കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

പ്രത്യാശയും ഭയവും

യെശയ്യാവ് – 2:6 എന്നാൽ നീ യാക്കോബുഗൃഹമായ നിന്റെ ജനത്തെ തള്ളിക്കളഞ്ഞിരിക്കുന്നു. അവർ പൂർവദേശക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു കൈയടിച്ചവരായും ഇരിക്കുന്നു.
~~~~~~
യശയ്യാവ് – 2.

ഈ അധ്യായം പ്രതിപാദിക്കുന്ന വിഷയം :- പ്രത്യാശയും ഭയവും.

A, മശിഹായുടെ വാഴ്ചയെ കുറിച്ചുള്ള പ്രത്യാശ.

1, യൂദായെയും യെരൂശലേമിനെയും കുറിച്ച് ഒരു വാക്ക്.
a, ആമോസിന്റെ മകനായ യെശയ്യാവ്.
b, യെഹൂദായെയും യെരൂശലേമിനെയും പറ്റി ദർശിച്ച വചനം.

2, യെഹൂദായെയും യെരൂശലേമിൻ്റെയും ഉയർച്ച.
a, അന്ത്യകാലത്ത്.
b, യഹോവയുടെ ആലയമുള്ള പർവതം പർവതങ്ങളുടെ ശിഖരത്തിൽ സ്ഥാപിതവും കുന്നുകൾക്കുമീതെ ഉന്നതവുമായിരിക്കും. സകല ജാതികളും അതിലേക്ക് ഒഴുകിച്ചെല്ലും.
c, വരുവിൻ, നമുക്ക് യഹോവയുടെ പർവതത്തിലേക്ക്, യാക്കോബിൻദൈവത്തിന്റെ ആലയത്തിലേക്കു കയറിച്ചെല്ലാം; അവൻ നമുക്കു തന്റെ വഴികളെ ഉപദേശിച്ചുതരികയും നാം അവന്റെ പാതകളിൽ നടക്കയും ചെയ്യും എന്നു പറയും.

3, മശിഹായുടെ വാഴ്‌ച്ച കാലത്തെ സമാധാനം.
a, അവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു വിധികല്പിക്കയും ചെയ്യും.
b, അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചു തീർക്കും.
c, ജാതി ജാതിക്കു നേരേ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയുമില്ല.

B, വരാനിരിക്കുന്ന ന്യായവിധി എന്ന ഭീഷണി.

1, യഹോവയുടെ വെളിച്ചത്തിൽ നടക്കുവാനുള്ള അപേക്ഷ.
a, യാക്കോബുഗൃഹമേ.
b, യഹോവയുടെ വെളിച്ചത്തിൽ നടക്കുക.

2, യഹോവയുടെ വെളിച്ചത്തിൽ നടക്കുന്നതിൽ നിന്നും യെഹൂദായെ തടഞ്ഞ പാപങ്ങൾ.
a, അവർ പൂർവദേശക്കാരുടെ മര്യാദകളാൽ നിറഞ്ഞും ഫെലിസ്ത്യരെപ്പോലെ പ്രശ്നക്കാരായും അന്യജാതിക്കാരോടു കൈയടിച്ചവരായും ഇരിക്കുന്നു.
b, അവരുടെ ദേശത്തു വെള്ളിയും പൊന്നും നിറഞ്ഞിരിക്കുന്നു.
c, അവരുടെ ദേശത്തു വിഗ്രഹങ്ങൾ നിറഞ്ഞിരിക്കുന്നു.
d, മനുഷ്യൻ വണങ്ങുന്നു, പുരുഷൻ കുനിയുന്നു.

3, ന്യായവിധി ദിവസത്തെ സംബന്ധിച്ച് ഒരു വിവരണം.
a, യഹോവയുടെ ഭയങ്കരത്വംനിമിത്തവും അവന്റെ മഹിമയുടെ പ്രഭനിമിത്തവും.
b, സൈന്യങ്ങളുടെ യഹോവയുടെ നാൾ വരും.
c, മൂക്കിൽ ശ്വാസമുള്ള മനുഷ്യനെ വിട്ടൊഴിവിൻ.
d, അവനെ എന്തു വിലമതിപ്പാനുള്ളൂ?.

പ്രിയരേ, യിസ്രായേൽ ജാതിയുടെ പരിതാപകരമായ അവസ്ഥയെ വീണ്ടും യെശയ്യാവ് വിവരിക്കുന്നു. ദൈവം അവരെ തള്ളിക്കളയുന്നതിന് മുഖാന്തരമായ മൂന്ന് കുറ്റങ്ങൾ എന്തെന്ന് യെശയ്യാവ് വിവരിക്കുന്നു. ജീവിക്കുന്ന സത്യദൈവത്തിന്റെ വചനത്തിൽ ആശ്രയിക്കാതെ, മറ്റുള്ള ജാതികളുടെ അന്ധവിശ്വാസങ്ങളിൽ അവർ ആശ്രയിച്ചു. പ്രത്യേകിച്ച് കിഴക്കു നിന്നുള്ള ജാതികളുടെ – മന്ത്രവാദവും ആഭിചാരവും ദൈവവചനത്തിൽ വിലക്കിയിട്ടുള്ളതാണ്. സിറിയ, ബാബിലോണിയ (ബാബേൽ) മുതലായ രാജ്യക്കാരുടെ ആചാരങ്ങൾ പ്രകാരം അവർ ജീവിച്ചു. ഈ വിധത്തിലുളള ദുരാചാരങ്ങൾ അനുസരിച്ച് ജീവിക്കരുതെന്നും, അവർ യഹോവയുടെ വിശുദ്ധ ജനമെന്നും തിരുവചനത്തിൽ ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. ദൈവം നിർദ്ദേശിച്ചതുപോലെ തങ്ങളെ ദൈവത്തിനായി വേർതിരിച്ച്, വിശുദ്ധമായ ഒരു ജനമായി ജീവിക്കുവാൻ അവർ വിസമ്മതിച്ചു. അന്യജാതിക്കാരുടെ ദേവന്മാരെയും, അവരുടെ വിഗ്രഹങ്ങളെയും, പാപപങ്കിലമായ ആചാരരീതികളും പിന്തുടരുവാൻ അവർ ഇഷ്ടപ്പെട്ടു. ഇതിലെല്ലാം ഇന്ന് ക്രിസ്ത്യാനികൾക്ക് നിർദ്ദേശവും മുന്നറിയിപ്പും ഉണ്ട്. അന്ധവിശ്വാസങ്ങൾ, മന്ത്രവാദം, ദൈവത്തെ അറിയാത്ത ആളുകളുടെ ശക്തമായ സ്വാധീനം എന്നിവ ലോകത്തെല്ലായിടത്തും ഉണ്ട്. ഇന്നും ഇത് ആവർത്തിക്കുന്ന ഒരു ലോകത്തിലാണ് ക്രൈസ്തവർ ജീവിക്കുന്നതെന്ന മുന്നറിയിപ്പ് ഇവിടെ നിന്നും ലഭിക്കുന്നു. സത്യ – വിശ്വാസികൾ ഈ ആചാരങ്ങൾക്കും, ആരാധനകൾക്കും വശംവദരാകരുത്. സത്യ ദൈവത്തെ സ്നേഹിച്ചും, സേവിച്ചും, അനുസരിച്ചും ആശ്രാധിച്ചും നമുക്ക് മുന്നോട്ട് പോകാം. ദൈവ ഇഷ്ടം ചെയ്യുന്നതിന് പ്രിയപ്പെടാം. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More