കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

ക്രിസ്തു വിശ്വാസികളെ… നിങ്ങൾ ആരെ ഭയപ്പെടും 

ചിന്തകൾ യഥാർഥ്യങ്ങൾ

2023 എന്ന പുതു വർഷത്തിലേക്ക് കാലെടുത്തു വെച്ചിരിക്കുന്ന നമുക്ക് ചിന്തിക്കാനുള്ള ചില നുറുങ്ങിയ ചിന്തകളാണ് ഇന്ന് VOICE OF SATHGAMAYA പങ്കുവയ്ക്കുന്നത്. ലോകം മുഴുവനും, ആശങ്കയിലും, ഭീതിയിലും, ഞരുക്കത്തിലുമാണ്. നമ്മളൊക്കെ സ്വതന്ത്രരാഷ്ട്രമാണ് എന്നൊക്കെ മാന്യത പറയാറുണ്ടെങ്കിലും മാനവരാശി മുഴുവനും തമ്മിൽ തമ്മിൽ ബന്ധം ഉള്ളതിനാലും, മനുഷ്യാവാകാശം ആഗോളമായ അവകാശമാകായാലും ഓരോരോ രാഷ്ട്രത്തിന്റെ തീരുമാനങ്ങൾ എല്ലാം അതുപോലെതന്നെ നടപ്പാക്കാൻ കഴിയാത്ത ഒരു വലിയ പ്രതിസന്ധിയുള്ളതുകൊണ്ടാണല്ലോ ഇന്നും ആണവായുധങ്ങൾ ധാരാളം കയ്യിലുള്ളവർക്കുപോലും അത് സ്വതന്ത്രമായി ഉപയോഗിക്കാൻ കഴിയാത്തത്. അതുകൊണ്ടുതന്നെ ഭൂമി ഞരങ്ങുകയാണ്. ഭാരതത്തിലെ മാത്രം കാര്യം നാം വെറുതെ ഒന്ന് ചിന്തിച്ചാൽ ഭാരതം ഒരു ഹിന്ദുരാഷ്ട്രമാക്കണം എന്ന് തീവ്രമായി കൊതിച്ചിട്ട് തുടങ്ങിയ ഒരു സംഘടന സ്റ്റെപ്പുകൾ ഓരോന്നോരോന്നു എടുത്തുവെച്ച് ശതാബ്ദത്തിലേക്ക് എത്താൻ ഇനി കേവലം 2 വർഷം മാത്രം. വിജയലക്ഷ്യത്തിലെത്തുവാൻ പരിശ്രമം നടത്തിനടത്തി കേന്ദ്രത്തിൽ ഭരണത്തിൽ തൽക്കാലം ഇളകാത്ത സ്ഥാനം ഉറപ്പിച്ചു. മതപരിവർത്തനത്തിന് എതിരായ ബില്ലുകൾ പലതും പാസ്സാക്കാൻ പഴുതുകളടച്ചടച്ചു മുന്നേറുകയാണ്. ലക്ഷ്യം കൈവരിക്കുമോ  ഇല്ലയോ  എന്നല്ല. ലക്ഷ്യം അവർക്കുണ്ട്. പരിശ്രമം അവർക്കുണ്ട്. അവർ നമ്മേക്കാൾ ബലമുള്ളവരാണ് എന്ന് സ്വർഗ്ഗീയപൗരന്മാരായ നമ്മൾ ഭയക്കുന്നു എന്നതിനാൽ നമ്മൾ ഇന്ന് ഭാരതത്തിൽ വന്നേക്കും എന്ന് ഭയക്കുന്ന മതപരിവർത്തന നിരോധന ബില്ലിനെ പാസ്സാക്കാതിരിക്കാനുള്ള പ്രാർത്ഥനായജ്ഞത്തിലാണ് നാമെല്ലാം.

സുവിശേഷത്തിന് വിരോധമായ ഒരു ഗവണ്മെന്റ് ഭാരതത്തിൽ വരരുതേ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചവരല്ലേ നമ്മൾ എല്ലാം. ബാലറ്റ് പെട്ടി അട്ടിമറിയിലൂടെയാണ് ഇവർ ഭരണം പിടിച്ചത് എന്ന് ആരോപണം ഉന്നയിച്ചാലും ഇന്ന് അവരല്ലേ ഭരിക്കുന്നത്. അന്ന് ഭരണത്തിൽ കേരരുതേ എന്ന് ഉപവാസങ്ങൾ നടത്തി പ്രാർത്ഥിച്ചവരെക്കൊണ്ടുതന്നെ ഇന്നത്തെ ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിപ്പിക്കുകയാണ് നമ്മുടെ കർത്താവ് എന്ന് നാം ഓർക്കുക.

പാലക്കാട്‌ ജില്ലയിലെ പ്രശസ്തമായ ഒരു സ്ഥലത്ത് പരസ്യയോഗത്തിന് തടസ്സം നിന്ന ബിജെപിക്കാരോട് അവിടെ കൂടിയ വിശ്വാസികൾ അഭിമാനത്തോടെ വിളിച്ചു പറഞ്ഞു “ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, രാജ്യത്തെ സ്നേഹിക്കുന്നു, ഭരണാധികാരികൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു”. ഏത് ഭരണം ഇവിടെ വരരുത് എന്ന് ചിന്തിച്ച് ഏത് ദൈവത്തോട് പ്രാർത്ഥിച്ചുവോ, അതേ ദൈവം, അതേ പാർട്ടിക്ക് ഭരണം കൊടുത്തിട്ട് തന്റെ മക്കളെക്കൊണ്ട് അവർക്കായി പ്രാർഥിപ്പിക്കുന്നുണ്ട് എങ്കിൽ നാം ഒന്ന് തിരിച്ചറിയുക നമുക്കാണ് തെറ്റുകൾ പറ്റിയത്. ദൈവം നമ്മെ തോൽക്കാൻ ശത്രുവിനു ഏല്പിച്ചു കൊടുത്തു എന്ന് സമ്മതിക്കുക.

ഓർമ്മയുണ്ടോ താഴെ കാണുന്ന ഈ വചനങ്ങൾ.

യോശുവയുടെ പുസ്തകം 7 ന്റെ 11,12,13 വാക്യങ്ങളിലൂടെ മാത്രം നമുക്ക് ഇപ്പോൾ കടന്നുപോകാം.
“യിസ്രായേൽ പാപം ചെയ്തിരിക്കുന്നു; ഞാൻ അവരോടു കല്പിച്ചിട്ടുള്ള എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു; അവർ ശപഥാർപ്പിതം എടുത്തിരിക്കുന്നു; അവർ മോഷ്ടിച്ചു മറവുചെയ്തു തങ്ങളുടെ സാമാനങ്ങൾക്കിടയിൽ അതു വെച്ചിരിക്കുന്നു. യിസ്രായേൽമക്കൾ ശാപഗ്രസ്തരായി തീർന്നതുകൊണ്ടു ശത്രുക്കളുടെ മുമ്പിൽ നില്പാൻ കഴിയാതെ ശത്രുക്കൾക്കു പുറം കാട്ടേണ്ടിവന്നു. ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല. നീ എഴുന്നേറ്റു ജനത്തെ ശുദ്ധീകരിച്ചു അവരോടു പറക: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; യിസ്രായേലേ, നിന്റെ നടുവിൽ ഒരു ശാപം ഉണ്ടു; ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയുംവരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്കു കഴികയില്ല എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു”.

(1) യിസ്രായേൽ പാപം ചെയ്തിരിക്കുന്നു.
(2) എന്റെ നിയമം അവർ ലംഘിച്ചിരിക്കുന്നു.
(3) അവർ ശപഥാർപ്പിതം എടുത്തിരിക്കുന്നു.
(4) അവർ മോഷ്ടിച്ചു.
(5) യിസ്രായേൽമക്കൾ ശാപഗ്രസ്തരായി തീർന്നു.
(6) അതുകൊണ്ട് ശത്രുക്കൾ അവരെ തോൽപ്പിച്ചു.
(7) ശാപം നിങ്ങളുടെ ഇടയിൽ ഉണ്ട്.
(8) ശാപം നിങ്ങൾ നിങ്ങളുടെ ഇടയിൽ നിന്നും നീക്കാതിരുന്നാൽ ഞാൻ നിങ്ങളോടുകൂടെ ഇരിക്കയില്ല. എന്നിങ്ങനെ പറഞ്ഞിട്ട് നമ്മുടെ കർത്താവ് പറയുകയാണ് നീ അവരോടു പറക: നാളത്തേക്കു നിങ്ങളെത്തന്നേ ശുദ്ധീകരിപ്പിൻ; നിന്റെ നടുവിൽ ഒരു ശാപം ഉണ്ടു; ശാപം നിങ്ങളുടെ ഇടയിൽനിന്നു നീക്കിക്കളയുംവരെ ശത്രുക്കളുടെ മുമ്പിൽ നില്പാൻ നിനക്കു കഴികയില്ല എന്നിങ്ങനെ യിസ്രായേലിന്റെ ദൈവമായ യഹോവ കല്പിക്കുന്നു”. ഇതും ഒരു കല്പനയാണ്. ശത്രുവിന്റെ മുൻപിൽ നമുക്ക് നിൽക്കാൻ കഴിയണമോ. എങ്കിൽ ശാപം നമ്മുടെ ഇടയിൽനിന്നു നീക്കിക്കളയണം.

ഞാൻ തയ്യാറാണ്, നിങ്ങൾ തയ്യായാണോ.

നമ്മുടെ കർത്താവ് വാക്ക് പറഞ്ഞാൽ പാലിക്കും എന്ന് ഉറപ്പുണ്ടെങ്കിൽ നമുക്ക് 2ദിനവൃത്താന്തം 7 ന്റെ 14,15 വാക്യങ്ങൾ കൂടെ വായിക്കാം “എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാർത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുർമ്മാർഗ്ഗങ്ങളെ വിട്ടുതിരിയുമെങ്കിൽ, ഞാൻ സ്വർഗ്ഗത്തിൽനിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൗഖ്യം വരുത്തിക്കൊടുക്കും. ഈ സ്ഥലത്തു കഴിക്കുന്ന പ്രാർത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും”. കർത്താവ് വെച്ച ഈ നിബന്ധന പാലിക്കാൻ മനസ്സില്ലാത്ത നമ്മുടെ ഉപവാസവും പ്രാർത്ഥനയും പ്രഹസനമാകുന്നുണ്ട് എങ്കിൽ, അത് നമ്മുടെ കർത്താവിന്റെ നാമത്തിനു നേരെ അവിശ്വാസിക്ക് ദോഷം ആരോപിക്കാനുള്ള അവസരമാണ് എന്നുകൂടെ ഈ പുതുവത്സരദിനത്തിൽ ചിന്തിക്കാൻ ഇടവരട്ടെ എന്ന ആത്മാർത്ഥ പ്രാർത്ഥനയോടെ നെഹെമ്യാവിനോടു കൂടെ “ഞാനും എന്റെ പിതൃഭവനവും പാപം ചെയ്തിരിക്കുന്നു”. (1 ന്റെ 6) എന്ന് സമ്മതിച്ചു ഏറ്റുപറയുമെങ്കിൽ സുവിശേഷത്തിന് ദോഷം ചെയ്യുന്ന ഒരു ബില്ലും ഇവിടെ പാസ്സാകില്ല. അവിശ്വസ്ഥരാണ് നമ്മൾ എന്ന് ദൈവത്തിന് ഉറപ്പുണ്ടെങ്കിൽ സുവിശേഷ പാളയത്തിൽ പാപം ഉണ്ടെങ്കിൽ ദൈവം നമ്മെ തോല്പിക്കാൻ വിട്ടുകൊടുക്കുന്നത് നീതിയല്ലേ.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More