Powered by: <a href="#">Manna Broadcasting Network</a>
1960 + മുതൽ കണ്ട പലതും ഓർമ്മയിൽ ഉണ്ട്. എന്റെ വല്യപ്പച്ചൻ പത്തനംതിട്ട ഓമല്ലൂർ ദേശത്തുള്ള യാക്കോബയിൽ നിന്ന് രക്ഷിക്കപ്പെട്ടു, സ്നാനപ്പെട്ടപ്പോൾ സ്വന്തം അമ്മ ചെരവതടി കൊണ്ട് തലക്കടിച്ചു പൊട്ടിച്ചു വീട്ടിൽ നിന്നിറക്കി വിട്ടു. വല്യമ്മച്ചിയുടെ കാതിൽ തൂങ്ങി കിടന്ന വലിയ സ്വർണ്ണ പണ്ടം ഊരി കൊടുത്തു. കെട്ടുതാലി പൊട്ടിച്ചു കൊടുത്തു(അന്നുമുതൽ ആഭരണം വേണ്ടെന്ന് വെച്ചു, തീയോളജി പഠിച്ചിട്ടല്ല).
4 മക്കളെയും കൊണ്ട് വിശ്വാസികൾ ഉള്ള എരുമക്കാട് (ഇടയറന്മുള) ദേശത്തു വന്നു, ഒരു സ്ഥലം പാട്ടത്തിനെടുത്തു കൃഷി ചെയ്തു മക്കളെ വളർത്തി. സുവിശേഷം അറിയിക്കാതിരുന്നാൽ കുറ്റബോധം ഉണ്ടായിരുന്നു. വിശ്വാസത്തിനുവേണ്ടി വലിയ വില കൊടുത്തു. ജീവിതത്തിലും അതിന്റെ വില പ്രകടിപ്പിച്ചു ജീവിച്ചു. കുടുംബസ്വത്തു കിട്ടിയില്ലെങ്കിലും സ്വർഗ്ഗത്തിലെ അപ്പൻ അമർത്തി കുലുക്കി നിറച്ചു കൊടുത്തു. ആ കാലത്തു പലരുടെയും സാക്ഷ്യം ഇതായിരുന്നു.
ഞാൻ അന്ന് കണ്ട വേർപാട് സഭ: K V സൈമൺ സാറിന്റെ ശിഷ്യന്മാരിൽ ഒരാളായിരുന്ന P I ഉണ്ണൂണ്ണി അപ്പച്ചൻ ഉൾപ്പെടെ 3 മൂപ്പന്മാർ. ഏതാണ്ട് 25 വീട്ടുകാർ. ആഴ്ചയിൽ ഒരിക്കൽ 2 മൂപ്പന്മാർ എങ്കിലും എല്ലാ വീട്ടിലും വരും. ക്ഷേമ അന്വേഷണത്തെക്കാൾ തിരുവചന സത്യങ്ങളുടെ ചർച്ച ആയിരുന്നു.
കൃഷിഫലങ്ങൾ ഉൾപ്പെടെ എല്ലാം പങ്കു വെയ്ക്കും. മലകളിൽ താമസിക്കുന്ന വീടുകൾ ഉൾപ്പെടെ എല്ലാ വീട്ടിലും രാത്രി യോഗങ്ങൾ ഉണ്ട്. ചൂട്ടുകറ്റ കത്തിച്ചുള്ള വെളിച്ചവും കയ്യിൽ വടിയും വേദപുസ്തകവും. അനേക നാളുകൾ ഞങ്ങളുടെ വീട്ടിൽ ആയിരുന്നു സൺഡേസ്കൂൾ & ആരാധന. സുവിശേഷം അറിയിക്കുവാൻ വീടുകൾ കയറും, ചന്തയിൽ പരസ്യയോഗങ്ങൾ, ആറന്മുള ഉത്സവത്തിനും വള്ളം കളിക്കും ട്രാക്ട് വിതരണവും. വിശ്വാസികൾ വർദ്ധിച്ചു. Hall ഉണ്ടാക്കി. കൂടുതലും വിശ്വാസികളുടെ അദ്ധ്വാനം.
കുടുംബ പ്രാർത്ഥന വേണം എന്ന് സഭ കർക്കശമായി പഠിപ്പിച്ചു. ഉപവാസത്തോടുകൂടെ പ്രാർത്ഥന
ഉണ്ടായിരുന്നു. ഉറക്കെ സ്തോത്രം പറഞ്ഞു, ആമേൻ പറഞ്ഞു(പെന്തിക്കോസ്കാർ വന്നപ്പോൾ നമ്മൾ അതൊക്കെ നിർത്തി). (College ൽ പോകുന്ന കാലം വരെ ഞാൻ കരുതിയിരുന്നത് brethren കാർ മാത്രമേ സ്വർഗത്തിൽ പോകയുള്ളു എന്ന് )
ശനിയാഴ്ച വൈകിട്ട് പോലും സ്കൂൾ പാഠം പഠിക്കാൻ അനുവാദം ഇല്ലായിരുന്നു, പകരം ആരാധനക്കുള്ള ഒരുക്കം ആയിരുന്നു. ഞായറാഴ്‌ച പ്രഭാത ഭക്ഷണം ഇല്ല. ആരാധന 10:30 മുതൽ 3 – 3½ മണിക്കൂർ. ബെഞ്ച് ഉണ്ടെങ്കിലും പായിൽ ഇരുന്നായിരുന്നു ആരാധന.
ഫാൻ ഉണ്ടായിരുന്നു എങ്കിലും ഒരുകാലത്തു ആരാധന സമയം ഓൺ ചെയ്തിരുന്നില്ല. തിരുവത്താഴത്തിനുള്ള അപ്പവും വീഞ്ഞും വീട്ടിൽ ഉണ്ടാക്കും. 2 പ്ലേറ്റും 2 ഗ്ലാസും ഉപയോഗിച്ചു വന്നു. 3 അയൽ സഭകൾ ചേർന്നു പ്രവർത്തനം നടത്തിയിരുന്നു. ഇടക്ക് ഒന്നിച്ചു ആരാധനയും. 10km ചുറ്റളവിൽ ഉള്ള സഭകളിൽ നടക്കുന്ന കൺവെൻഷൻ യോഗങ്ങളിൽ രാത്രിയിലും ആരാധനക്കും പോയിരുന്നു. മുപ്പന്മാർ യോഗ്യമായി തീരുമാനിച്ചു മീറ്റിംഗ് ക്യാൻസൽ ചെയ്യും.
പ്രഗത്ഭരായവർ സുവിശേഷപ്രസംഗവും ക്ലാസുകളും എടുക്കും. ഇന്നത്തെ പോലെ വലിയ തിയോളജി ഒന്നും പഠിപ്പിച്ചില്ല. എന്നാൽ കർത്താവ് വരും എന്ന പ്രത്യാശയുടെ വാക്കുകൾ കേൾക്കാത്ത ഒരു closing മീറ്റിംഗ് ഇല്ലായിരുന്നു. KGT, KGK, MK, VTM, MEC, TKS, MMZ ഒക്കെ അയൽ സഭകൾ ചേർന്നുള്ള ആരാധനയിൽ പങ്കെടുത്തിരുന്നു.
സുവിശേഷകന്മാർ എണ്ണത്തിൽ കുറവും, രക്ഷിക്കപ്പെടുന്നവരുടെ എണ്ണം കൂടുതലും ആയിരുന്നു. എല്ലാ വിശ്വാസികൾക്കും സുവിശേഷം പറയാൻ ആഗ്രഹം ഉണ്ടായിരുന്നു. എന്നെപോലെയുള്ളവർ സുവിശേഷം പറഞ്ഞു ഒരു വർഷം ഒരാളെങ്കിലും രക്ഷിക്കപ്പെട്ടു വന്നിട്ട്, രണ്ട് വർഷത്തിനിടയിൽ ഒരാളെങ്കിലും സ്ഥലം സഭയിൽ വന്നിരുന്നെങ്കിൽ എത്ര മാറ്റം ഉണ്ടാകുമായിരുന്നു. നമ്മുടെ പല ചർച്ച വിഷയങ്ങളും അലിഞ്ഞു പോയെനേം.
പ്രവർത്തനത്തിന്റെ കാര്യം പറയുന്നവരോട്, പ്രാർത്ഥിക്കുന്ന ഒരു അമ്മച്ചി പലപ്പോഴും ചോദിക്കുന്നത് കേട്ടിട്ടുണ്ട് : ok very good, result എന്തുണ്ട്?
(എന്നോടും ചോദിക്കാറുണ്ട്. രക്ഷിക്കപ്പെട്ടവരുടെ കാര്യം പറയാനില്ലെങ്കിൽ അമ്മച്ചി തല താഴ്ത്തി മിണ്ടാതെ പോകും).