കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

അണിയറയിലെ ഗൃഹവിചാരകൻ : ഷീൻ എന്ന കൂട്ടു സഹോദരൻ

ഗോഡ്‍ലി പി. എസ്സ്‌. ബഹ്‌റൈൻ

ഒരു ദാസൻ യജനമാനനെ സേവിക്കുന്നതാണ് ഗൃഹവിചാരകത്വം. ദാസന് സ്വന്തമായ വ്യക്തിത്വ വിശേഷണം അടയാളപ്പെടുത്തുക എന്നതിലുപരി യജമാനന് പ്രസാദമാകുമാറ് സേവിക്കുക എന്നതാണ് ധർമ്മം. സ്വന്ത വ്യക്തിത്വത്തിനോ പ്രവർത്തന രീതിയോ അതിന്റെ സ്വഭാവമോ സമൂഹത്തെ വിളിച്ചറിയിക്കുകയല്ല പിന്നെയോ നിക്ഷിപ്‌തമായ സേവ അലസത കൂടാതെ സമ്പൂർണ്ണമാക്കുക എന്നതാണ് ലക്ഷ്യം. അങ്ങനെയാണെങ്കിൽ അണിയറയിൽ നിന്ന് യജമാനനെ സേവിച്ച ദൈവ ഭ്രിത്യരുടെ ഇടയിൽ പ്രിയ കൂട്ടു സഹോദരൻ ഷീനിനും സ്ഥാനം ലഭിക്കും എന്നത് നിശ്ചയമാണ്.

ഒരുപക്ഷെ സമൂഹ മാദ്ധ്യമങ്ങൾക്ക് ഒരു പടയാളി ആയിരിക്കാം….
ചുറ്റും നില്കുന്നവർക്കു ആത്മീക പരിവേഷമില്ലാത്ത ഒരു വിശ്വാസി ആയിരിക്കാം….
കുടുംബത്തിന് എന്നും ഒരു സ്നേഹമുള്ള പിതാവാണ്…
അപ്പോൾ തന്നെ, ദൈവത്തിന് താൻ നല്ലൊരു ഗൃഹവിചാരകനായിരുന്നു,
തനിക്ക് ലഭിച്ച വെളിച്ചത്താൽ എവ്വിധവും ദൈവനാമ മഹത്വത്തിന്നായി ചിലരെ കൈപിടിച്ച് നടത്തി. തന്നിൽ നിക്ഷ്പതമായിരുന്നു ശുശ്രൂഷ നന്നേ തികച്ചു.

ഞാൻ ബഹ്‌റിനിൽ വന്ന കാലം മുതൽ തന്റെ ഈ അവസാന നാൾവരെയും പുലർത്തിയ ആത്മീയ ബന്ധം. സംവിധാനങ്ങളും സാഹചര്യങ്ങളും ഇല്ലായിരുന്നപ്പോഴും വിശ്വാസത്താൽ വെച്ച കാൽചുവടുകൾ. അതത് കാലഘട്ടത്തിന്റെ ആവശ്യം മനസിലാക്കി ചെയ്തു തീർത്ത പദ്ധതികൾ. ബഹ്‌റൈനിലും ലോകത്തെമ്പാടും ദൈവജനതിന്റെ ആത്മീക അഭിവർധനയ്‌ക്കൊരുക്കി കൂട്ടിയ വിഭവങ്ങൾ. ഞങ്ങൾ ഒറ്റക്കെട്ടായി നിരവധി ആത്മീക പ്രവർത്തനങ്ങൾ സഭയിലും ഇന്റർനെറ്റ് മാധ്യമത്തിലും ചെയ്തിട്ടുണ്ട്. അതിൽ ആദ്യ കാൽവെയ്പ്പ് bahrainbrethren.com ആയിരുന്നു. ബഹ്‌റൈനിലുള്ള സഹോദരങ്ങളെ മാത്രമല്ല ലോകമെമ്പാടുള്ള സഹോദരങ്ങളുടെ ആത്മീക അഭിവൃദ്ധി ലാക്കാക്കി തുടങ്ങിയ സംരംഭം. അത് 2007 – 2018 വരെയും ഓൺലൈൻ ഉണ്ടായിരുന്നു ക്രമേണ ആ പ്രവർത്തനം പിൻവലിച്ചു. അപ്പോൾ തന്നെ, ഒരു പ്രവർത്തനത്തിൽ മാത്രം നിൽക്കാതെ വിവിധ തലങ്ങളിലേക്ക് പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. പാലാവർത്തി നാമ്പിട്ടു വന്ന ബ്രദറൺ സഭകൾക്ക് ഒരു കേന്ദ്രം ആവശ്യമെന്നത് ഉരുത്തിരിയുമ്പോൾ, ഒരു ഓൺലൈൻ ചർച്ച പ്ലാറ്റുഫോമുണ്ടാക്കാൻ ആഗ്രഹിച്ചു 2010 ൽ തുടങ്ങിയ ധൗത്യമാണ് brethrenet.com ആ കാലഘട്ടത്തിൽ അതിന്റെ ദൗത്യം അത് പൂർത്തീകരിച്ചു. തുടർന്ന് 2011 ൽ തുടങ്ങിയ ശുശ്രൂഷയായിരുന്നു റേഡിയ മന്ന. ബഹ്‌റൈൻ വേർപാട് സഭകളുടെ ചരിത്രത്തിൽ ഇടം നേടിയ Hope 2013 എന്ന മെഗാ ഇവന്റ് നടത്തപെടുമ്പോഴും അണിയറയിൽ നിന്നും നല്ലൊരു വിശ്വസ്ത കാര്യവിചാരകനായി പ്രവർത്തിച്ചു.

എന്നാൽ 2007ൽ ബഹ്‌റൈൻ ബ്രദറണ് തുടങ്ങിയപ്പോൾ തന്നെ അതിന്റെ മലയാളം പതിപ്പ് ആവശ്യമായി തോന്നി അങ്ങനെ 2008 ൽ margadeepam.com എന്ന പ്രവർത്തനം തുടങ്ങിയെങ്കിലും ചില സാങ്കേതിക പ്രവർത്തനങ്ങളാൽ അത് നിലച്ചു. ക്രമേണ അതിന്റെ വകഭേദമായി ഈ അടുത്തിടെ www.kahaladhwani.com എന്ന പേരിൽ പൂർവാധികം സാങ്കേതിക മികവോടെ പുറത്തിറക്കി.

കഴിഞ്ഞ കൊവിഡ് കാലത്തു വ്യക്തിപരമായ ചില ആത്മീക ദർശനങ്ങളും തനിക്കുണ്ടായി അവയിൽ അനേകർക്ക് പ്രയോജനീഭവിച്ചത് അടൂർ ബ്രെദരൻ കോർണറായിരുന്നു. ആത്മീകമായും ഭൗമികമായും അത് അടൂരിലും പരിസര പ്രദേശങ്ങളിലും നിരവധി വിശ്വാസികൾക്ക് കൈത്താങായും പ്രോത്സാഹനമായും പരിണമിച്ചു എന്നത് ദൈവത്തെ സേവിച്ചതിന്റെയും തിരുപ്രസാദത്തിനുമുള്ള കൈമുദ്രയത്രേ.

അദ്ദേഹം നല്ലൊരു സംഘാടകൻ ആയിരുന്നു. നല്ലൊരു അണിയറപ്രവർത്തകൻ ആയിരുന്നു. അടുക്കും ചിട്ടയും പൂർണ്ണതയോടെയും ചെയ്യുവാൻ താൻ എപ്പോഴും ശ്രദ്ധിച്ചിരുന്നു. തന്റെ കഴിഞ്ഞ 20 ഓളം വർഷത്തെ ആത്മീക ശുശ്രൂഷ ജീവിത കാലത്തിൽ തന്റെ പ്രവർത്തനങ്ങൾ ദൈവം കണക്കിടുക തന്നെ ചെയ്യും.

പ്രിയ സഹോദരന്റെ ജീവിതത്തിൽ എടുത്തുപറയപ്പെടേണ്ട നിരവധി ഗുണഗണങ്ങൾ ഉണ്ടായിരുന്നതിൽ ചിലതു കുറിക്കട്ടെ.

സമൂഹ സ്‌നേഹി : ചുറ്റുപാടുമുള്ളവരുടെ വേദനകൾ കാണുന്നതിനുള്ള കണ്ണുള്ളതിനാൽ തന്റെ വേദനകൾ പലപ്പോഴും ഒന്നുമില്ലാതാകുകയായിരുന്നു. തന്റെ വേദനകൾ നിരവധി നിൽക്കെ അന്യന്റെ കണ്ണുനീരൊപ്പുവാൻ അത് ഒരു ആശ്വാസ വചസ്സുകൾ കൊണ്ടെങ്കിലും തന്നാലാവില്ലെങ്കിൽ അതിനു കഴിവുള്ള ബന്ധപ്പെട്ടവരെകൊണ്ട് ചെയ്യിക്കുവാനുള്ള മനസ്സ്, അത് തനിക്കുണ്ടായിരുന്നു.

നിര്‍മ്മല മാനസ്സന്‍ : മനസിന് കളങ്കം വരുന്ന വിഷയങ്ങളെ ക്രിയത്മകമായും നിഷേധാത്മകമായും വിചിന്തനം ചെയ്ത് നേരിനൊപ്പം നിൽക്കുവാൻ തന്നാൽ ആവോളം ശ്രമിക്കുകയും എപ്പോഴും നിറചിരിയോടെ കാര്യങ്ങളെ കൈകാര്യം ചെയ്ത വ്യക്തിത്വം.

ഇല്ലായ്മയിലും ഉള്ളതുപോൽ: ധാരാളിത്വത്തിൽ വസിക്കുന്നവരാണ് പലരുമെങ്കിലും ഇല്ലായ്മയുടെ ധ്വനിയാണ് പലപ്പോഴും കേൾക്കാറുള്ളത്. എന്നാൽ തന്റെ പരിമിതികൾ ആരെയും അറിയിച്ചിട്ടില്ല. എപ്പൊഴും അചഞ്ചലമായ തികവുള്ള വ്യക്തിത്വമായിട്ടേ ആരും മനസിലാക്കിയിട്ടുള്ളു.

ശുശ്രൂഷ മനോഭാവം : തനിക്ക് പറ്റുന്ന ശുശ്രൂഷകൾ ചെയ്യുവാനും അതിന് വേണ്ടുന്ന സമയവും സാഹചര്യവും പദ്ധതികളും ഉണ്ടാക്കി ആവിഷ്കരിക്കാനുമുള്ള ശുഷ്‌കാന്തി എപ്പൊഴും കാണിച്ചിരുന്നു. റേഡിയോമന്നയുടെ ഓൺലൈൻ സുവിശേഷ പരസ്യയോഗത്തിന്റെ ഭാഗമായി വെള്ളിയാഴ്ചകളിൽ നടത്തി വരുന്ന ശുശ്രൂഷകളിൽ സമ്പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കയും വ്യക്തതയോടെ ചെയ്തു തീർക്കുകയും ചെയ്യുവാൻ മുൻകൈ എടുത്തിരുന്നു.

സാമ്പത്തിക കൈകാര്യം: സ്വന്തമായ പലവിധ ബദ്ധപ്പാടുകളുടെയും മധ്യത്തിൽ ഭാരിച്ച ശുശ്രൂഷ ചിലവുകൾ സ്വതവേ പലപ്പോഴും കണ്ടെത്തിയിരുന്നു. ദൈവജനത്തിനും ദൈവിക പ്രവർത്തികൾക്കും വേണ്ടി ചിലവഴിക്കാനും അതിനു വേണ്ടി ദൈവ നാമ മഹത്വത്തിന് ചിലവഴിക്കുവാൻ താൽപര്യമുള്ളവരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും എല്ലാ തിരക്കുകളുടെ ഇടയിലും സമയം കണ്ടെത്തിയ വ്യക്തിത്വമയിരുന്നു പ്രിയ സഹോദരൻ.

ഒരു സഹോദരനായി, സുഹൃത്തായി, ക്രിസ്തുവിൽ ഞങ്ങളുടെ സഹ കൂട്ടുവേലക്കാരൻ ഇനി ഓർമ്മയിൽ മാത്രം. താൻ ഒരു സഭയ്ക്കും സുവിശേഷകനല്ല മൂപ്പനല്ല എങ്കിലും കർത്താവിന്റെ പോർക്കളത്തിലെ പടയാളി ആയിരുന്നു. ആത്മീക മികവോടെയുള്ള തന്റെ അണിയറ പ്രവർത്തനങ്ങൾ നിരത്തുവാൻ നിരവധിയുണ്ടെങ്കിലും സ്വർഗ്ഗസ്ഥനായ ദൈവം അവയെല്ലാം കാണുന്നു പ്രതിഫല നാളിൽ താൻ ശോഭയോടെ കിരീട ധാരിയായി നിൽക്കുന്ന ആ പുഞ്ചിരി തൂകിയ മുഖത്തെ ആശ്ലേഷിക്കുവാൻ നമ്മുടെ നാളുകളും അതി വിദൂരമല്ല. കാഹളം ധ്വനിക്കാറായി… കാന്തൻ വരാറായി.. ഉണരാം ഒരുങ്ങാം ഒത്തൊരുമിച്ചു അവന്റെ സേവയിൽ മുന്നേറാം…

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More