamaya ഈ ലേഖനത്തിലൂടെ പറയാൻ ആഗ്രഹിക്കുന്നത് ദൈവം കരുണാ വാരിധിയാകയാൽ കാലാകാലം നമ്മെ കപ്പലിൽ നിന്നും ആഴക്കടലിൽ ഇട്ട് മത്സ്യത്തിന്റ വയറ്റിൽ കിടത്തി ഈ ലോകത്തിൽ നിന്നും വേർപെടുത്താതെ, തന്റെ മഹത്വമുള്ള സാക്ഷ്യത്തിന്നായി ഭൂപരപ്പിൽ നിവർന്ന് നിർത്തുമ്പോൾ വീണ്ടും നമ്മൾ ദൈവത്തോട് കോപ്പിക്കുന്നത് വിഹിതമോ? എന്നാണ്.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More