Powered by: <a href="#">Manna Broadcasting Network</a>
പലരും ഭയന്നതുപോലെ മതപരിവർത്തന നിരോധന ബില്ല് ഇന്നലെ പാസ്സാക്കിയില്ല. എന്നാൽ നമ്മുടെ ഉത്തരവാദിത്വം എന്താണ്?. ഇന്നലെ വരെ പ്രാർത്ഥിച്ചതുപോലെ ഇന്ന് മുതലും പ്രാർത്ഥിച്ചാൽ മതിയോ?. ഒരർത്ഥത്തിൽ പറഞ്ഞാൽ ഈ പ്രാർത്ഥന ഒരു 5 പൈസപോലും ചിലവില്ലാത്ത പരിപാടിയല്ലേ?. ഏത് വിഷയം വന്നാലും പ്രാർത്ഥിക്കാം എന്ന ഒരു വാക്ക് പറഞ്ഞാൽ നമ്മുടെ തടി കേടാകാതെ രക്ഷപ്പെടാമല്ലോ. ഇങ്ങനെ തടി കേടാവാതെയുള്ള പ്രാർത്ഥനയുടെ ദോഷങ്ങളാണ് ഈ നാളുകളിൽ നമ്മൾ അനുഭവിക്കുന്നത് എന്ന് ഞാൻ പറഞ്ഞാൽ നിങ്ങളും എതിര് പറയില്ല എന്ന് എനിക്കറിയാം.
ലൂക്കോസിന്റെ സുവിശേഷം 22 ന്റെ 44 ൽ “പിന്നെ അവൻ പ്രാണവേദനയിലായി എന്ന് കർത്താവിന്റെ അവസ്ഥയെക്കുറിച്ച് വായിക്കുന്നുണ്ടല്ലോ?. നമ്മുടെ കർത്താവാണ് പ്രാണവേദനയിലായത്. കർത്താവിന്റെ ക്രൂശീകരണത്തിന് തൊട്ടുമുൻപുള്ള ഈ മണിക്കൂറുകളിൽ എന്തിനാണ് കർത്താവ് പ്രാണവേദനയിലായത് എന്നൊരു ചോദ്യം ഉയർന്നാൽ, കർത്താവിന് മരിക്കാനുണ്ടായ പേടി കാരണമാണെന്ന് ശത്രുക്കൾ പോലും പറയില്ലെന്ന് നമുക്കറിയാം. നമ്മുടെ കർത്താവ് ലോകത്തിന്റെ പാപം ചുമന്ന് മരിച്ച്, അടക്കപ്പെട്ടിട്ട്, മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റിട്ട് നമുക്ക് രക്ഷ ഒരുക്കുന്ന പദ്ധതിയെ തടയാൻ പിശാചിനു താല്പര്യം ഉണ്ടായിരുന്നതുകൊണ്ടാണല്ലോ പീലാത്തോസ് പോലും കർത്താവിനെ അടിപ്പിച്ചു വിട്ടയാക്കാൻ താല്പര്യപ്പെട്ടത്. കർത്താവ് മരിക്കരുത് എന്ന് അരുമ ശിഷ്യനായ പത്രോസ് പറഞ്ഞപ്പോൾ “പോ” പത്രോസേ എന്നല്ല, “പോ സാത്താനെ” എന്നാണ് കർത്താവ് പറഞ്ഞത് എന്നതും ഇവിടെ ശ്രദ്ധേയമാണ്.
കർത്താവ് പ്രാണവേദനയിലായി എന്നുമാത്രമല്ല “അതിശ്രദ്ധയോടെ പ്രാർത്ഥിച്ചു”. എന്നുമാണ് നാം വായിക്കുന്നത്. ഏതൊരു വിഷയത്തിന് വേണ്ടി നാം പ്രാർത്ഥിക്കുമോ, ആ വിഷയത്തിന് വേണ്ടി നമുക്കും ഒരു പ്രാണവേദനയുടെ അനുഭവം ഉണ്ടാകണം. മാത്രമല്ല, ആ വിഷയത്തിൽ അതി ശ്രദ്ധയും ആവശ്യമാണ്.
മതപരിവർത്തന നിരോധന നിയമത്തിന്റെ ബില്ല് പാസ്സാക്കാതിരിക്കാൻ ഇന്നലെ വരെ നാം കഴിച്ച പ്രാർത്ഥനയിൽ നമ്മുടെ പ്രാണന് എന്തെങ്കിലും സമ്പന്ധം ഉണ്ടായിരുന്നോ?. ആ വിഷയത്തിൽ അതിശ്രദ്ധ ഉണ്ടായിരുന്നോ?.
കർത്താവിന്റെ പ്രാർത്ഥനയിൽ മൂന്നാമതായി നാം വായിക്കുന്നത് “അവന്റെ വിയർപ്പു നിലത്തു വീഴുന്ന വലിയ ചോരത്തുള്ളിപോലെ ആയി”. എന്നതാണ്. നമ്മുടെ പ്രാർത്ഥനകളിൽ നാം വിയർക്കാറുണ്ടോ?. വിയർക്കാത്ത പ്രാർത്ഥനക്കുള്ള മറുപടിയും വിയർക്കാത്തതാണ് എന്നതല്ലേ കഴിഞ്ഞ നാളുകളിലെ നമ്മുടെ അനുഭവം.
കർത്താവിന്റെ സ്വന്തം സഹോദരൻ യാക്കോബ് എഴുതിയ ലേഖനം 5 ന്റെ 17 ൽ “ഏലീയാവു നമുക്കു സമസ്വഭാവമുള്ള മനുഷ്യൻ ആയിരുന്നു; മഴ പെയ്യാതിരിക്കേണ്ടതിന്നു അവൻ പ്രാർത്ഥനയിൽ അപേക്ഷിച്ചു; മൂന്നു സംവത്സരവും ആറു മാസവും ദേശത്തു മഴ പെയ്തില്ല”. എന്ന് വായിക്കുന്നില്ലേ. നമുക്ക് സമ സ്വഭാവമുള്ള ഏലീയാവിന് കഴിഞ്ഞതെല്ലാം നമുക്കും കഴിയണമെന്നല്ലേ ദൈവവചനം നമ്മോട് പറയുന്നത്.
അപ്പോസ്തലനായ പൗലോസ് ഗലാത്യയിലുള്ള വിശ്വാസികൾക്ക് എഴുതിയ ലേഖനം 4 ന്റെ 18 ൽ “ഞാൻ നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തിൽ എരിവു കാണിക്കുന്നതു നന്നു”. പലപ്പോഴും നമ്മുടെ തെറ്റും ഇത് തന്നെയാണ്. ആണ്ടിൽ ഒരിക്കൽ വരുന്ന കൺവെൻഷൻ, ആണ്ടിൽ മൂന്ന് വട്ടം വരുന്ന ക്യാമ്പുകൾ, ഇടയ്ക്കിടെ വരുന്ന മാസയോഗങ്ങൾ, പ്രാർത്ഥനകൾ എന്നീ സമയത്തൊക്കെ നമുക്ക് വല്യ എരിവാണ്. എല്ലാ ആണ്ടറുതിയിലും കഴിഞ്ഞ ഒരു വർഷം എനിക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്ന് പറയുന്ന എരിവിൽ എടുക്കുന്ന ഒരു പ്രതിജ്ഞയുണ്ട്, ഈ വർഷം കർത്താവിന് വേണ്ടി എനിക്ക് എന്തെങ്കിലും ചെയ്യണം എന്ന് ആഗ്രഹമുണ്ട്. നിങ്ങൾ എനിക്കായി പ്രാർത്ഥിക്കണം. ഇതൊക്കെയല്ലേ നമ്മുടെ എരിവുകൾ.
ഗലാത്യർ 4 ന്റെ 19ൽ “ക്രിസ്തു നിങ്ങളിൽ ഉരുവാകുവോളം ഞാൻ പിന്നെയും പ്രസവവേദനപ്പെടുന്നവരായ എന്റെ കുഞ്ഞുങ്ങളേ” എന്നൊരു വിളിയുണ്ട്. നമുക്ക് ഏതെങ്കിലും വിഷയത്തിൽ പ്രസവവേദന ഉണ്ടാകാറുണ്ടോ. ഏലിയാവിനെപ്പോലെ, പത്രോസിനെപ്പോലെ, പൗലോസിനെപ്പോലെ സമ സ്വഭാവമുള്ള മനുഷ്യരല്ലേ നാമും. എന്തുകൊണ്ട് നമുക്ക് പൗലോസിനെപ്പോലെ പ്രസവവേദന വരുന്നില്ല.
ഗലാത്യർ 4 ന്റെ 20 ലേക്ക് വരുമ്പോൾ “ഇന്നു നിങ്ങളുടെ അടുക്കൽ ഇരുന്നു എന്റെ ശബ്ദം മാറ്റുവൻ കഴിഞ്ഞിരുന്നു എങ്കിൽ കൊള്ളായിരുന്നു; ഞാൻ നിങ്ങളെക്കുറിച്ചു വിഷമിക്കുന്നു”. എന്ന് പറയുമ്പോൾ എന്തിനാണ് പൗലോസ് മറ്റുള്ളവരെക്കുറിച്ച് വിഷമിക്കുന്നത്. പൗലോസിന് എന്ത് ലാഭം.
സുവിശേഷം സമ്പന്ധിച്ചു വിശ്വാസത്തിൽ ഇരിക്കുന്ന നാം ഓരോരുത്തരും മറ്റുള്ളവരെക്കുറിച്ച് പ്രസവവേദനപ്പെടണം എന്നുള്ളതാണ് ദൈവത്തിന് നമ്മെക്കുറിച്ചുള്ള ആഗ്രഹം.
ഗലാത്യർ 4 ന്റെ 31ൽ “അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ”. എന്നല്ലേ വായിക്കുന്നത് . കൃപയാൽ നാം ദൈവത്തിന്റെ മക്കളായി തീർന്നു. ഇനിയും പുത്രത്വം എന്ന അവകാശത്തിലേക്ക് വരാത്ത കോടിക്കണക്കിനു ആളുകൾ ദാസിയുടെ മക്കളായി ഭാരതത്തിൽ ഉള്ളപ്പോൾ അവരോട് സുവിശേഷം പറയുവാൻ തടസ്സം നിൽക്കുന്ന ബില്ലിന്റെ ഹിയറിങ്ങ് തീയ്യതി നീട്ടി തന്ന കർത്താവിനോട് നമുക്ക് നന്ദിയുണ്ടെങ്കിൽ, ആദ്യ പെസഹായുടെ രാത്രിയിൽ തിടുക്കത്തോടെ ലക്ഷ്യം നോക്കി ഒടിയവരെപ്പോലെ ജീവിതത്തിൽ പുളിപ്പില്ലാത്തവരായി ഓടാൻ നമുക്ക് ഉത്സാഹിക്കാം.
VOICE OF SATHGAMAYA യുടെ ഈ ലേഖനത്തിലൂടെ നമുക്ക് ചിന്തിക്കാനുള്ള ഒരു യാഥാർഥ്യം, സുവിശേഷം അറിയിക്കാൻ ഇന്നലെവരെ നമുക്ക് ലഭിച്ച സാവകാശം നാം വേണ്ടപോലെ ഉപയോഗിച്ചില്ല, ബില്ല് വരാറായപ്പോൾ നമുക്ക് വേവലാതിയായി.
ഇന്നലെ വരെ പുളിപ്പ് ഉള്ളവരായി നാം ജീവിച്ചു. സഭയിൽ പുളിപ്പ്, വ്യക്തി ജീവിതത്തിൽ പുളിപ്പ്, കുടുംബത്തിലും, പ്രവർത്തന മേഖലയിലും പുളിപ്പ്, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ. അല്പമെങ്കിലും മാനസ്സാന്തരത്തിനു യോഗ്യമായ ഫലം നമ്മിലുണ്ടോ.
കർത്താവ് വരാൻ ഒരുപക്ഷെ താമസ്സം വന്നാൽ, ബില്ല് പാസ്സാക്കാൻ താമസ്സം ഉണ്ടാകുമെന്ന് കരുതേണ്ട. നശിച്ചു പോകുന്ന ദാസിയുടെ മക്കളെ ഓർത്ത് നമുക്കും ഉണ്ടാകട്ടെ ഒരു വേദന, പ്രസവവേദന.