കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

എനിക്ക് രക്ഷയായി തീർന്ന എന്റെ ദൈവം

SHIBU KODUNGALLUR

ഈ ഭൂമിയിൽ മതങ്ങൾക്ക് യാതൊരു പഞ്ഞവുമില്ല. അതുപോലെ ദൈവങ്ങൾ എന്ന് പേരെടുക്കുന്നവർക്കും. ഈ ഭൂമിക്ക് ഏക സൃഷ്ടിതാവേ ഉള്ളു എന്ന് എല്ലാവർക്കും അറിയാമെമെങ്കിലും ആ സൃഷ്ടിതാവ് ആരെന്ന് അല്പമോന്നു ചിന്തിക്കാൻ ആർക്കും താല്പര്യമില്ല. അതുകൊണ്ടാണ് ഇന്നും മനുഷ്യർ ബഹുദൈവവിശ്വാസം കൊണ്ടുനടക്കുന്നത്.

ഒരിക്കൽ ഞങ്ങൾ ഒരു വ്യക്തിയോട് സുവിശേഷം പറയാൻ പോയി. അദ്ദേഹം ഒരു മതത്തിന്റെ വർഗ്ഗീയ വക്താവാണ്. സുവിശേഷവിരോധികളുടെ നേതൃസ്ഥാനീയനാണ് അദ്ദേഹം. അദ്ദേഹത്തിനോട് സുവിശേഷം പറയണം എന്ന് എന്റെ മനസ്സിൽ ദൈവം പ്രേരണ തന്നപ്പോൾ, ആ വിഷയം കൂട്ടുസഹോദരനോട് പറഞ്ഞു അദ്ദേഹത്തെയും കൂട്ടി പോയപ്പോൾ കൂട്ടുസഹോദരൻ തന്റെ ആത്മാർത്ഥ ഹൃദയത്തിൽ നിന്ന് പറഞ്ഞു, പോകണമോ. അയാൾ നമ്മളെ ഉപദ്രവിക്കുമോ? അപ്പോൾ ഞാൻ പറഞ്ഞു, ഇല്ല, അദ്ദേഹം എന്റെ നല്ല സുഹൃത്താണ്. ഒരു നല്ല ബന്ധം എനിക്കുണ്ട്. അദ്ദേഹം നിരാകരിച്ചാലും ബുദ്ധിമുട്ട് ഉണ്ടാക്കുകയില്ല.

അദ്ദേഹം ഞങ്ങളെ സ്നേഹിച്ചിരുത്തി സുവിശേഷം കേട്ടു. ഞങ്ങൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അദ്ദേഹം മുട്ടിന്മേൽ നിന്ന് യേശുകർത്താവിനെ ഹൃദയത്തിൽ സ്വീകരിച്ചു. സ്തോത്രം. അദ്ദേഹം പിന്നീട് തന്റെ സഹപ്രവർത്തകരോടും തനിക്കുണ്ടായ അനുഭവം പങ്കിട്ടു. അന്ന് അദ്ദേഹം പറഞ്ഞ ഒരു വാക്ക് ഇന്നും എന്റെ മനസ്സിൽ മായാതെ നിൽക്കുന്നു. അത് പറയാനാണ് ഞാൻ ഇത്രയും ആമുഖം പറഞ്ഞത്.
സാർ, ഞങ്ങൾക്ക് നിങ്ങളെപ്പോലെ ദൈവത്തെ തിരഞ്ഞുപിടിക്കാനും, വിശ്വസിക്കാനും, ആരാധിക്കാനും അറിഞ്ഞുകൂടാ. ജനിച്ച മതത്തിന് വേണ്ടി ജീവിക്കുന്നു. കുളിച്ചു കുറിതൊടാൻ വേണ്ടി ഞങ്ങൾ എവിടെയെങ്കിലും ഒരു പൂജാ സൗകര്യമുണ്ടാക്കുന്നു. കുളിച്ചു വന്നിട്ട് അവിടെ ഞങ്ങൾ ഒന്ന് തൊഴുകും, ചന്ദനവും, കുങ്കുമവും നെറ്റിയിൽ ചാർത്തി പുറത്തിറങ്ങുമ്പോൾ ആളുകൾ വിചാരിക്കും ഇവൻ നല്ല ഭക്തനാണ് എന്ന്. അത്രമാത്രം”.

പേഴ്സണൽ ആയി നാം ആരുടെയെങ്കിലും മത – ഈശ്വരവിശ്വാസത്തേക്കുറിച്ച് അന്വേഷിച്ചാൽ ഇങ്ങനെയല്ലാത്ത മറ്റൊരനുഭവം ക്രിസ്തുരഹിതർക്കില്ല. ഞായറാഴ്ച അതിരാവിലെ വളരെ ഭക്തിയോടെ കുളിച്ചും, കുളിക്കാതെയും കുർബാന കാണാൻ പോകുന്നവരോടും ചോദിച്ചു നോക്കിയാൽ യേശുക്രിസ്തുവിന്റെ ജീവിത ശൈലിയെക്കുറിച്ചും, സഹനത്തേക്കുറിച്ചും അവർക്ക് വാ തോരാതെ പലതും പറയാനുണ്ടാകും. മാത്രമല്ല ക്രിസ്തുമതത്തിന്റെ പേരിൽ അവിടേയും, ഇവിടേയുമൊക്കെയുണ്ടായ ദർശനങ്ങളും, വിടുതലുകളും, രോഗ ശാന്തിയുമൊക്കെ പറയാൻ കാണും. പക്ഷെ, ഈ ദൈവം എന്റെ ആരാണ്, എനിക്ക് എന്ത് ചെയ്തുതന്നു എന്ന് ആർക്കും പറയാൻ കഴിയുന്നില്ല. എന്നാൽ ഇന്ന് രാവിലെ മോശയും കൂട്ടരും സ്തോത്രത്തോടെ പാടിയ ഒരു പാട്ടിന്റെ ചില ഈരടികൾ ഇന്നത്തെ ചിന്തയിലേക്ക് കൊണ്ടുവരുവാൻ ഞങ്ങൾ കർത്താവിൽ ശരണപ്പെടുന്നു.

പുറപ്പാട് 15 ന്റെ 2 “എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും; അവൻ എന്റെ പിതാവിൻ ദൈവം; ഞാൻ അവനെ പുകഴ്ത്തും”.

എനിക്ക് രക്ഷയായി തീർന്ന ഒരു ദൈവമുണ്ട്, അവന്റെ നാമം യാഹ് എന്നാണ്. അവനാണ് എൻ പിതാവിൻ ദൈവം ഞാൻ അവനെ സ്തുതിക്കും. ആ ദൈവം എനിക്ക് രക്ഷ ചെയ്തു എന്ന അനുഭവം പങ്കിടുമ്പോൾ നാം അവരുടെ പാട്ടിന്റെ പിന്നിലെ പശ്ചാത്തലാത്തിലേക്കു ഒന്ന് തിരിഞ്ഞു നോക്കണം.

മത – രാഷ്ട്രീയ ചിന്താഗതിക്കാർ തങ്ങളുടെ അടിമവേല ചെയ്യിക്കാൻ മാത്രം ഉപയോഗിച്ചിരുന്ന ഒരു വലിയകൂട്ടം ആളുകൾ. ചെന്നുപെട്ട സ്ഥലത്തെ മൂർഖന്മാരായ നേതാക്കളുടെ കീഴിൽ സമ്പൂർണ്ണ അടിമകളായി കൂലിയില്ലാത്ത പണിയെടുത്തു ജീവിക്കാൻ മാത്രം വിധിക്കപ്പെട്ടവർ. അവർ തങ്ങളുടെ സൃഷ്ടിതാവിന്റെ മഖത്തേക്ക് നോക്കി രക്ഷക്കായി കരഞ്ഞപ്പോൾ, കരച്ചിലിന്റെ മുൻപിൽ കരളലിഞ്ഞു തങ്ങളെ വിടുവിക്കാൻ വന്നപ്പോൾ ഈ ലോകത്തിന്റെ പ്രഭുവായ പിശാച് വെച്ച വിലങ്ങുതടികൾ നിസ്സാരമായിരുന്നില്ല. ബാധകൾ 10 ഉം കണ്ടിട്ടും, അനുഭവിച്ചിട്ടും ഉടയാത്ത കല്ല് പോലുള്ള ഹൃദയം. ഒടുവിൽ അവിശ്വസനീയമായ രീതിയിൽ രക്ഷപ്പെട്ടപ്പോൾ അവർ ഉറക്കെ പാടി അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും.
ഇന്നും നമ്മൾ പാടിക്കൊണ്ടിരിക്കുന്ന ഒരു പാട്ടാണ് “അവൻ എനിക്കും രക്ഷയായ്തീർന്നു. അവനാണ് എന്റെ ദൈവം. അതുകൊണ്ട് ഞാനും അവനെ സ്തുതിക്കും.

പുറപ്പാട് പുസ്തകം 15 ന്റെ 11 ൽ അവർ പിന്നേയും പാടി, “യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ, സ്തുതികളിൽ ഭയങ്കരനേ, അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനേ, നിനക്കു തുല്യൻ ആർ?”. ഇല്ല അവന് തുല്യം പറയുവാൻ ആരുമില്ല. എന്തുകൊണ്ടെന്നാൽ….
തൊട്ടടുത്ത വാക്യത്തിൽ പറയുന്നു “നീ വീണ്ടെടുത്ത ജനത്തെ ദയയാൽ നടത്തി; നിന്റെ വിശുദ്ധനിവാസത്തിലേക്കു നിന്റെ ബലത്താൽ അവരെ കൊണ്ടുവന്നു”. അവൻ വീണ്ടെടുപ്പുകാരനാണ്. ഈ തിരിച്ചറിവില്ലാതെ, ഇങ്ങനെ തിരിച്ചറിയാൻ മനസ്സില്ലാത്ത ജനകോടികളാണ് നമുക്ക് ചുറ്റും ഇപ്പോഴുള്ളത്. അവരോടാണ് നമുക്ക് നാം രുചിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന ദൈവത്തെക്കുറിച്ച് പറയാനുള്ളത്. അത് വിളിച്ചുപറയണം.

കഴിഞ്ഞദിവസം കൊല്ലം ജില്ലയിലെ അടിച്ചിറ എന്ന ഗ്രാമത്തിൽ എനിക്കും പരിചിതനായ ഷിഹാബുദ്ധീൻ എന്ന യുവാവ് മൈക്കിലൂടെ വിളിച്ചുപറയുന്ന ഒരു പ്രസംഗം കേട്ടു. തന്റെ മതത്തിന്റെ പ്രമാണമനുസരിച്ചുള്ള കർമ്മങ്ങൾ ചെയ്യാൻ കൊതിയോടെ കാത്തിരുന്ന ഒരു യുവാവ്. തന്റെ അനുഭവം വിവരിക്കുമ്പോൾ പറഞ്ഞത് യേശുക്രിസ്തു എന്റെ രക്ഷയായി തീർന്നു. എന്നാണ്. ഇത് അനുഭവിച്ചറിയുന്ന ആർക്കും അടങ്ങിയിരിക്കാൻ കഴിയില്ല. അവർ ദൈവത്തെ സ്തുതിച്ചു പാടി ആരാധിച്ചുകൊണ്ടേയിരിക്കും. പൊതുജനത്തോട് പ്രസംഗിച്ചുകൊണ്ടായിരിക്കും. കാരണം അതാണ് രക്ഷയുടെ അനുഭവം.

ജനിച്ച മതത്തിൽ വളർന്ന്, ശീലിച്ചു വന്നപോലെ വേഷത്തിൽ ഭക്തനായി അഭിനയിച്ചു ജീവിക്കുന്ന ഏതൊരു മത മനുഷ്യനും തങ്ങൾ ഒരു ജീവിതയാത്രയിലാണ് എന്ന് അറിയുന്നില്ല. ഈ ഭൂമിയിലെ യാത്ര മരണം വരെയാണെന്നും, അപ്പുറം ചെന്നാൽ ഒരു നരകമാണ് തങ്ങൾക്കുള്ളത് എന്നും, അവിടെ ചാകാത്ത പുഴുവും, കെടാത്ത തീയും, ഒരിക്കലും അണയാതെ കത്തുന്ന ഗന്ധകവുമാണ് അവിടെയുള്ളതെന്ന് വ്യക്തമാക്കി മനസ്സിലായാലല്ലേ അവർക്കും ഈ വഴിയാണ് ശ്രെഷ്ഠം എന്ന് മനസ്സിലാകൂ. ഇത് ആര് പറഞ്ഞുകൊടുക്കും ?.
ഈ സത്യം അറിഞ്ഞവരല്ലേ നമ്മൾ നാം ഇപ്പോൾ മിണ്ടാതെയിരുന്നാൽ ?. അവരും നമ്മെപ്പോലെ പാടേണ്ട പുറപ്പാട് 15 ന്റെ 18 ൽ പറയുന്നതുപോലെ യഹോവ എന്നും എന്നേക്കും ഞങ്ങളുടെ രാജാവായി വാഴും. എന്ന്.
തങ്ങളുടെ പിതാക്കന്മാരുടെ അതിക്രമങ്ങൾ നിമിത്തം പട്ടുപോയ കോരഹിന്റെ പുത്രന്മാർ സങ്കീർത്തനങ്ങൾ 48 ന്റെ 14 ൽ പാടിയില്ലേ ? “ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവൻ നമ്മെ ജീവപര്യന്തം വഴിനടത്തും”. എന്ന്. അനുഭവം ഇല്ലാത്തവർ അനുഭവം ഉള്ളവരായി പാടേണ്ടതിന്ന് ഇപ്പോൾ അനുഭവം ഉള്ള നമുക്ക് നമ്മുടെ അനുഭവം പങ്ക്വയ്ക്കാം. ഈ ചെറിയ ചിന്ത നമ്മെ അതിന്നായി സഹായിക്കട്ടെ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More