കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

മറ്റു പ്രിയന്മാരെക്കാൾ വിശേഷതയുള്ള എന്റെ പ്രിയൻ

ചിന്തകൾ യഥാർഥ്യങ്ങൾ

സത്യവേദപുസ്തകത്തിന്റെ ഇതിവൃത്വത്തിൽ 3 വിവാഹങ്ങൾ കാണുന്നുണ്ട് എന്ന് ഞാൻ പറഞ്ഞാൽ ആരും നെറ്റി ചുളിക്കരുത്. ബൈബിളിലെ ആദ്യ പുസ്തകമായ ഉല്പത്തി 2 ന്റെ 18 ൽ “അനന്തരം യഹോവയായ ദൈവം: മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും എന്നു അരുളിച്ചെയ്തു”. ഇതാണ് ദൈവം ആദ്യം നടത്തിക്കൊടുത്ത വിവാഹം.

എന്നാൽ ബൈബിളിലെ ഏറ്റവും അവസാനത്തെ പുസ്തകമായ വെളിപ്പാടു പുസ്തകം 19 ന്റെ 7 ൽ “നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു”. എന്ന് എഴുതിയിരിക്കുന്നത് സാധാരണ ഒരാൾ വായിച്ചാൽ അതിന്റെ ആക്ഷരീക അർത്ഥം എടുത്താൽ അത് ഒരു ഭോഷത്വമായി തോന്നും. വടക്കേയിന്ത്യളൊക്കെ അന്ധവിശ്വാസത്തിന്റെപേരിൽ തവളക്കല്യാണം, നായ്ക്കൽ തമ്മിലുള്ള കല്യാണം മുതലായ മൃഗങ്ങളുടെ കല്യാണമൊക്കെ ചിലപ്പോഴൊക്കെ വാർത്തകളാകാറുണ്ട്. അതൊക്കെ കേട്ട് പരിചയമുള്ളവർ കുഞ്ഞാടിന്റെ കല്യാണം എന്ന് കേൾക്കുമ്പോൾ അതിശയം പോലെ തലയിൽ കൈവയ്ക്കുമെന്നതിനാലാണ് ഈ ഭാഗം ഇത്രയും വിശദമാക്കുന്നത്.

ഇന്നലത്തെ ലേഖനത്തിൽ നാം പറഞ്ഞു നിർത്തിയത് ഉത്തമഗീതമെന്ന പുസ്തകത്തിലെ ആട്ടിടയനെ മാത്രം സ്നേഹിച്ച ഒരു യുവതിയോട്, തന്നെ കല്യാണം കഴിക്കാൻ ആഗ്രഹിച്ച ശലോമോൻ രാജാവ് തന്റെ തോഴികളെ വിട്ട് ചോദിപ്പിച്ച ഒരു ചോദ്യം, നിന്റെ പ്രിയന് മറ്റ് പ്രിയന്മാരെക്കാൾ എന്ത് വിശേഷത?. എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്നത്തെ നമ്മുടെ വിഷയം.

ഒന്നാമത്തെ വിവാഹം നാം വായിച്ചത് ദൈവം ആദമിന് ഹവ്വയെ കൊടുത്ത് നടത്തിയ വിവാഹം ആണെങ്കിൽ രണ്ടാമത് നാം കാണുന്നത് *കുഞ്ഞാടിന്റെ കല്യാണം എന്ന് വിശേഷിപ്പിക്കുന്ന കർത്താവായ യേശുക്രിസ്തുവും, രക്ഷിക്കപ്പെട്ട ദൈവജനമായ സഭയും തമ്മിലുള്ള വിവാഹമാണ്.

സങ്കീർത്തനങ്ങൾ 23 ന്റെ 1 ൽ ദാവീദ് “യഹോവ എന്റെ ഇടയനാകുന്നു”. എന്ന് പറയുമ്പോഴും, സങ്കീർത്തനങ്ങൾ 100 ന്റെ 3 ൽ “യഹോവ തന്നേ ദൈവം എന്നറിവിൻ”. എന്ന് പറഞ്ഞിട്ട്, “അവൻ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവർ ആകുന്നു; അവന്റെ ജനവും അവൻ മേയിക്കുന്ന ആടുകളും തന്നേ”. എന്ന് പറഞ്ഞു നിർത്തുമ്പോൾ മനുഷ്യരേയും ബൈബിൾ ആടുകളോട് ഉപമിച്ചിട്ടുണ്ട് എന്ന് സാരം. ഈ സത്യം എല്ലാ ബൈബിൾ വിശ്വാസികൾക്കുമറിയാം.

യോഹന്നാന്റെ സുവിശേഷം 1 ന്റെ 29 ൽ “പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു”. എന്ന് വിശേഷിപ്പിക്കുമ്പോൾ മനുഷ്യരെ മാത്രമല്ല നമ്മുടെ കർത്താവായ യേശുകർത്താവിനെയും ബൈബിൾ ആടിനോട്, അഥവാ കുഞ്ഞാടിനോട് ഉപമിച്ചിട്ടുണ്ട് എന്ന് വ്യക്തം.

കല്യാണം (1)
മനുഷ്യൻ മനുഷ്യനെ കല്യാണം കഴിക്കുന്നു. കല്യാണം കഴിക്കുന്ന സ്ത്രീ – പുരുഷന്മാരുടെ ആയുസ്സ് വരേമാത്രം നീണ്ടു നിൽക്കുന്നതായ കല്യാണം. ഈ കല്യാണം പറയത്തക്ക വിശേഷതയൊന്നുമുള്ളതല്ല. ലോകാരംഭം മുതൽ ഇന്നും നിലനിൽക്കുന്ന ഒന്നാണ്. ഇതിൽ ഭൂരിഭാഗം വീട്ടുകാർ ആലോചിച്ചിട്ടാണെങ്കിൽ, ചിലത് പ്രേമ വിവാഹങ്ങളാണ്.

ഇവിടെ ഒരു ആട്ടിടയ സ്ത്രീ, ഒരു ആട്ടിടയനെ ആത്മാർത്ഥമായി സ്നേഹിക്കുന്നു. പിരിയാൻ പറ്റാത്ത പ്രേമം. ഇതിന്നിടയിലാണ് ഒരു മഹോന്നതനായ രാജാവിന് ഈ സ്ത്രീയോട് അനുരാഗം. നമ്മുടെ കഥാ നായിക യുവതി ഒരിക്കലും ധാനികനായ ശലോമോൻ രാജാവിനെ ഇഷ്ടപ്പെടുന്നില്ല, അവന് പണവും, പദവിയും, പ്രതാപവുമുണ്ടെങ്കിലും അവൾക്ക് അവനെ ഇഷ്ടമല്ല. അവൾ ഇഷ്ടപ്പെടുന്നത് ഒരു ഇടയ ചെറുക്കനെയാണ്. ആ ഇടയന് സ്വന്തമായി വീടുണ്ടോ?, സ്വത്തും മുതലമുണ്ടോ ?, പദവികളും, പ്രമാണങ്ങളുമുണ്ടോ?, എന്നുള്ള ചോദ്യം അല്ല ഉയരുന്നത്. അവൾ പറയുന്നു, ആ യുവാവ് മറ്റു പ്രിയരേക്കാൾ ഏറ്റവും ശ്രേഷ്ഠനാണ്. എന്തുകൊണ്ട് എന്ന് ചെറുതായി ചിന്തിക്കാനാണ് ഇന്നത്തെ നമ്മുടെ ശ്രമം.

 

ഉത്തമ ഗീതം 2 ന്റെ 3 ൽ അവൾ പറയുന്നു “കാട്ടുമരങ്ങളുടെ ഇടയിൽ ഒരു നാരകംപോലെ യൌവനക്കാരുടെ ഇടയിൽ എന്റെ പ്രിയൻ ഇരിക്കുന്നു; അതിന്റെ നിഴലിൽ ഞാൻ അതിമോദത്തോടെ ഇരുന്നു; അതിന്റെ പഴം എന്റെ രുചിക്കു മധുരമായിരുന്നു”. അവൾ തന്റെ അനുഭവം പങ്ക് വയ്ക്കുകയാണ്.

2 ന്റെ 4 ലേക്ക് വരുമ്പോൾ “അവൻ എന്നെ വീഞ്ഞുവീട്ടിലേക്കു കൂട്ടിക്കൊണ്ടുചെന്നു; എന്റെ മീതെ അവൻ പിടിച്ചിരുന്ന കൊടി സ്നേഹമായിരുന്നു”. പറഞ്ഞാൽ തീരാത്ത സന്തോഷത്തോടെ അവൾ പറയുന്നു, അവൻ എന്റെ മീതെ ഒരു കൊടി പിടിച്ചിട്ടുണ്ട്. അത് സ്നേഹം എന്ന കോടിയാണ്.

അധികം വിസ്തരിക്കാതെ പറയട്ടെ, യഹോവ ഇടയനാണ്. ഈ ചെറുക്കനും ഇടയനാണ്.
ഉത്തമ ഗീതം 5 ന്റെ 9 മുതൽ 16 വരെയുള്ള ഭാഗത്ത്‌ തന്റെ പ്രിയനെക്കുറിച്ചുള്ള വിശേഷണങ്ങൾ നമുക്ക് വായിച്ച് കേൾക്കാം.
“സ്ത്രീകളിൽ അതിസുന്ദരിയായുള്ളോവേ, നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു? നീ ഇങ്ങനെ ഞങ്ങളോടു ആണയിടേണ്ടതിന്നു നിന്റെ പ്രിയന്നു മറ്റു പ്രിയന്മാരെക്കാൾ എന്തു വിശേഷതയുള്ളു. എന്റെ പ്രിയൻ വെണ്മയും ചുവപ്പും ഉള്ളവൻ, പതിനായിരംപേരിൽ അതിശ്രേഷ്ഠൻ തന്നേ. അവന്റെ ശിരസ്സു അതിവിശേഷമായ തങ്കം; അവന്റെ കുറുനിരകൾ ചുരുണ്ടും കാക്കയെപ്പോലെ കറുത്തും ഇരിക്കുന്നു. അവന്റെ കണ്ണു നീർത്തോടുകളുടെ അരികത്തുള്ള പ്രാവുകൾക്കു തുല്യം; അതു പാലുകൊണ്ടു കഴുകിയതും ചേർച്ചയായി പതിച്ചതും ആകുന്നു. അവന്റെ കവിൾ സുഗന്ധസസ്യങ്ങളുടെ തടവും നറുന്തൈകളുടെ വാരവും, അവന്റെ അധരം താമരപ്പൂവുംപോലെ ഇരിക്കുന്നു; അതു മൂറിൻ തൈലം പൊഴിച്ചുകൊണ്ടിരിക്കുന്നു; അവന്റെ കൈകൾ ഗോമേദകം പതിച്ചിരിക്കുന്ന സ്വർണ്ണനാളങ്ങൾ; അവന്റെ ഉദരം നീലരത്നം പതിച്ച ദന്ത നിർമ്മിതം. അവന്റെ തുട തങ്കച്ചുവട്ടിൽ നിർത്തിയ വെൺകൽത്തൂൺ; അവന്റെ രൂപം ലെബാനോനെപ്പോലെ, ദേവദാരുപോലെ തന്നേ ഉൽകൃഷ്ടമാകുന്നു. അവന്റെ വായ് ഏറ്റവും മധുരമുള്ളതു; അവൻ സർവ്വാംഗസുന്ദരൻ തന്നേ. യെരൂശലേംപുത്രിമാരേ, ഇവനത്രേ എന്റെ പ്രിയൻ; ഇവനത്രേ എന്റെ സ്നേഹിതൻ”.

ഈ ഇടയൻ നമ്മുടെ കർത്താവായ യേശുക്രിസ്തുവിനെ പ്രതിനിധാനം ചെയ്യുന്നു എന്ന് പറയാനാണ് എനിക്ക് താല്പര്യം. എന്തുകൊണ്ടെന്നാൽ ഉത്തമ ഗീതം 1 ന്റെ 4 ൽ ഈ യുവതി പറയുന്നു, “നിന്റെ പിന്നാലെ എന്നെ വലിക്ക; നാം ഓടിപ്പോക; രാജാവു എന്നെ പള്ളിയറകളിലേക്കു കൊണ്ടുവന്നിരിക്കുന്നു; ഞങ്ങൾ നിന്നിൽ ഉല്ലസിച്ചാനന്ദിക്കും; നിന്റെ പ്രേമത്തെ വീഞ്ഞിനെക്കാൾ ശ്ലാഘിക്കും; നിന്നെ സ്നേഹിക്കുന്നതു ഉചിതം തന്നേ”. പള്ളിയറയിലേക്ക് എന്നെ കൂട്ടിക്കൊണ്ടുവന്ന രാജാവിന്റെ അടുത്ത് നിന്ന് എന്നെ കൂട്ടിക്കൊണ്ട് പോകണം എന്ന് ആ യുവതി കരയുമ്പോൾ, *VOICE OF SATHGAMAYA ഈ ലേഖനത്തിൽ കൂടെ പറയാൻ ആഗ്രഹിക്കുന്ന കാര്യം നൈമിഷികമായ പൈശാചിക ലോക സുഖഭോഗങ്ങളിലേക്ക് ഇപ്പോൾ ഞാൻ വന്നുപെട്ടിരിക്കുന്നു. എന്നെ കൂട്ടിക്കൊണ്ട് പോകുക. ഞാൻ ആർത്തിയോടെ കാത്തിരിക്കുന്ന, അന്ന് എന്റെ മീതെ സ്നേഹം എന്ന കൊടി പിടിച്ചു വിരുന്ന് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ നീ വരും എന്ന പ്രത്യാശയിൽ ഞാൻ കാത്തിരിക്കുന്നു. ആ കുഞ്ഞാടിന്റെ കല്യാണത്തിന്റെ വിശേഷങ്ങൾ കർത്താവ് അനുവദിച്ചാൽ നാളെ ചിന്തിക്കാം.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More