Powered by: <a href="#">Manna Broadcasting Network</a>
പത്രൊസ് എഴുതിയ ഒന്നാം ലേഖനം 4 ന്റെ 12 ൽ “പ്രിയമുള്ളവരേ, നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നുവച്ചു അതിശയിച്ചുപോകരുതു”.
കഴിഞ്ഞ 2 ദിവസമായി എന്നെ ഒരു യുവസഹോദരൻ വിളിക്കുന്നു. അവൻ അത്ര പൊട്ടാനൊന്നുമല്ല. ഒരുവിധം വിദ്യാഭ്യാസമൊക്കെയുണ്ട്. പക്ഷെ ചെന്നുചാടിയത് വലിയ ഒരു കുറ്റത്തിലേക്കാണ്. പോക്സോ കേസ് അത്ര ചെറുതല്ല എന്ന് അറിയാമായിരുന്നിട്ടും കരകയറിപ്പോരാം എന്ന ഒരു തോന്നൽ അവനെ കുടുക്കി. തെറ്റ് ചെയ്യും വരെ അവന് യേശുക്രിസ്തു ആരാണ് എന്ന് അറിയില്ലായിരുന്നു. ജയിലിൽ വെച്ച് കയ്യിൽ കിട്ടിയ ബൈബിൾ ഒരാവർത്തി വായിച്ചു തീർന്നപ്പോൾ അവന് ജാമ്യം കിട്ടി. ഇപ്പോൾ ജാമ്യത്തിലാണ്. ഇനി ശിക്ഷ പ്രതീക്ഷിച്ചു നാളുകൾ തള്ളി നീക്കുന്നു. ആ മോന് വളരെ ആഗ്രഹങ്ങൾ ഉണ്ട്. ക്രിസ്തുവിനെ അറിഞ്ഞതിനാൽ ആ സത്യത്തിൽ ജീവിക്കണം. തെറ്റുകൾ ചെയ്യുന്നവരോട് അതിന്റെ ഭയാനകത പറഞ്ഞു മനസ്സിലാക്കികൊടുക്കണം. സ്നേഹിച്ച പെണ്ണിന് പ്രായപൂർത്തിയാകുമ്പോൾ ഒരു ജീവിതം കൊടുക്കണം. ഇതൊക്കെയാണ് ആഗ്രഹം.
1പത്രൊസ് 1 ന്റെ 18,19 വാക്യങ്ങളിൽ പറയുന്നതുപോലെ “വ്യർത്ഥവും പിതൃപാരമ്പര്യവുമായുള്ള നിങ്ങളുടെ നടപ്പിൽനിന്നു നിങ്ങളെ വീണ്ടെടുത്തിരിക്കുന്നതു പൊന്നു, വെള്ളി മുതലായ അഴിഞ്ഞുപോകുന്ന വസ്തുക്കളെക്കൊണ്ടല്ല, ക്രിസ്തു എന്ന നിർദ്ദോഷവും നിഷ്കളങ്കവുമായ കുഞ്ഞാടിന്റെ വിലയേറിയ രക്തംകൊണ്ടത്രേ എന്നു നിങ്ങൾ അറിയുന്നുവല്ലോ”. എന്ന വാക്യങ്ങൾ പ്രകാരം വ്യർത്ഥവും, തന്റെ പിതൃപാരമ്പര്യത്തിൽ താൻ സേവിച്ചുവന്ന സേവകളല്ല, ക്രിസ്തു ആണ് രക്ഷിതാവ് എന്ന് രുചിച്ചറിഞ്ഞു ജീവിക്കണം എന്നൊക്കെയുള്ള ആഗ്രഹത്തെയാണ് ഞാനുമായി പങ്കുവെച്ചത്. നമുക്ക് ആ യുവാവിന് വേണ്ടി പ്രാർത്ഥിക്കാം.
ദൈവം തന്റെ മക്കളെ അഗ്നിശോധനയിൽ കൂടെ കടത്തിവിടാൻ ഒരുങ്ങിയാൽ അത് ഒരു അപൂർവ്വകാര്യയി തോന്നി അതിശയിച്ചുപോകരുതേ എന്നാണ് എന്റെ അനുഭവത്തിൽ നിന്നുകൊണ്ട് പാറയാണുള്ളത്.
എന്തുകൊണ്ടോ കർത്താവായ യേശുക്രിസ്തുവിനെ വിശ്വസിക്കുന്നു എന്ന് സ്വയം സമ്മതിക്കുന്നവർ പോലും കഷ്ടത വരുമ്പോൾ, ഞരക്കം വരുമ്പോൾ, നിരാശ വരുമ്പോൾ എന്തുകൊണ്ട് മരിച്ചാൽ മതിയെന്ന് കൊതിക്കുന്നു.
1രാജാക്കന്മാർ 19 ന്റെ 4 ൽ ഏലിയാവ് മരിപ്പാൻ കൊതിച്ചതായി വായിക്കുന്നില്ലേ. “താനോ മരുഭൂമിയിൽ ഒരു ദിവസത്തെ വഴി ചെന്നു ഒരു ചൂരച്ചെടിയുടെ തണലിൽ ഇരുന്നു മരിപ്പാൻ ഇച്ഛിച്ചു; ഇപ്പോൾ മതി, യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ഞാൻ എന്റെ പിതാക്കന്മാരെക്കാൾ നല്ലവനല്ലല്ലോ എന്നു പറഞ്ഞു”.
യോനായുടെ പുസ്തകം 4 ന്റെ 3 ൽ “ആകയാൽ യഹോവേ, എന്റെ പ്രാണനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നതു എനിക്കു നന്നു എന്നു പറഞ്ഞു”. യോനായും കൊതിച്ചത് മരണം ആണ്.
ഒരു കഷ്ടം വരുമ്പോൾ, നിരാശ വരുമ്പോൾ ദൈവത്തോട് അടുത്തിരുന്നവർ പോലും മരണം കൊതിച്ചിട്ടുണ്ടെങ്കിൽ ഏഴകളായ നമ്മുടെ കാര്യം പറയണോ.
സുഹൃത്തേ, ഈ നരകത്തിൽ നിന്നും നീ രക്ഷപ്പെടാൻ ആത്മഹത്യ ചെയ്തിട്ട് ചെന്ന് വീഴുന്ന സ്ഥലം ഏതാണ് എന്ന് നിനക്ക് ഉറപ്പുണ്ടോ. തീയും, ഗന്ധകവും കത്തുന്ന ചാകാത്ത പുഴുക്കൾ ജീവനോടെ അരിച്ചുകൊണ്ടിരിക്കുന്ന നരകത്തിലാണ് നീ ചെല്ലുന്നതെന്ന് അറിയുക. അവസാനമില്ലാത്ത നിത്യത മുഴുവനും നീ നരകത്തിൽ വീഴാതിരിക്കാൻ ആത്മഹത്യ ചെയ്യാതിരിക്കുക.
1പത്രോസ് 4 ന്റെ 14 ൽ “ക്രിസ്തുവിന്റെ നാമം ഹേതുവായി നിന്ദ സഹിക്കേണ്ടിവന്നാൽ നിങ്ങൾ ഭാഗ്യവാന്മാർ; മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നിങ്ങളുടെമേൽ ആവസിക്കുന്നുവല്ലോ”.
മഹത്വത്തിന്റെ ആത്മാവായ ദൈവാത്മാവു നമ്മുടെമേൽ ആവസിക്കുന്നത്തിനാലാണ് ഇന്ന് നമ്മൾ ഈ കർത്താവിനെ അറിഞ്ഞത്.
4 ന്റെ 15,16 വാക്യങ്ങളിൽ “നിങ്ങളിൽ ആരും കൊലപാതകനോ കള്ളനോ ദുഷ്‌പ്രവൃത്തിക്കാരനോ ആയിട്ടല്ല കഷ്ടം സഹിക്കേണ്ടതു; പരകാര്യത്തിൽ ഇടപെടുന്നവനായിട്ടുമല്ല, ക്രിസ്ത്യാനിയായിട്ടു കഷ്ടം സഹക്കേണ്ടിവന്നാലോ ലജ്ജിക്കരുതു; ഈ നാമം ധരിച്ചിട്ടു ദൈവത്തെ മഹത്വപ്പെടുത്തുകയത്രേ വേണ്ടതു”. ഇതുവരെ പരകാര്യങ്ങളിൽ ഇടപെട്ടതിനാൽ, പാപത്തിന്റെ തൽക്കാല ഭോഗങ്ങളിൽ നടന്നതിനാൽ ജയിലിൽ അടയ്ക്കപ്പെട്ടു എങ്കിൽ ഇനി മുതൽ കുറ്റം ചെയ്യാതെ ശിക്ഷ അനുഭവിക്കാൻ കഴിയണം. എന്തുകൊണ്ടെന്നാൽ നാം ചെയ്തുകൂട്ടുന്ന തെറ്റുകൾ മറ്റാരും കണ്ടില്ലെങ്കിലും നമ്മെക്കാണുന്ന ഒരു ദൈവം ഉണ്ട് എന്ന് നാം മനസ്സിലാക്കണം.
കർത്താവ് എന്നോട് എന്താണ് പറഞ്ഞത്. ഞാൻ അനുസരിച്ചത് എന്താണ്എന്നൊക്കെ സ്വയം ശോധനചെയ്യണം.
1പത്രൊസ് 4 ന്റെ 12 ലൂടെ കടന്ന് പോകുമ്പോൾ ലേഖകൻ നമ്മെ പ്രിയമുള്ളവരേ, എന്നാണ് വിളിക്കുന്നത്. എന്നിട്ട് പറയുന്നു, “നിങ്ങൾക്കു പരീക്ഷക്കായി സംഭവിച്ചിരിക്കുന്ന അഗ്നിശോധനയിങ്കൽ ഒരു അപൂർവ്വകാര്യം നിങ്ങൾക്കു വന്നുകൂടി എന്നുവച്ചു അതിശയിച്ചുപോകരുതു”. ദൈവത്തിന്റെ മുൻപിൽ ഇതൊന്നും ഒരു അപൂർവ്വ കാര്യമല്ല.
നാം നമ്മുടെ കർത്താവായ ക്രിസ്തുവിന്റെ കഷ്ടങ്ങൾക്കു പങ്കുള്ളവരാകണം എന്നിട്ട് സന്തോഷിക്കേണം. അല്ലാതെ, അയ്യോ എന്നെ ഇവർ ഉപദ്രവിക്കുന്നുവല്ലോ, എല്ലാവരും ഒറ്റപ്പെടുത്തിയല്ലോ, ആരും എന്നെ സഹായിക്കുന്നില്ലല്ലോ, ആർക്കും എന്നോട് സഹതാപം ഇല്ലല്ലോ എന്നൊക്കെ ചിന്തിച്ചു സമയം കളയാതെ കർത്താവിൽ സന്തോഷിക്കാൻ നമുക്ക് കഴിയണം.. അങ്ങനെയാണ് നമുക്ക് കർത്താവിന്റെ തേജസ്സിന്റെ പ്രത്യക്ഷതയിൽ ഉല്ലസിച്ചാനന്ദിക്കാൻ കഴിയുകയുള്ളു.
കഷ്ടം വരുമ്പോൾ മരണം കൊതിക്കുന്ന ഭീരുവാകാതെ, ഇത് കർത്താവ് അറിയാത്ത അപൂർവ്വ കാര്യമൊന്നുമല്ല എന്ന തിരിച്ചറിവാണ് നമുക്ക് ആവശ്യം.
Voice Of Sathgamaya യുടെ ഈ ലേഖനത്തിൽ ഊന്നിപ്പറയാൻ ആഗ്രഹിക്കുന്ന ഒരു കാര്യം. സാത്താൻ കർത്താവിനെ പരീക്ഷിച്ചു, ഒന്നല്ല മൂന്ന് വട്ടം. പിശാചിന്റെ കാൽക്കീഴിൽ കുമ്പിടാൻ നമ്മുടെ കർത്താവിനെ കിട്ടിയില്ല. തൽക്കാല സുഖം തേടി ഇന്ന് നമ്മൾ പിശാചിന്റെ കാൽക്കീഴിൽ കുമ്പിടരുത്. കർത്രുമേശയിൽ നിന്നും പുറത്താക്കും, മക്കളുടെ വിവാഹം നടത്തിത്തരുകയില്ല, മരിച്ചാൽ കുഴിച്ചിടുകയില്ല എന്നൊക്കെയുള്ള ഭീഷണികൾ വരുമ്പോൾ ഇതൊക്കെ തരാം എന്ന് പറയുന്ന പിശാചിനെ വണങ്ങി ഇതെല്ലാം വാങ്ങിക്കാൻ ക്യു നിൽക്കുന്നവരെ കാണുമ്പോൾ അയ്യോ കഷ്ടം തോന്നുന്നു. ഇതൊന്നും അപൂർവ്വ കാര്യമല്ല.