Powered by: <a href="#">Manna Broadcasting Network</a>
വളരെ ഹൃദയ വേദനയോടെ കുറിക്കട്ടെ. ഈ വാർത്ത എന്റെ മനസ്സിന് ഉൾക്കൊള്ളാൻ ഇതുവരെ സാധിച്ചിട്ടില്ല. എനിക്കയച്ച തന്റെ ഓഡിയോ സന്ദേശങ്ങൾ ഇതിനോടകം പലയാവർത്തി ഞാൻ കേട്ട് കഴിഞ്ഞു. ഒരുപാട് കാര്യങ്ങൾ തനിക്ക് ഇനിയും ചെയ്യാൻ ആഗ്രഹം ഉണ്ടായിരുന്നു. ഞങ്ങൾ പരിചയപ്പെട്ടിട്ട് മൂന്ന് വർഷം മാത്രമെ ആയിട്ടുള്ളു. ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടുമില്ല. ഞങ്ങൾ വ്യത്യസ്ത സ്ഥലങ്ങിൽ ആയിരുന്നിട്ടും ഇത്രയും അടുത്ത് ഇടപഴകി ദൈവനാമ മഹത്വത്തിനായ് വിശ്വാസത്താൽ കൈകോർത്ത് പ്രാർത്ഥിച്ച് പ്രവർത്തിച്ചു.
ജീവനദി പ്രഭാത വചനം ഒരൊറ്റ ദിവസം പോലും മുടക്കം വരുത്താതെ ചെയ്യുമ്പോൾ ഓരോ ദിവസവും രാത്രി ഞങ്ങൾ തമ്മിൽ ആശയവിനിമയം നടത്താറുണ്ടായിരുന്നു. കുഞ്ഞുങ്ങളുടെ പാട്ടും സഹോദരിമാരുടെ പാട്ടും ലേഖന ഖനിയും തുടങ്ങി അനേക കാര്യങ്ങളിലൂടെ അനേകരുടെ ആത്മീക ഉന്നതി ലക്ഷ്യം വച്ച് താൻ പ്രവർത്തിച്ചിരുന്നു. അടൂരും പരിസര പ്രദേശങ്ങളിലുമുള്ള പല ദൈവദാസന്മാരെ കുറിച്ചുമുള്ള ആത്മഭാരത്താൽ ഗ്രൂപ്പ് അഡ്മിന്മാരും അവരുടെ അടുത്ത പ്രിയപ്പെട്ടവരും സഹായ ഹസ്തം നീട്ടിയതിന്റെ പിന്നിലെ പ്രേരകശക്തിയായി പ്രിയ ഷീൻ ഉണ്ടായിരുന്നു.
റേഡിയോ മന്ന പരസ്യയോഗത്തിലും സജീവമായി പ്രവർത്തിക്കുകയും ഞങ്ങൾക്കും ശുശ്രൂഷകൾ ചെയ്യുവാൻ അവസരം ഒരുക്കിതരുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ”അവാസ്ക്കുലർ നെക്രോസിസ്” മൂലം നടക്കാൻ കഴിയാതെ ഞാൻ കട്ടിലിൽ കിടന്നുകൊണ്ട് തന്നെ പ്രഭാതവചനം തയ്യാക്കികൊണ്ട് കടന്ന് പോയ നാളുകളിൽ ബെഹറിനിൽ നിന്നും വിളിക്കുകയും കട്ടിലിൽ തന്നെ ഇരുന്നു കൊണ്ട് സന്ദേശങ്ങൾ prepare ചെയ്യത്തക്കതായ സംവിധാനം പ്രിയമകൻ തന്റെ കൂട്ടുസഹോദരൻ മുഖാന്തരം ഒരുക്കിത്തന്നത് ഞാൻ നന്ദിയോടെ ഇപ്പോഴും ഓർക്കുന്നു.
ഷീനിന് നെഞ്ച് വേദന അനുഭവപ്പെട്ട് ഹോസ്പിറ്റലിൽ പോകുന്നതിന്റെ തലേ ദിവസം Adoor Brethren Corner-ൽ പുറത്തിറക്കിയ പ്രഭാത ഗീതത്തിലെ വരികൾ ശ്രദ്ധിച്ച ഞാൻ കണ്ടത് പ്രത്യാശയുടെ ഗീതമാണ്.
കർത്തൻ പേർക്കു രാപ്പകൽ അദ്ധ്വാനം ഞാൻ ചെയ്തിങ്ങനെ
വാർത്ത ഞാൻ ചൊല്ലീടട്ടെ തൻ സ്നേഹത്തിൻ
പാർത്തലത്തിൽ എന്റെ വേല തീർത്തീ- ജ്ജീവിതാന്ത്യത്തിൽ
പേർ വിളിക്കും നേരം കാണും എൻ പേരും!
എത്ര അനുഗ്രഹീതകരമായ പ്രത്യാശ !
ആ പ്രത്യാശക്കൊത്ത പ്രവർത്തി !
അറിഞ്ഞൊ അറിയാതയൊ ആയിരിക്കാം താനിത് പോസ്ററ് ചെയ്തത്. തുടർന്ന് ഇട്ട ശുഭദിന ആഹ്വാനവും എന്നെ ഏറെ ചിന്തിപ്പിച്ചു. അവിടെ കണ്ടത്,
നല്ലൊരു ദിനം ദാനമായി നൽകിയ ദൈവത്തിനു നന്ദി പറയാം. ദൈവഹിതം മാത്രം നമ്മളില് നിറവേറുവാനായി പ്രാര്ത്ഥിക്കാം
തന്റെ മനസ്സിന്റെ ഉള്ളറയിലെ ആ ആഗ്രഹം ദൈവഹിതം നിറവേറ്റപ്പെടണം എന്നായിരുന്നു.
ഇത് വായിച്ചപ്പോൾ എന്റെ കർത്താവിന്റെ ഇഷ്ടത്തെ കുറിച്ച് ഞാൻ ഓർത്തുപോയി. ”പിതാവേ, നിനക്കു മനസ്സുണ്ടെങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീക്കേണമേ; എങ്കിലും എന്റെ ഇഷ്ടമല്ല നിന്റെ ഇഷ്ടം തന്നെയാകട്ടെ” (Lk 22:42).
പാന പാത്രം ക്രിസ്തുവിൽ നിന്ന് നീക്കപ്പെട്ടില്ല എന്നത് യാഥാർത്ഥ്യം എന്നാൽ ദൈവഹിതത്തിൽ നിന്നും ഓടി രക്ഷപെടുവാനല്ല മറിച്ച് ആ ദൈവഹിതത്തെ അംഗീകരിക്കാൻ ആഗ്രഹിച്ച കർത്താവിന്റെ പ്രാർത്ഥനകേട്ടു പിതാവ് ഉത്തരം നൽകിയതായിട്ട് മനസ്സിലാക്കുന്നു. അതുകൊണ്ടാണല്ലൊ എബ്രായ ലേഖന കർത്താവ് പറഞ്ഞത്, ”ക്രിസ്തു തന്റെ ഐഹിക ജീവകാലത്തു തന്നെ മരണത്തിൽനിന്നു രക്ഷിപ്പാൻ കഴിയുന്നവനോടു ഉറച്ച നിലവിളിയോടും കണ്ണുനീരോടുംകൂടെ അപേക്ഷയും അഭയയാചനയും കഴിക്കയും ഭയഭക്തി നിമിത്തം ഉത്തരം ലഭിക്കയും ചെയ്തു ”(എബ്രാ 5:7 ).
ഗെത്ത്ശെമന തോട്ടത്തിൽ കർത്താവ് കഴിച്ച പ്രാർത്ഥനക്ക് മറുപടിയായി തന്റെ മരണം നീക്കപ്പെടുകയല്ല ചെയ്തത്. മരണം അനിവാര്യമായിരുന്നു. താൻ മാനവജാതിക്ക് വേണ്ടി മരിച്ചെങ്കിലും പിതാവ് തന്നെ ഉയിർപ്പിച്ചു. ക്രിസ്തു ഭക്തന്റെ പ്രാർത്ഥനക്ക് ഉത്തരം ഉണ്ട് . അത് ദൈവഹിതം നിറവേറ്റപ്പെടുന്നതിന് വേണ്ടിയുള്ള പ്രാർത്ഥനക്കുള്ള ഉത്തരമാണ്.
ക്രിസ്തു മരണ പാശങ്ങളെ പരാജയപ്പെടുത്തി ഉയർത്തെഴുന്നേറ്റതു പോലെ ക്രിസ്തുവിന്റെ പ്രത്യക്ഷതയിൽ ക്രിസ്തു ഭക്തനായ പ്രിയ സഹോദരൻ ഉയിർത്തെഴുന്നേൽക്കും ആ സുദിനത്തിൽ നിശ്ചയമായും നാം പ്രിയ സഹോദരൻ ഷീനിനെ കാണും. വിശ്വാസത്തിന് വേണ്ടി അവസാനത്തോളം നിലകൊണ്ട നല്ലൊരു മകനെന്ന് പ്രിയമാതാവിന് തന്റെ മകനെ കുറിച്ച് അഭിമാനിക്കാം. ഒരു ദൈവഭക്തന്റെ ഭാര്യാ പദം അലങ്കരിക്കാൻ കഴിഞ്ഞതിൽ പ്രിയ സഹോദരി സുജക്ക് അഭിമാനിക്കാം. ദൈവവചന സത്യങ്ങൾക്ക് വേണ്ടി നിലകൊണ്ട നല്ലൊരു പിതാവിന്റെ മക്കൾ എന്ന് പ്രിയ ക്രിസ്റ്റി, ഷെറിൽ, കെയ്ഡൻ എന്നിവർക്ക് അഭിമാനിക്കാം. ദൈവഹിതത്തിന് ഏല്പിച്ച് കൊടുത്തവനായിരുന്നു തന്റെ സഹോദരൻ എന്ന് പ്രിയ ഷൈനി സഹോദരിക്കും അഭിമാനിക്കാം.
പ്രിയരെ നിങ്ങളുടെ ഹൃദയ വേദന ഞങ്ങൾ മനസ്സിലാക്കുന്നു. മാനുഷിക വാക്കുകൾക്ക് നിങ്ങളെ ആശ്വസിപ്പിക്കാൻ ആവില്ലെന്നറിയാം. നിങ്ങളെ അനാഥരായി വിട്ടിട്ടല്ല പ്രിയ ഷീൻ പോയിരിക്കുന്നത് ദൈവകരങ്ങളിൽ നിങ്ങളെ ഭരമേൽപ്പിച്ചിട്ടുണ്ട്. പ്രിയ മക്കൾക്ക് തങ്ങളുടെ വാത്സല്യ പിതാവ് നഷ്ടപ്പെട്ടു. എന്നാൽ സ്വർഗ്ഗീയ പിതാവ് നിങ്ങൾക്കുണ്ട്. ആ പിതാവിന്റെ അരികിൽ ഇന്ന് നിങ്ങളുടെ പിതാവ് ആശ്വസിക്കയാണ്. താൻ തന്റെ പ്രയത്നങ്ങളിൽ നിന്ന് വിശ്രമിക്കയാണ്. രോഗങ്ങളില്ലാത്ത വേദനകളില്ലാത്ത മരണമില്ലാത്ത ലോകത്ത് താൻ വിശ്രമിക്കുന്നു.
മക്കളെ പിതാവ് നിങ്ങൾക്ക് വേണ്ടി ഒത്തിരി അദ്ധ്വാനിച്ചു. അനേകരുടെ നന്മക്ക് വേണ്ടി പ്രാർത്ഥിച്ചു. ആ പിതാവിന്റെ മക്കൾ എന്ന നിലയിൽ ലോകത്തിന്റെ ഏത് കോണിലും നിങ്ങൾക്ക് അഭിമാനത്തോടെ തലയുർത്തി നിൽക്കാം. കഠിന പ്രയാസത്തിന്റെ വേളയിലും ഒടുവിലായി ജീവനദി ആത്മ മന്ന മാസികയുടെ pdf പോസ്റ്റ് ചെയ്ത തന്റെ ദൈവസന്നിധിയിലുള്ള സമർപ്പണം ഞങ്ങൾ എങ്ങനെ വിസ്മരിക്കും. ഞങ്ങൾ മനുഷ്യർ പരിമിതികൾ ഏറെയുള്ളവരാണെന്ന് തുറന്ന് സമ്മതിക്കുന്നു. അസുഖ വിവരം അറിഞ്ഞത് മുതൽ ഞങ്ങൾ അനേകർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിരുന്നു പ്രാർത്ഥിച്ചു. എന്നാൽ വിശ്രമത്തിനായ് സ്വർഗ്ഗീയ പിതാവ് പ്രിയപ്പെട്ടവനെ തന്റെ അരികിലേക്ക് വിളിച്ചിരിക്കുന്നു. പ്രത്യാശയാൽ നിറയുക, പരിമിതികൾ ഇല്ലാത്ത സ്വർഗ്ഗീയ പിതാവ് എവിടെയും എപ്പോഴും നിങ്ങളുടെ സഹായകനായിരിക്കും. അതിനാൽ നിങ്ങളുടെ ആരുടെയും ഹൃദയം കലങ്ങിപ്പോകരുതെ, ഞങ്ങൾ, നിങ്ങൾക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.🙏🏻
ആ മനോഹര ദേശത്ത് പ്രിയപ്പെട്ടവനെ വീണ്ടും കാണാം എന്ന പ്രത്യാശയോടെ…….