കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

തിരുവചനത്തിലെ പഴയനിയമവും പുതിയനിയമവും ഏത്?

“പുതിയനിയമം” എന്നു കർത്താവ് പറഞ്ഞപ്പോൾ എന്താണോ ഉദ്ദേശിച്ച് അതേ അർത്ഥത്തിൽ മാത്രമാണ് “പഴയനിയമം” എന്ന പ്രയോഗവും മനസ്സിലാക്കേണ്ടത്.

അല്ലാതെ 27 പുസ്തകങ്ങൾ മുഴുവനെയുമല്ല കർത്താവ് പുതിയ നിയമം എന്നു വിളിച്ചത്. കർത്താവ് പുതിയനിയമം തന്റെ രക്തത്തിൽ സ്ഥാപിക്കുമ്പോൾ 27ൽ ഒരൊറ്റ പുസ്തകം പോലും എഴുതപ്പെട്ടിരുന്നില്ല.മത്തായി മുതൽ യോഹന്നാൻ വരെയുള്ള 4 സുവിശേഷങ്ങളോ അപ്പോസ്തലപ്രവർത്തികൾ എന്ന ചരിത്ര പുസ്തകമോ സഭൾക്കെഴുതപ്പെട്ട ലേഖനങ്ങളോ വെളിപ്പെടു പുസ്തകമോ അല്ല പുതിയ നിയമം.

വിശ്വാസത്താൽ നീതീകരിക്കപ്പെടുക എന്ന നിയമമാണ് പുതിയനിയമം.

പ്രവൃത്തികളാൽ നീതീകരിക്കപ്പെടുക എന്ന നിയമമാണ് പഴയനിയമം.

ആരോ എന്നോ സൗകര്യത്തിനായി 39 പുസ്തകങ്ങളെ പഴയനിയമം എന്നും 27 പുസ്തകങ്ങളെ പുതിയനിയമം എന്നും നാമകരണം ചെയ്തു. എന്നാൽ വേദപുസ്തകം 66 പുസ്തകങ്ങളെ അല്ല പഴയനിയമം പുതിയനിയമം എന്ന് വിളിക്കുന്നത്.
കർത്താവ് ഭൂമിയിലേക്ക് വരുന്നതിനു മുമ്പ് എഴുതപ്പെട്ട പുസ്തകങ്ങൾ എന്ന നിലയിലാണ് “പഴയനിയമം” എന്ന പ്രയോഗം പൊതുവേ മനുഷ്യർ ഉപയോഗിക്കുന്നത്.

കർത്താവു ഭൂമിയിലേക്ക് വന്നതിനു ശേഷം എഴുതപ്പെട്ട പുസ്തകങ്ങളെ “പുതിയനിയമം” എന്ന പ്രയോഗത്തിൽ പറയുന്നു.

ആ നിലയിൽ 66 പുസ്തകങ്ങളെ വിഭജിക്കുവാനായി ഇത്തരത്തിൽ വിളിക്കുന്നത് സഹായകരമാണ്.

എന്നാൽ വേദപുസ്തകം പഴയനിയമം പുതിയനിയമം എന്നിങ്ങനെ വിളിക്കുന്നത് ഈ പുസ്തകങ്ങളെ മുഴുവനേയുമല്ല എന്ന വസ്തുത നാം പഠിച്ചിരിക്കേണ്ടത് വളരെ ആവശ്യമാണ്. പഴയ തലമുറയ്ക്ക് ഈ അറിവ് ഉണ്ടായിരുന്നു. എന്നാൽ ക്രിസ്തീയ വിശ്വാസത്തിന്റെ ബാലപാഠങ്ങളിൽ പെടുന്ന ഈ വസ്തുത ഇന്നത്തെ തലമുറയ്ക്ക് അറിയില്ല എന്നതാണ് വാസ്തവം.
ഇത്രയും എഴുതിയതിന്റെ ആശയം 39 പുസ്തകങ്ങളെ അടച്ച് “പഴയനിയമം” ആണെന്നും പഴയനിയമം ക്രിസ്തീയ വിശ്വാസികൾക്ക് ആവശ്യമില്ലെന്നുമുള്ള വാദം തെറ്റിദ്ധാരണയാണ് എന്ന് കാണിക്കുകയാണ്.

ദൈവത്തിന്റെ വചനത്തെയല്ല, പ്രത്യുത ദൈവം സ്ഥാപിച്ച നിയമത്തെയാണ് “പഴയ നിയമം” “പുതിയ നിയമം” എന്നീ പ്രയോഗങ്ങൾ കൊണ്ട് അർത്ഥമാക്കുന്നത്.

എബ്രാ. 8:8 “ഞാൻ യിസ്രായേൽഗൃഹത്തോടും യഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു കർത്താവിന്റെ അരുളപ്പാടു.

എബ്രാ. 12: 24 പുതുനിയമത്തിന്റെ മദ്ധ്യസ്ഥനായ യേശുവിന്നും ഹാബെലിന്റെ രക്തത്തെക്കാൾ ഗുണകരമായി സംസാരിക്കുന്ന പുണ്യാഹരക്തത്തിന്നും അടുക്കലത്രേ നിങ്ങൾ വന്നിരിക്കുന്നതു.

1 കോരി. 11:25 ഈ പാനപാത്രം എന്റെ രക്തത്തിൽ പുതിയനിയമം ആകുന്നു;

2 കോരി. 3:6 അവൻ ഞങ്ങളെ പുതുനിയമത്തിന്റെ ശുശ്രൂഷകന്മാർ ആകുവാൻ പ്രാപ്തരാക്കി;

എബ്രാ. 9:15 അതുനിമിത്തം ആദ്യനിയമത്തിലെ ലംഘനങ്ങളിൽനിന്നുള്ള വീണ്ടെടുപ്പിന്നായി ഒരു മരണം ഉണ്ടായിട്ടു….

എബ്രാ. 9:18 അതുകൊണ്ടു ആദ്യനിയമവും രക്തം കൂടാതെ പ്രതിഷ്ഠിച്ചതല്ല.

ഏതെങ്കിലും പുസ്തകത്തെയോ പുസ്തക സമാഹാരത്തെയോ അല്ല “പുതിയ നിയമം” എന്ന വേദപുസ്തക പരാമർശം സൂചിപ്പിക്കുന്നത് എന്ന് വ്യക്തമാണല്ലോ.

എബ്രാ. 8: 13 പുതിയതു എന്നു പറയുന്നതിനാൽ ആദ്യത്തേതിനെ പഴയതാക്കിയിരിക്കുന്നു; എന്നാൽ പഴയതാകുന്നതും ജീർണ്ണിക്കുന്നതും എല്ലാം നീങ്ങിപ്പോകുവാൻ അടുത്തിരിക്കുന്നു.

പഴയ നിയമത്തെക്കുറിച്ചുള്ള പരാമർശം ഇവിടെയാണ് കാണുന്നത്.
ആദ്യ നിയമം എന്നും ഒന്നാമത്തേത് എന്നും വിളിച്ചിരിക്കുന്നതും പുസ്തക സമാഹാരമല്ല, പ്രത്യുത ദൈവം മനുഷ്യർക്കുവേണ്ടി സ്ഥാപിച്ച ആദ്യ-നിയമത്തെയാണ്.

ദൈവം മനുഷ്യനോട് പുതിയൊരു നിയമം ചെയ്യുന്ന കാലം വരുമെന്നു പ്രവാചക പുസ്തകങ്ങളിൽ (യിര.31:31-34) അരുളിച്ചെയ്തതു കൂടാതെ പുതിയ നിയമത്തിനുള്ള എന്റെ രക്തം എന്ന് പറഞ്ഞുകൊണ്ട് പുതിയ നിയമം ക്രിസ്തു സ്വന്ത രക്തത്താൽ സ്ഥാപിച്ചിരിക്കുന്നു.

2 തിമോ 3:16-17 എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.

എല്ലാ തിരുവെഴുത്തും എന്ന് പറഞ്ഞാൽ ഏതെങ്കിലും ഒരു നിയമത്തെയോ രണ്ടു നിയമങ്ങളെയോ അല്ല സൂചിപ്പിക്കുന്നത്. അതു രണ്ടും കൂടി ഉൾപ്പെടുന്ന മുഴുവൻ വചനത്തെയാണ്.

ചുരുക്കത്തിൽ ആദ്യ-നിയമം എന്നത് 39 പുസ്തകങ്ങളുടെ മറ്റൊരു പേരല്ല. പുതിയ-നിയമം എന്നതുകൊണ്ട് തിരുവചനം ഉദ്ദേശിക്കുന്നത് 27 പുസ്തകങ്ങളുടെ സമാഹാരവുമല്ല എന്ന് മനസ്സിലാക്കി വേണം ഈ ചോദ്യങ്ങളുടെ ഉത്തരം കണ്ടെത്തേണ്ടത്.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More