കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ചെറുകുറുക്കന്മാരും അൽപം പുളിമാവും

ഒരു കാലത്ത് ദുരുപദേശങ്ങളെ തിരിച്ചറിയുക വളരെ എളുപ്പമായിരുന്നു. കാരണം അതിന്റെ വക്താക്കൾ വളച്ചു കെട്ടില്ലാതെ വസ്തുതകളെ വ്യക്തമായി പറഞ്ഞു.

എന്നാൽ ഇന്ന് അതു തിരിച്ചറിയുക അത്ര എളുപ്പമല്ലാത്ത സ്ഥിതിയാണ്. കാരണം ഇന്ന് അവ സത്യങ്ങൾക്കിടയിൽ കലർത്തിയാണ് അവതരിപ്പിക്കപ്പെടുന്നത്.

കർത്താവിന്റെ അത്താഴം ആചരിക്കുകയിൽ ഒരപ്പത്തിൽ നിന്നും ഒരു പാനപാത്രത്തിൽ നിന്നും എല്ലാവരും ഭക്ഷിക്കുകയും കുടിക്കുകയുമാണ് ചെയ്യേണ്ടത് എന്നു പറഞ്ഞതിനു ശേഷം കൂട്ടായ്മയെ കുറിച്ച് പറഞ്ഞിരിക്കുന്ന ഒരു വേദഭാഗത്തെ ഉദ്ധരിച്ച് ഒരു സഭയിലെ വ്യത്യസ്ത കുടുംബങ്ങൾക്ക് അവരവരുടെ വീടുകളിൽ ഇരുന്ന് തിരുവത്താഴം ആചരിക്കാമെന്നു പറഞ്ഞു വയ്ക്കുമ്പോൾ അതുവരെ പറഞ്ഞ കാര്യങ്ങളുടെ കടയ്ക്കൽ കത്തി വച്ചു അവനവന്റെ അപ്പവും അവനവന്റെ പാനപാത്രവും ഉപയോഗിച്ചാൽ കുഴപ്പമില്ല എന്ന വചന വൈരുദ്ധ്യതയാണ് പ്രോത്സാഹിപ്പിക്കപ്പെടുന്നത് എന്നും, സഭ ഒരുമിച്ചു ഒരു സ്ഥലത്തു കൂടിവന്നു ചെയ്യേണ്ടതില്ലാത്തതിനാൽ അത് ഒരു സഭാ കൂടിവരവ് അല്ല എന്നുമാണ് പറഞ്ഞു വയ്ക്കുന്നത് എന്നും തിരിച്ചറിയുക അത്ര എളുപ്പമുള്ള കാര്യമല്ല.

ഇത്തരത്തിലെ ചെറു കുറുക്കന്മാരെയും അൽപാൽപമുള്ള പുളിപ്പുമാണ് ഇന്നു ദൈവജനത്തെ ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുന്നത്.
ഏതൊരു യുക്തിയുടെ അടിസ്ഥാനത്തിൽ ഒരു സ്ഥലം സഭയിലെ വിശ്വാസികൾക്ക് അവരവരുടെ ഭവനങ്ങളിൽ തിരുവത്താഴം ആചരിക്കാമെന്നും സ്ഥലം സഭ ഒരിടത്തു ഒരുമിച്ചു കൂടേണ്ടതില്ല എന്നു വാദിക്കുന്നുവോ അതേ യുക്തിയുടെ അടിസ്ഥാനത്തിൽ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം തന്നെ തിരുവത്താഴം ആചരിക്കേണ്ടതില്ല എന്നും സ്ഥാപിക്കാം. കാരണം “ദിനംതോറും” അവർ അപ്പംനുറുക്കി എന്നും അതേ വാക്യത്തിൽ കാണാം.

അപ്പോൾ അവരവരുടെ സൗകര്യം അനുസരിച്ച് അവരവർ ആയിരിക്കുന്ന സ്ഥലത്ത്, ഭവനമാകാം, റിസോർട്ടാകാം, ഹോട്ടലാകാം, അവനവന് തോന്നുന്ന ദിവസങ്ങളിൽ, ആഴ്ചയിൽ മൂന്നോ, നാലോ ആയിട്ട് കൂട്ടുകയോ, മാസത്തിലോ വർഷത്തിലോ ഒന്നോ രണ്ടോ ആയി കുറച്ചോ തിരുവത്താഴം ആചരിക്കുവാൻ അ.പ്രവ 2:46 ന്റെ അടിസ്ഥാനത്തിൽ കഴിയും. കൊറോണാ സമയത്ത് നവീനോപദേശകർ സ്ഥാപിക്കാൻ ശ്രമിച്ചത് ഇതു തന്നെയാണ്.

എന്നാൽ സഭയുടെ ഉപദേശവും ക്രമവും പരിശുദ്ധാത്മാവിന്റെ സ്നാനത്തോടു കൂടെ അപ്പോസ്തലന്മാർക്കും പ്രവാചകന്മാർക്കും ലഭ്യമായി എന്നും തുടക്കം മുതൽക്കേ അവർ അതു പഠിപ്പിക്കുകയും പ്രാവർത്തികമാക്കാൻ ശ്രമിക്കുകയും ചെയ്തു എന്നും, അ.പ്രവ 2:46ൽ പറഞ്ഞിരിക്കുന്ന ദിനംതോറും “അപ്പം നുറുക്കി…ഭക്ഷണം കഴിച്ചു” എന്ന പ്രയോഗം തിരുവത്താഴമല്ല പകരം ക്രിസ്തീയ കൂട്ടായ്മയെ കുറിച്ചാണെന്നും മനസ്സിലാക്കിയാൽ തിരുവത്താഴം. 1. ആഴ്ചവട്ടത്തിന്റ ഒന്നാം ദിവസം
2. സഭയൊക്കേയും ഒരിടത്ത് ഒരുമിച്ചു കൂടി
3. ഒരപ്പ-പാനപാത്രങ്ങളിൽ നിന്നും പങ്കെടുത്തു കൊണ്ട്
4. കർത്താവായ യേശുക്രിസ്തുവിൻറെ ഓർമ്മയ്ക്കായി
5. ക്രിസ്തീയ കൂട്ടായ്മയെ വിളിച്ചോതിക്കൊണ്ട് ചെയ്യേണ്ട ഒന്നാണ് എന്നു വ്യക്തമാകും.
ഇതാണ് തിരുവത്താഴത്തെ സംബന്ധിച്ച മുഴുവൻ വേദഭാഗങ്ങളും ഒരുമിച്ചു പരിശോധിച്ചാൽ ലഭ്യമാകുന്ന വൈരുദ്ധ്യതകൾ ഇല്ലാത്ത ഉപദേശം. ഇപ്രകാരം പ്രസ്തുത വിഷയത്തെ മനസ്സിലാക്കിയതു കൊണ്ടാണ് കൊറോണ എന്ന വ്യാധിക്കു മുമ്പുവരെ മറ്റനേകർ പലവിധത്തിൽ ഈ കർമ്മം അനുഷ്ഠിച്ച കാലത്തും വേർപെട്ട് ജനം വചനാനുസൃതം അതു ചെയ്തത്.

ഭൂലോകം ഒക്കെയും പോയി സുവിശേഷം പ്രസംഗിച്ചു രക്ഷിക്കപ്പെടുന്നവരെ സകലവും അനുസരിക്കുവാൻ ഉപദേശിച്ചും കൊണ്ട് ശിഷ്യന്മാരാക്കുവാൻ കൽപന ലഭിച്ച അപ്പോസ്തലന്മാർക്ക് ആദ്യ നാളുകളിൽ സ്ഥലംസഭയുടെ അനുഷ്ഠാനങ്ങളും ക്രമവും കൂടിവരവുകളും അറിവില്ലായിരുന്നു എന്നും പിന്നീട് കാലാന്തരത്തിൽ പൗലോസിന്റെ ലേഖനങ്ങളിൽ കൂടിയാണ് പ്രസ്തുത ഉപദേശങ്ങൾ സ്ഥാപിതമായത് എന്നും പറയുന്നതിനേക്കാൾ വലിയ അബദ്ധം വേറേ ഇല്ല.

പൗലോസിനാൽ സ്ഥാപിക്കപ്പെടാത്തതും പൗലോസിന്റെ ലേഖനങ്ങളും സേവനങ്ങളും ലഭിക്കാതിരുന്നതുമായ സഭകളും അതു ലഭിച്ച സഭകളും തമ്മിൽ ഉപദേശപരവും പ്രാവർത്തികവുമായ യാതൊരു ഐക്യവും ഇല്ലായിരുന്നു എന്ന് പറയേണ്ടി വരും. കാരണം സഭയുടെ മാതൃക സാഹചര്യത്തിന് അനുസരിച്ച് (മുഹമ്മദിനു ഖുറാൻ ലഭിച്ചതു പോലെ) അൽപാൽപമായി നൽകപ്പെടുകയായിരുന്നുവല്ലോ!

എഫേസ്യർ 2:20ന് പുതിയ വ്യാഖ്യാനം നൽകുകയും വേണം. “അപ്പോസ്തലന്മാരും പ്രവാചകന്മാരും എന്ന അടിസ്ഥാനം” എന്നതിൽ “അപ്പോസ്തലന്മാരും പ്രവാചകന്മാരും” എന്നതിനു പകരം അപ്പോസ്തലൻ എന്ന് ഏകവചനത്തിൽ ആക്കണം. അല്ലെങ്കിൽ “അടിസ്ഥാനം ” എന്നതിന്റെ അർത്ഥം സഭയുടെ ഉപദേശം എന്നല്ല മറിച്ച് മറ്റെന്തെങ്കിലും ആണെന്ന് പറയണം.

എന്നാൽ ആദിമ നൂറ്റാണ്ടിൽ എവിടെയൊക്കെ സ്ഥലം സഭകൾ സ്ഥാപിക്കപ്പെട്ടോ അവിടെ എല്ലാം ഒരേ രീതിയും ക്രമവും ഉണ്ടായിരുന്നു. കാരണം എഴുതപ്പെട്ടിരുന്നില്ല എങ്കിലും പരിശുദ്ധാത്മാവ് സഭകളുടെ സ്ഥാപനത്തിനുപയോഗിച്ചവർക്കെല്ലാം വ്യക്തമായ വെളിപ്പാടു നൽകി അവരെ (എല്ലാവരേയും) “സകല സത്യത്തിലും” വഴി നടത്തുകയാണ് ചെയ്തത്. റോമിലും, കൊലോസ്യയിലും ഒന്നും പൗലോസ് പോകുകയോ ഉപദേശിക്കുകയോ ചെയ്തിട്ടല്ല സഭകൾ രൂപീകൃതമായത്. അവിടെയും യെരുശലേമിൽ പഠിപ്പിക്കപ്പെട്ട അതേ ഉപദേശവും രീതിയുമാണ് പിന്തുടരപ്പെട്ടത്. തോമസ് ഇന്ത്യയിൽ വന്നിട്ടുണ്ടെങ്കിൽ, സഭകൾ സ്ഥാപിക്കപ്പെട്ടു എങ്കിൽ പൗലോസിന്റെ ലേഖനങ്ങൾ കൈവശം ഇല്ലാതെ തന്നെ സ്ഥലം സഭകളുടെ ക്രമവും രീതികളും കർത്താവ് ഉദ്ദേശിച്ച അതേ രീതിയിൽ തന്നെ പ്രാവർത്തികമാക്കി എന്നു നാം മനസ്സിലാക്കണം. അപ്രകാരം തന്നെ സ്തെഫാനോസിന്റെ മരണത്തോടനുബന്ധിച്ച് ചിതറപ്പെട്ടു പോയവരുടെ സ്ഥലങ്ങളിലും സംഭവിച്ചു എന്നു വേണം കരുതുവാൻ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More