Powered by: <a href="#">Manna Broadcasting Network</a>
പഠിക്കുക,
പഠിപ്പിക്കുക,
പഠിപ്പിക്കാൻ പഠിക്കുക.
ഇന്നലെ എനിക്ക് മാതൃഭൂമി ഡോട്ട് കോമിൽ നിന്നും ഫേസ്ബുക്കിൽ കിട്ടിയ ഒരു വാർത്ത അങ്ങിനെ തന്നെ കോപ്പി പേസ്റ്റ് ചെയ്ത് താഴെ ചേർക്കുന്നു. ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ അത്യാവശ്യം നമ്മൾ എല്ലാവരും ഒരുമിച്ച് ലഹരി വിരുദ്ധ ബോധവത്കരണം നടത്തണം എന്നതാണ്. അതുകൊണ്ടാണ് ഈ വാർത്ത ഞാനും ഷെയർ ചെയ്തിട്ടുള്ളത്. വായിച്ചാലും.
“മിഠായിയല്ല, സ്‌കൂൾ വിദ്യാർഥിയുടെ ബാഗിൽ കണ്ടത് ഇ-സിഗരറ്റ്! തൃശ്ശൂരിൽ പിടിച്ചത് വൻശേഖരം
നഗരത്തിലെ സ്കൂൾ വിദ്യാർഥിയിൽനിന്ന് രക്ഷിതാക്കൾ ഇ-സിഗരറ്റ് കണ്ടെടുത്തതും ഈ വിവരം പോലീസിൽ അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നത്.
തൃശ്ശൂർ: നഗരത്തിലെ രണ്ട് കടകളിൽനിന്നായി ഇ-സിഗരറ്റുകളുടെ വൻശേഖരം പിടികൂടി. പടിഞ്ഞാറെക്കോട്ടയിലെ വോഗ് ഡ്യൂട്ടി ഫ്രീ ഷോപ്പ്, വടക്കേസ്റ്റാൻഡിലെ ടൂൾസ് ടാറ്റു സെന്റർ എന്നിവിടങ്ങളിൽനിന്നാണ് ഇ-സിഗരറ്റുകൾ പിടിച്ചെടുത്തത്. തൃശ്ശൂർ സിറ്റി പോലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും ടൗൺ വെസ്റ്റ്, ഈസ്റ്റ് പോലീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
നഗരത്തിലെ സ്കൂൾ വിദ്യാർഥിയിൽനിന്ന് രക്ഷിതാക്കൾ ഇ-സിഗരറ്റ് കണ്ടെടുത്തതും ഈ വിവരം പോലീസിൽ അറിയിക്കുകയും ചെയ്തതിന് പിന്നാലെയാണ് വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടന്നത്. രക്ഷിതാക്കൾ വിദ്യാർഥിയുടെ ബാഗ് പരിശോധിച്ചപ്പോളാണ് ബാഗിൽനിന്ന് ഇ-സിഗരറ്റ് കണ്ടെടുത്തത്.
ആദ്യനോട്ടത്തിൽ മിഠായിയാണെന്ന് തോന്നിയെങ്കിലും വിശദമായി പരിശോധിക്കുകയും കാര്യങ്ങൾ ചോദിച്ചറിയുകയും ചെയ്തതോടെ സാധനം ഇലക്ട്രോണിക് സിഗരറ്റാണെന്ന് ബോധ്യപ്പെട്ടു. നഗരത്തിലെ ഒരു ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഇതിന്റെ വില്പനയുണ്ടെന്നും കുട്ടി വെളിപ്പെടുത്തി. ഇതോടെ രക്ഷിതാക്കൾ ഈ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു.
പോലീസ് നടത്തിയ പരിശോധനയിൽ രണ്ട് കടകളിൽനിന്നായി ഇ-സിഗരറ്റിന്റെ വൻശേഖരമാണ് കണ്ടെടുത്തത്. 2500 രൂപ വരെ ഈടാക്കിയായിരുന്നു ഇതിന്റെ വില്പന. ഇന്ത്യയിൽ ഇ-സിഗരറ്റ് ഇറക്കുമതി ചെയ്യുന്നതും വില്പന നടത്തുന്നതും നിരോധിച്ചതാണ്. ഒരുവർഷം തടവും ഒരുലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. ഇ-സിഗരറ്റ് ഒരുതവണ ഉപയോഗിച്ചാൽ കുട്ടികൾ ഇതിന് അടിമപ്പെടുമെന്ന് ആരോഗ്യപ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു”.
മുകളിലെ വാർത്ത വായിച്ചില്ലേ.ലഹരി വിരുദ്ധ ബോധവത്കരണത്തിൽ ഇനിയും നമ്മൾ എന്തിന് താമസിക്കണം. കർത്താവ് അനുവദിച്ചാൽ 2023 ജനുവരി മാസം സ്കൂൾ തുറക്കുന്നതുമുതൽ VOICE OF SATHGAMAYA ചെയ്യാൻ ആഗ്രഹിക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി സൗജന്യ പഠനവും പുസ്തക വിതരണവും നടത്താൻ ആഗ്രഹിക്കുന്നു.
ഈസ്, വാസ്, ആം, ഐ എന്നിങ്ങനെയുള്ള ഏറ്റവും ചെറിയ ഇംഗ്ലീഷ് വാക്കുകളുടെ സ്പെല്ലിങ്ങും, അർത്ഥവും, ഉപയോഗവും അറിയാത്ത എത്രയോ ഹൈ സ്കൂൾ കുട്ടികൾ നമ്മുടെ സമൂഹത്തിൽ ഉണ്ട് എന്ന് നിങ്ങൾക്ക് അറിയാമോ. ഇല്ലെങ്കിൽ, നിങ്ങളുടെ മുൻപിൽ വരുന്ന ഏതെങ്കിലും ഒരു ഹൈ സ്കൂൾ കുട്ടിയോട് മേൽ പറഞ്ഞ മൂന്ന് നാല് വാക്കുകളുടെ സ്പെല്ലിങ്ങും, അർത്ഥവും പ്രയോഗവും ചോദിച്ചു നോക്കൂ. അതുപോലെ ഹിന്ദിയിലെ യഹ്, വഹ്, ഹെ, ഹോ, ഹൈ, ഹം എന്നിങ്ങനെയുള്ള ഹിന്ദി വാക്കുകൾ കാണാപ്പാഠം എഴുതാനും, വായിക്കാനും, അർത്ഥം അറിഞ്ഞു ഉപയോഗിക്കാനും പറഞ്ഞു നോക്കൂ. ഇന്നത്തെ വിദ്യാർഥികൾക്കു മലയാള അക്ഷരം പോലും കൂട്ടിവായിക്കാൻ അറിയില്ല എന്ന് ഉന്നത അധികാരികൾ പോലും സമ്മതിച്ചിട്ടുണ്ട്. ഈ കുട്ടികളെ അവരവരുടെ ഗ്രാമങ്ങളിൽ പോയി പഠിപ്പിക്കുമ്പോൾ അവരുടെ സ്വഭാവരൂപീകരണം കൂടെ അതിലൂടെ നടക്കും എന്നതിനാൽ കഴിഞ്ഞ ദീർഘവർഷങ്ങളായി ഞങ്ങൾ ചെയ്തുവരുന്ന ശുശ്രുഷ 2023 ലും ചെയ്യാൻ ഞങ്ങൾ കർത്താവിൽ ആശ്രയിച്ച് തീരുമാനിക്കുന്നതിനു നിങ്ങളുടെ പ്രാർത്ഥനയും സഹകരണവും ആവശ്യമാണ്.
സങ്കീർത്തനങ്ങൾ 119 ന്റെ 5 ൽ “നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു എന്റെ നടപ്പു സ്ഥിരമായെങ്കിൽ കൊള്ളായിരുന്നു”. എങ്ങിനെ നമ്മുടെയും, നമ്മുടെ മക്കളുടെയും നടപ്പ് നമുക്ക് സ്ഥിരമാക്കാൻ കഴിയും.
മറുപടി സങ്കീർത്തനങ്ങൾ 119 ന്റെ 9 ൽ തന്നെയുണ്ട് “ബാലൻ തന്റെ നടപ്പിനെ നിർമ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാൽ തന്നേ”. എങ്ങിനെ അവർ ദൈവവചനം അറിയും. നമ്മൾ അവരിലേക്ക് എത്തിച്ചു കൊടുക്കേണ്ടേ?.
സദൃശ്യവാക്യങ്ങൾ 22 ന്റെ 6 ൽ “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക; അവൻ വൃദ്ധനായാലും അതു വിട്ടുമാറുകയില്ല”. ഈ വചനം കുട്ടികൾക്ക് ഉള്ളതല്ലല്ലോ, നമുക്കുള്ളതല്ലേ. ബാലൻ എങ്ങിനെയാണ് നടക്കേണ്ടത് എന്ന് തിരിച്ചറിയുന്ന നമ്മൾ ഈ ദൗത്യം ഏറ്റെടുത്തില്ലെങ്കിൽ പിന്നെ വേറെ ആര് പറയും. ലഹരി വിരുദ്ധ ബോധവത്കരണത്തിന് ക്ലാസ്സ് എടുത്ത് തിരിച്ചുവരുന്ന വഴിയിൽ ബാറിൽ കേറി മദ്യപിച്ചവരെ അവരുടെ പാർട്ടിക്കാർ തന്നെ സസ്പെന്റ് ചെയ്ത വാർത്ത നമ്മൾ വായിച്ചത് കഴിഞ്ഞ ആഴ്ചയിലല്ലേ. ഒരു സ്കൂളിൽ നിന്നും കച്ചവടത്തിന് വെച്ച ലഹരി പാഥാർത്ഥങ്ങൾ പിടിച്ചെടുത്ത വാർത്ത വന്നിട്ട് മാസം 2 കഴിഞ്ഞോ. ലഹരി വിരുദ്ധ ബോധവത്കരണത്തിന് യോഗ്യന്മാർ ലഹരി ഉപയോഗിക്കാത്തവരാണ് എന്ന് പൊതുജനം സമ്മതിക്കുമ്പോൾ, എന്തുകൊണ്ട് ഞങ്ങൾ മദ്യപിക്കുന്നില്ല, അതിന് ഞങ്ങളെ സഹായിക്കുന്ന ഘടകം ഏത്. മദ്യപാനം പാപത്തിന്റെ ഫലങ്ങളിൽ ഒന്നാണ്. റോമർ 6 ന്റെ 23 വായിച്ചു കേൾപ്പിച്ചിട്ട് *”പാപത്തിന്റെ ശമ്പളം മരണമത്രേ; ദൈവത്തിന്റെ കൃപാവരമോ നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ നിത്യജീവൻ തന്നേ”. എന്ന് സാക്ഷ്യം പറയാൻ നമുക്ക് അവസരങ്ങൾ ഒരുക്കം. അതിന്നായി ദൈവം നമ്മെ സഹായിക്കട്ടെ.