കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ഒരേ സമയം വേദനയും സന്തോഷവും നല്‍കുന്ന നേട്ടങ്ങൾ

ബാബു തോമസ്സ് അങ്കമാലി

സഭാപ്രസംഗി – 4:1 പിന്നെയും ഞാൻ സൂര്യനു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു; പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്ക് ആശ്വാസപ്രദൻ ഇല്ല; അവരെ പീഡിപ്പിക്കുന്നവരുടെ കൈയാൽ അവർ ബലാൽക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദൻ അവർക്കില്ല.
~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~~
സഭാപ്രസംഗി – 4.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- ഒരേ സമയം വേദനയും സന്തോഷവും നല്‍കുന്ന നേട്ടങ്ങൾ

A, അടിച്ചമർത്തലിൻ്റെ ദുരന്തം.

സൂര്യന് കീഴെ മനുഷ്യൻ്റെ ദുരന്തം.
a, ഞാൻ സൂര്യനു കീഴെ നടക്കുന്ന പീഡനങ്ങളെയെല്ലാം കണ്ടു.
b, പീഡിതന്മാർ കണ്ണുനീരൊഴുക്കുന്നു; അവർക്ക് ആശ്വാസപ്രദൻ ഇല്ല.
c, പീഡിപ്പിക്കുന്നവരുടെ കൈയാൽ അവർ ബലാൽക്കാരം അനുഭവിക്കുന്നു; എന്നിട്ടും ആശ്വാസപ്രദൻ അവർക്കില്ല.

2, ആകയാൽ ഇപ്പോൾ ജീവനോടിരിക്കുന്ന ജീവനുള്ളവരെക്കാൾ മുമ്പേ തന്നെ മരിച്ചുപോയിരിക്കുന്ന മൃതന്മാരെ ഞാൻ പ്രശംസിച്ചു.
a, മുമ്പേ തന്നെ മരിച്ചുപോയിരിക്കുന്ന മൃതന്മാരെ ഞാൻ പ്രശംസിച്ചു.
b, ഈ രണ്ടു വകക്കാരെക്കാളും ഇതുവരെ ജനിക്കാത്തവനും സൂര്യനു കീഴെ നടക്കുന്ന ദുഷ്പ്രവൃത്തിയെ കാണാത്തവനുമായ മനുഷ്യൻ ഭാഗ്യവാൻ.

B, സന്തോഷവും ദുഖവും ഒരുമിച്ച് നൽകുന്ന നേട്ടങ്ങൾ.

1, സകല പ്രയത്നവും സാമർഥ്യമുള്ള പ്രവൃത്തിയൊക്കെയും ഒരുവന് മറ്റവനോടുള്ള അസൂയയിൽനിന്ന് ഉളവാകുന്നു.
a, സകല പ്രയത്നവും സാമർഥ്യമുള്ള പ്രവൃത്തിയൊക്കെയും ഒരുവന് മറ്റവനോടുള്ള അസൂയയിൽനിന്ന് ഉളവാകുന്നു എന്നു ഞാൻ കണ്ടു; അതും മായയും വൃഥാപ്രയത്നവും അത്രേ.
b, മൂഢൻ കൈയും കെട്ടിയിരുന്നു സ്വന്തമാംസം തിന്നുന്നു.
c, രണ്ടു കൈയും നിറയെ അധ്വാനവും വൃഥാപ്രയത്നവും ഉള്ളതിനെക്കാൾ ഒരു കൈ നിറയെ വിശ്രാമം അധികം നല്ലത്.

2, നിങ്ങൾക്ക് മറ്റുള്ളവർക്ക് പകർന്ന് നൽകാൻ കഴിയുന്നില്ലെങ്കിൽ നിങ്ങളുടെ വിജയം അർത്ഥമില്ലാത്തതാകുന്നു.
a, ഏകാകിയായ ഒരുത്തനുണ്ട്; അവന് ആരുമില്ല, മകനില്ല, സഹോദരനും ഇല്ല
b, എങ്കിലും അവന്റെ പ്രയത്നത്തിന് ഒന്നിനും അവസാനമില്ല; അവന്റെ കണ്ണിന് സമ്പത്തു കണ്ടു തൃപ്തിവരുന്നതുമില്ല.
c, എന്നാൽ താൻ ആർക്കുവേണ്ടി പ്രയത്നിച്ചു സുഖാനുഭവം ത്യജിക്കുന്നു? എന്ന് അവൻ ചിന്തിക്കുന്നില്ല. ഇതും മായയും വല്ലാത്ത കഷ്ടപ്പാടുമത്രേ.

3, ഒരു സ്നേഹിതൻ പോലും ഇല്ലെങ്കിൽ നേട്ടങ്ങൾ വൃഥാവാണ്.
a, ഒരുവനെക്കാൾ ഇരുവർ ഏറെ നല്ലത്.
b, അവർക്കു തങ്ങളുടെ പ്രയത്നത്താൽ നല്ല പ്രതിഫലം കിട്ടുന്നു.
c, വീണാൽ ഒരുവൻ മറ്റേവനെ എഴുന്നേല്പിക്കും; ഏകാകി വീണാലോ അവനെ എഴുന്നേല്പിപ്പാൻ ആരുമില്ലായ്കകൊണ്ട് അവന് അയ്യോ കഷ്ടം!
d, രണ്ടുപേർ ഒന്നിച്ചു കിടന്നാൽ അവർക്കു കുളിർ മാറും; ഒരുത്തൻ തന്നെ ആയാലോ എങ്ങനെ കുളിർ മാറും?
e, ഒരുത്തനെ ആരെങ്കിലും ആക്രമിച്ചാൽ രണ്ടുപേർക്ക് അവനോട് എതിർത്തുനില്ക്കാം.
f, മുപ്പിരിച്ചരട് വേഗത്തിൽ അറ്റുപോകയില്ല.

4, പ്രശസ്തിയുടെ ദൈർഘ്യകുറവും, നിരർത്ഥകതയും.
a, പ്രബോധനം കൈക്കൊള്ളാത്ത വൃദ്ധനും മൂഢനുമായ ഒരു രാജാവിനെക്കാൾ ദരിദ്രനും ജ്ഞാനിയുമായ ഒരു ബാലൻ കൊള്ളാം.
b, അവൻ മറ്റേവന്റെ രാജ്യത്തിൽ ദരിദ്രനായി ജനിച്ചിട്ടും രാജാവായി വാഴേണ്ടതിന് കാരാഗൃഹത്തിൽനിന്നു വരുന്നു.
c, മറ്റേവനു പകരം എഴുന്നേറ്റ ബാലന്റെ പക്ഷം സൂര്യനു കീഴെ സഞ്ചരിക്കുന്ന ജീവനുള്ളവരൊക്കെയും ചേർന്നിരിക്കുന്നതു ഞാൻ കണ്ടു.
d, അവൻ അസംഖ്യജനത്തിനൊക്കെയും തലവനായിരുന്നു; എങ്കിലും പിന്നെയുള്ളവർ അവനിൽ സന്തോഷിക്കയില്ല. അതും മായയും വൃഥാപ്രയത്നവും അത്രേ.

പ്രിയരേ, വീണ്ടും ശലോമോൻ ലോകഗതിയെ വീക്ഷിക്കുന്നു. മറ്റുള്ളവർക്ക് നല്കിയിട്ടുള്ള ഉപദേശങ്ങൾ. ജീവിതത്തിൽ പ്രായോഗികമാക്കുവാൻ വളരെ കാഠിന്യം എന്ന് വീണ്ടും ശലോമോൻ കാണുന്നു. അവൻ കാണുന്നത് അവനെ അഗാധമായ നിരാശയിൽ താഴ്ത്തിക്കളയുന്നു – ഭീകരമായ ക്രൂരത, അസൂയയുടെ അനന്തരഫലങ്ങൾ, ഭോഷത്വം, അസംതൃപ്തിയും ഏകാന്തതയും, വൃഥാപ്രയത്നവും, സ്ഥാനമാനങ്ങളുടെ അർത്ഥമില്ലായ്മയും. എല്ലാം മായയും ശൂന്യവും അത്രേ. മനുഷ്യൻ സ്വന്ത ചിന്തകൾക്കനുസരിച്ച് ദൈവത്തെക്കൂടാതെ ചെയ്യുന്ന എല്ലാ പ്രവൃത്തികളും ലക്ഷ്യമില്ലാത്തതും, നിഷ്ഫലവും ആകുന്നു. അതിൽ അഭിനന്ദനം അർഹിക്കുന്ന ഒന്നുമില്ല, ഒരു മനുഷ്യന് തന്റെ പ്രവർത്തനത്തിന് രൂപം നല്കുവാൻ അഭികാമ്യമായത് ഒന്നുമില്ല. അപ്പൊസ്തലനായ യോഹന്നാൻ തന്റെ ഒന്നാം ലേഖനത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുള്ള സത്യം ശലോമോൻ ഭാഗികമായി കാണുകയാണ്. “ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുത് ഒരുവൻ ലോകത്തെ സ്നേഹിക്കുന്നുവെങ്കിൽ അവനിൽ പിതാവിന്റെ സ്നേഹം ഇല്ല. ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതെല്ലാം പിതാവിൽ നിന്നുള്ളതല്ല, ലോകത്തിൽ നിന്നത്രെ ആകുന്നു. ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു. ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു” – ഈ വിധത്തിലുള്ള, ഈ ലോകത്തിലെ ജീവിതം വളരെ പരിതാപകരവും, മരണം സ്വാഗതാർഹവും എന്ന ഒരു നിഗമനത്തിൽ ശലോമോൻ എത്തുന്നു. ജനിക്കാതിരുന്നെങ്കിൽ നന്നായിരുന്നു എന്ന ഒരു ചിന്താഗതി. എന്നാൽ പുതിയനിയമത്തിലെ വെളിപ്പെടുത്തലുകൾക്കായി നാം എത്രമാത്രം ദൈവത്തോട് നന്ദിയുള്ളവരായിരിക്കണം, ദൈവത്തിന് എത്രമാത്രം സ്തോത്രം ചെയ്യണം. ക്രിസ്തുവിന്റെ മഹത്വത്തിനായി നിർവ്വഹിക്കുന്ന പ്രവൃത്തികളുടെ അനന്തമായ മൂല്യവും, മാനുഷിക പ്രയത്നങ്ങളുടെ അർത്ഥവും നാം അവിടെ കാണുന്നു. ഈ ലോകത്തിൽ കാണുന്നതും അനുഭവിക്കുന്നതും ആയ ഒന്നിനെക്കുറിച്ചും ഒരു യഥാർത്ഥ വിശ്വാസി ഒരിക്കലും അസ്വസ്ഥനാകേണ്ട ആവശ്യമില്ല. ദൈവത്തിന് അതിശയകരമായ ഒരു ഉദ്ദേശ്യവും ലക്ഷ്യവും നിവർത്തിക്കുവാനുണ്ട്. ദൈവം അതു നിവർത്തിക്കുകയും ചെയ്യും. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More