Powered by: <a href="#">Manna Broadcasting Network</a>
ഉത്തരം: അള്ളാഹു പഴയ നിയമത്തില്‍ ഉള്ള യഹോവയാണെന്നു വിശ്വസിക്കുന്ന അനേകം ക്രിസ്ത്യാനികള്‍ (രക്ഷിക്കപ്പെട്ടവര്‍ തന്നെ!!) നമ്മുടെ ഇടയിലുണ്ട്. ഖുറാന്‍റെ അവകാശവാദവും (സൂറ. 3:3,4) മുസ്ലിങ്ങളുടെ പ്രചാരണവും കൊണ്ടാണ് ക്രിസ്ത്യാനികള്‍ക്ക് പോലും ഇവര്‍ രണ്ടു പേരും ഒന്നാണെന്നുള്ള ചിന്ത വരുന്നത്. പ്രധാനമായും യഹോവ ഏകനെന്നു പറഞ്ഞിരിക്കുന്നത് പോലെ (ആവ.6:4) അല്ലാഹുവും ഏകനെന്നു പറഞ്ഞിരിക്കുന്നതിനാല്‍ (സൂറ.112:1) ആണ് ആളുകള്‍ വഞ്ചിതരാകുന്നത്. ആയതിനാല്‍ ഈ വിഷയം നമുക്കൊന്ന് പരിശോധിക്കാം:
ആദ്യം സൂറ 112 – താഴെ കൊടുക്കുന്നു:
‘പ്രവാചകന്‍ പറഞ്ഞു കൊടുക്കുക: അവന്‍ അല്ലാഹുവാകുന്നു, ഏകന്‍. അള്ളാഹു ആരുടേയും ആശ്രയം വേണ്ടാത്തവനും എല്ലാവരാലും ആശ്രയിക്കപ്പെടുന്നവനുമാകുന്നു. അവനു സന്തതിയെതുമില്ല, അവന്‍ ആരുടേയും സന്താനവുമല്ല. അവനു തുല്യനായി ആരുമില്ല.’
പ്രമുഖ ഖുറാന്‍ വ്യാഖ്യാതാവും ‘ജമാ അത്തെ ഇസ്ലാമി’ സ്ഥാപകനുമായ ജനാബ് അബുല്‍ അഅലാ മൌദൂദി രചിച്ച ‘തഹ്ഫീമുല്‍ ഖുര്‍ആന്‍’ എന്ന ഗ്രന്ഥത്തിന്‍റെ ഓണ്‍ലൈന്‍ എഡിഷനില്‍ ഈ അധ്യായത്തിന്‍റെ വാക്യ പ്രതിവാക്യമായ വിവര്‍ത്തനമുണ്ട്, അതിങ്ങനെയാണ്:
“നീ പറയുക: അല്ലാഹുവാണ് ഏകന്‍. അള്ളാഹു ആരെയും ആശ്രയിക്കാത്തവനും ഏവരാലും ആശ്രയിക്കപ്പെടുന്നവനും. അവന്‍ ജനിപ്പിച്ചിട്ടില്ല (പിതാവല്ല), അവന്‍ ജനിച്ചിട്ടുമില്ല (പുത്രനല്ല). ഇല്ല അവനു തുല്യനായി ആരും.”
ഈ അവകാശ വാദങ്ങള്‍ ഓരോന്നോരോന്നായി പരിശോധിക്കാം. ആദ്യം അല്ലാഹുവിന്‍റെ ഏകത്വം എന്ന വിഷയം :
ആവര്‍ത്തന പുസ്തകത്തില്‍ ‘യഹോവ ഏകനാകുന്നു’ എന്ന് പറഞ്ഞിടത്ത് ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ‘എക്കാദ്’ ആണ്. ‘ഒറ്റ’ എന്ന അര്‍ത്ഥത്തിലല്ല, മറിച്ചു ‘ഒന്നായിരിക്കുന്ന അവസ്ഥ’ എന്ന അര്‍ത്ഥത്തിലാണ് ബൈബിള്‍ ഈ പദം ഉപയോഗിച്ചിരിക്കുന്നത്. ആദാമിനേയും ഹവ്വയെയും കുറിച്ച് ‘അവര്‍ ഏക ദേഹമായി തീരും’ (ഉല്പത്തി. 2:25) എന്ന് പറയുവാന്‍ ഈ പദം മോശെ ഉപയോഗിച്ചിരിക്കുന്നു.ഭാരതീയരായ നാം ‘നാനാത്വത്തില്‍ ഏകത്വം’ എന്ന് പറയുമ്പോള്‍ ഉദേശിക്കുന്നത് ‘ഭാരതത്തില്‍ ഒരു ജനത മാത്രമേ ഉള്ളൂ’ എന്നല്ല, ഉള്ളവരെല്ലാം ഒന്നാണ് എന്നാണു.
ഏകം എന്ന പദത്തിന് നമ്മില്‍ പലരും ധരിച്ചു വച്ചിരിക്കുന്നത് പോലെ ‘ഒന്ന്’ എന്നല്ല അര്‍ഥം, ‘ഒന്നായിരിക്കുന്ന അവസ്ഥ’ എന്നാണു. ഏകം എന്ന പദത്തിന്‍റെ മറ്റൊരു രൂപമാണ് ‘ഐക്യം’ എന്നത്. ഒരാള്‍ക്ക് ഒരിക്കലും ഐക്യത്തോടെ നില്‍ക്കാന്‍ കഴിയില്ല, അതിനു കുറഞ്ഞത് രണ്ടു പേരെങ്കിലും വേണം.
‘ഒറ്റ’ എന്ന അര്‍ത്ഥത്തില്‍ ഉപയോഗിച്ചിരിക്കുന്ന എബ്രായ പദം ‘യാഖീദ്’ആണ്. യിഫ്താഹിന്‍റെ ഏക പുത്രി എന്ന് ന്യായാ.11:34-ല്‍ പറയുമ്പോള്‍ അവിടെ യാഖീദ് എന്നാണു ഉപയോഗിച്ചിരിക്കുന്നത്. ബൈബിളില്‍ ഒരിടത്ത് പോലും യഹോവയായ ദൈവത്തെ കുറിക്കുവാന്‍ യഖീദ് എന്ന പദം ഉപയോഗിച്ചിട്ടില്ല എന്നത് മറക്കാതിരിക്കുക. എന്നാല്‍ ഖുറാനില്‍ അല്ലാഹുവിനെ ‘ഏകന്‍’ എന്ന് പറഞ്ഞിരിക്കുന്നത് ഏതു ആശയത്തിലാണ്? എക്കാദ് എന്ന അര്‍ത്ഥത്തിലാണോ അതോ യഖീദ് എന്ന അര്‍ത്ഥത്തിലാണോ?
ഇത് രണ്ടുമല്ല എന്നതാണ് വാസ്തവം!! ‘അള്ളാഹു ഏകന്‍ ആണ്’ എന്ന് സൂറ112:1-ല്‍ പറയുമ്പോള്‍ ഉപയോഗിച്ചിരിക്കുന്ന അറബി പദം ‘അഹദ്’ എന്നാണു. ഈ പദത്തിന്’ഒന്ന്’ എന്നോ ‘ഒന്നായിരിക്കുന്ന അവസ്ഥ’ എന്നോ അല്ല, ‘ഒരുവന്‍’ എന്നാണു അര്‍ത്ഥം. വെറും ഒരുവനല്ല, ഒരു കൂട്ടത്തില്‍ ഉള്ള ഒരുവന്‍ !! (ആയിരത്തില്‍ ഒരുവന്‍ എന്നൊക്കെ പറയുന്നത് പോലെ) ഖുറാനില്‍ അഹദ് എന്ന പദം ഉപയോഗിച്ചിരിക്കുന്ന മറ്റു ഭാഗങ്ങള്‍ പരിശോധിച്ചാല്‍ ഇത് വ്യക്തമാകും. ചില ആയത്തുകള്‍ നോക്കാം:
1) സൂറ. 2:96 ‘ബഹുദൈവ വിശ്വാസികളില്‍ ഒരുവന്‍‘
2) സൂറ. 2:136 ‘പ്രവാചകന്മാരില്‍ ഒരുവന്‍‘
3) സൂറ. 9:84 ‘അവിശ്വാസികളില്‍ ഒരുവന്‍റെ ഖബറിന്നരികില്‍ നിന്ന് പ്രാര്‍ത്ഥിക്കരുത്’
ഈ ആയത്തുകളുടെ വെളിച്ചത്തില്‍ സൂറ 112:1 ‘അള്ളാഹു അഹദ് ആകുന്നു’എന്ന് പറയുമ്പോള്‍ ആര്‍ക്കും കിട്ടുന്ന അര്‍ത്ഥം ‘അള്ളാഹു ( കൂട്ടത്തില്‍ ) ഒരുവന്‍ ആകുന്നു ‘എന്നാണു.
മൌദൂദി സൂറ 112 ന്‍റെ വ്യാഖ്യാനത്തില്‍ അഹദ് എന്ന പദത്തിന് കൊടുത്തിരിക്കുന്ന വ്യാഖ്യാനം നോക്കുക:
“ഇവിടെ ആദ്യമായി ഗ്രഹിച്ചിരിക്കേണ്ട സംഗതിയിതാണ് : ഈ വാക്യത്തില്‍ അല്ലാഹുവിനെ ‘അഹദ്’ എന്ന് വിശേഷിപ്പിച്ചിട്ടുള്ളത് അറബി ഭാഷയില്‍ ഈ പദത്തിന്‍റെ അസാധാരണമായ പ്രയോഗമാണ്. സാധാരണ ഗതിയില്‍ ഈ പദം മറ്റൊന്നിനെ അതിനോട് ഘടിപ്പിച്ചു കൊണ്ടോ അതിനെ മറ്റൊന്നിനോട് ഘടിപ്പിച്ചു കൊണ്ടോ ആണ് ഉപയോഗിക്കുക. ഉദാ: ആഴ്ചയിലെ പ്രഥമ ദിവസം, നിങ്ങളിലൊരാളെ അയക്കുക. മൊത്തമായ നിഷേധത്തെ കുറിക്കാനും ഉപയോഗിക്കാറുണ്ട്. ഉദാ: എന്‍റെ അടുത്തു ആരും വന്നില്ല. അല്ലെങ്കില്‍ ചോദ്യ വാക്യത്തില്‍ സാമാന്യതയെ സൂചിപ്പിക്കാന്‍ ഉപയോഗിക്കുന്നു. ഉദാ: നിന്‍റെയടുത്തു വല്ലവനും ഉണ്ടോ? സോപാധിക വാക്യത്തിലും സാമാന്യതയെ സൂചിപ്പിക്കുവാന്‍ ഉപയോഗിക്കാറുണ്ട്. ഉദാ: നിന്‍റെയടുക്കല്‍ വല്ലവനും വന്നെങ്കില്‍ .
….ഖുര്‍ആന്‍ അവതരിക്കുന്നതിന് മുമ്പ് ഈ ഉപയോഗങ്ങള്‍ക്കല്ലാതെ, അറബി ഭാഷയില്‍ ഈ പദം ഒരു വസ്തുവിന്‍റെയോ വ്യക്തിയുടെയോ വിശേഷണമായി ഉപയോഗിച്ചതിനു ഉദാഹരണം കാണുകയില്ല. ഖുറാനിന്‍റെ അവതരണ ശേഷം ഈ പദം ദൈവസത്തയുടെ ഗുണനാമമായി ഉപയോഗിച്ചു പോന്നു . അത് മറ്റാരുടെയും വിശേഷണമായി ഉപയോഗിക്കാറില്ല. അസാധാരണ രീതിയിലുള്ള ഈ ഭാഷാ പ്രയോഗം തന്നെ ഏകത്വവും എകനായിരിക്കുന്നതും അല്ലാഹുവിന്‍റെ മാത്രം ഗുണമാണെന്നു വ്യക്തമാക്കുന്നു.”
മൌദൂദിയുടെ വ്യാഖ്യാനത്തിന്‍റെ അവസാന ഭാഗം വെറും പൊള്ളയാണ്. കാരണം,അസാധാരണ രീതിയിലുള്ള ഭാഷാ പ്രയോഗം ഒന്നും അതിലില്ല. മാത്രമല്ല, ഈ പറഞ്ഞ വിധത്തിലുള്ള ഏകത്വം അല്ലാഹുവിനു മാത്രമല്ല, ആര്‍ക്കും ഉള്ള ഗുണമാണ്. പിശാചിനും മനുഷ്യര്‍ക്കും ഒരു പോലെ ഈ ഗുണം ആരോപിക്കാം. അവരും കൂട്ടത്തില്‍ ഒരുവര്‍ മാത്രമാണ്.
എന്നാല്‍ ബൈബിള്‍ വെളിപ്പെടുത്തുന്ന ഏകത്വം ബഹുത്വം ഉള്‍ക്കൊള്ളുന്ന ഏകത്വം ആണ്. മാത്രമല്ല, ഒരു കൂട്ടത്തില്‍ ഒരുവനെ ചൂണ്ടിക്കാണിക്കുവാന്‍ ഉപയോഗിച്ചിരുന്ന സാധാരണ അറബി വാക്കായ അഹദ് എന്ന പദത്തെ, അത് അല്ലാഹുവിനെ വിശേഷിപ്പിക്കാന്‍ ഖുറാനില്‍ ഉപയോഗിച്ചതിനു ശേഷം ദൈവസത്തയുടെ ഗുണനാമമായി ഉപയോഗിച്ചു പോരുന്നു എന്ന് മൌദൂദി തന്നെ സമ്മതിക്കുന്നു. ഖുറാനിലെ പല വാക്കുകളുടെയും അര്‍ത്ഥം ഇത് പോലെ കാലാ കാലങ്ങളില്‍ ഇസ്ലാമിക പണ്ഡിതന്മാര്‍ നിശ്ചയിച്ച അര്‍ത്ഥങ്ങളാണ്. അല്ലാതെ,മുഹമ്മദിന്‍റെ കാലത്ത് നിലനിന്നിരുന്ന അര്‍ഥങ്ങളല്ല ഖുറാനിലെ പല വാക്കുകള്‍ക്കും ഇപ്പോള്‍ ഉള്ളത്. എങ്കിലും അഹദ് എന്ന പദത്തിന്‍റെ അര്‍ഥം കൂട്ടത്തില്‍ ഒരുവന്‍ ആണെന്ന് തന്നെയാണ് മൌദൂദിയും സമ്മതിക്കുന്നത്. ‘എനിക്ക് തുല്യനായി ആരുമില്ല’ എന്ന് പറയുന്ന യഹോവയും, ‘ആള്‍ക്കൂട്ടത്തിലെ ഒരാളാണ് ഞാന്‍’ എന്ന് പറയുന്ന അല്ലാഹുവും ഒരേ വ്യക്തി ആകുമോ? ഒരിക്കലുമില്ല !!!
ഇനി നമുക്ക് “അള്ളാഹു ആരെയും ആശ്രയിക്കാത്തവന്‍ ആണെന്ന” ഖുറാന്‍റെ അവകാശ വാദം പരിശോധിക്കാം.
ബൈബിളിലെ യഹോവയായ ദൈവം തന്‍റെ സന്ദേശം ജനത്തെ അറിയിക്കേണ്ടതിനു പ്രവാചകന്മാരെ നിയോഗിച്ചു. അവര്‍ക്ക് സ്വപ്നത്തിലൂടെയോ ദര്‍ശനത്തിലൂടെയോ അരുളപ്പാടുകളിലൂടെയോ തന്‍റെ സന്ദേശം നല്‍കി. പ്രവാചകന്മാര്‍ അത് ജനത്തെ അറിയിച്ചു. ദൈവത്തിനും പ്രവാചകനും ഇടയില്‍ ഇടനിലക്കാര്‍ ആരും ഉണ്ടായിരുന്നില്ല. തന്‍റെ സന്ദേശം പ്രവാചകന് എത്തിച്ചു കൊടുക്കുവാന്‍ യാഹോവക്ക് ആരെയും ആശ്രയിക്കേണ്ടതുണ്ടായിരുന്നില്ല.
എന്നാല്‍ അതാണോ അല്ലാഹുവിന്‍റെ അവസ്ഥ? ഒരിക്കലുമല്ല!! മുഹമ്മദ് ഒരിക്കലും അല്ലാഹുവുമായി നേരിട്ട് ബന്ധം പുലര്‍ത്തിയിട്ടില്ല. മുഹമ്മദിനോട് അല്ലാഹു ഒരിക്കല്‍ പോലും സംസാരിച്ചിട്ടില്ല. അല്ലാഹുവിന്‍റെ മലഖ് (മാലാഖ) എന്ന് അവകാശപ്പെട്ട ജിബ്രീല്‍ എന്ന ഒരു ആത്മാവ് ആണ് മുഹമ്മദിന് സന്ദേശം എത്തിച്ചു കൊടുത്തിരുന്നത്. ഈ ജിബ്രീലിനെ മുഹമ്മദ് മാത്രമേ കണ്ടിട്ടുള്ളു, മുഹമ്മദിന്‍റെ കൂടെയുള്ളവര്‍ കണ്ടിട്ടില്ല.മുഹമ്മദിന് എഴുതാനും വായിക്കാനും അറിയാതിരുന്നതിനാല്‍ ജിബ്രീലില്‍ നിന്ന് കിട്ടുന്ന സന്ദേശങ്ങള്‍ എഴുതി വെക്കാന്‍ വേറെ ആളുകള്‍ വേണമായിരുന്നു. (എഴുതാനും വായിക്കാനും അറിയാത്തയാളെ പിടിച്ചു ‘അത്ഭുതങ്ങളില്‍ അത്ഭുതമായ ഖുറാന്‍’അവതരിപ്പിക്കാന്‍ തിരഞ്ഞെടുത്തത് ഇംഗ്ലിഷ് അറിയാത്ത ആളെ പിടിച്ചു ന്യൂയോര്‍ക്ക് ടൈംസിന്‍റെ പത്രാധിപരാക്കുന്നത് പോലെ അവിശ്വസനീയമാണ്!!) ഈ ആളുകളാണ് (സ്വഹാബിമാര്‍ എന്നാണിവര്‍ അറിയപ്പെട്ടിരുന്നത്.) ജനങ്ങളെ ഖുറാന്‍ അറിയിച്ചിരുന്നത്. ഇപ്പോള്‍ അല്ലാഹുവില്‍ നിന്ന് ജനത്തിലേക്ക് സന്ദേശമെത്തുന്ന ആ ചങ്ങല ഒന്ന് ക്രമമാക്കിയാല്‍ ഇങ്ങനെയിരിക്കും:
1) അല്ലാഹു
2) ജിബ്രീല്‍
3) മുഹമ്മദ്
4) സ്വഹാബിമാര്‍
5) ജനങ്ങള്‍
ഈ പട്ടികയില്‍ നിന്ന് മനസ്സിലാകുന്നത് അല്ലാഹു തന്‍റെ പ്രവാചകന് സന്ദേശം എത്തിക്കാന്‍ വേണ്ടി ജിബ്രീലിനെ ആശ്രയിച്ചു എന്നും മുഹമ്മദ് ഈ സന്ദേശം ജനങ്ങളെ അറിയിക്കാന്‍ വേണ്ടി സ്വഹാബിമാരെ ആശ്രയിച്ചു എന്നുമാണ്. ബൈബിളിലെ ദൈവത്തെപ്പോലെ സ്വപ്നങ്ങളിലൂടെയോ ദര്‍ശനങ്ങളിലൂടെയോ അരുളപ്പാടുകളിലൂടെയോ തന്‍റെ സന്ദേശം പ്രവാചകന് എത്തിച്ചു കൊടുക്കാന്‍ കഴിയാതെ, ഇടയില്‍ ജിബ്രീലിനെ ആശ്രയിക്കേണ്ട ഗതികേട് വന്ന അല്ലാഹു പറയുന്നത് താന്‍ ആരെയും ആശ്രയിക്കാത്ത ആളാണെന്നാണ്!! ഇത് കണ്ണുമടച്ചു വിശ്വസിക്കാന്‍ ചിന്താശേഷിയുള്ളവരെ കിട്ടുകയില്ല.
മാത്രമല്ല, ഖുറാന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവര്‍ക്ക് ഇതൊരു നല്ല ആയുധവുമാണ്. കാരണം, ഒരു മനുഷ്യന്‍റെ മാത്രം സാക്ഷ്യം അല്ലാതെ വേറെ ഒന്നും ഖുര്‍ ആന്‍റെ ദൈവികതയ്ക്ക് തെളിവായിട്ടില്ല. സ്വഹാബിമാര്‍ ഒരിക്കലും ജിബ്രീലിനെ കണ്ടിട്ടില്ല, മുഹമ്മദ് മാത്രമേ കണ്ടിട്ടുള്ളൂ. മുഹമ്മദ് ഒരിക്കലും അല്ലാഹുവിനെ കണ്ടിട്ടില്ല, ജിബ്രീല്‍ അല്ലാഹുവിനെ കണ്ടു എന്ന് മുഹമ്മദിനോട് പറയുകയായിരുന്നു. ഇതിനൊക്കെ എന്തു തെളിവുണ്ടെന്ന് ചോദിച്ചാല്‍ ‘മുഹമ്മദ് സത്യസന്ധനായിരുന്നു, അദ്ദേഹം ഒരിക്കലും നുണ പറയുകയില്ല’ എന്ന മറുപടിയാണ് കിട്ടുക. കോടിക്കണക്കിന് മനുഷ്യരുടെ നിത്യത നിര്‍ണ്ണയിക്കപ്പെടെണ്ടത് ഒരൊറ്റ മനുഷ്യന്‍റെ മാത്രം വാക്കുകളുടെ അടിസ്ഥാനത്തിലാണോ?
ഇവിടെ ബൈബിള്‍ അതിന്‍റെ വിശ്വസ്യതക്കായി മുന്നോട്ടു വെക്കുന്ന തെളിവുകള്‍ ഒന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. യഹോവ മനുഷ്യന്‍റെ രക്ഷയോടുള്ള ബന്ധത്തില്‍ ഒരു കാര്യവും രഹസ്യമായി ചെയ്തിട്ടില്ല. യഹോവയായ ദൈവം തന്നെ നേരിട്ട് ഇടപെടുന്നതാണ് നാം ഉല്പത്തി മുതല്‍ മലാഖി വരെയുള്ള പുസ്തകങ്ങളില്‍ കാണുന്നത്. ഏദന്‍ തോട്ടത്തില്‍ പാപം ചെയ്ത മനുഷ്യനെ തേടി ഇറങ്ങി വന്നതും പെട്ടകം ഉണ്ടാക്കാന്‍ നോഹയോടു കല്പിക്കുന്നതും അബ്രാഹാമിനെ വിളിച്ചു വേര്‍തിരിക്കുന്നതും ഇസ്രായേല്‍ മക്കളെ രക്ഷിക്കാന്‍ വേണ്ടി മോശെയെ അയക്കുന്നതും മിസ്രയീമ്യരുടെ കടിഞ്ഞൂല്‍ സന്തതികളെ സംഹരിക്കുന്നതും ഒക്കെ യഹോവ നേരിട്ടാണ്. മാത്രമല്ല, ഈജിപ്തില്‍ താന്‍ നടത്തിയ പത്തു ബാധകള്‍ക്ക് ഇസ്രായേല്‍ ജനം മാത്രമല്ല, ഈജിപ്ഷ്യന്സും ദൃക്സാക്ഷികള്‍ ആണ്. ചെങ്കടല്‍ പിളര്‍ത്തി യിസ്രായേല്‍ ജനത്തെ അക്കരെ കടത്തുക മാത്രമല്ല, അവരെ പിന്തുടര്‍ന്ന മിസ്രയീമ്യ സൈന്യത്തെ അതേ ചെങ്കടലില്‍ മുക്കിക്കൊന്നതിനും യിസ്രായേല്‍ മക്കള്‍ ദൃക്സാക്ഷികളാണ്.
മോശെക്കു യഹോവ ന്യായപ്രമാണം നല്‍കിയത് സീനായ് മല മുകളില്‍ വെച്ചാണ്. ലക്ഷക്കണക്കിന് ജനം താഴ്വാരത്തില്‍ നോക്കി നില്‍ക്കുന്ന സമയത്താണ് മോശെ മലമുകളിലേക്ക് കയറി പോകുന്നത്. പര്‍വതത്തില്‍ ഇടി മിന്നലുണ്ടാകുന്നതും കാഹളം ധ്വനിക്കുന്നതും പുക പൊങ്ങുന്നതും തീ കത്തുന്നതും മേഘം പര്‍വതത്തെ മൂടുന്നതും ഒക്കെ ജനം കാണ്‍കെ നടന്ന കാര്യങ്ങളാണ്. ആ പര്‍വതത്തില്‍ നിന്ന് മോശെ ഇറങ്ങി വന്നു ‘യഹോവയുടെ ന്യായപ്രമാണമാണിത്’ എന്ന് പറഞ്ഞു ഒരു നിയമ സംഹിത അവതരിപ്പിക്കുമ്പോള്‍ ആരും അതില്‍ അവിശ്വസിക്കുകയില്ല.
പ്രവാചകന്മാരിലൂടെ യഹോവയായ ദൈവം അത്ഭുതങ്ങളും അടയാളങ്ങളും നടത്തിയപ്പോള്‍ അതിനു ദൃക്സക്ഷികളായി ഒരു ജനസമൂഹം തന്നെയുണ്ടായിരുന്നു. യഹോവ തന്നെയാണ് സത്യ ദൈവം എന്ന് വിശ്വാസത്യാഗം സംഭവിച്ച ജനത്തിന് തിരിച്ചറിയുവാന്‍ ഈ അടയാളങ്ങള്‍ സഹായകരമായിരുന്നു.
പുതിയ നിയമത്തിലേക്ക് വരുമ്പോള്‍ അവിടെയും ഇതേ അത്ഭുതങ്ങളും അടയാളങ്ങളും കാണാം. ശിഷ്യന്മാരും ശത്രുക്കളുമടങ്ങിയ ഒരു വലിയ ജന സഞ്ചയത്തിന് മുന്നിലാണ് അത്ഭുതങ്ങള്‍ എല്ലാം നടന്നത്. ഈ അടയാളങ്ങളുടെ അകമ്പടിയോടു കൂടെയാണ് യേശുക്രിസ്തു തന്‍റെ അവകാശ വാദങ്ങള്‍ ഉന്നയിക്കുന്നത്. ആ അവകാശ വാദത്തെ ഖണ്ഡിക്കുവാന്‍ ആര്‍ക്കും കഴിഞ്ഞുമില്ല.
എന്നാല്‍ ഈ വിധം തെളിവുകളുടെ ശക്തമായ ഒരടിത്തറ ഖുറാന് അവകാശപ്പെടാന്‍ കഴിയുകയില്ല. മുഹമ്മദ് എന്ന ഒരു മനുഷ്യന്‍റെ മാത്രം അവകാശ വാദമേ (അതും അത്ഭുതങ്ങളുടെയും അടയാളങ്ങളുടെയും പിന്‍ബലമില്ലാത്ത അവകാശവാദം) ഖുറാന് തുണയായി ഉള്ളൂ.
‘അവന്‍ ജനിപ്പിച്ചിട്ടില്ല (പിതാവല്ല), അവന്‍ ജനിച്ചിട്ടുമില്ല (പുത്രനല്ല.)’ എന്ന അല്ലാഹുവിനെക്കുറിച്ചുള്ള അവകാശവാദവും പരിഗണിക്കേണ്ടതാണ്. ബൈബിളിലെ ദൈവം ‘പിതാവും പുത്രനും പരിശുദ്ധാത്മാവും’ ആയ ഏക ദൈവമാണ്. പിതൃത്വവും പുത്രത്വവും ബൈബിളിലെ ദൈവത്തില്‍ അടങ്ങിയിരിക്കുന്ന ഗുണങ്ങളാണ്. രക്ഷിക്കപ്പെട്ട ദൈവമക്കളെ സംബന്ധിച്ചിടത്തോളം ദൈവം അവരുടെ പിതാവാണ്. എന്നാല്‍ അല്ലാഹു അവകാശപ്പെടുന്നത് അവന്‍ ആരുടേയും പിതാവല്ലെന്നാണ്. ഈ അവകാശവാദത്തില്‍ നിന്ന് തന്നെ യഹോവയും അല്ലാഹുവും ഒരാളല്ലെന്നു തെളിയുന്നു.
ഇവിടെ വേറെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ഒരു വ്യക്തിക്ക് അനുസരണവും ബഹുമാനവും കീഴ്പ്പെടലും സ്നേഹവും ആവശ്യപ്പെടാന്‍ കഴിയുന്നത് സ്വന്തം ഭാര്യയില്‍ നിന്നോ മക്കളില്‍ നിന്നോ മാത്രമാണ്. ആദ്യം പറഞ്ഞ മൂന്നെണ്ണം തന്‍റെ ജോലിക്കാരില്‍ നിന്നോ കീഴുദ്യോഗസ്ഥരില്‍ നിന്നോ ആവശ്യപ്പെടാം. എന്നാല്‍ അവരില്‍ നിന്ന് സ്നേഹം ആവശ്യപ്പെടാന്‍ അയാള്‍ക്ക് കഴിയുകയില്ല. തന്‍റെ സുഹൃത്തക്കളില്‍ നിന്ന് അയാള്‍ക്ക് സ്നേഹം ആവശ്യപ്പെടാം. പക്ഷെ, അവരില്‍ നിന്ന് അനുസരണവും ബഹുമാനവും കീഴ്പ്പെടലും അയാള്‍ക്ക് ആവശ്യപ്പെടാന്‍ കഴിയില്ല. മനുഷ്യ വര്‍ഗ്ഗം അല്ലാഹുവിന്‍റെ മക്കളല്ല, അല്ലാഹു അവരുടെ പിതാവുമല്ലെങ്കില്‍ അല്ലാഹുവിനു മനുഷ്യ വര്‍ഗ്ഗത്തില്‍ നിന്ന് ആരാധന ചോദിക്കുവാന്‍ എന്തു യോഗ്യതയാണ് ഉള്ളത്?
ബൈബിളിന്‍റെ അടിസ്ഥാനത്തില്‍ ഒരു പ്രധാനപ്പെട്ട-ഏറ്റവും പ്രധാനപ്പെട്ട- കാര്യം കൂടി ഇതോടുള്ള ബന്ധത്തില്‍ മനസ്സിലാക്കണം. ദൈവമെന്നു അവകാശപ്പെട്ടു വന്ന അല്ലാഹു ദൈവത്തിന്‍റെ പിതൃത്വവും പുത്രത്വവും നിഷേധിക്കുകയാണ് ഈ ആയത്തിലൂടെ ചെയ്തിരിക്കുന്നത്. 1യോഹ 2. 22,23 പ്രകാരം പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവന്‍ ആണ് എതിര്‍ ക്രിസ്തു!! ഇസ്ലാം ഒഴികെ ലോകത്തു വേറെ ഒരു മത വിഭാഗവും യേശു ക്രിസ്തുവിന്‍റെ പുത്രത്വവും ദൈവത്തിന്‍റെ പിതൃത്വവും നിഷേധിക്കുന്നവരായിട്ടില്ല. യേശു ക്രിസ്തുവിന്‍റെ ദൈവപുത്രത്വം നിഷേധിക്കുന്ന അനേകം കള്‍ട്ടുകള്‍ ലോകത്തുണ്ടെങ്കിലും അവയൊന്നും ദൈവത്തിന്‍റെ പിതൃത്വത്തെ തള്ളിപ്പറയുന്നില്ല. എന്നാല്‍ ഇസ്ലാം മാത്രം ദൈവത്തിന്‍റെ പിതൃത്വവും യേശുക്രിസ്തുവിന്‍റെ പുത്രത്വവും നിഷേധിക്കുന്നു. 1യോഹ 2. 22,23 പ്രകാരം ‘പിതാവിനേയും പുത്രനേയും നിഷേധിക്കുന്നവന്‍ അല്ലാതെ എതിര്‍ക്രിസ്തു ആര്‍ ആകുന്നു?’ എന്ന ചോദ്യത്തിന് ഈ ആയത്തിന്‍റെ അടിസ്ഥാനത്തില്‍ ഉത്തരം കണ്ടെത്തിയാല്‍ അത് പ്രസക്തവും പ്രയോജനപ്രദവും ആയിരിക്കും. കാരണം, ഖുറാന്‍ അവകാശപ്പെടുന്നത് പോലെ അള്ളാഹു യഹോവയായ ദൈവം അല്ല എന്ന് മാത്രമല്ല, അത് എതിര്‍ ക്രിസ്തുവിന്‍റെ ആത്മാവ് ആണ് എന്ന് കൂടി മനസ്സിലാക്കാന്‍ നമ്മെ സഹായിക്കും. ബൈബിളിന്‍റെ തുടര്‍ച്ചയാണ് ഖുറാന്‍ എന്നും ബൈബിളിലെ ദൈവം തന്നെയാണ് ഇസ്ലാമിലെ ദൈവവും എന്ന് വിചാരിച്ചു കാലം കഴിക്കുന്ന അല്‍പ ബുദ്ധികള്‍ക്ക് തങ്ങളുടെ തെറ്റിദ്ധാരണയുടെ ആഴം ഗ്രഹിക്കുവാന്‍ അതു വളരെ സഹായകരമായിരിക്കും.
(By: AKA)