കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

മരണം കണ്ട് മടങ്ങും മുൻപേ ഒന്ന് ആലോചിക്കുക

വോയ്സ് ഓഫ് സത്ഗമയ

കഴിഞ്ഞദിവസത്തെ നമ്മുടെ ലേഖനത്തിൽ സമയമാം രഥത്തിൽ ഞാൻ സ്വർഗ്ഗയാത്ര ചെയ്യുന്നു എന്ന ആത്മീക ഗാനം ദിവസത്തിൽ ഒരു നേരമെങ്കിലും ക്രിസ്തുവിശ്വാസികൾ അർത്ഥം അറിഞ്ഞ് ആസ്വദിച്ചു പാടുക എന്ന് പറഞ്ഞിട്ടാണല്ലോ നാം തുടങ്ങിയത്. ഇന്ന് അല്പം കൂടെ കടുപ്പിച്ചു പറഞ്ഞാൽ, ആ പാട്ട് പാടുന്നതോടൊപ്പം ദീർഘവർഷങ്ങളായി കിടപ്പ് രോഗിയായ ഒരാളെയെങ്കിലും സന്ദർശിക്കുക എന്നുകൂടെ പറയാൻ ആഗ്രഹിക്കുന്നു.

എന്റെ ഒരു കൂട്ടുസഹോദരനാണ് ഗിരീഷ്, താൻ ഒരു ആംബുലൻസ് ഡ്രൈവറാണ് യഹോവ യിരേ എന്ന പേര് മുൻപിലും പിൻപിലും അലേഖനം ചെയ്ത വാഹനമാണ് തന്റേത്. ചിലപ്പോഴെങ്കിലും അദ്ദേഹത്തിന്റെയൊപ്പം എനിക്കും ചില രോഗികളെ കാണാനുള്ള അവസരം കിട്ടാറുണ്ട്. ദീർഘവർഷങ്ങളായി കിടന്ന കിടപ്പിൽ കിടന്ന് ബുദ്ധിമുട്ടുന്ന രോഗികൾ, വഴിയരികെ വീണുകിടക്കുന്ന രോഗികൾ, വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന മൃതദേഹങ്ങളൊക്കെ കാണാൻ കഴിഞ്ഞിട്ടുണ്ട്. മിക്കവാറും ഇതൊക്കെ ക്രിസ്തുരഹിതരുടേതാണ്. രക്ഷിക്കപ്പെടാതെ മരിച്ചു പോകുന്ന ഇവരെക്കുറിച്ച് എനിക്ക് ഹൃദയവേദനയുണ്ടാകാറുണ്ട്. ആംബുലൻസ് കടന്നുചെല്ലുന്ന അനേകം ഉൾഗ്രാമങ്ങൾ, അവിടെ തടിച്ചുകൂടുന്ന ക്രിസ്തുരഹിതരായ ജനക്കൂട്ടങ്ങൾ, ഇവരൊക്കെ ഭാഗീകമായി യേശുക്രിസ്തുവിനെക്കുറിച്ച് കേട്ടറിവുള്ളവരാണെങ്കിലും ഇവരുടെ കൂട്ടത്തിൽ രക്ഷയുടെ സുവിശേഷം വ്യക്തമായി കേട്ടിട്ടുള്ളവർ എത്രപേരുണ്ട് എന്ന ചിന്ത എപ്പോഴും ഭരിക്കും.

ഈ കാലഘട്ടത്തിൽ ഞാൻ അറ്റന്റ് ചെയ്ത ഒരു Zoom മീറ്റിംഗിൽ ഒരു ദൈവദാസൻ കർത്താവിന്റെ വീണ്ടും വരവിനെക്കുറിച്ച് പ്രസംഗിച്ചു. വിശ്വാസികൾക്ക് വളരെ പ്രത്യാശ ഉളവാകുന്ന നല്ല ചിന്തകൾ. കർത്താവിനെ കാണുമ്പോളുള്ള നമ്മുടെ സന്തോഷം, സ്വർഗ്ഗത്തിലെ ആരാധന എന്നുവേണ്ട മണവാട്ടി സഭയുടെ അനുഗ്രഹങ്ങൾ ആയിരുന്നു വിഷയം. പക്ഷെ, എനിക്ക് അതിൽ അതിയായി സന്തോഷിക്കാൻ കഴിഞ്ഞില്ല. കാരണം എന്നെ ഭരിക്കുന്ന എന്റെ ചിന്ത, ഇന്ന് കർത്താവ് വന്നാൽ എന്റെ ദേശക്കാരും, ചാർച്ചക്കാരും, ബന്ധുമിത്രാതികളുമടക്കം അനേകരും വിടപ്പെടുമല്ലോ എന്നതാണ്. ഞാൻ സ്വർഗ്ഗത്തിൽ എത്തുമെന്ന ഉറപ്പ് എനിക്കുണ്ട്. അത് എന്റെ ഏതെങ്കിലും ഗുണം കൊണ്ടല്ല, ഞാൻ പാപിയാണ് എന്ന് എന്നെ വളരെ വ്യക്തമായി പരിശുദ്ധാത്മ നിയോഗത്താൽ ബോധിപ്പിച്ചുതന്ന ഇന്ത്യ എവരിഹോം ക്രൂസേഡ് പ്രവർത്തകർ കാണിച്ചുതന്ന യേശുക്രിസ്തു എന്ന പാപപരിഹാരകന്റെ ക്രൂശിൽ ചൊരിഞ്ഞ രക്തത്താലുള്ള ആത്മരക്ഷ സ്വീകരിക്കാൻ കഴിഞ്ഞതുകൊണ്ടാണ്. എന്നാൽ ഇന്ന് ഈ രക്ഷ അറിയാത്ത എന്റെ ധാരാളം പരിചയക്കാർ, സുഹൃത്തുക്കൾ വിടപ്പെടുമല്ലോ, നിത്യനരകത്തിലേക്കു അവർ നീങ്ങുകയാണല്ലോ എന്ന ചിന്തയാണ് എന്നെ വേദനിപ്പിക്കുന്നത്.

അന്ന് ഞാൻ നാല് വരി പാട്ട് എഴുതി
വിടപ്പെടുമല്ലോ നാഥാ എൻ അയൽവാസികളും.
വിടപ്പെടുമല്ലോ നാഥാ എൻ ബന്ധുജനങ്ങളും.
വിടപ്പെടുമല്ലോ നാഥാ നിൻ വരവിങ്കൽ
വീണ്ടെടുപ്പിൻ നാളിൽ ഞാൻ രൂപാന്തപ്പെടുമ്പോൾ.
അന്ന്മുതൽ ഇപ്പോൾ വരെ എന്റെ നാവിൽ തത്തിക്കളിക്കുന്ന നാലുവരി പാട്ടാണിത്.

സങ്കീർത്തനങ്ങൾ 116 ന്റെ 15 ൽ “തന്റെ ഭക്തന്മാരുടെ മരണം യഹോവെക്കു വിലയേറിയതാകുന്നു”. എന്ന് നാം വായിക്കുന്നുണ്ടല്ലോ, ശരിയാണ്. കർത്താവിന്റെ രക്തത്തിൻ വിലയായി മാറിയ നമ്മുടെ മരണം കർത്താവിന് വിലയേറിയതാണ് എന്നത് വളരെ വലിയ സത്യം. പക്ഷെ, നമ്മുടെ അയൽവാസികളിൽ, ബന്ധുമിത്രാധികളിൽ എത്രപേർക്ക് ഈ ഭാഗ്യപദവി കിട്ടിയിട്ടുണ്ട്. അവരിൽ എത്രപേരുടെ മരണം യഹോവയ്ക്കു വിലയേറിയതാകാൻ സാദ്ധ്യതയുണ്ട്?  ഈ ചിന്ത നമ്മെ ഭരിച്ചാൽ നമുക്ക് സുവിശേഷം അറിയിക്കാതെ അടങ്ങിയിരിക്കാൻ കഴിയുമോ?

എന്തുകൊണ്ടാണ് സങ്കീർത്തനങ്ങൾ 116 ൽ സങ്കീർത്തനക്കാരൻ യഹോവയുടെ ഭക്തന്മാരുടെ മരണം വിലയേറിയത് എന്ന് പറയുന്നത് എന്ന് ചോദിച്ചാൽ ഈ സങ്കീർത്തനങ്ങൾ 1 മുതൽ നാം വായിക്കണം.
വാക്യം (1) “യഹോവ എന്റെ പ്രാർത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാൻ അവനെ സ്നേഹിക്കുന്നു”. എന്തായിരുന്നു എന്റെ പ്രാർത്ഥനയും, യാചനയും എന്നറിയണമെങ്കിൽ 116 ന്റെ 4 വായിക്കണം. “അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാൻ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു”.
എന്റെ പ്രാണനെ രക്ഷിക്കണമേ എന്ന് പ്രാർത്ഥിച്ചപ്പോൾ കർത്താവ് ഉത്തരം അരുളിയതാണ് വാക്യം 8 ൽ ഉള്ളത്.
“നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കണ്ണിനെ കണ്ണുനീരിൽനിന്നും എന്റെ കാലിനെ വീഴ്ചയിൽനിന്നും രക്ഷിച്ചിരിക്കുന്നു”.

നമ്മുടെ വിഷയം മരണം എന്നതാണല്ലോ?. അതുകൊണ്ട് കർത്താവിനോട് നമുക്ക് സ്തോത്രം ചെയ്ത് പറയാം. കർത്താവേ….
നീ എന്റെ പ്രാണനെ മരണത്തിൽനിന്നും രക്ഷിച്ചതിന്നായി സ്തോത്രം. ഇത്ര വലിയ ഉപകാരം ദൈവം തമ്പുരാൻ ചെയ്ത് തന്നപ്പോൾ അദ്ദേഹം പാടിയത് വാക്യം 12 ൽ ഉണ്ട്
“യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങൾക്കും ഞാൻ അവന്നു എന്തു പകരം കൊടുക്കും?. ചോദ്യം ചോദിച്ച അതേ നാവുകൊണ്ട് തന്നെ ഉത്തരവും വന്നു. വാക്യം 13 ൽ “ഞാൻ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും”. അതുകൊണ്ട് നാം ഇന്ന് ചെയ്തുകൊണ്ടിരിക്കുന്ന കാര്യം വാക്യം 14 ൽ പറയുന്നു, “യഹോവെക്കു ഞാൻ എന്റെ നേർച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കും”.

ഇവിടെ നിന്നുകൊണ്ട് ഒന്ന് ചിന്തിക്കുക. യഹോവെക്കുള്ള നമ്മുടെ നേർച്ചകളെ വിശുദ്ധസഭായോഗം കൂടുമ്പോൾ മാത്രമാണോ നാം അർപ്പിക്കുന്നത് ? അങ്ങിനെ മതിയോ ? നമ്മുടെ ഇന്നത്തെ പോരായ്മ നാം നമ്മുടെ നേർച്ചകളെ അവന്റെ സകലജനവും കാൺകെ കഴിക്കാറില്ല എന്നതല്ലേ ?

Voice Of Sathgamaya ഈ ലേഖനത്തിലൂടെ ഊന്നിപ്പറയുവാൻ ആഗ്രഹിക്കുന്നത് എന്തെന്നാൽ, നമ്മുടെ ആത്മരക്ഷ നാം രക്ഷിക്കപ്പെട്ട അന്ന് സാധിച്ചു. ഇനി എന്ന് മരിച്ചാലും എങ്ങിനെ മരിച്ചാലും നാം സ്വർഗ്ഗത്തിൽ എത്തും. യഹോവയ്ക്ക് വിലയേറിയ ഭക്തന്മാരുടെ മരണത്തിനും നാം അർഹരായി. എന്നാൽനമ്മുടെ അയൽവാസികളുടെ കാര്യം ? ബന്ധുമിത്രാഥികൾ, ചാർച്ചക്കാർ എന്നുവേണ്ട രക്ഷിക്കപ്പെടാത്തവർ വിടപ്പെടുമല്ലോ എന്ന ചിന്ത നമ്മെ ഭരിക്കട്ടെ. സുവിശേഷം പറയാനുള്ള നമ്മുടെ ഉത്തരവാദിത്വത്തിൽ കൂടുതൽ ഉത്സാഹമുള്ളവരാകാം. അതിന്നായി ദൈവം നമ്മെ സഹായിക്കട്ടെ. ആമേൻ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More