Powered by: <a href="#">Manna Broadcasting Network</a>
ദാവീദിന്റെ ഒരു ജ്ഞാപകസങ്കീർത്തനമായ സങ്കീർത്തനങ്ങൾ 70 ൽ നിന്നാണ് ഇന്ന് VOICE OF SATHGAMAYA യുടെ പ്രതിദിന ചിന്ത എഴുതാൻ ആഗ്രഹിക്കുന്നത്.
70 ന്റെ 1 “ദൈവമേ, എന്നെ വിടുവിപ്പാൻ, യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ”. ഈ സങ്കീർത്തനത്തിന്റെ സാഹചര്യം എന്തായിരുന്നു എന്നതല്ല നമ്മുടെ ഇന്നത്തെ വിഷയം. ഈ വാക്യങ്ങളുടെ വരികളിലെ വാക്കുകളാണ് ചിന്തിക്കാൻ ആഗ്രഹിക്കുന്നത്. ദൈവമേ, എന്നെ വിടുവിക്കേണമേ എന്ന് ഒരാൾ പറയുമ്പോൾ അദ്ദേഹം എവിടെയോ കുടുങ്ങി, കെട്ടപ്പെട്ടു കിടക്കുകയാണ് എന്നതിന് യാതൊരു തർക്കവുമില്ല. കേവലം ഒരു ആട്ടിടയനായ ദാവീദ് ഒരിക്കൽപോലും താൻ എന്നെങ്കിലും അഭിഷിക്തനാകുമെന്ന് സൂചനപോലും ഉണ്ടായിരുന്നില്ല. രാജാവ് ആകണമെന്ന ചിന്ത ലെവലേശമുണ്ടായിരുന്നില്ല. എന്നാൽ ദൈവത്തിന്റെ മുൻ നിർണ്ണയത്തിൽ ഉണ്ടായിരുന്ന ആ കാര്യം ശമുവേൽ അറിഞ്ഞപ്പോഴും ദാവീദ് അറിഞ്ഞിരുന്നില്ല. 1ശമൂവേൽ 13 ന്റെ 14 ൽ യഹോവയായ ദൈവം എടുത്ത ഒരു തീരുമാനം ഉണ്ട്.
“ഇപ്പോഴോ നിന്റെ രാജത്വം നിലനിൽക്കയില്ല; യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ടു തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുണ്ടു; അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു”. എന്നതായിരുന്നു ആ തീരുമാനം. യഹോവ തനിക്കു ബോധിച്ച ഒരു പുരുഷനെ അന്വേഷിച്ചിട്ടുണ്ട് എന്ന് ശൌലിനോടും മകൻ യോനാഥാനോടും ശമുവേൽ പറയുമ്പോഴും ദാവീദ് ഈ കാര്യം അറിഞ്ഞിരുന്നില്ല.
ഇവിടെ നിന്നുകൊണ്ട് ചില കാര്യങ്ങൾ പറയുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
ശൌലിനെ ഒരു വലിയ ദൗത്യം ദൈവം ഏല്പിച്ചു. പക്ഷെ ശൌൽ അത് ചെയ്തില്ല. എന്നേയും, നിങ്ങളേയും ദൈവം എന്തെങ്കിലും ഏല്പിച്ചിട്ടുണ്ടോ.
ഏല്പിച്ചിട്ടുള്ള കാര്യങ്ങൾ എന്തെങ്കിലും നമ്മൾ ചെയ്യാതെ അനുസരണക്കേടുകൾ കാണിച്ചു നടക്കാറുണ്ടോ. 1ശമൂവേൽ 13 ന്റെ 1 ലേക്ക് വരുമ്പോൾ “ശൌൽ രാജാവായപ്പോൾ (മുപ്പതു) വയസ്സുള്ളവനായിരുന്നു; അവൻ യിസ്രായേലിൽ രണ്ടു സംവത്സരം വാണു”. എന്നാണ് വായിക്കുന്നത്. കേവലം 2 കൊല്ലത്തേക്ക് മാത്രമായിരുന്നില്ല ശൌലിനെ കർത്താവ് രാജസ്ഥാനത്ത് ആക്കിയത്. പക്ഷെ ശൌലിന്റെ അവിശ്വസ്ഥത മൂലം അവനെ രാജസ്ഥാനത്ത് നിന്ന് മാറ്റി നിർത്താൻ പോലും ദൈവം നിർബന്ധിതനായി.
13 ന്റെ 14 ഇപ്പോഴോ യഹോവ നിന്നോടു കല്പിച്ചതിനെ നീ പ്രമാണിക്കായ്കകൊണ്ട് നിന്റെ രാജത്വം നിലനിൽക്കയില്ല എന്ന് യഹോവയാണ് പറഞ്ഞത്. പകരം യഹോവയായ ദൈവം തനിക്കു ബോധിച്ച ഒരു പുരുഷനെ യഹോവ അന്വേഷിച്ചിട്ടുമുണ്ടു.
അവനെ യഹോവ തന്റെ ജനത്തിന്നു പ്രഭുവായി നിയമിച്ചിരിക്കുന്നു എന്ന് പറയുമ്പോഴും ഈ നിയമനം കിട്ടിയ ദാവീദിനോട് ഈ വിഷയം ആരും പറഞ്ഞിരുന്നില്ല.
ആ ദാവീദ് പിന്നീട് രാജാവായി അഭിഷേകം ചെയ്യപ്പെട്ട ശേഷം മുൻ രാജാവായ ശൌലിനാൽ പീഡിപ്പിക്കപ്പെടുകയാണ്. അപ്പോൾ അവൻ കരഞ്ഞു പ്രാർത്ഥിക്കുകയാണ് “യഹോവേ, എന്നെ സഹായിപ്പാൻ വേഗം വരേണമേ”.
ഇന്നും ഇങ്ങനെ കുറേ കരച്ചിലുകൾ ദൈവസന്നിധിയിൽ വരുന്നുണ്ട്. ജീവനുള്ള ദൈവം ആരാണ് എന്ന് അറിയാതെ വ്യർത്ഥവും, പിതൃപാരമ്പര്യവുമായി നടന്ന അനേകർ, ആരാണ് ക്രിസ്തു, ആരാണ് ക്രിസ്ത്യാനികൾ, എന്താണ് സുവിശേഷം എന്നൊന്നും അറിയാതിരുന്നവർ അപ്പോസ്തലനായ പൗലോസ് എഫെസ്യർക്ക് എഴുതിയ ലേഖനം 1 ന്റെ 4 ൽ പറയുന്നതുപോലെ നാം കർത്താവിന്റെ സന്നിധിയിൽ വിശുദ്ധരും നിഷ്കളങ്കരും ആകേണ്ടതിന്നു കർത്താവ് ലോകസ്ഥാപനത്തിന്നു മുമ്പെ കർത്താവിന്റെ രക്തത്താൽ തിരഞ്ഞെടുത്തവർ ഇന്ന് കരയുകയാണ്. തനിക്ക് മുൻപേ അഭിഷേകം ചെയ്യപ്പെട്ടവരെങ്കിലും കർത്താവിനെ അനുസരിക്കാത്ത കാരണത്താൽ കർത്താവ് തൽസ്ഥാനത്ത് നിന്നും മാറ്റിയവരാൽ പുതിയ വിശ്വാസികൾ പീഡിപ്പിക്കപ്പെടുമ്പോൾ കരയുകയാണ്. യഹോവേ എന്നെ രക്ഷിക്കേണമേ.
സങ്കീർത്തനങ്ങൾ 70 ന്റെ 2 ലേക്ക് വരുമ്പോൾ “എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നവർ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനർത്ഥത്തിൽ സന്തോഷിക്കുന്നവർ പിന്തിരിഞ്ഞു അപമാനം ഏൽക്കട്ടെ”. ദുഃഖത്തിന്റെ അതിവേദനയാൽ ദാവീദ് ശപിച്ചുപോകുന്ന വാക്കുകളാണ് ഇവിടെ നാം വായിക്കുന്നത്. ആ ശാപം ഫലിച്ചു. ശൌൽ ശപിക്കപ്പെട്ടു. തന്റെ പടയാളികളുടെ മുൻപിൽ പോലും ലജ്ജിതനായിപ്പോയി. ദൈവത്താൽ അഭിഷിക്തരായവരെ ലജ്ജിപ്പിക്കാൻ നോക്കുന്നവർക്കും ഇത് ഒരു പാഠമാണ്.
70 ന്റെ 3 “നന്നായി നന്നായി എന്നു പറയുന്നവർ തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞു പോകട്ടെ”. എന്ന് ദാവീദ് പറഞ്ഞുപോയി. അത്രമാത്രം ദാവീദിനെ പീഡിപ്പിച്ചത് ശൌൽ അല്ലാതെ വേറെ ആര്.
70 ന്റെ 4 ൽ ദാവീദ് പറയുന്നു “നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നിൽ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവർ: ദൈവം മഹത്വമുള്ളവനെന്നു എപ്പോഴും പറയട്ടെ”. എന്തുകൊണ്ട് ദാവീദ് കർത്താവിന് ബോധിച്ച പുരുഷനായിത്തീർന്നു എന്നൊരു ചോദ്യം വന്നാൽ അതിനുള്ള ഉത്തരമാണിത്. ദാവീദ് ദൈവത്തിന്റെ രക്ഷയെ ഇച്ഛിച്ചു എന്നത് തന്നെ.
70 ന്റെ 5 ൽ ദാവീദ് ഉള്ള് തുറന്ന് പറയുന്നു “ഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്റെ അടുക്കൽ വേഗം വരേണമേ; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ”. ഇന്നും ബലത്തിൽ എളിയവനും സാമ്പത്തിൽ ദരിദ്രനും ആകുന്നവരെ പീഡിപ്പിക്കുന്നത്തിലും, വേദനിപ്പിക്കുന്നതിലും സന്തോഷിക്കുന്ന പലരും കാണും.
ശമുവേൽ വന്ന് പറയുന്നത് വരെ ശൌൽ പോലും അറിഞ്ഞിരുന്നില്ല, യഹോവ തന്നെ തൽസ്ഥാനത്ത് നിന്നും മാറ്റിയ കാര്യം. ഇന്ന് നമ്മൾ വളരെ ആത്മാർത്ഥമായി പരിശോധിക്കേണ്ട ഏക കാര്യം, യഹോവ എന്നെ തന്റെ ശുശ്രുഷയിൽ നിന്നും മാറ്റിയിട്ടുണ്ടോ എന്നതാണ്. ഒരുപക്ഷെ നമ്മിൽ പലരും ശൌലിനെപ്പോലെ വിവരം അറിയാതെ ശുശ്രുഷയുടെ മുഖത്ത് കടിച്ചു തൂങ്ങിക്കിടന്നിട്ടു മറ്റുള്ളവരെ പീഡിപ്പിക്കുകയാണോ?
ദാവീദിനെപ്പോലെ കരയുന്നവരെ കാണുമ്പോൾ, ഒരു കാര്യം നാം അറിയുക, അവരുടെ മുകളിൽ അവരെ പീഡിപ്പിക്കുന്ന ആരോ ചിലരൊക്കെയുണ്ട്. ഈ വചനങ്ങളാൽ ദൈവം നമ്മെ സഹായിക്കട്ടെ.