കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ഗീതങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ ഗീതം

ബാബു തോമസ്സ് അങ്കമാലി

ഉത്തമഗീതം എന്ന പുസ്തകത്തിന് ഒരു ആമുഖം.
~~~~~~
ഉത്തമഗീതം – ആമുഖം.

ഉത്തമഗീതം എന്ന ശീർഷകം :- ഗീതങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ ഗീതം എന്ന് തലക്കെട്ട് സൂചിപ്പിക്കുന്നു.

ഗ്രന്ഥകർത്താവ് : ഒന്നാം അദ്ധ്യായം, ഒന്നാംവാക്യത്തിൽ നിന്നും ഈ ഗ്രന്ഥത്തിന്റെ രചയിതാവ് ശലോമോൻ എന്ന് കരുതാവുന്നതാണ്. എന്നാൽ എബ്രായ ബൈബിൾ രേഖകൾ അനുസരിച്ച് ശലോമോനെ സംബന്ധിക്കുന്ന ഗീതങ്ങൾ എന്നും അർത്ഥമാക്കാവുന്നതാണ്.

രചനാകാലം : ശലോമോൻ രചിച്ചതെങ്കിൽ, B.C. 970-930 വരെയുള്ള തന്റെ ഭരണകാലയളവിൽ ഈ ഗീതങ്ങൾ എഴുതിയതാവാം. എന്നാൽ വളരെയധികം പണ്ഡിതന്മാർ, ബാബിലോണിലെ പ്രവാസകാലത്തിന് ശേഷം ഈ പുസ്തകം, B.C. അഞ്ചാം നൂറ്റാണ്ടിൽ രചിച്ചതാണെന്ന് ചിന്തിക്കുന്നു.

പ്രതിപാദ്യവിഷയം:- വേദപുസ്തകവ്യാഖ്യാതാക്കൾ ഉത്തമഗീതത്തിലെ പ്രതിപാദ്യവിഷയങ്ങളെ സംബന്ധിച്ച് ഏകാഭിപ്രായം ഉള്ളവരല്ല. പ്രധാന കഥാപാത്രങ്ങളെക്കുറിച്ച് പോലും വിഭിന്ന അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. പല വ്യക്തികളും ഇത് ശലോമോനും, തന്റെ പ്രതിശ്രുധവധുവുമായുള്ള പ്രേമത്തിന്റെ കവിതാശൈലിയിലുള്ള വർണ്ണനയാണെന്ന് അഭിപ്രായപ്പെടുന്നു. അറിയപ്പെടാത്ത ഒരു ആട്ടിടയന്റെയും, അവന്റെ വധുവിന്റെയും പ്രേമകഥയാണ് ഉത്തമഗീതം എന്ന് ചില ആധുനിക വ്യാഖ്യാതാക്കൾ ചിന്തിക്കുന്നു. ഈ കഥയിലെ പ്രതിനായകൻ (നീചകഥാപാത്രം), ആട്ടിടയന്റെ വധുവിനെ തട്ടിയെടുക്കാൻ ശ്രമിക്കുന്ന ശലോമോൻ ആണെന്നും അവർ കരുതുന്നു. എന്നാൽ ഈ ഗീതം ഒരു പ്രതിരൂപ കഥയായി കരുതുന്നുവെങ്കിൽ, സ്വർഗ്ഗീയ രാജാവിനെയും തന്റെ ജനത്തെയും കുറിച്ച് പറയുന്ന ഒരു ഉപമയായി ഈ ഗാനത്തെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, ഈ ഗീതത്തിലെ മണവാളൻ ശലോമോൻ രാജാവ് തന്നെയായിരിക്കും. ഏറ്റവും അർത്ഥവത്തായ വ്യാഖ്യാനം അതുതന്നെയാണ്. ഈ കഥ ദൈവവും വിശ്വാസികളും തമ്മിലുള്ള സ്നേഹത്തെക്കുറിച്ചുള്ള ഒരു കഥയല്ലെന്ന് ചില വ്യാഖ്യാതാക്കൾ പഠിപ്പിക്കുന്നു, എന്നാൽ മറ്റു ചിലർ ഈ പുസ്തകത്തിന്റെ മുഖ്യ പ്രതിപാദ്യവിഷയം അതുതന്നെയെന്ന് വിശ്വസിക്കുന്നു.

സ്നേഹമാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം താഴക്കാണിച്ചിരിക്കുന്ന വിധം ഉള്ളടക്കം ക്രമീകരിക്കാവുന്നതാണ്. സ്ഥിരീകരിച്ചിരിക്കുന്ന സ്നേഹം 1:2-4 പ്രിയയുടെ (സ്നേഹത്തിന്റെ) ആകാംഷ 1:5-7 സ്നേഹം കൂട്ടായ്മയിൽ 1:9—2:7 സ്നേഹം അഭിലഷിച്ചും അഭ്യർത്ഥിച്ചും 2:8—3:1 സ്നേഹം പരീക്ഷിച്ചും തെളിയിച്ചും 3:1-5 സ്നേഹം ഊഷ്മളമായി പ്രകടിപ്പിക്കുന്നത് 3:6-11 പ്രിയയോടുള്ള പ്രിയന്റെ സ്നേഹം 4:1-16 സ്നേഹത്തിന്റെ സംതൃപ്തി 5:1 സ്നേഹം: ദൗർബല്യവും, പരാജയവും, പുനരുജ്ജീവിപ്പിക്കും 5:2-8 സ്നേഹം: ആത്മവിശ്വാസത്തോടെ 6:1-3 പ്രിയ പ്രിയനെ പുകഴ്ത്തുന്നു 6:4-13 സ്നേഹവർണ്ണന 7:1—8:4 പ്രേമത്തിന്റെ തീവ്രത 8:6-7 പ്രിയയുടെ ആകുലചിന്ത 8:8-12 പ്രിയയുടെ അഭിലാഷം 8:13-14

പ്രിയരേ, ക്രിസ്തുവിൻ്റെ സഭയോടുള്ള സ്നേഹത്തിൻ്റെ ആഴവും, നീളവും, വീതിയും, ഉയരവും വളരെ വ്യത്യസ്തമായ നിലയിൽ അവതരിപ്പിക്കുന്ന പുസ്തകമാണിത്. ശലോമോൻ്റെ ജ്ഞാനത്താൽ ആശയ സമ്പുഷ്ടവും അവഗാഹവുമായ ഒരു വിവരണമാണ്. വിശദീകരണവും, വിവരണവും വളരെ ബുദ്ധിമുട്ടുള്ള അധ്യായങ്ങൾ. എങ്കിലും ഇതിൻ്റെ പഠനം ക്രിസ്തുവിനോടുള്ള നമ്മുടെ സ്നേഹത്തെ വർദ്ധിപ്പിക്കട്ടെ. ദൈവം നമ്മെ സഹായിക്കട്ടെ. ദൈവ നാമത്തിന് മഹത്വം ആമേൻ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More