കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

രോഗങ്ങളെ തിരിച്ചറിയുക (ചിന്തകൾ യാഥാർഥ്യങ്ങൾ) : ഷിബു കൊടുങ്ങല്ലൂർ

കഴിഞ്ഞ ദിവസം അതിരാവിലെ ഒരുമണിക്ക് ഞങ്ങൾ എഴുതിയ ലേഖനം ഗ്രൂപ്പുകളിൽ പോസ്റ്റ്‌ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് ഒരു ഫോൺ കാൾ വന്നു. കേവലം 47 വയസ്സ് മാത്രമുള്ള ഒരു പാസ്റ്റർ മുംബൈ യിൽ നിന്നാണ് വിളിച്ചത്. നമ്മുടെ ലേഖനം കിട്ടിയ ഉടൻ വായിച്ചിട്ടാണ് വിളിച്ചത്. അക്രൈസ്തവ പശ്ചാത്തലത്തിൽ നിന്നും വീട്ടുകാരുടെയും നാട്ടുകാരുടെയും എതിർപ്പുകൾ വകവയ്ക്കാതെ വിശ്വാസത്തിലേക്കും അതുവഴി കർത്താവിന്റെ വയലിലേക്കും വന്ന ഒരു മലയാളി. ഇപ്പോൾ വല്ലാത്ത രോഗങ്ങളാൽ ബാധിതനാണ്. കിഡ്‌നികൾ രണ്ടും ഡാമേജ് ആയി. മഞ്ഞപ്പിത്തം ലിവറിലേക്ക് ബാധിച്ചു, ശരീരം ഏതാണ്ട് തളർന്ന അവസ്ഥയിലാണ്. അദ്ദേഹത്തിന്റെ ആവശ്യം അദ്ദേഹത്തെ കേൾക്കാൻ ഞാൻ മനസ്സ് വെയ്ക്കണം എന്നുമാത്രം.

അദ്ദേഹത്തിന് തന്റെ പ്രയാസങ്ങൾ പങ്ക് വയ്ക്കണം, പ്രാർത്ഥിക്കണം. അദ്ദേഹം നിർത്താതെ പറയാൻ തുടങ്ങി, ശബ്ദം തീരെയില്ല, പതറി പതുങ്ങിയ ശബ്ദം. പാതി രാവ് ആയതിനാൽ നിശബ്ദതയുടെ ശാന്ത സമയത്ത് ഞാൻ അദ്ദേഹത്തിന് ഏകദേശം ഒരു മണിക്കൂർ സമയം അനുവദിച്ചു. ഒരുപക്ഷെ, ഇന്ന് അദ്ദേഹം ഉണ്ടാകുമോ എന്ന് അദ്ദേഹം സംശയിക്കുന്നതായും പറഞ്ഞു. അത്രയ്ക്ക് ക്ഷീണം.

ശരീരം തീരെ ശ്രദ്ധിക്കാതെ ജീവിച്ചതിനാൽ ശരീരത്തിൽ രോഗങ്ങൾ വന്നത് താൻ അറിഞ്ഞില്ല. ശരീരത്തിലെ പഞ്ചസാരയുടെ അളവ് വല്ലാതെ കൂടി 500 ന് മുകളിൽ ആയി.

അദ്ദേഹം ക്ഷീണിച്ച് ഫോൺ കട്ട് ചെയ്യും വരെ ഞാൻ അദ്ദേഹത്തെ കേട്ടു. ഞാൻ അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു, ഇപ്പോഴും പ്രാർത്ഥിച്ചുകൊണ്ടിരിക്കുന്നു. ഫോൺ വെച്ചപ്പോൾ ഞാൻ അദ്ദേഹത്തിന് എഴുതി.

സഹോദരാ…..”മനുഷ്യൻ കേവലം ഒരു ജൈവരാസ പിണ്ഡമല്ല. ആത്മാവുള്ളവനാണ്. ആത്മാവിന്റെ രോഗത്തെ ബൈബിൾ പാപം എന്ന് വിളിക്കുന്നു. പാപരോഗത്തിന്റെ പിടിയിൽ അമർന്ന മനുഷ്യന് സൗഖ്യം നൽകാൻ യേശുക്രിസ്തുവിന്റെ കുരിശ്ശിൽ ചൊരിഞ്ഞ രക്തം അല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല.സ്തോത്രം .

മനുഷ്യന് ഉണ്ടാകുന്ന ശാരീരിക രോഗങ്ങളെക്കുറിച്ചും നാം എപ്പോഴും ബോധമുള്ളവരായിരിക്കണം. പൂർണ്ണ ആരോഗ്യം ഉള്ള മനുഷ്യനും എപ്പോഴും ശ്രദ്ധിക്കാൻ ആവശ്യമുള്ള കാര്യമാണ് തന്റെ ശരീരം.

അതിരാവിലെ വെറും വയറ്റിൽ ധാരാളം വെള്ളം കുടിക്കുന്നുവെങ്കിൽ ശരാശരി രോഗവും വരാതെ നമുക്ക് നമ്മെ തന്നെ സംരക്ഷിക്കാം. മതിയായ ഉറക്കവും ഒരളവോളം രോഗപ്രതിരോധം ആണ്.

പലപ്പോഴും നമ്മുടെ ശരീരം ചില അശുഭ ലക്ഷണങ്ങൾ കാണിക്കും സർവ്വ സാധാരണയുള്ളതിന് വിരോധമായി കാണുന്ന എല്ലാ ലക്ഷണങ്ങളുടെ ഉള്ളിലും ഏതെങ്കിലും രോഗം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ടാകാം. അതിനെതിരെ നാം പ്രതികരിച്ചിരിക്കണം. ഇല്ലെങ്കിൽ നമ്മുടെ ശരീരം അനവധി രോഗങ്ങൾക്ക് അടിമയാകും.

ഇതുവരെ യാതൊരു ആരോഗ്യപ്രശ്നവും ഇല്ലാത്ത ഞാൻ എന്നും, എപ്പോഴും യേശുകർത്താവിനോട് പ്രാർത്ഥിക്കുന്ന ഒരു കാര്യം എന്തെന്നാൽ…. “കർത്താവേ എന്റെ ശരീരത്തിലെ ഒരു നാഡീ ഞരമ്പ് ഒന്ന് പിണഞ്ഞാൽ ഞാൻ അയ്യം വിളിച്ചു കരയും, വീട്ടുകാരും, കൂട്ടുകാരും എന്നെ ആശുപത്രിയിൽ എത്തിക്കും, നിസ്സഹായനായ ഡോക്ടർ പെയിൻ കില്ലർ തരും. നീ സൗഖ്യം ആക്കിയില്ല എങ്കിൽ ഞാൻ കഠിന രോഗിയാകും. ആയതിനാൽ എന്റെ കർത്താവേ, എന്നെ രോഗം വരാതെ കാക്കണേ, എന്റെ ഏതെങ്കിലും മറഞ്ഞിരിക്കുന്ന പാപങ്ങളുടെ ശിക്ഷയായിട്ടാണ് എനിക്ക് രോഗം വരുന്നതെങ്കിൽ, എന്റെ പാപങ്ങളെ എനിക്ക് ഏറ്റു പറഞ്ഞു ഉപേക്ഷിക്കേണ്ടതിനു എന്റെ പാപങ്ങളെ എനിക്ക് വെളിപ്പെടുത്തി തരേണമേ. കർത്താവേ എന്റെ ശരീരത്തിൽ കൊറോണ, കാൻസർ എന്ന് വേണ്ട എല്ലാവിധ രോഗത്തിന്റെയും അണുക്കൾ ഉണ്ടാകാം. എന്നാൽ ഇവ ഒന്നും വളർന്ന് വലുതായി എന്നെ രോഗിയാക്കാതെ ഇരിക്കേണ്ടതിനു അവയെ എല്ലാം നശിപ്പിച്ച് എന്റെ ശരീരത്തെ ശുദ്ധീകരിക്കേണമേ.

പാപമുള്ള എന്റെ ശരീരത്തിലെ പാപങ്ങളെ നീ ക്ഷമിച്ചു തരേണം, ഇനി പാപം ചെയ്യാതെയും, ചിന്തിക്കാതെയും ജീവിക്കാൻ എന്നെ സഹായിക്കേണമേ. ഒപ്പം എന്റെ ശരീരത്തെ പരിപൂർണ്ണമായി നീ രോഗ മുക്തമാക്കി എന്നെ ശുദ്ധീകരിക്കേണമേ.

ഈ പ്രാർത്ഥന എല്ലാവരും ഒരു ശീലമാക്കണമെന്ന നിർബന്ധമൊന്നുമില്ല. കൊറോണയുടെ അതിപ്രസരമുള്ള മുഴുവൻ സമയത്തും ഞങ്ങളുടെ പ്രാർത്ഥനകർത്താവേ ഞങ്ങൾ ഡബിൾ മാസ്ക് പ്രോപ്പറായി വെച്ചു, കൈകൾ വൃത്തിയായി കഴുകി, പരമാവതി അകലം പാലിച്ചു, തൊട്ടതും പിടിച്ചതുമെല്ലാം സാനിറ്റയ്സ് ചെയ്തു എങ്കിലും ഞങ്ങളുടെ ശരീരത്തിൽ കൊറോണാ വൈറസ്സ് കേറിയിരിപ്പുണ്ടാകാം അതിനെ കരിച്ചു കളയേണമേഎന്നായിരുന്നു. ദൈവകൃപയാൽ കോവിഡ് വരാതെയും കർത്താവ് ഞങ്ങളേയും, മക്കളേയും മരുമക്കളെയും കാത്തു.സ്തോത്രം.

Voice Of Sathgamaya പറഞ്ഞുവരുന്നതിന്റെ സാരം. യെശയ്യാ പ്രവചനം 53 ന്റെ 4 “സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു”.
53 ന്റെ 5 “എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൗഖ്യം വന്നുമിരിക്കുന്നു”. ഈ വാക്യങ്ങൾ ഉരുവിടുന്നതിനാൽ അല്ല, ഈ വാക്യങ്ങൾ നമ്മുടെ അനുഭവം ആക്കുന്നതിൽ നാം വീണുപോകരുത്.

ഈ വിഷയത്തോടുള്ള ബന്ധത്തിൽ “എന്തുകൊണ്ട് മനുഷ്യർ ദോഷം ചെയ്‌വാൻ ധൈര്യപ്പെടുന്നു”. എന്ന ചോദ്യത്തിന് ഉത്തരമായി നാം ഇന്നലെ കണ്ടത്. സഭാപ്രസംഗി 8 ന്റെ 11 ആണല്ലോ.

ദുഷ്‌പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്‍വാൻ ധൈര്യപ്പെടുന്നു“. എന്നാണ്. എല്ലാ രോഗവും പാപത്തിന്റെ ശിക്ഷ ആകണം എന്ന ഒരു നിർബന്ധവും സത്യവേദപുസ്തകത്തിൽ ഇല്ല, ഇയ്യോബിന്റെ ശരീരത്തിൽ വന്ന രോഗം ദൈവത്തിന്റെ നാമത്തിന്റെ മഹത്വം വെളിപ്പെടുത്താൻ വേണ്ടിയുള്ളതായിരുന്നു. അതുപോലെ തന്നെയുള്ള ഒരു രോഗിയായിരുന്നു ധനവാന്റെ പടിപ്പുരയ്ക്കൽ കിടന്ന വൃണം പിടിച്ച ലാസർ. മരണം വരെ യാതൊരു സൗഖ്യവും തനിക്ക് കിട്ടിയില്ല എങ്കിലും, ആ രോഗിയായ ലാസർ രോഗത്തോട് കൂടെ മരിച്ചു എങ്കിലും അത് പുതിയനിയമത്തിൽ എഴുതിച്ചേർത്ത മറ്റൊരു ഇയ്യോബിന്റെ തത്തുല്യമുള്ള ദൈവനാമമഹത്വം അല്ലേ .

എന്തിന് നാം സംശയിക്കണം.
ലാസറിന്റെ രോഗം ലാസർ തന്റെ ശരീരത്തിൽ ചെയ്ത തെറ്റുകളുടെ ശിക്ഷയാണ്, അവന്റെ പാപത്തിന്റെ കൂലിയാണ് എന്ന് നമുക്ക് പറയാൻ കഴിയാത്തത്, അവന്റെ രോഗം പിന്നീടുള്ള തലമുറയോട് ദൈവീക പരിപാലനം ആണ് വെളിപ്പെടുത്തുന്നത്.

2കൊരിന്ത്യർ 12 ന്റെ 9 ൽ “അവൻ എന്നോടു: എന്റെ കൃപ നിനക്കുമതി; എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞുവരുന്നു എന്നു പറഞ്ഞു. ആകയാൽ ക്രിസ്തുവിന്റെ ശക്തി എന്റെമേൽ ആവസിക്കേണ്ടതിന്നു ഞാൻ അതിസന്തോഷത്തോടെ എന്റെ ബലഹീനതകളിൽ പ്രശംസിക്കും”.
അപ്പോസ്തലനായ പൗലോസിന് ഉണ്ടായിരുന്നു എന്ന് നാം ചിന്തിക്കുന്ന രോഗത്താലും ഇന്ന് ദൈവനാമം മഹത്വം എടുക്കുകയാണ്. പണ്ടത്തെ നമ്മുടെ കട്ടിളയുടെ കുറുമ്പടിമേൽ നാം അഭിമാനത്തോടെ എഴുതി വെയ്ക്കാൻ ദൈവം തന്ന വാക്യത്തിന്റെ ഹേതു പൗലോസിന്റെ രോഗം ആണെങ്കിൽ എല്ലാ രോഗികളും ദൈവത്തോട് പാപം ചെയ്ത് വാങ്ങിക്കൂട്ടിയ രോഗം ആണെന്ന്‌ പറയരുത്. എന്നാൽ കർത്രുമേശയോടുള്ള ബന്ധത്തിൽ നമ്മിൽ എത്രപേർ ഇന്ന് രോഗികൾ ആണ് എന്ന് നാം സ്വയം ശോധന ചെയ്തേ മതിയാകൂ.

ദൈവത്തിന്റെ പരിശുദ്ധാത്മാവിനോട് പാപം ചെയ്തുകൊണ്ട്, സ്വർഗ്ഗത്തിന് ക്ഷമിക്കാൻ കഴിയാത്ത പാപത്തിൽ മുഴുകി ജീവിച്ചിട്ടും ഇതുവരെ എനിക്കൊരു ദോഷവും വന്നില്ലല്ലോ എന്ന് ആരെങ്കിലും അഹങ്കാരിച്ചാൽ അവരോട് ദൈവവചനം പറയുന്നു.

നിന്റെ ധൈര്യം സഭാപ്രസംഗി 8 ന്റെ 11 ൽ ആണ് ദുഷ്‌പ്രവൃത്തിക്കുള്ള ശിക്ഷാവിധി തൽക്ഷണം നടക്കായ്കകൊണ്ടു മനുഷ്യർ ദോഷം ചെയ്‍വാൻ ധൈര്യപ്പെടുന്നു“.

ഈ ലേഖനവും നമ്മുടെ ജീവിതം ക്രമീകരിക്കാനുള്ള ഒരു മാർഗ്ഗനിർദ്ദേശം ആകട്ടെ, ദൈവത്മാവ് നമ്മോട് സംസാരിക്കട്ടെ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More