കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ആഹാരത്തിന്റെ അധികാരി ജോസഫ്

ജേക്കബ് മുളന്തുരുത്തി എബനേസർ

യോസേഫിന്റെ താഴ്ചയും, ഉയർച്ചയും എന്ന വിഷയങ്ങളാണല്ലോ കഴിഞ്ഞദിവസങ്ങളിലെ നമ്മുടെ ചിന്താവിഷയം.
യോസേഫ് ആഹാരത്തിന്റെ ഏക അധികാരിയായി മിസ്രയേമിൽ മാറ്റപ്പെട്ടു എന്നതാണ് ഇന്നത്തെ വിഷയം. നിങ്ങൾ ക്ഷമത്താൽ നശിച്ചുപോകാതിരിപ്പാൻ എല്ലാവരും യോസേഫിന്റെ അടുക്കൽ ചെല്ലേണം എന്നുള്ള ഫാറാവോന്റെ കല്പനയാണ് യോസേഫിന്റെ സഹോദരന്മാരെ ആഹാരത്തിനായി അവന്റെ അടുക്കലേക്ക് നടത്തിയത്.

നമ്മുടെ കർത്താവായ യേശുക്രിസ്തു ജീവന്റെ അപ്പം ആണ്. പുത്രനെ നോക്കി, അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ ലഭിക്കുമെന്ന് പിതാവായ ദൈവം പ്രഖ്യാപനം ചെയ്തിരിക്കുകയാണ്.

യോഹന്നാൻ 6 ന്റെ 40 “പുത്രനെ നോക്കിക്കൊണ്ടു അവനിൽ വിശ്വസിക്കുന്ന ഏവന്നും നിത്യജീവൻ ഉണ്ടാകേണമെന്നാകുന്നു എന്റെ പിതാവിന്റെ ഇഷ്ടം; ഞാൻ അവനെ ഒടുക്കത്തെ നാളിൽ ഉയിർത്തെഴുന്നേല്പിക്കും.”
അപ്പോസ്തലനായ പത്രോസ് പ്രവൃത്തികൾ 4 ന്റെ 12 ൽ “മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല”. എന്നും പ്രഖ്യാപിക്കുന്നു.

മാന്യ സ്നേഹിതരെ, നിങ്ങൾക്ക് ഒരു ശരീരം മാത്രമല്ല ജീവനും, ആത്മാവും ഉണ്ട്. ശരീരത്തിന്റെ വിശപ്പ് തീർക്കുവാൻ ഭക്ഷണം എങ്കിൽ ആത്മാവിന്റെ വിശപ്പിനും ഭക്ഷണം നമുക്ക് ആവശ്യമാണ്. അതാണ് യേശുക്രിസ്തു. എന്നെ തിന്നുന്നവൻ എന്മൂലം ജീവിക്കും എന്ന് നമ്മുടെ കർത്താവ് പറഞ്ഞു. തിന്നുന്നവൻ എന്ന വാക്കിന് വിശ്വസിക്കുന്നവൻ എന്ന പര്യായമാണ് കാണുവാൻ സാധിക്കുന്നത്.

ജോസേഫിന്റെ അടുക്കലേക്കു വെറും ചാക്കുകളായി കടന്ന് ചെന്നവർ വിലകൂടാതെ നിറഞ്ഞ ചാക്കുകളുമായി വരുന്നത് നമുക്ക് കാണാൻ കഴിയുന്നതുപോലെ നമ്മുടെ കർത്താവിന്റെ അടുത്തേക്ക് നാം ചെന്നാൽ ആത്മീക ഭക്ഷണം സൗജന്യമായി ലഭിക്കും എന്ന് മനസ്സിലാക്കുക.

യോസേഫിന്റെ അടുത്തേക്ക് വന്ന സ്വന്തം സഹോദരന്മാർക്ക് യോസേഫിനെ മനസ്സിലായില്ല എങ്കിലും യോസേഫിനു അവരെ 10 പേരെയും വ്യക്തമായി തിരിച്ചറിയാൻ കഴിഞ്ഞു. മിസ്രയേമ്യരുടെ ഭാഷയും എബ്രായരുടെ ഭാഷയും വ്യത്യാസം ഉള്ളതായതിനാൽ യോസേഫ് തന്റെ സഹോദരന്മാരോട് ദ്വി ഭഷി അഥവാ തർജ്ജമക്കാരൻ മൂലമാണ് സംസാരിച്ചിരുന്നത്. എങ്കിലും സഹോദരന്മാരുടെ സംസാരം യോസേഫിനു വ്യക്തം ആയിരുന്നു. യോസേഫിന്റെ സഹോദരന്മാരുടെ സ്വന്തം ഭാഷയിലുള്ള അനുതാപവും, സങ്കടവും, നിസ്സഹായതയും കേട്ടപ്പോൾ യോസേഫിനു വേദനയുണ്ടായി. താൻ കരഞ്ഞതായി പല വാക്യങ്ങളിൽ നാം വായിക്കുന്നത്.

പ്രിയമുള്ളവരെ, നമ്മെ ഓർത്ത് കരഞ്ഞു എന്ന് ലൂക്കോസും തന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്തുകൊണ്ടാണ് യോസേഫ് കരഞ്ഞത് എന്ന് നാം ചിന്തിക്കുമ്പോൾ, അവർ അവനെ ഉപദ്രവിച്ചു, ദ്വേഷിച്ചു, ദ്രോഹിച്ചു എങ്കിലും അതൊക്കെ അവരുടെ അറിവില്ലായ്മകൊണ്ടാണ് എന്ന് ഇപ്പോൾ യോസേഫ് മനസ്സിലാക്കിയതുകൊണ്ടാണ്. തന്നെ യഹോവയായ ഇവിടെ കൊണ്ടുവന്നത്, തന്റെ സഹോദരന്മാരുടെ ജീവരക്ഷയ്ക്ക് വേണ്ടിയാണ് എന്ന് അവൻ തിരിച്ചറിഞ്ഞു. തന്റെ കഷ്ടം, സങ്കടം, വേദന, പൊട്ടക്കുഴിയുടെ അനുഭവം എല്ലാം മറന്ന യോസേഫ് അവരോട് പറഞ്ഞു. ഉല്പത്തി 45 ന്റെ 5 “എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു”. എന്റെ അപ്പനും നിങ്ങളും സുഭിക്ഷം അനുഭവിക്കാൻ അത് ആവശ്യമായിരുന്നു.

നമ്മുടെ കർത്താവും സ്വർഗ്ഗം വിട്ട് തന്നത്താൻ ഒഴിച്ച് ഈ ഭൂമിയിൽ വന്നത് തന്റെ സ്വന്തത്തിലേക്കാണ്. സ്വന്തരാജ്യത്തിലേക്കു, ദാവീദിന്റെ വേരും, മുളയും, കൊമ്പും, സിംഹസനവും ഉള്ളേടത്തേക്കു തന്നെയാണ് അവൻ രാജാവായിട്ട് വന്നത്.
യോഹന്നാൻ 1 ന്റെ 11 “അവൻ സ്വന്തത്തിലേക്കു വന്നു; സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല”. അവനെ കൈക്കൊള്ളാത്ത സ്വന്തക്കാരായ നമ്മുടെ അവസ്ഥ മനസ്സിലാക്കിയാണ് നമ്മുടെ കർത്താവ് കരഞ്ഞത്. ലൂക്കോസ് 19 ന്റെ 41 “അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിച്ചു കരഞ്ഞു”.

ഇന്നാളിൽ നിന്റെ സന്ദർശനകാലം നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു, ഇപ്പോഴോ അത് നിന്റെ കണ്ണിനു മറവായിരിക്കുന്നു. ഈ സത്യം മനസ്സിലാക്കിയാണ് നമ്മുടെ കർത്താവും കരഞ്ഞത്. കർത്താവിന് തന്റെ ദീർഘദൃഷ്ടിയിൽ നാളെ ഇവർക്ക് സംഭവിക്കാനിരിക്കുന്ന ആ വലിയ ദുരന്തം കാണാൻ കഴിയുമായിരുന്നു. അറിയായ്മയുടെ കാലം എന്നൊരു കാലം നമ്മുടെ മുൻപിലുണ്ട്. നാമും ദൈവത്തെ വിട്ട് ദൂരവേ പോയിരുന്നവരല്ലേ?. നമ്മുടെ കാലഘട്ടത്തെക്കുറിച്ച് യെശയ്യാ പ്രവാചകൻ 1 ന്റെ 4,5,6 വാക്യങ്ങളിൽ പറയുന്നു.
“അയ്യോ പാപമുള്ള ജാതി! അകൃത്യഭാരം ചുമക്കുന്ന ജനം! ദുഷ്‌പ്രവൃത്തിക്കാരുടെ സന്തതി! വഷളായി നടക്കുന്ന മക്കൾ! അവർ യഹോവയെ ഉപേക്ഷിച്ചു യിസ്രായേലിന്റെ പരിശുദ്ധനെ നിരസിച്ചു പുറകോട്ടു മാറിക്കളഞ്ഞിരിക്കുന്നു. ഇനി നിങ്ങളെ അടിച്ചിട്ടു എന്തു? നിങ്ങൾ അധികം അധികം പിന്മാറുകേയുള്ളു; തല മുഴുവനും ദീനവും ഹൃദയം മുഴുവനും രോഗവും പിടിച്ചിരിക്കുന്നു. അടിതൊട്ടു മുടിവരെ ഒരു സുഖവും ഇല്ല; മുറിവും ചതവും പഴുത്തവ്രണവും മാത്രമേ ഉള്ളു; അവയെ ഞെക്കി കഴുകീട്ടില്ല, വെച്ചുകെട്ടീട്ടില്ല, എണ്ണപുരട്ടി ശമിപ്പിച്ചിട്ടുമില്ല”.
ഇതായിരുന്നു നമ്മുടെ അവസ്ഥ. തന്റെ സ്വന്തക്കാർ കൈവിട്ടപ്പോഴത്തെ അവസ്ഥ. സ്വന്തം മിശിഹായെ ആണ് അവർ, ഇവനെ ഞങ്ങൾക്ക് വേണ്ട, ഇവനെ ക്രൂശിക്ക, ക്രൂശിക്ക എന്ന് പറഞ്ഞു തള്ളിക്കളഞ്ഞത്. തന്മൂലം ജാതികളായ നമുക്ക് അത് രക്ഷയ്ക്ക് മുഖാന്തരമായി ഭാവിച്ചു. സ്തോത്രം.

തന്മൂലമുള്ള പിതാവിന്റെ കല്പനയാണ് യോഹന്നാൻ 1 ന്റെ 12 ൽ കാണുന്നത്. “അവനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു”. തന്മൂലം ഒരു വലിയ കൂട്ടം മക്കൾ എന്ന നിലയിൽ കർത്താവിന്റെ അവകാശികളായി തീർന്നിരിക്കുകയാണ്. പിതാവായച്ച പുത്രനെ രക്ഷകനായി ആര് വിശ്വസിക്കുന്നുവോ അവർക്ക് എല്ലാവർക്കും ദൈവത്തിന്റെ മക്കൾ ആകാൻ അവകാശം ലഭിച്ചു. നിത്യജീവനും സ്വർഗ്ഗരാജ്യവും ലഭിച്ചു. സ്തോത്രം.

പ്രിയ സഹോദരീ സഹോദരങ്ങളെ ഈ ഒരു അവസ്ഥയിലേക്ക് നിങ്ങൾ കടന്ന് വന്നിട്ടുണ്ടോ?. പാരമ്പര്യത്തിന്റെയും, മറ്റും, മറ്റും പിന്നാലെ നാം ഇന്നും പായുകയല്ലേ?. പാപത്തിൽ ജനിച്ചു അതിന്റെ പരിണിതഫലങ്ങൾ അനുഭവിച്ച് പാതാളത്തിലേക്കു പാഞ്ഞുകൊണ്ടിരിക്കുന്ന ഈ സ്ഥിതിയിൽ നിന്നും നമ്മെ ഉദ്ധരിക്കുവാൻ പരത്തിൽ നിന്നും നമ്മുടെ കർത്താവ് ഈ പാരിലേക്ക് ഇറങ്ങിവന്ന് പാരിനും, പരത്തിനും മദ്ധ്യേ താൻ തൂങ്ങപ്പെട്ടു. പാരിൽ മരിച്ചു, അടക്കപ്പെട്ടു, ഉയിർത്തെഴുന്നേറ്റു ഇന്നും സ്വർഗ്ഗത്തിൽ താൻ ജീവിക്കുന്നു.

യോസേഫിനെ തള്ളിക്കളഞ്ഞവർക്ക് പിന്നീട് യോസേഫ് രക്ഷയായി തീർന്നതുപോലെ മിശിഹായെ തള്ളിക്കളഞ്ഞവർക്ക് മിശിക ഇന്ന് രക്ഷകനാണ്. ആകയാൽ ആ കർത്താവിനെ കൈക്കൊണ്ടു അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ ദൈവം അധികാരം തന്നിരിക്കുകയാൽ അത് സ്വീകരിക്കാൻ നമുക്ക് മനസ്സുണ്ടാകണം. അല്ലാതെ പാരമ്പര്യത്തിന്റെ കെട്ടിൽ പെട്ട്, നേർച്ചകളും, കാഴ്ചകളുമായി അവിടേയും, ഇവിടേയും അലയാതെ രക്ഷകന്റെ അടുത്തേക്ക് മടങ്ങിവന്ന്‌ നിത്യജീവൻ പ്രാപിക്കാൻ ഈ അനുഭവം ഇല്ലാത്ത ആരെങ്കിലും ഞങ്ങളുടെ വായനക്കാരിൽ ഉണ്ടെങ്കിൽ അവർക്കും ഇടയാകണം എന്ന ആത്മാർത്ഥ ആഗ്രഹത്തോടെ…..

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More