കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ഊട്ടിയിലെ തോടർ : യൂറോപ്പിൽ നിന്നെത്തിയ വേറിട്ട ഇന്നത്തെ ഇന്ത്യക്കാർ

ഗോഡ്‍ലി പി. എസ്സ്, ബഹ്‌റൈൻ

ഭാരതീയരും യൂറോപ്യരും ഒരു പോലെ ഗവേഷണങ്ങളും മറ്റും നടത്തിയ ജനതകൾ ലോകരാജ്യങ്ങളിൽ പലതും ഉണ്ടെന്നിരിക്കെ, നമ്മുടെ ഭാരത മണ്ണിലും ചില മനുഷ്യ സമൂഹങ്ങളെ അന്താരാഷ്ട്ര തലത്തിൽ ചിന്തനാ വിധേയമാക്കുന്നത് തികച്ചും കൗതുകവും താല്പര്യവുമുള്ളതാണ്. ഇന്ത്യയിൽ അതിപ്രാചീനമെന്ന് അവകാശപ്പെടുന്ന ഹിന്ദുനദീതട സംസ്കാരം, തമിഴകം, തുടങ്ങിയ നിരവധി സമൂഹങ്ങൾ ഉള്ളപ്പോൾ തന്നെ, നമ്മുടെ മലയാള മണ്ണിലും ഡോ. അബ്രഹാം ബെൻഹർ, യഹൂദാ സംസ്കാരത്തിന്റെ രംഗപ്രവേശന ചരിതങ്ങൾ തുടങ്ങി മലയാള മണ്ണിന്റെ പാരമ്പര്യം നിരവധി രചനകളിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതുപോലെ വളരെ പഴക്കം ആവശ്യപ്പെടുവാനും ഗവേഷണ പഠന പ്രബന്ധങ്ങൾ നടന്ന ഒരു പ്രദേശമാണ് ഉദകമണ്ഡലം എന്ന ഊട്ടി. അവിടെ കാണപ്പെടുന്ന ഒരു ജന വിഭാഗമാണ് തോട ജനത.

തുദഭാഷാവ്യാകരണഗ്രന്ഥത്തിൽ തമിഴിലെ തൊഴ എന്ന പദത്തിൽ നിന്നാണ്‌(കാലിക്കൂട്ടം) തൊദവർ എന്ന നാമം തയ്യാറായത് എന്ന് റവ: ഡോ. പോപ് പ്രതിപാദിക്കുന്നത്. തോട ജനതയെ വിവിധ നാമത്തിൽ അറിയപ്പെടുന്നു; തോടർ, തുദർ, തുദവർ, തുദ എന്നൊക്കെ പറയപ്പെടുന്നു. തോടകൾ താർത്താർ, തേയ്‍വാളി എന്നിങ്ങനെ രണ്ട് വിഭാഗങ്ങൾ ഉണ്ട്. ഇത് തോടകളുടെ തന്നെ രണ്ട് വിഭിന്ന വർഗ്ഗങ്ങൾ വ്യത്യസ്ത സമയത്ത് കുടിയേറിയതിലൂടെ ഉണ്ടായതാണ് എന്നാണ് കരുതുന്നത്. ഇത് വീണ്ടും ചെറിയ ചെറിയ വിഭാഗങ്ങളായി തിരിഞ്ഞ് മഠങ്ങളിലായി മാറിത്താമസിക്കുന്നു. അവർ താമസിക്കുന്ന വീടുകളെ മഠം എന്നാണ് വിളിച്ചിരുന്നത്. ആ മഠങ്ങൾ കൂടാരങ്ങൾക്ക് തത്തുല്യമായിരുന്നു. യഹൂദർക്ക് ദൈവം നൽകിയ സമാഗമന കൂടാര കാലത്തെ കൂടാരങ്ങളും ഇത്തരത്തിലായിരിക്കണം. ഇക്കൂട്ടർ പൊതുവെ ബുദ്ധിശക്തിയുള്ളവരും ധൈര്യം ഉള്ളവരുമായി ഇതര പ്രാദേശിക അയൽ വർഗ്ഗങ്ങളെ അപേക്ഷിച്ച് കാണപ്പെടുന്നതായി ബ്രട്ടീഷ് ഗവേഷകർ അഭിപ്രായപ്പെടുന്നു.

നരവംശ ശാസ്ത്ര ഗവേഷണ നിരീക്ഷണ ബുദ്ധി ജീവികൾ ഈക്കൂട്ടരെ അലക്സാണ്ടർ ചക്രവർത്തിക്കൊപ്പം വന്നവരാണെന്നും ഇന്റസ്‌ വാലിയിൽ(സിന്ധുനദീതടം) ആര്യാധിനിവേശം നടന്ന ഘട്ടത്തിൽ പാലായനം ചെയ്ത മോഹൻജൊദാരോ നിവാസികളുടെ പിന്മുറക്കാരാണെന്നും സുമേറിയൻ ജനതയാണെന്നും ആഫ്രിക്കൻ മസായ്‌ ഗോത്രത്തിലും ഓസ്ട്രേലിയയിലെ അബോർജിൻ ആദിവാസികളിലും തോടരുടെ ജീൻ കൊണ്ടെത്തിക്കാൻ ശ്രമങ്ങൾ നടത്തിയതായതും കാണാം. എന്നാൽ ചിലർ അറേബ്യൻ ബദവി ഗോത്രങ്ങളിലും മെസൊപ്പൊട്ടോമിയൻ ജനതയിലും ഈജിപ്ഷ്യൻ ഫറോവമാരിലും റെഡ്‌ ഇന്ത്യക്കാരിലും തോടരുടെ പൂർവ്വികരെ ബന്ധപ്പെടുത്തി വാദങ്ങൾ നിരത്തുന്നു. അതി പ്രബലമായി പറയുന്നത് യഹൂദരിലെ പ്രാണരക്ഷാർത്ഥം ചിതറി ഓടിയ നഷ്ടഗോത്രങ്ങളിൽപെട്ടവരാണ്‌ എന്നത്രെ. എന്നാൽ ഈ കണ്ടെത്തലുകളെല്ലാം തന്നെ അടിസ്ഥാനരഹിതമാണെന്നും അവർ ഭാരതീയരായ ആദിദ്രാവിഡ ഗോത്രമാണെന്നും ചിലർ അവകാശപ്പെടുന്നു. ഈ അവകാശവാദങ്ങൾ ഉന്നയിക്കുന്നവരെല്ലാം തന്നെ അവ സാധൂകരിക്കാൻ തക്ക തെളിവുകൾ അവരവരുടെ ഭാഗങ്ങളിൽ നിരത്തുന്നുമുണ്ട്‌.

നീലഗിരി കുന്നുകളിലും അതിന്റെ താഴ്‌വരകളും പ്രാന്തപ്രദേശങ്ങളിലുമായി ഒരു കൂട്ടം വേർപെട്ട ഇടയന്മാർ ആയി അറിയപ്പെട്ടതാണ്  ഈ ജനസമൂഹം. ഇവർ മറ്റ് ആദിവാസി സമൂഹങ്ങളിൽ നിന്നും വ്യത്യസ്തമായി വെളുത്ത നിറമുള്ളവരും ഉയരം കൂടിയവരുമാണ്. ഉറച്ച ശരീരവും വീതിയുള്ള തലയുമാണിവർക്ക്. പുരുഷന്മാരുടെ ശരീരം കൂടുതലും രോമാവൃതമാണ്‌. സ്ത്രീകൾ മുടി നീട്ടി വളർത്തി പിന്നിയിടുകയും അവയിൽ വെണ്ണ തേക്കുകയും ചെയ്യുന്നു. മറ്റുള്ളവരേക്കാൽ മികച്ചവരെന്ന ബോധം എപ്പോഴും അവർക്കുണ്ട്. ഒരു വേർപെട്ട ജീവിതമാണ്‌ ഇക്കൂട്ടർ പിന്തുടരുന്നത്. മറ്റുള്ളവരുമായി ഒട്ടുതന്നെ ഇവർ ബന്ധപ്പെടാറില്ല. അരി, പാൽ, വെണ്ണ, കാട്ടുകനികൾ, പച്ചക്കറികൾ എന്നിവ ആഹാരമാക്കുന്ന തോഡർ സസ്യഭുക്കുകളുമാണ്‌. എന്നാൽ ഇക്കൂട്ടർ ഇന്ന് ഒരു പൊതു മനുഷ സമൂഹത്തിന് സമാനമായി മാറി കഴിഞ്ഞു. ഫെറേറി എന്ന പോർച്ചുഗീസ് പുരോഹിതനാണ്‌ 1602-ൽ ആദ്യമായി തോഡരുമായി ബന്ധപ്പെട്ടത്. ഡബ്ല്യു.എച്ച്.ആർ. റിവർസ് എന്ന കേംബ്രിഡ്ജിലെ നരവംശ ശാസത്രജ്ഞനാണ്‌ ആദ്യമായി തോടകളെ പറ്റി പഠിച്ചത്.

തോടർക്കിടയിൽ ചില വിഭാഗങ്ങൾ പരമ്പരാഗത തോട ദൈവവിശ്വാസത്തോടൊപ്പം ഹിന്ദു സമാന ബഹുദൈവങ്ങളേയും ആരാധിച്ച്‌ വരുന്നുണ്ട്‌. ക്രൈസ്തവ മതം സ്വീകരിച്ചവരും കൂട്ടത്തിലുണ്ട്‌. തോടരുടെ സൃഷ്ടിപ്പിന്റെ ഉത്ഭവ വിശ്വാസ പ്രകാരം, അവരുടെ പ്രധാന ദൈവങ്ങളായ അംനോദറും ടികർഷിയും ചേർന്ന് ആദ്യം എരുമയെ സൃഷ്ടിച്ചു. കുറച്ച് സമയത്തിന് ശേഷം ആദ്യത്തെ തോട പുരുഷനേയും സൃഷ്ടിച്ചു. പിന്നീട്‌ ആ പുരുഷന്റെ വാരിയെല്ലിൽ നിന്ന് ആദ്യത്തെ സ്ത്രീയെ ഓൻ ദേവൻ സൃഷ്ടിച്ചു എന്നുമാണ്‌. സൃഷ്ടിപ്പ്‌ കഴിഞ്ഞ ശേഷം ഓൻ, അംനോദർ, ടികർഷി, പിതി തുടങ്ങിയ ദൈവങ്ങൾ മലമുകളിലേക്ക്‌ എരുമകളേയും മേച്ച്‌ പോയി അവിടെ സസുഖം വസിക്കുന്നു എന്നാണ്‌ വിശ്വാസം. തോടരുടെ ദൈവങ്ങൾക്കൊന്നും തന്നെ വിഗ്രഹങ്ങളില്ല. ആഫ്രിക്കൻ ഗോത്രവർഗ്ഗങ്ങളെ പോലെയും അറേബ്യൻ ബദുവിയൻ ഗോത്രജനങ്ങളെ പോലെയും സ്ത്രീകൾ പച്ചകുത്തുന്ന ആചാരവും തോടർക്കിടയിലുണ്ട്‌. വൈദേശികമെന്ന് തോന്നുന്ന ഈ ദൈവനാമങ്ങളും ഐതിഹ്യങ്ങളും അവർക്കിടയിലെ വിശ്വാസങ്ങളും ആചാരങ്ങളും ശരീര പ്രകൃതിയും എല്ലാം വെച്ച്‌ ഇവർ ഭാരതീയ ഗോത്രജനതകളിൽ പെട്ടവരല്ലെന്ന് ചൂണ്ടിക്കാട്ടുന്നവർ തെളിവുകളായി നിരത്തുന്നു. എന്നാൽ, ഏറ്റവും ആധുനിക പഠനങ്ങൾ -ഡിഎൻഎ പഠനങ്ങൾ- കാണിക്കുന്നത് തോട ജനതയിൽ മറ്റ് ആദിവാസി വിഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്ന ജീനുകൾ ഉളളവർ ആണ്‌ എന്നു തന്നെയാണ്. വിവിധ അഭിപ്രായങ്ങളും പഠനങ്ങളും ഇവരെ പറ്റി നിരവധിയുളളതോടൊപ്പം ആർക്കും ഏകാഭിപ്രായം കണ്ടെത്താൻ കഴിയാതെ നിഗൂഡവും അത്ഭുതവുമായി തുടരുകയാണ്‌ ഇന്നും തോട ഗോത്ര ജനത.

കൃഷി ചെയ്യാത്ത വർഗ്ഗമായിരുന്നു ഇവർ. എരുമയെ വളർത്തുകയും അതിൽ നിന്നുള്ള പാലുകൊണ്ട് വെണ്ണ നെയ്യ് തുടങ്ങിയവ ഉണ്ടാക്കുകയും മാത്രമേ അവർ ചെയ്യൂ. ഇവരുടെ വിശ്വാസമനുസരിച്ച് പോത്തിനെ മേക്കലൊഴികെ മറ്റെല്ലാ ജോലികളും നിഷിദ്ധമാണ്‌. അതിനാൽ എരുമയെ അവർ പാവനമായി കണക്കാക്കുന്നു. ഇതിൽ തന്നെ ചില എരുമകളെ പുരോഹിതന്മാർ മാത്രമേ സ്പർശിക്കുകയുള്ളൂ. ഈ പുരോഹിതന്മാരെ പാലോൾ എന്നാണ് വിളിക്കുക. പാലു സൂക്ഷിക്കുന്നത് പ്രത്യേകമായി ഉണ്ടാക്കിയ മഠത്തിലാണ്. ഇതിലാണ് എരുമയെയും കെട്ടുക. ഇത് ഒരു വിധത്തിൽ പറഞ്ഞാൽ തോടകളുടെ ക്ഷേത്രങ്ങളാണ്. പാലു കറക്കുകയും സൂക്ഷിക്കുകയും മറ്റും പൂജാദി ആചാരങ്ങളോടെയാണ് ചെയ്യുക. ഇത്തരം പാൽ സംഭരണി മഠങ്ങളുടെ പരിശുദ്ധത വ്യത്യസ്ത വിഭാഗങ്ങളിൽ വ്യത്യസ്ത നിലവാരത്തിലായിരിക്കും. ചിലതിനു മുന്നിൽ ഒന്നു മുതൽ അഞ്ചു വരെ മണികൾ തൂക്കിയിടാറുണ്ട്. എരുമകൾക്കും ഇത്തരം മണികൾ കാണാറുണ്ട്. ഇതിലെതന്നെ ഏറ്റവും വലിയ ക്ഷേത്രം സിഗൂർഘട്ടിലായിരുന്നു. ഇതിനെ വിദേശീയർ തോട കത്തീഡ്രൽ എന്നാണ് വിളിച്ചിരുന്നത്.

അതി പ്രാചീന കാലം മുതൽക്കേ ജനതതികൾക്ക് അവരവരുടേതായ വിശ്വാസങ്ങളും പ്രമാണങ്ങളും ജീവിത ശൈലികളും ഉള്ളപ്പോൾ തന്നെ ഈശ്വര വിശ്വാസവും ഉണ്ടായിരുന്നു. നിരവധി ഈശ്വരന്മാർ കാണപ്പെടുന്ന പ്രാചീന സ്വതന്ത്ര ഭാരതം ചൂണ്ടിക്കാട്ടുന്നത് അതുല്യമായ ഏക സത്യ സനാതന ദൈവത്തിങ്കലേക്കാണ്. ഈ ജനതയെയും ഏക സത്യ ദൈവത്തിലേക്ക് ആനയിക്കാനായി പ്രാർത്‌ഥിക്കാം അതിന്നായി പ്രവർത്തിക്കാം.

[കടപ്പാട് : പല ലേഖനങ്ങളിൽ നിന്നും സംക്ഷേപിച്ചത്‌]

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More