കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

സുവിശേഷത്തിന്റെ വചനാനുസൃതമായ ലക്ഷ്യമെന്താണ്‌ ?

സുവിശേഷപ്രചരണത്തില്‍ കര്‍ത്താവിന്റെ ശിഷ്യന്മാര്‍ക്കുണ്ടായിരുന്ന മനോഭാവം പോലെ തന്നെ വലിയ ഉത്തരവാദിത്വം നമ്മുടെ ചുമലുകളിലും നിക്ഷിപ്തമാണ് എന്ന ബോധ്യം പ്രാഥമികമായും നമ്മുക്കുണ്ടാകണം. “ഞാൻ നിങ്ങളോടു കല്പിച്ചതു ഒക്കെയും പ്രമാണിപ്പാൻ തക്കവണ്ണം ഉപദേശിച്ചുംകൊണ്ടു”… സുവിശേഷത്തോടൊപ്പം തിരുവചനത്തില്‍ തുടര്‍മാനമായി വെളിപ്പെടുത്തിയിരിക്കുന്ന സത്യങ്ങളൊന്നും നമ്മുക്ക് നിഷേധിക്കാനാകില്ല. അതുകൊണ്ടാണ് പൗലോസ് പറയുന്നത് “താൻ പ്രവാചകൻ എന്നോ ആത്മികൻ എന്നോ ഒരുത്തന്നു തോന്നുന്നു എങ്കിൽ, ഞാൻ നിങ്ങൾക്കു എഴുതുന്നതു കർത്താവിന്റെ കല്പന ആകുന്നു എന്നു അവൻ അറിഞ്ഞുകൊള്ളട്ടെ. (1കോരി14:37 ).

ജാതികളുടെ അപ്പസ്തോലനായ പൌലോസിന്റെ സുവിശേഷ പ്രവര്‍ത്തനത്തിന്റെ മാതൃക വിവരിച്ചിരിക്കുന്നത്‌ അപ്പൊ. പ്രവ. 20 :17-38 ഭാഗത്ത് നമുക്ക് കാണുവാന്‍ കഴിയും. സഭകളുടെ പെരുന്തച്ചന്‍ എന്ന് വിശേഷിപ്പിക്കാകുന്നവന്‍, നമ്മുക്ക് മാതൃകയാക്കാന്‍ കൊള്ളാവുന്ന ഒരു സുവിശേഷകന്‍, കര്‍ത്താവു വിളിച്ചു നേരിട്ടിറങ്ങിയവന്‍, ആത്മാക്കളെക്കുറിച്ചുള്ള എരിവിനാല്‍ മുമ്പും പിമ്പും നോക്കാതെ തകര്‍ത്തോടിയവന്‍… അതെ, ആ പൌലോസിന്റെ വാക്കുകള്‍ ഒന്ന് ശ്രദ്ധിച്ചേ …. “പ്രയോജനമുള്ളതു ഒന്നും മറെച്ചുവെക്കാതെ പരസ്യമായും വീടുതോറും നിങ്ങളോടു അറിയിക്കയും ഉപദേശിക്കയും ചെയ്തു…”(20:20), “…….നിങ്ങളുടെ ഇടയിൽ ദൈവരാജ്യം പ്രസംഗിച്ചുകൊണ്ടു നടന്നവനായ…..”(20:25), “ദൈവത്തിന്റെ ആലോചന ഒട്ടും മറച്ചുവയ്ക്കാതെ ഞാൻ മുഴുവനും അറിയിച്ചു തന്നിരിക്കുന്നുവല്ലോ.”(20:27). ഇങ്ങനെ പൌലോസിലൂടെ ദൈവത്തിന്റെ സഭകളുടെ സ്ഥാപനം ആണ് അവിടെ നടന്നത്. ഈ പരമാര്‍ത്ഥം ഇന്ന് പലരും നിഷേധിക്കുകയാണ്. രക്ഷയുടെ സന്ദേശം മാത്രം പങ്കു വക്കുക എന്നതാണ് ആധുനിക സുവിശേഷ വേല. പൌലോസ് അങ്ങനെയായിരുന്നില്ല, സുവിശേഷം കേട്ടിട്ട് അനുകൂലമായി പ്രതികരിക്കുന്നവരെ ദൈവിക നിയമം നടക്കുന്ന ദൈവിക രാജധാനിയിലേക്ക് അതായത് സ്ഥലംസഭയിലേക്ക് ആനയിക്കുക കൂടി അവന്‍ ചെയ്തു. ദൈവഹിതത്തിന്റെ പരിധിയിലേക്ക് കടന്നു വരുന്ന ആത്മാക്കളെ, ദൈവത്തിന്‍റെ ശരീരമായിരിക്കുന്ന സഭകളിലേക്കു നയിക്കുന്നതില്‍ നമ്മുക്ക് ഇന്ന് പരാജയമുണ്ടോ? അതോ, ദൈവത്തിന്റെ ആലോചനകളെ മറച്ചു വയ്ക്കുവാനാണോ നാം താല്‍പര്യപ്പെടുന്നത്‌ !!!!!

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More