കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

നെഹെമ്യാവേ, കരയാൻ ഇനിയും കണ്ണുനീർ ബാക്കിയുണ്ടോ

ചിന്തകൾ യഥാർഥ്യങ്ങൾ

ഇന്നലെ ഫോണിൽ വിളിച്ച് വിശേഷങ്ങൾ അന്വേഷിച്ച കൂട്ടത്തിൽ എന്റെ മൂന്ന് ആത്മാർത്ഥ സഹോദരന്മാർ എന്റെ ഹൃദയത്തെ വേദനിപ്പിച്ചു. മൂന്നുപേരുടെയും വിഷയങ്ങൾ വ്യത്യസ്തമാണെങ്കിലും ഒരാൾ പറഞ്ഞത് ക്രിസ്ത്യാനികളിൽ “രക്ഷ നഷ്ടപ്പെടില്ല” എന്ന് പഠിപ്പിക്കുന്നവരാണ് ഏറ്റവും കൂടുതൽ പാപം ചെയ്യാൻ മടിക്കാത്തവർ എന്നാണ്. അത് ശരിയാണ് എന്ന് എനിക്കും സമ്മതിക്കേണ്ടിവന്നു. കാരണം പാപം ചെയ്താൽ ഈ രക്ഷ നഷ്ടപ്പെടും എന്ന് ഉപദേശം പഠിച്ചവർ രക്ഷ നഷ്ടപ്പെടാതിരിക്കാൻ വേണ്ടിയെങ്കിലും തെറ്റുകൾ ഏറ്റുപറയും, മനസ്ഥാപപ്പെടും.

ആത്മരക്ഷ ഭദ്രമാണ് എന്ന് പറയുന്നവർ എത്രവലിയ തെറ്റുകൾ ചെയ്താലും അത് തിരുത്തുകയോ, ഏറ്റുപറയുകയോ ചെയ്തെന്നു വരില്ല. എന്നു പറഞ്ഞിട്ട് അദ്ദേഹം ചില തെളിവുകൾ നിരത്തി. മനസ്സാക്ഷിക്കും, ദൈവ വചനത്തിനും വിരോധമായി പരസ്യമായ തെറ്റുകൾ തെറ്റുകൾ ചെയ്യുന്നതിനെ എന്തുകൊണ്ട് നമുക്ക് തെറ്റ് എന്ന് പറയാൻ കഴിയുന്നില്ല.

കൊലപാതകം തെറ്റാണ് എന്ന് സമ്മതിക്കാത്ത ആരും ഈ ലേഖനം വായിക്കുന്നില്ല. വ്യഭിചാരവും, മോഷണവും പാപം ആണെന്ന് സമ്മതിക്കുന്നവരല്ലേ ഈ ലേഖനം വായിക്കുന്നത്. പക്ഷെ, തന്റെ കൂട്ടുസഹോദരനോട് പിണങ്ങി, മിണ്ടാതെ, കൈകൊടുക്കാതെ, ദുരാരോപണങ്ങൾ പ്രചരിപ്പിച്ചിട്ട് നാണം കെടുത്തി അപമാനിച്ചിട്ട് കർത്രുമേശ എടുത്ത് കൊടുക്കുന്നതും, കർത്രുമേശയിൽ പങ്കെടുക്കുന്നതും പാപം ആണെങ്കിൽ ഒരു കള്ളനോടും, വ്യഭിചാരിയോടും, കൊലപാതകാനോടുമുള്ള സമീപനം തന്നെ ഈ അന്യായക്കാരനോടും വേണ്ടേ. ലോകപരമായി പോലീസ് കുറ്റം ചുമത്തുന്ന പാപങ്ങൾ മാത്രമാണോ ദൈവസഭയുടെ മുൻപാകെ വരുന്ന പാപങ്ങൾ.

2022 ഡിസംബർ 22 ന് ഞാൻ പോസ്റ്റ്‌ ചെയ്ത ലേഖനത്തിന്റെ ഹെഡിങ് “വ്യാജ FIR ഉണ്ടാക്കി ശിക്ഷിക്കുന്നവർ”. എന്നായിരുന്നു. ഇന്നത്തെ ഈ ലേഖനം വായിക്കുന്നവർ അല്പം പിന്നിലേക്ക് പോയി 22/12/2022 ലെ ലേഖനം കൂടെ ഒരു പ്രാവശ്യം കൂടെ വായിക്കുന്നത് പ്രയോജനം ആയിരിക്കും. വ്യാജം പറയരുത്, അത് പരത്തരുത് എന്ന് പുറപ്പാട് പുസ്തകത്തിൽ ഇല്ലേ. 23 ന്റെ 1 ൽ “വ്യാജവർത്തമാനം പരത്തരുതു; കള്ളസ്സാക്ഷിയായിരിപ്പാൻ ദുഷ്ടനോടുകൂടെ ചേരരുതു”. എന്ന് എത്ര വ്യക്തമായി എഴുതിവെച്ചിട്ടും വ്യാജവർത്തമാനം പരത്തുവാനും, പരത്തുന്നവരോട് കൂട്ടുകൂടി നിൽക്കുവാൻ എങ്ങിനെ ഒരു വിശ്വാസിക്ക് കഴിയുന്നു.

യാക്കോബ് 2 ന്റെ 1 ൽ “സഹോദരന്മാരേ, തേജസ്സുള്ളവനായി നമ്മുടെ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിക്കുന്ന നിങ്ങൾ മുഖപക്ഷം കാണിക്കരുതു”. എന്ന് പുൾപ്പിറ്റിൽ നിന്ന് പ്രസംഗിച്ച ശേഷം താഴേക്ക് ഇറങ്ങിവന്ന് മുഖപക്ഷം കാണിക്കാൻ യാതൊരു മടിയുമില്ലാത്തവരോട് അയ്യോ കഷ്ടം എന്നല്ലാതെ എന്തുപറയാൻ കഴിയും. 70 വയസ്സുള്ള ഒരു സഹോദരൻ എന്നെ ഫോണിൽ വിളിച്ച് തന്റെ സഭയിൽ നടക്കുന്ന കൃപയില്ലാത്ത ശുശ്രുഷകന്മാരുടെ ശുശ്രുഷയെക്കുറിച്ച് പറഞ്ഞു ഹൃദയം നുറുങ്ങുമ്പോൾ ഈ പാപം ചെയ്തുകൊണ്ടിരിക്കുന്നവർ നമ്മിൽ ചിലരാണ് എന്നതാണ് വേദന.

ദാവീദിന്റെ പാപം നമ്മുടെ പ്രസംഗവിഷയമാണ്, ആഖാന്റെ പാപം നമ്മുടെ വിഷയമാണ്. എന്തുകൊണ്ട് ഇന്നത്തെ നമ്മുടെ പാപങ്ങൾ നമ്മുടെ വിഷയം ആകുന്നില്ല.

കൂട്ടുസഹോദരന്റെ കയ്യിൽ നിന്നും കടം വാങ്ങിയ പൈസ തിരിച്ച് കൊടുക്കാതെ വേണമെങ്കിൽ പോലീസ് സ്റ്റേഷനിൽ പൊയ്ക്കോ എന്ന് പറയുന്ന സഹോദരന്മാരുടെ എണ്ണം കൂടിക്കൂടി വരികയല്ലേ. കെട്ടിച്ചു വിട്ട മക്കളെ വേർപിരിച്ചു വീട്ടിൽ പിടിച്ചു നിർത്തി കേസ് കൊടുപ്പിക്കുന്ന ഉപദേശിമാരെയും, മൂപ്പന്മാരെയും ഉപദേശിക്കാൻ ഉപദേശം എടുക്കാത്ത ഉപദേഷ്ടാക്കൾക്ക് സഭയിലെ സാധാരണ വിശ്വാസിയോട് നിങ്ങൾ ദൈവവചനം അനുസരിക്കണം എന്ന് പറയാൻ എന്ത് അവകാശം. അല്ല, പുൾപ്പിറ്റിൽ കയറി പാപികളോട് ദൈവത്തിന്റെ പ്രമാണമായ തിരുവചനം അനുസരിക്കാൻ പറയാൻ എന്താണ് അവകാശം.

ഇന്ന് എന്നെ വിളിച്ച 70 കാരൻ കരയുകയായിരുന്നു. തന്റെ സഭയുടെ മാത്രമല്ല, സകല സഭകളിലെയും മൂല്യമില്ലാത്ത, നിലവാരമില്ലാത്ത ആത്മീകതയെയോർത്ത്. അതുകൊണ്ടാണ് ഇന്നത്തെ ലേഖനത്തിന് നെഹെമ്യാവേ, കരയാൻ ഇനിയും കണ്ണുനീർ ബാക്കിയുണ്ടോ എന്ന ഹെഡിങ് കൊടുത്തത്.

ബാങ്കിൽ നിന്നും കടം എടുത്ത ലോൺ അടയ്ക്കാൻ പൈസയില്ലാതെ വിഷമിച്ച ഒരു സഹോദരൻ തന്റെ ചില മുതലുകൾ കൂട്ടുസഹോദരന് വിറ്റു. ഒരുമാസം കഴിഞ്ഞു പൈസ തരാമെന്ന് പറഞ്ഞതിൽ വിശ്വസിച്ചു കാത്തിരുന്നു മാസങ്ങൾ 10 കഴിഞ്ഞിട്ടും പൈസ കൊടുത്തില്ല എന്ന് മാത്രമല്ല, സഹോദരാ നിങ്ങൾ പോലീസിൽ പൊയ്ക്കോളൂ, ഞാൻ അവിടെ സംസാരിക്കാം എന്ന് എന്ന് പറയുന്ന ഒരു വോയ്സ് ക്ലിപ്പ് കേട്ട ഒരു യുവാവാണ് എന്നോട് ചോദിച്ചത്, “നിങ്ങൾ രക്ഷ നഷ്ടപ്പെടില്ല എന്ന് പഠിപ്പിക്കുന്നതുകൊണ്ടല്ലേ, നിങ്ങളുടെ കൂട്ടത്തിലെ സഹോദരന്മാർക്ക് ഇങ്ങനെ പാപം ചെയ്യാൻ കഴിയുന്നത്. എന്ത് മറുപടിയാണ് ഇതിനൊക്കെ കൊടുക്കാൻ കഴിയുക.

മരണത്തിനുള്ള പാപങ്ങൾ ഏത്. മരണത്തിനല്ലാത്ത പാപങ്ങൾ ഏത്. ഇതുകൂടെ ഒന്ന് കൃത്യമായി പറഞ്ഞിരുന്നെങ്കിൽ മരണത്തിനല്ലാത്ത പാപങ്ങൾ ചെയ്യാമായിരുന്നു എന്ന ചിന്തയിലാണോ നമ്മൾ.

നമ്മുടെ യേശുകർത്താവ് പറഞ്ഞ കാര്യങ്ങൾ മത്തായി തന്റെ സുവിശേഷത്തിൽ രേഖപ്പെടുത്തിയപ്പോൾ 5 ന്റെ 22 ൽ “ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും”. എന്നാണല്ലോ കർത്താവ് പറഞ്ഞത് എന്നിട്ട് പോലും കൂട്ടുസഹോദരനോട് കോപ്പിക്കുന്ന, നിസ്സാരാ എന്നും, മൂഡാ എന്നും വിളിക്കുന്നവരെക്കുറിച്ച് എന്താണ് അഭിപ്രായം.

1യോഹന്നാൻ 5 ന്റെ 17 ൽ “ഏതു അനീതിയും പാപം ആകുന്നു” എന്ന് പറഞ്ഞിട്ട് ചേർത്ത് പറയുന്ന കാര്യം “മരണത്തിന്നല്ലാത്ത പാപം ഉണ്ടു താനും”. എന്നാണ്. ഇനി പറയൂ ഏതെല്ലാമാണ് മരണത്തിന്നല്ലാത്ത പാപം.

VOICE OF SATHGAMAYA വളരെ ഗൗരവത്തോടെ ഓർക്കാൻ ഒന്നുരണ്ട് വാക്യങ്ങൾ കൂടെ കുറിക്കാം. 1കൊരിന്ത്യർ 11 ന്റെ 27 “അതുകൊണ്ടു അയോഗ്യമായി അപ്പം തിന്നുകയോ കർത്താവിന്റെ പാനപാത്രം കുടിക്കയോ ചെയ്യുന്നവൻ എല്ലാം കർത്താവിന്റെ ശരീരവും രക്തവും സംബന്ധിച്ചു കുറ്റക്കാരൻ ആകും”. അയോഗ്യമായി കർത്രുമേശയിൽ പങ്കെടുക്കുന്നവർക്കുള്ള ശിക്ഷയല്ലേ വാക്യം 30 ൽ പറയുന്നത്. “ഇതുഹേതുവായി നിങ്ങളിൽ പലരും ബലഹീനരും രോഗികളും ആകുന്നു; അനേകരും നിദ്രകൊള്ളുന്നു”. നമ്മുടെ ബലഹീനതയുടെ കാര്യം നാം കണ്ടെത്തണം. നമ്മുടെ രോഗത്തിന്റെ കാര്യവും കണ്ടെത്തണം. കൂടാതെ ഇതാണ് മരണത്തിനുള്ള പാപങ്ങളിൽ ഒന്ന് എന്നും തിരിച്ചറിയാൻ കഴിഞ്ഞാൽ തീർച്ചയായും നമ്മിൽ മാനസ്സാന്തരം ഉറപ്പാണ്.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More