കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

നിങ്ങളെ തെറ്റിക്കുന്നവരെ തിരിച്ചറിയുക

ചിന്തകൾ യഥാർഥ്യങ്ങൾ

യോഹന്നാൻ എഴുതിയ ഒന്നാം ലേഖനം 2 ന്റെ 26 ൽ “നിങ്ങളെ തെറ്റിക്കുന്നവരെ ഓർത്തു ഞാൻ ഇതു നിങ്ങൾക്കു എഴുതിയിരിക്കുന്നു”. എന്ന് നാം വായിക്കുന്നുണ്ട്. ഈ ലേഖനത്തിന്റെ ആദ്യവാക്യങ്ങളിൽ നിന്നും വളരെ വ്യക്തമായി നമുക്ക് മനസ്സിലാക്കാൻ കഴിയുന്ന ഒരു വസ്തുത ഈ ലേഖനം ക്രിസ്തുവിനോട് കൂട്ടയ്‌മയുള്ള വിശ്വാസികൾക്ക് വേണ്ടി, അവരുടെ ശുദ്ധീകരണത്തിനും, ജീവിത ക്രമീകരണത്തിനും വേണ്ടി എഴുതിയതാണ് എന്ന് വ്യക്തം.
1യോഹന്നാൻ 1 ന്റെ 4 ൽ “നമ്മുടെ സന്തോഷം പൂർണ്ണമാകുവാൻ ഞങ്ങൾ ഇതു നിങ്ങൾക്കു എഴുതുന്നു”. എന്ന് പറയുമ്പോൾ ഇതുവരെ നമ്മുടെ സന്തോഷം പൂർണ്ണമായിട്ടില്ല എന്നതും വ്യക്തം.

1തെസ്സലൊനീക്യർ 5 ന്റെ 16 ൽ “എപ്പോഴും സന്തോഷിപ്പിൻ” എന്നും എഴുതിയിട്ടുണ്ട്. ചുരുക്കിപ്പറഞ്ഞാൽ ക്രിസ്തുവിശ്വാസികൾ എപ്പോഴും സന്തോഷിക്കേണം എന്ന് കർത്താവും, ശിഷ്യന്മാരും, അപ്പോസ്ഥലന്മാരും കൊതിച്ചിരുന്നു എന്ന് സത്യം. എന്നും ദൈവാലയത്തിൽ കൂടിവന്നിരുന്ന, പ്രാർത്ഥനയിലും, വചന പഠനത്തിലും ഉറ്റിരുന്ന, സകല മനുഷ്യരുടെയും കൃപ അനുഭവിച്ചിരുന്ന ഒന്നാം നൂറ്റാണ്ടിലെ ഒന്നാമത്തെ സഭയിൽ അവർക്ക് ഉണ്ടായിരുന്ന അവസ്ഥ ഇന്ന് നമുക്കും ഉണ്ടാകണം എന്ന കൊതിയാണ് കർത്താവിന്റെ ശിഷ്യന്മാർക്കും ഉള്ളത്. എന്നാൽ ചിലർ നമ്മളെ തെറ്റിക്കുന്നു അവരെ മുന്നിൽ കണ്ടുകൊണ്ടാണ് യോഹന്നാൻ തന്റെ ഒന്നാം ലേഖനം എഴുതിയത് എന്ന് ഈ ലേഖനം 2 ന്റെ 26 ൽ വളരെ വ്യക്തമല്ലേ ?. “നിങ്ങളെ തെറ്റിക്കുന്നവരെ ഓർത്തു ഞാൻ ഇതു നിങ്ങൾക്കു എഴുതിയിരിക്കുന്നു”.

ഇന്നും നമ്മുടെ ഇടയിൽ ദൈവമക്കളെ തെറ്റിക്കുന്ന അനേകരുണ്ട്. അവരും വിശ്വാസികൾ എന്നാണ് അറിയപ്പെടുന്നത്. രക്ഷിക്കപ്പെട്ടവരുടെ കൂട്ടത്തിൽ സ്നാനപ്പെട്ടവരായി കാണുന്ന ഇവരെ സാത്താൻ തന്റെ ജോലിക്കായി ഉത്സാഹിപ്പിക്കുമ്പോൾ ദൈവസഭയിലെ ശുശ്രുഷയുടെ മുൻപന്തിയിൽ പിശാച് ഇവരെ തിരുകി കയറ്റും. PSC യേയും, എംപ്ലോയിന്റ്മെന്റ് എക്സ്ചെയ്ഞ്ചിനേയും അട്ടിമറിച്ച് പിൻവാതിൽ നിയമനം നടത്തുന്നതുപോലെ കർത്താവ് തന്റെ രക്തത്താൽ വീണ്ടെടുത്ത തന്റെ സഭയിൽ ഉണ്ടായിരിക്കേണം എന്ന് ആഗ്രഹിച്ച് എഫെസ്യർ 4 ന്റെ 11 ലും, മറ്റു ചില വാക്യങ്ങളിലും പറയുന്ന “..ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു”. എന്ന സ്ഥലത്തേക്ക് ആണ് പിശാച് ഈ നാളുകളിൽ പിൻവാതിൽ നിയമനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. തൽഫലമായി ഇന്ന് സഭകളിൽ സന്തോഷമില്ല, സമാധാനമില്ല, സഭകൾ അഭ്യന്തര പ്രശ്നങ്ങളിലേക്ക് നീങ്ങുക വഴി സഭയ്ക്കുള്ള ആരാധനാലയങ്ങൾ അധികാരികൾ വന്ന് പൂട്ടി താക്കോൽ കൊണ്ടുപോകുന്ന അവസ്ഥയിലേക്ക് വരുന്ന സഭകളുടെ എണ്ണം നാൾക്ക് നാൾ വർദ്ധിച്ചുവരികയല്ലേ ?. അതുകൊണ്ട് ദൈവവചനം നമ്മിൽ ഇല്ല എന്ന് തുറന്ന് സമ്മതിക്കാൻ ആവശ്യമുണ്ട്.

1യോഹന്നാൻ 3 ന്റെ 7 ലേക്ക് വരുമ്പോഴും “കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുതു; അവൻ നീതിമാനായിരിക്കുന്നതുപോലെ നീതി ചെയ്യുന്നവൻ നീതിമാൻ ആകുന്നു”. എന്ന് വ്യക്തമാക്കുമ്പോൾ ദൈവമക്കളെ തെറ്റിക്കുന്നവർ നീതിമാന്മാർ അല്ല എന്നും ചിന്തിക്കാൻ കഴിയും.

വോയ്സ് ഓഫ് സത്ഗമയ ഈ ലേഖനത്തിലൂടെ പറയാൻ ഉദ്ദേശിക്കുന്നത് എന്തെന്നാൽ.. നമ്മളെ തെറ്റിക്കുന്നവരെ നാം തിരിച്ചറിയേണം. ബൈബിൾ പഠിപ്പിക്കുമ്പോൾ ഏത് അനീതിയും പാപം ആണ്.

തെറ്റിക്കുന്നവരെ നാം തിരിച്ചറിയണം. ദൈവവചനത്തിൽ എന്താണ് നീതി എന്നും, എന്താണ് അനീതി എന്നും വ്യക്തമായി രേഖപ്പെടുത്തി തന്നിരിക്കെ കൂട്ട് സഹോദരീ – സഹോദരന്മാരുടെ താല്പര്യത്തിന് വഴങ്ങി കൂട്ട് സഹോദരീ – സഹോദരന്മാരിൽ ആരോടെങ്കിലും അനീതി ചെയ്താൽ അത് ദൈവത്തിന് പൊറുക്കാൻ കഴിയാത്ത പാപമായി മാറും. അതുകൊണ്ടാണ് നാം നമ്മെ ദൈവീക മാർഗ്ഗത്തിൽ നിന്നും തെറ്റിക്കുന്നവരിൽ നിന്നും ഒഴിഞ്ഞിരിക്കാൻ അപ്പോസ്തലനായ യോഹന്നാൻ പ്രബോധിപ്പിക്കുന്നത്.

റോമർക്ക് എഴുതിയ ലേഖനം 14 ന്റെ 12 ൽ “ആകയാൽ നമ്മിൽ ഓരോരുത്തൻ ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടിവരും”. എന്ന് വായിച്ചിട്ട് തൊട്ട് താഴെ 14 ന്റെ 13 ൽ എഴുതിയിരിക്കുന്നു “അതുകൊണ്ടു നാം ഇനി അന്യോന്യം വിധിക്കരുതു; സഹോദരന്നു ഇടർച്ചയോ തടങ്ങലോ വെക്കാതിരിപ്പാൻ മാത്രം ഉറെച്ചുകൊൾവിൻ”.

ഇന്ന് സഹോദരീ – സഹോദരന്മാർക്ക് ഇടർച്ചയും, തടങ്ങലും വെച്ചിട്ട് മൗനമായിരിക്കുന്നവരെയും വിശ്വാസസമൂഹത്തിൽ നമുക്ക് കാണാൻ കഴിയും. നമ്മൾ ഓരോരുത്തരുമാണ് ദൈവത്തോടു കണക്കു ബോധിപ്പിക്കേണ്ടത് എന്ന് ബോധ്യമില്ലാതെ കാലം കഴിക്കുന്നവർ. ദൈവത്തിന്റെ കൈ നമ്മുടെ മേൽ ഭാരമായി വന്ന് യോനയെപ്പോലെ കടലിൽ എറിയപ്പെട്ടാലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നും ന്യായം ചോദിക്കുന്നവർ. മാനസ്സാന്തരപ്പെടാൻ 100 വട്ടം സമ്മതമാണ് എന്ന് പറയുന്ന നിനവേയിലുള്ളവർ മാനസ്സാന്തരപ്പെടരുത് എന്ന് വാശി പിടിക്കുന്നവർ. ഇവർ നമ്മുടെ സന്തോഷം നഷ്ടമാക്കും, നമ്മുടെ സ്വാതന്ത്ര്യം നഷ്ടമാക്കും. ആകയാൽ നമ്മെ തെറ്റിക്കുന്നവരെ നാം തിരിച്ചറിഞ്ഞേ മതിയാകൂ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More