Powered by: <a href="#">Manna Broadcasting Network</a>
ഉത്തരം: ശബ്ബത്ത് ശനിയാഴ്ച ആയതുകൊണ്ട് യേശുക്രിസ്തുവിനെ വെള്ളിയാഴ്ച ക്രൂശിച്ചു എന്ന് ഈ വിഷയത്തെപ്പറ്റി വേണ്ടത്ര പഠിക്കാതെ തന്നെ ആളുകള്‍ വാദിക്കുന്നു. നാമധേയ ക്രൈസ്തവ സഭകള്‍ എല്ലാം അങ്ങനെ ഒരു നിലപാട് പുലര്‍ത്തുന്നവരാണ്. നമ്മില്‍ പലരുടെയും പിതാക്കന്മാര് നാമധേയ ക്രൈസ്തവ സഭകളില്‍ നിന്ന് വന്നവരായതുകൊണ്ട് അവരില്‍ പലരുടെയും ഉള്ളില്‍ യേശുക്രിസ്തു ക്രൂശിക്കപ്പെട്ടത് വെള്ളിയാഴ്ചയാണെന്നു ഒരു ധാരണ കിടക്കുന്നുണ്ട്. കുട്ടിക്കാലത്ത് തന്നെ ഈ അറിവ് നമ്മുടെ ഉള്ളിലേക്ക് പകരപ്പെടുകയും നമ്മളും അത് സത്യമെന്നു കരുതി വിശ്വസിക്കുകയും ചെയ്യുന്നു. നമ്മുടെ ഉള്ളില്‍ ഇങ്ങനെ ഒരു അറിവ് കിടക്കുന്നതിനാല്‍ നിഷ്പക്ഷമായി ഈ ഭാഗങ്ങള്‍ നമുക്ക് വായിക്കാന്‍ കഴിയാതെ പോകുന്നു. വായന ഈ ഭാഗത്ത് എത്തുമ്പോള്‍ നാം അറിയാതെ തന്നെ നമ്മുടെ മനസ്സ് വെള്ളിയാഴ്ച ക്രൂശീകരണം നടന്നു എന്നു സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ ശ്രദ്ധിക്കുകയും അതിനെതിരായി വരുന്ന വാക്യങ്ങളെ ശ്രദ്ധിക്കാതിരിക്കുകയും ചെയ്യുന്നു.
വെള്ളിയാഴ്ച ക്രൂശീകരണം നടന്നു എന്ന് വാദിക്കുന്നവര്‍ക്ക് വിശദീകരണം തരാന്‍ പ്രയാസമുള്ള വേദഭാഗങ്ങളാണ് മര്‍ക്കോസ്.16:1-ഉം ലൂക്കോസ്. 23:56-ഉം.
മര്‍ക്കോസ്.16:1 ആദ്യം നോക്കാം: “ശബ്ബത്ത് കഴിഞ്ഞ ശേഷം മഗ്ദലക്കാരത്തി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്ന് അവനെ പൂശേണ്ടതിനു സുഗന്ധവര്‍ഗ്ഗം വാങ്ങി.”
ഇനി ലൂക്കോസ്.23:56 നോക്കാം: “ഗലീലയില്‍ നിന്ന് അവനോടു കൂടെ പോന്ന സ്ത്രീകളും കല്ലറയും ശരീരവും വെച്ചവിധവും കണ്ടിട്ട് മടങ്ങിപ്പോയി സുഗന്ധവര്‍ഗ്ഗവും പരിമള തൈലവും ഒരുക്കി; കല്പനയനുസരിച്ചു ശബ്ബത്തില്‍ സ്വസ്ഥമായിരുന്നു.”
വിവരണത്തിലെ വൈരുധ്യം ശ്രദ്ധിച്ചു കാണുമല്ലോ? സുഗന്ധവര്‍ഗ്ഗം ഒരുക്കിയത് ശബ്ബത്തു കഴിഞ്ഞതിനു ശേഷമാണെന്ന് മര്‍ക്കോസും ശബ്ബത്തിനു മുന്പാണെന്ന് ലൂക്കോസും പറയുന്നു. ഇതെങ്ങനെ ശരിയാകും? ബൈബിളില്‍ വൈരുധ്യമില്ല എന്ന് ഏവര്‍ക്കും അറിവുള്ളതാണ്. വെള്ളിയാഴ്ചയാണ് ക്രൂശീകരണം നടന്നത് എന്ന് വാദിക്കുന്നവര്‍ ഈ രണ്ടു വാക്യങ്ങള്‍ തമ്മില്‍ പൊരുത്തപ്പെടാതെ പോകുന്നതിനു യുക്തമായ വിശദീകരണം ഇതുവരെ നല്‍കിയിട്ടില്ല!!
യെഹൂദന്മാരുടെ ശബ്ബത്തിനെപ്പറ്റി പഠിക്കാതെ ഈ വിഷയം നമുക്ക് മനസ്സിലാക്കാന്‍ കഴിയില്ല. അതിനാല്‍ ആദ്യം യെഹൂദന്മാരുടെ ശബ്ബത്തുകള്‍ നമുക്ക് ഒന്ന് പരിശോധിക്കാം. ശനിയാഴ്ച മാത്രമേ യെഹൂദന് ശബ്ബത്ത് ആചരിച്ചിരുന്നുള്ളൂ എന്നത് തെറ്റിദ്ധാരണയാണ്. ലേവ്യാപുസ്തകം ഇരുപത്തിമൂന്നാം അധ്യായത്തില്‍ യഹോവയുടെ ഉത്സവങ്ങളെക്കുറിച്ചു പറയുന്നുണ്ടു.ആദ്യം ശബ്ബത്തിനെക്കുറിച്ചു പറഞ്ഞുകൊണ്ടാണ് അതാരംഭിക്കുന്നത്:
“ആറു ദിവസം വേലചെയ്യണം. ഏഴാം ദിവസം വിശുദ്ധ സഭായോഗം കൂടേണ്ടുന്ന സ്വസ്ഥതക്കുള്ള ശബ്ബത്ത്. അന്ന് ഒരു വേലയും ചെയ്യരുത്. നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും അത് യഹോവയുടെ ശബ്ബത്ത് ആകുന്നു.”[1]
ശബ്ബത്തിന്റെ പ്രമാണങ്ങള്‍ ഇവിടെ പറഞ്ഞിട്ടുണ്ട്. രണ്ടു കാര്യങ്ങളാണു പറഞ്ഞിരിക്കുന്നത്.
1) അന്ന് വിശുദ്ധ സഭായോഗം കൂടണം.
2) അന്ന് യാതൊരു വേലയും ചെയ്യരുത്.
ശബ്ബത്തിനെക്കുറിച്ചു പറഞ്ഞതിനു ശേഷം ഉത്സവങ്ങളെക്കുറിച്ചു പറയുകയാണ്. അതില്‍ ചില ഉത്സവങ്ങള്‍ ഈ വിഷയത്തോടുള്ള ബന്ധത്തില്‍ ശ്രദ്ധേയമാണ്:
“അതത് കാലത്ത് വിശുദ്ധ സഭായോഗം വിളിച്ചു കൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങള്‍ ഇവയാകുന്നു: ഒന്നാം മാസം പതിനാലാം തിയ്യതി സന്ധ്യാ സമയത്ത് യഹോവയുടെ പെസഹ. ആ മാസം പതിനഞ്ചാം തിയ്യതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധ സഭായോഗം ഉണ്ടാകണം; സാമാന്യവേല യാതൊന്നും ചെയ്യരുത്. നിങ്ങള്‍ ഏഴു ദിവസം യഹോവയ്ക്കു ദഹനയാഗം അര്‍പ്പിക്കണം; ഏഴാം ദിവസം വിശുദ്ധ സഭായോഗം; അന്ന് സാമാന്യവേല യാതൊന്നും ചെയ്യരുത്.”[2]
“ശബ്ബത്തിന്റെ പിറ്റന്നാള്‍ മുതല്‍, നിങ്ങള്‍ നീരാജനത്തിന്റെ കറ്റ കൊണ്ടുവന്ന ദിവസം മുതല്‍ തന്നെ, എണ്ണി ഏഴു ശബ്ബത്ത് തികയണം. ഏഴാമത്തെ ശബ്ബത്തിന്റെ പിറ്റേദിവസം വരെ അമ്പതുദിവസം എണ്ണി യഹോവയ്ക്കു പുതിയ ധാന്യം കൊണ്ട് ഒരു ഭോജന യാഗം അര്‍പ്പിക്കണം. നീരാജനത്തിനു രണ്ടിടങ്ങഴി മാവ് കൊണ്ട് രണ്ടപ്പം നിങ്ങളുടെ വാസസ്ഥലങ്ങളില്‍ നിന്നു കൊണ്ടുവരണം; അത് നേരിയ മാവുകൊണ്ടുള്ളതും പുളിപ്പിച്ചു ചുട്ടതും ആയിരിക്കണം; അത് യഹോവയ്ക്കു ആദ്യ വിളവു. അപ്പത്തോട് കൂടെ ഒരു വയസ്സ് പ്രായമുള്ള ഊനമില്ലാത്ത ഏഴു ചെമ്മരിയാട്ടിന്‍കുട്ടിയേയും ഒരു കാളക്കുട്ടിയെയും രണ്ടു മുട്ടാടിനെയും അര്‍പ്പിക്കണം; അവയും അവയുടെ ഭോജനയാഗവും പാനീയയാഗവും യഹോവയ്ക്കു സൗരഭ്യവാസനയായ ദഹനയാഗമായി യഹോവയ്ക്കു ഹോമയാഗമായിരിക്കണം. ഒരു കൊലാട്ടു കൊറ്റനെ പാപയാഗമായും ഒരു വയസ്സ് പ്രായമുള്ള രണ്ടു ആട്ടിന്‍കുട്ടിയെ സമാധാന യാഗമായും അര്‍പ്പിക്കണം. പുരോഹിതന് അവയെ ആദ്യ വിളവിന്റെ അപ്പത്തോടും രണ്ടു ആട്ടിന്‍കുട്ടിയോടും കൂടെ യഹോവയുടെ സന്നിധിയില്‍ നീരാജനം ചെയ്യണം; അവ പുരോഹിതനു വേണ്ടി യഹോവയ്ക്കു വിശുദ്ധമായിരിക്കണം. അന്ന് തന്നെ നിങ്ങള്‍ വിശുദ്ധ സഭായോഗം വിളിച്ചുകൂട്ടണം; അന്ന് സാമാന്യ വേല യാതൊന്നും ചെയ്യരുത്; ഇത് നിങ്ങളുടെ സകല വാസസ്ഥലങ്ങളിലും തലമുറ തലമുറയായി എന്നേക്കുമുള്ള ചട്ടം ആയിരിക്കണം.”[3]
“യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേല്‍ മക്കളോട് ഇപ്രകാരം പറയണം: ഏഴാം മാസം ഒന്നാം തിയ്യതി നിങ്ങള്‍ക്ക് കാഹള ധ്വനിയുടെ ജ്ഞാപകവും വിശുദ്ധ സഭായോഗമുള്ള സ്വസ്ഥ ദിവസവുമായിരിക്കണം. അന്ന് സാമാന്യ വേല യാതൊന്നും ചെയ്യാതെ യഹോവയ്ക്കു ദഹനയാഗം അര്‍പ്പിക്കണം”[4]
“യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: ഏഴാം മാസം പത്താം തിയ്യതി പാപപരിഹാരദിവസം ആകുന്നു. അന്ന് നിങ്ങള്‍ക്ക് വിശുദ്ധ സഭായോഗം ഉണ്ടാകണം; നിങ്ങള്‍ ആത്മതപനം ചെയ്യുകയും യഹോവയ്ക്കു ദഹനയാഗം അര്‍പ്പിക്കുകയും വേണം. അന്ന് നിങ്ങള്‍ യാതൊരു വേലയും ചെയ്യരുത്; അത് നിങ്ങളുടെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നിങ്ങള്‍ക്ക് വേണ്ടി പ്രായശ്ചിത്തം കഴിക്കേണ്ടതിനുള്ള പാപപരിഹാരദിവസം. അന്ന് ആത്മതപനം ചെയ്യാത്ത ഏവനെയും അവന്റെ ജനത്തില്‍ നിന്ന് ചേദിച്ചു കളയണം. അന്ന് ആരെങ്കിലും വല്ല വേലയും ചെയ്താല്‍ അവനെ ഞാന്‍ അവന്റെ ജനത്തിന്റെ ഇടയില്‍ നിന്ന് നശിപ്പിക്കും.യാതൊരു വേലയും ചെയ്യരുത്; ഇത് നിങ്ങള്‍ക്ക് തലമുറതലമുറയായി നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും എന്നേക്കുമുള്ള ചട്ടം ആയിരിക്കണം. അത് നിങ്ങള്‍ക്ക് സ്വസ്ഥതക്കുള്ള ശബ്ബത്ത്; അന്ന് നിങ്ങള്‍ ആത്മതപനം ചെയ്യണം. ആ മാസം ഒമ്പതാം തിയ്യതി വൈകുന്നേരം മുതല്‍ പിറ്റെന്നാള്‍ വൈകുന്നേരം വരെ നിങ്ങള്‍ ശബ്ബത്ത് ആചരിക്കണം.”[5]
“യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു: നീ യിസ്രായേല്‍ മക്കളോട് ഇപ്രകാരം പറയണം: ഏഴാം മാസം പതിനഞ്ചാം തിയ്യതി മുതല്‍ ഏഴു ദിവസം യഹോവയ്ക്കു കൂടാരാപ്പെരുന്നാള്‍ ആകുന്നു. ഒന്നാം ദിവസത്തില്‍ വിശുദ്ധ സഭായോഗം ഉണ്ടാകണം; അന്ന് സാമാന്യ വേല യാതൊന്നും ചെയ്യരുത്. ഏഴു ദിവസം യഹോവയ്ക്കു ദഹനയാഗം അര്‍പ്പിക്കണം; എട്ടാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധ സഭായോഗം ഉണ്ടാകണം; യഹോവയ്ക്കു ദഹനയാഗവും അര്‍പ്പിക്കണം; അന്ന് അന്ത്യസഭായോഗം; സാമാന്യവേല യാതൊന്നും ചെയ്യരുത്”[6]
അടിവരയിട്ട ഭാഗങ്ങള്‍ ശ്രദ്ധിച്ചു കാണുമല്ലോ. ‘വിശുദ്ധ സഭായോഗം കൂടണം; സാമാന്യവേല യാതൊന്നും ചെയ്യരുത്’ എന്നുള്ളത് ശബ്ബത്തിന്റെ നിയമങ്ങളാണ്. ഉത്സവങ്ങളോട് ബന്ധപ്പെട്ടു ഏഴു പ്രാവശ്യം യഹോവയായ ദൈവം ഈ കല്പന കൊടുക്കുന്നുണ്ട്. അതായത് സാധാരണയുള്ള ശബ്ബത്തുകള്‍ക്ക് പുറമേ ഏഴു ശബ്ബത്തുകള്‍ കൂടി ഒരു വര്‍ഷത്തില്‍ യിസ്രായേല്‍ ജനം ആചരിക്കേണ്ടിയിരുന്നു എന്ന് സാരം! ഏഴു ഉത്സവങ്ങളില്‍ പെസഹക്കും ആദ്യഫലക്കറ്റയുടെ പെരുന്നാളിനും മാത്രമേ അവര്‍ക്ക് അധിക ശബ്ബത്ത് ഇല്ലാത്തതായുള്ളൂ. പകരം പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിനും കൂടാരപ്പെരുന്നാളിനും അവര്‍ ഈരണ്ടു ശബ്ബത്തുകള്‍ വീതം ആചരിക്കണമായിരുന്നു.
ഇനി പെസഹയെക്കുറിച്ചും പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിനെക്കുറിച്ചും ചില കാര്യങ്ങള്‍ നോക്കാം:
‘പെസഹാവ്യാഴം, ദുഃഖ:വെള്ളി’ എന്നൊക്കെ കത്തോലിക്കര്‍ പറയുന്നത് കേട്ട്കേട്ട് വ്യാഴാഴ്ചയാണ് പെസഹ എന്നൊരു ധാരണ നമ്മില്‍ പലരുടെയും ഉള്ളില്‍ കിടക്കുന്നുണ്ട്. പെസഹാ കുഞ്ഞാട്[7] പെസഹയുടെ അന്നല്ലേ അറുക്കപ്പെടേണ്ടത്, അല്ലാതെ പെസഹയുടെ പിറ്റെന്നാള്‍ ആണോ? പെസഹ വ്യാഴാഴ്ചയും, പെസഹയുടെ പിറ്റെന്നാള്‍ വെള്ളിയാഴ്ച പെസഹാകുഞ്ഞാടിനെ അറുക്കുകയും വേണം എന്നല്ലല്ലോ ദൈവം കല്പിച്ചത്? പെസഹാ വ്യാഴാഴ്ചയാണെന്നു വിശ്വസിക്കുന്നവര്‍ ക്രൂശീകരണവും വ്യാഴാഴ്ച നടന്നു എന്ന് വിശ്വസിക്കേണ്ടതല്ലേ? ‘എന്നാണു പെസഹാ ആചരിക്കേണ്ടത്, വ്യാഴാഴ്ചയാണോ?’ ദൈവവചനം എന്ത് പറയുന്നു എന്ന് നോക്കാം:
“ഒന്നാം മാസം പതിനാലാം തിയ്യതി സന്ധ്യാ സമയത്ത് യഹോവയുടെ പെസഹ” എന്നാണു നാം കാണുന്നത്. ‘ഒന്നാം മാസം പതിനാലാം തിയ്യതി’ എന്നുള്ളത് ഞായര്‍ മുതല്‍ ശനി വരെയുള്ള ഏതു ദിവസവും ആകാം. (ജനുവരി പതിനാലു ഏതു ദിവസമാണ് എന്ന് ചോദിച്ചാല്‍ എന്ത് മറുപടി പറയും?) ഓരോ വര്‍ഷവും അത് മാറിമറിഞ്ഞു വരും. അപ്പോള്‍ ‘പെസഹാവ്യാഴം’ എന്ന് പറഞ്ഞു നാമധേയ ക്രൈസ്തവര്‍ ഇന്ന് ആചരിക്കുന്നതു ബൈബിളില്‍ പറഞ്ഞിരിക്കുന്ന പെസഹാ അല്ല എന്ന് തെളിയുന്നു. അതുകൊണ്ടു തന്നെ പെസഹാ വ്യാഴാഴ്ചയാണെന്നു പറഞ്ഞു നമ്മള് വാദിക്കാന്‍ പോകേണ്ട; വാദിച്ചാല്‍ ജയിക്കുകയുമില്ല!!.
ഇനി പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിനെപ്പറ്റി നോക്കാം:
“ആ മാസം (ഒന്നാം മാസം) പതിനഞ്ചാം തിയ്യതി യഹോവയ്ക്കു പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍; ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഒന്നാം ദിവസം നിങ്ങള്‍ക്ക് വിശുദ്ധ സഭായോഗം ഉണ്ടാകണം; സാമാന്യവേല യാതൊന്നും ചെയ്യരുത്. നിങ്ങള്‍ ഏഴു ദിവസം യഹോവയ്ക്കു ദഹന യാഗം അര്‍പ്പിക്കണം; ഏഴാം ദിവസം വിശുദ്ധ സഭായോഗം; അന്ന് സാമാന്യവേല യാതൊന്നും ചെയ്യരുത്”
പെസഹയുടെ പിറ്റെന്നാള്‍ മുതല്‍ ഏഴു ദിവസമാണ് (അതായത് ഒന്നാം മാസം പതിനഞ്ചാം തിയ്യതി മുതല്‍ ഇരുപത്തൊന്നാം തിയ്യതിവരെ) പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാള്‍ ആചരിക്കേണ്ടത്. ഇതില്‍ പതിനഞ്ചാം തിയ്യതിയും ഇരുപത്തൊന്നാം തിയ്യതിയും ‘സാമാന്യവേല യാതൊന്നും ചെയ്യാതെ വിശുദ്ധ സഭായോഗം കൂടണം, അഥവാ ശബ്ബത്ത് ആചരിക്കണം’ എന്ന് ദൈവം കല്പിച്ചിട്ടുമുണ്ട്. ഒന്നാം മാസം പതിനഞ്ചാം തിയ്യതി എന്നുള്ളത് വര്‍ഷത്തിലെ ഏതു ദിവസവും ആകാം. അത് ഏതെങ്കിലും പ്രത്യേക ദിവസമാണെന്ന് പറയുന്നത് വിവരക്കേടാണ്. യെഹൂദന്മാര്‍ക്ക് ഒരു വര്‍ഷത്തില്‍ അധികമായി ആചരിക്കേണ്ടി വരുന്ന ഏഴു ശബ്ബത്തുകളില്‍ ആദ്യത്തേതാണ് പെസഹയുടെ പിറ്റേന്നാള്‍ അഥവാ ഒന്നാം മാസം പതിനഞ്ചാം തിയ്യതി വരുന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാളിലെ ആദ്യദിനമായ ശബ്ബത്ത്. ഇതിനെയാണ് യെഹൂദന്മാര്‍ വലിയ ശബ്ബത്ത് എന്ന് വിളിച്ചിരുന്നത്. മര്‍ക്കോസ്.16:1-ലും ലൂക്കോസ്.23:54-ലും യോഹന്നാന്.19:31-ലും പരാമര്‍ശിച്ചിരിക്കുന്നത് ഈ ശബ്ബത്തിനെയാണ്.
ഈ ശബ്ബത്തിനും സാധാരണ ശബ്ബത്തിനും ഇടയില്‍ ഉള്ള ദിവസത്തിലാണ് സഹോദരിമാര്‍ പോയി സുഗന്ധവര്‍ഗ്ഗവും പരിമിള തൈലവും വാങ്ങിയത്. “ശബ്ബത്തു കഴിഞ്ഞശേഷം മഗ്ദലനക്കാരി മറിയയും യാക്കോബിന്റെ അമ്മ മറിയയും ശലോമയും ചെന്ന് അവനെ പൂശേണ്ടതിനു സുഗന്ധ വര്‍ഗ്ഗം വാങ്ങി” എന്നു മര്‍ക്കോസ്.16:1-ല്‍ പറഞ്ഞിരിക്കുന്നതു ‘വലിയ ശബ്ബത്തു കഴിഞ്ഞ ശേഷം വാങ്ങി’ എന്ന അര്‍ത്ഥത്തിലാണ്.
എന്നാല്‍ “സ്ത്രീകള്‍ സുഗന്ധവര്‍ഗ്ഗവും പരിമിള തൈലവും ഒരുക്കി, കല്പന അനുസരിച്ച് ശബ്ബത്തില്‍ സ്വസ്ഥമായിരുന്നു’ എന്നു ലൂക്കോസ്.23:56-ല്‍ പറഞ്ഞിരിക്കുന്നത്, വലിയ ശബ്ബത്തു കഴിഞ്ഞതിനു ശേഷമുള്ള വെള്ളിയാഴ്ച ഇതെല്ലാം വാങ്ങി ഒരുക്കി വെച്ചതിനു ശേഷം ശനിയാഴ്ചയിലെ സാധാരണ ശബ്ബത്തില്‍ അവര്‍ സ്വസ്ഥമായിരുന്ന കാര്യമാണ്. ഇവിടെ യാതൊരു വൈരുദ്ധ്യവുമില്ല!! ഈ രണ്ടു ശബ്ബത്തുകളെക്കുറിച്ചു മനസ്സിലാക്കാത്തിടത്തോളം കാലം മര്‍ക്കോസ്.16:1-നെയും ലൂക്കോസ്.23:56-നെയും വൈരുദ്ധ്യമില്ലാത്ത വിധം വിശദീകരിക്കുവാന്‍ ആര്‍ക്കും കഴിയുകയില്ല.
ഇനി നമ്മുടെ പ്രധാന വിഷയത്തിലേക്ക് വരാം. യേശുക്രിസ്തു എന്നാണു ക്രൂശിക്കപ്പെട്ടത്? ഇത്രയും തെളിവുകളുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നത് ബുധനാഴ്ചയാണ് ക്രൂശീകരണം നടന്നത് എന്നാണു. ബുധനാഴ്ച ക്രൂശിക്കപ്പെടുകയും സൂര്യാസ്തമയത്തോടെ അടക്കപ്പെടുകയും ചെയ്യുന്നു. യഹൂദന്റെ ദിവസം സൂര്യാസ്തമയം മുതല്‍ പിറ്റെന്നാള്‍ സൂര്യാസ്തമയം വരെയാണ്.“സന്ധ്യയായി, ഉഷസ്സുമായി” എന്ന ഉല്പത്തിയിലെ പദപ്രയോഗങ്ങള്‍ ശ്രദ്ധിക്കുക. (ഉല്പ.1:5,8,13,19,22,31. നമ്മുടെ ശൈലി അനുസരിച്ചാണെങ്കില്‍ “രാവിലെ മുതല്‍ രാത്രിവരെ” എന്നായിരിക്കും പറയുക.) സൂര്യാസ്തമയത്തോടെ ബുധനാഴ്ച അവസാനിക്കുകയും വ്യാഴാഴ്ച ആരംഭിക്കുകയും ചെയ്തു. വ്യാഴാഴ്ച വലിയ ശബ്ബത്ത് ആണ്. വെള്ളിയാഴ്ച പകല്‍ സ്ത്രീകള്‍ സുഗന്ധവര്‍ഗ്ഗം വാങ്ങുകയും ഒരുക്കുകയും ചെയ്തു. അന്ന് പകല്‍ അവസാനിച്ചതോടെ ശനിയാഴ്ച അഥവാ സാധാരണ ശബ്ബത്ത് ആരംഭിക്കുന്നു. ആ ശബ്ബത്തില്‍ സ്വസ്ഥമായിരുന്ന സ്ത്രീകള്‍ ശബ്ബത്തു കഴിഞ്ഞ ശേഷം ആഴ്ച്ചവട്ടത്തിന്റെ ഒന്നാം നാള് അതായത് ഞായറാഴ്ച അതിരാവിലെ കല്ലറക്കല്‍ എത്തുന്നു. അവിടെ അവര്‍ ഒഴിഞ്ഞ കല്ലറയും ദൂതന്മാരെയും മാത്രം കാണുന്നു.
ഈ പറഞ്ഞ കാര്യങ്ങള്‍ ബൈബിളില്‍ നിന്നും നമുക്ക് ലഭിക്കുന്നുണ്ട്. വാക്യങ്ങള്‍ പരിശോധിക്കാം:
(ബുധനാഴ്ച) രാവിലെ ഒന്‍പതു മണിക്ക് യേശുക്രിസ്തുവിനെ ക്രൂശിക്കുന്നു[8]. ഇത് പ്രഭാത യാഗത്തിന്റെ സമയമാണ്[9]. (സൂര്യന് തലയ്ക്കു മുകളില്‍ എത്തുന്ന നട്ടുച്ചക്കും (പന്ത്രണ്ടു മണി) മൂന്നു മണിക്കൂര്‍ മുന്‍പാണ് പ്രഭാത യാഗം.) ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് യേശുക്രിസ്തു ആത്മാവിനെ ഏല്പിച്ചു കൊടുക്കുന്നു[10]. ഇത് സന്ധ്യായാഗത്തിന്റെ സമയമാണ്[11]. ഇതിനു ശേഷം അരിമഥ്യക്കാരനായ യോസേഫ് പിലാത്തോസിന്റെ അടുക്കല്‍ ചെന്ന് യേശുവിന്റെ ശരീരം ചോദിക്കുന്നു[12]. ശതാധിപനില്‍ നിന്ന് മരണ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം പിലാത്തോസ് യേശുവിന്റെ ഉടല് യോസേഫിനു വിട്ടു കൊടുക്കുന്നു[13]. യോസേഫും നിക്കൊദേമോസും കൂടി യഹൂദന്മാരുടെ സമ്പ്രദായ പ്രകാരം യേശുവിന്റെ ശരീരത്തെ സുഗന്ധവര്‍ഗ്ഗത്തോട് കൂടെ ശീല പൊതിഞ്ഞു കെട്ടി[14] ആരെയും ഒരിക്കലും വെച്ചിട്ടില്ലാത്തതുമായ കല്ലറയില്‍ വെച്ചു[15]. ഇതിനെല്ലാത്തിനും കൂടി മൂന്നു മണിക്കൂറോളം സമയം എടുത്തു. എന്തെന്നാല്‍, ശരീരം കല്ലറയില്‍ വെച്ച സമയത്ത് തന്നെ സൂര്യന് അസ്തമിക്കുകയും പുതിയ ദിവസം (വ്യാഴാഴ്ച, ആ വര്‍ഷത്തെ വലിയ ശബ്ബത്ത്) ആരംഭിക്കുകയും ചെയ്തതായി ലൂക്കോസ് പറയുന്നു[16]. വലിയ ശബ്ബത്തു കഴിഞ്ഞതിനു ശേഷം (വെള്ളിയാഴ്ച) സ്ത്രീകള്‍ ചെന്നു സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും വാങ്ങി[17]. വാങ്ങുക മാത്രമല്ല, അത് ഒരുക്കുകയും ചെയ്തു എന്ന് ലൂക്കോസിന്റെ വിവരണത്തില്‍ നിന്ന് മനസ്സിലാക്കാം[18]. വെള്ളിയാഴ്ച പകല്‍ മുഴുവനും ഇതിനു വേണ്ടി എടുത്തിട്ടുണ്ടാകണം. കാരണം, അവര്‍ അത് ഒരുക്കി തീര്‍ന്നപ്പോഴേക്കും സൂര്യന് അസ്തമിച്ചു പുതിയ ദിവസം (ശനിയാഴ്ച) ആരംഭിച്ചതിനാല്‍ അവര്‍ക്ക് കര്‍ത്താവിന്റെ ശരീരത്തില്‍ സുഗന്ധവര്‍ഗ്ഗം പൂശാന്‍ പോകാന്‍ കഴിയാതെ കല്പന അനുസരിച്ചു (ശനിയാഴ്ച) ശബ്ബത്തില്‍ സ്വസ്ഥമായിരിക്കേണ്ടി വന്നു[19]. അവര്‍ ഒരുക്കിയ സുഗന്ധവര്‍ഗ്ഗവും എടുത്തു ആഴ്ച്ചവട്ടത്തിന്റെ ഒന്നാം നാള് (ഞായറാഴ്ച) അതികാലത്തു അവര്‍ കല്ലറക്കല്‍ എത്തി[20]. അതിനു മുന്‍പേ ഇരുട്ടുള്ളപ്പോള്‍ത്തന്നെ മഗ്ദലക്കാരത്തി മറിയ കല്ലറക്കല്‍ ചെന്നിരുന്നു എന്ന് യോഹന്നാന് പറയുന്നുണ്ട്[21]. ഇവര്‍ ഇത്ര രാവിലേതന്നെ ചെല്ലാന്‍ കാരണം മരണം നടന്നു അന്നേക്ക് നാല് ദിവസമായത് കൊണ്ടായിരിക്കണം. എന്തെന്നാല്‍, നാറ്റം വെക്കുന്നതിനു മുന്‍പേ അവര്‍ക്ക് അവരുടെ കര്‍ത്താവിന്റെ ശരീരത്തില്‍ സുഗന്ധവര്‍ഗ്ഗവും പരിമളതൈലവും പൂശേണ്ടതുണ്ടായിരുന്നു. എന്നാല്‍ അവര്‍ ചെന്നപ്പോള്‍ കാണുന്നത് ഒഴിഞ്ഞ കല്ലറയാണ്. താന്‍ പറഞ്ഞത് പോലെ മൂന്നു രാവും മൂന്നു പകലും ഭൂമിക്കുള്ളിലിരുന്നതിനു ശേഷം[22] അവരുടെ കര്‍ത്താവ് ആഴ്ച്ചവട്ടത്തിന്റെ ഒന്നാം ദിവസം (ശനിയാഴ്ച സൂര്യാസ്തമയത്തിനു ശേഷം) മരണത്തെ ജയിച്ചു ഉയിര്‍ത്തെഴുന്നേറ്റു കഴിഞ്ഞിരുന്നു.
ഇതാണ് കര്‍ത്താവിന്റെ ക്രൂശീകരണ ദിവസത്തെക്കുറിച്ച് മുന്‍വിധികള്‍ ഇല്ലാതെ പഠിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത്. ഈ വിധത്തിലല്ലെങ്കില്‍ മര്‍ക്കോസ്.16:1-നെയും ലൂക്കോസ്.23:56-നെയും വൈരുദ്ധ്യമില്ലാത്ത വിധം വിശദീകരിക്കാന്‍ ആര്‍ക്കും കഴിയുകയില്ല.
മുന്ന് രാവും മുന്ന് പകലും
ദിവസം : 1
ബുധന്‍ 6 pm മുതല്‍ വ്യാഴം 6 am ഒരു രാത്രി
വ്യാഴം 6 am മുതല്‍ വ്യാഴം 6 pm ഒരു പകല്‍
ദിവസം : 2
വ്യാഴം 6 pm മുതല്‍ വെള്ളി 6 am ഒരു രാത്രി
വെള്ളി 6 am മുതല്‍ വെള്ളി 6 pm ഒരു പകല്‍
ദിവസം : 3
വെള്ളി 6 pm മുതല്‍ ശനി 6 am ഒരു രാത്രി
ശനി 6 am മുതല്‍ ശനി 6 pm ഒരു പകല്‍
[1] ലേവ്യാ.23:3
[2] ലേവ്യാ.23:4-8
[3] ലേവ്യാ.23:15-21
[4] ലേവ്യാ.23:23-25
[5] ലേവ്യാ.23:26-32
[6] ലേവ്യാ.23:33-36
[7] 1.കൊരി.5:7
[8] മര്‍ക്കോ.15:25
[9] സംഖ്യാ.28:3-8
[10] മത്താ.45-50
[11] സംഖ്യാ.28:3-8
[12] മര്‍ക്കോ.15:43
[13] മര്‍ക്കോ. 15:45
[14] യോഹ.19:38-40
[15] ലൂക്കോ.23:53
[16] ലൂക്കോ. 23:54
[17] മര്‍ക്കോ.16:1
[18] ലൂക്കോ.23:56
[19] ലൂക്കോ.23:56
[20] ലൂക്കോ.24:1
[21] യോഹ.20:1
[22] മത്താ.12:40