Powered by: <a href="#">Manna Broadcasting Network</a>
പല സഭകളിലെയും മൂപ്പന്മാർ, അന്താരാഷ്ട്ര ശുശ്രൂഷകളിൽ തിരക്ക് ആയതു കൊണ്ട് സ്വന്തം സഭയിലെ ആടുകൾ പട്ടിണിയിലും, ആത്മീയ മന്ദതയിലും കൂടി കടന്നു പോകുന്നു. സഭയുടെ മൂപ്പൻമാർ ആയിരിക്കുന്നതിലും അധികം കാര്യങ്ങൾ മറ്റ് പലതിലും ചെയ്യുന്നവർ എന്തിനാണ് മൂപ്പൻ എന്ന ‘കിരീടവും’ ചൂടിയിരിക്കുന്നത് എന്ന് മനസിലാകുന്നില്ല. ആഴ്ചയിൽ ആറു ദിവസവവും യാത്രകളും, ക്ളാസ്സുകൾ എടുക്കലും, zoom മീറ്റിംഗികളും, കമ്മറ്റി മീറ്റിംഗുകളും തുടങ്ങി തിരക്കോടു തിരക്ക്, വചനത്തിൽ അധ്വാനിക്കാൻ ഇക്കൂട്ടർക്ക് എവിടെ സമയം?
മൂപ്പൻ സ്ഥാനം നിലനിർത്തുവാൻ ഞായർ രാവിലെ സഭാഹോളിൽ എത്തപ്പെടും. ആരാധന സുഗ്രാഹ്യമാക്കുവാൻ ഉള്ള നിർദ്ദേശങ്ങൾ കൊടുക്കുകയും, ആരൊക്കെ എന്തൊക്കെ ചെയ്യണം എന്ന് മുൻകൂട്ടി ക്രമീകരിക്കുകയും ചെയ്യുന്നു . ആത്മാവിന്റെ നടത്തിപ്പ് സൺഡേ സ്കൂൾ പാഠപുസ്തകത്തിൽ മാത്രം ആയി ചുരുങ്ങി.
വിദേശത്തു സ്ഥിര താമസം ഉള്ളവരിൽ ചിലർ നാട്ടിലെ സഭാ മൂപ്പൻ സ്ഥാനത്തു തുടരുന്നു എന്ന് കേൾക്കാൻ ഇടയായി. അവർ നാട്ടിൽ വരുമ്പോൾ മൂപ്പൻ സ്ഥാനക്കാർ. പിന്നെ ഗൾഫിൽ മൂപ്പൻ ആയിരുന്ന വ്യക്തി റിട്ടയർ ആയി നാട്ടിൽ വരുമ്പോൾ നേരെ മൂപ്പൻ പദവി. ഇങ്ങനെ മൂപ്പൻ എന്ന ദൈവീകനിയോഗത്തെ, കൃപാവരത്തെ മാനുഷീക ചിന്തകൾക്കൊണ്ടു നാനാവിധമാക്കി കളയുന്ന മൂർഖൻമാരെ സൂക്ഷിക്കണം.
അപ്പോസ്തലനായ പത്രോസ് (1പത്രോസ് 5:1-3) മൂന്നു പ്രധാന ഉത്തരവാദിത്വങ്ങളാണ് മൂപ്പന്മാരെ ഭരമേല്പ്പിക്കുന്നത് –
1. ആട്ടിന്‍ കൂട്ടത്തെ മേയിച്ചു കൊള്‍വീന്‍
2. ആട്ടിന്‍ കൂട്ടത്തിനു മാതൃകകളായിത്തീരുക
3. ആട്ടിന്‍ കൂട്ടത്തെ അദ്ധ്യക്ഷത ചെയ്യുവിന്‍.
മേയ്ക്കുക എന്ന ശുശ്രുഷ ഒരു ആട്ടിടയന് ആടുകളെ പരിപാലിക്കുകയും, കാക്കുകയും ചെയ്യുന്ന ക്ഷമയും, അദ്ധ്വാനവും വേണ്ട വേലയാണ്. കര്‍ത്താവ് ഉയര്‍ത്ത് എഴുന്നേറ്റതിന്ശേഷം ശിഷ്യമാര്‍ക്ക് പ്രത്യക്ഷനായ സമയത്ത് പത്രോസിനെ ഭരമേല്പ്പിക്കുന്നത് ”കുഞ്ഞാടുകളെ മേയ്ക്ക, ആടുകളെ മേയ്ക്ക” എന്ന മഹത്തരമായ ശുശ്രുഷയാണെന്ന് യോഹന്നാന് സുവിശേഷം 21:15-18വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാക്കാനാകും. അതായതു പുതിയ വിശ്വാസികളും, പക്വത പ്രാപിച്ച വിശ്വാസികളും അടങ്ങിയ ഒരു കൂട്ടത്തെ പരിപാലിക്കേണ്ട ഗൌരവമുള്ള ചുമതലയാണ് ഇടയശുശ്രുഷ. ഒരു സ്ഥലംസഭയില്‍ ഒന്നിലധികം മൂപ്പന്മാരെ ആക്കിയിരിക്കുന്നതിനു വലിയ ഉദ്ദേശ്യമുണ്ട്. ഒരിക്കലും ഇടയനില്ലാതെ ഇരിക്കുന്ന അവസ്ഥ ആടുകള്‍ക്ക് ഉണ്ടാകരുത്. എപ്പോഴും മൂപ്പന്മാരാല് പരിപാലിക്കപ്പെടേണ്ടതാണ് ദൈവസഭ. ഇടയന്റെ കരുതലും നിയന്ത്രണവുമില്ലാതെ ആട്ടിന്കൂട്ടത്തിനു സുരക്ഷിതരായിരിപ്പാന്‍ കഴിയില്ല. ഒന്നില്‍ കൂടുതല്‍ മൂപ്പന്മാരുടെ സാദ്ധ്യത സ്ഥലംസഭയുടെ എല്ലാ മേഖലകളിലും മൂപ്പന്മാരുടെ സാന്നിദ്ധ്യത്തെ ഉറപ്പിക്കുന്നു.
ആത്യന്തികമായി മൂപ്പൻ, സഭയെ നയിക്കുവാനായി, പോറ്റുവാനായി, കാക്കുവാനായി പരിശുദ്ധാത്മാവ് സ്ഥലംസഭയില്‍ ആക്കി വച്ചിരിക്കുന്ന ദൈവ മനുഷ്യനാണ്.
ഇതിനു അപവാദമായി, കൃപാവരം ഇല്ലാത്തവര്‍ മറ്റു പല ഭൌതീക യോഗ്യതകളുടെ പിൻബലത്തിൽ ‘മൂപ്പന്’ എന്ന ശുശ്രുഷയില്‍ ആയിരിക്കുന്നത് സഭയുടെ നന്മക്ക് ദോഷമായിത്തീരുകയും, സഭയുടെ സാക്ഷ്യത്തിന് മങ്ങലേല്പിക്കുകയും ചെയ്യും.
ഉദാഹരണമായി, നല്ല ജോലിയില്‍ നിന്നും വിരമിച്ചത് കൊണ്ട് മൂപ്പനായവര്, സ്വാധീനം ഉള്ളതുകൊണ്ട്, പണമുള്ളത് കൊണ്ട്, സഭയില്‍ തന്റെ കുടുംബക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍, പ്രായമായതു കൊണ്ട് , അപ്പൻ മൂപ്പൻ ആയിരുന്നത് കൊണ്ട് , തുടങ്ങി ഒട്ടനവധി കാര്യങ്ങളാല്‍ മൂപ്പനായിപ്പോയവരുണ്ട്. ഇത്തരത്തിലുള്ള ഇടയന്മാരാണ് ഇന്നു ചുരുക്കം ചില സ്ഥലംസഭകളിലെങ്കിലും അരങ്ങു വാഴുന്നത്. അതിന്റെ ഭവിഷ്യത്താണ് ഇന്നു വേർപാട് പ്രസ്ഥാനത്തിൽ പലയിടങ്ങളിലും കാണുന്ന ആത്മീയ മൂല്യച്യുതിയും, ദൈവ ഭക്തി ഇല്ലായ്മയും.
(Social Media Collection)