കാഹളധ്വനി
കാലഘട്ടത്തിൻറെ ശബ്ദം

സുവിശേഷകനും കുടുംബവും

റോയ് ടി ഡാനിയേൽ

ആന്ധ്രപ്രദേശത്തെ സുവിശേഷകൻമ്മാരുടെ ഒരു കൂടിവരവിൽ പ്രസംഗിക്കുവാൻ എന്നെ ഭരമേൽപ്പിച്ച ഒരു വിഷമാണ് ഇത്. കേരളത്തിലെ സുവിശേഷകന്മ്മാർക്കും പ്രയോജനപ്പെടും എന്നു കരുതുന്നു ഈ വിഷയം അധികമാരും പ്രസംഗിച്ചു കേട്ടിട്ടില്ല. സുവിശേഷകൻറെ കുടുംബം, ഭാര്യ, മക്കൾ ഇതൊന്നും നമുക്ക് വിഷയമല്ല. ഇന്ന് ഈ വിഷയം കൈകാര്യo ചെയ്യുവാൻ എന്നോടു ആവശ്യപെട്ടതനുസരിച്ചു ദൈവം എനിക്ക് ബോധ്യപ്പെടുത്തി തന്ന ചില കാര്യങ്ങൾ നിങ്ങളുടെ ശ്രദ്ധയിൽ പെടുത്താം  എന്ന് കരുതുന്നു. സുവിശേഷകൻ എന്നതിനുപകരം “വേലക്കാരൻ” അല്ലെങ്കിൽ ” കർത്തൃ ദാസൻ” എന്ന പേര് ഉപയോഗിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. “സുവിശേഷകൻ” എന്ന സ്ഥാനപ്പേരു മാറ്റുകയോ ഉപയോഗിക്കുന്നത് നിർത്തുകയോ ചെയ്യേണ്ടതും ഈ കാലത്തു ആവശ്യമായി വന്നിരിക്കുന്നു. ഇന്ത്യയിൽ “സുവിശേഷകൻ” എന്ന പേരിനു വികൃതമായ ഒരു വ്യഖ്യാനമാണ് നൽകപ്പെട്ടിരിക്കുന്നു. ആളുകളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യിപ്പിക്കുന്ന ഒരുവൻ എന്നാണ് സുവിശേഷകൻ എന്ന വാക്കു നിർവചിക്കപ്പെട്ടിരിക്കുന്നതു. അതിനാൽ, നമ്മുടെ രാജ്യത്ത് ആ സ്ഥാനപ്പേരു ഉപയോഗിക്കുന്നത് അപകടകരമാണ്. സുവിശേഷകൻറെ വേല മതപരിവർത്തനമല്ല, സ്ക്രിസ്തുവിൽക്കൂടെയുള്ള രക്ഷയുടെ സുവിശേഷം അറിയിക്കുകയാണ്.  എഫെസ്യർ 4:11-ൽ അപ്പോസ്തലനായ പൗലോസ്, സഭയെ ശുശ്രൂഷിക്കുന്നതിനായി ദൈവമക്കൾക്ക് നൽകിയിട്ടുള്ള അഞ്ച് ശുശ്രൂഷകളെ പരാമർശിക്കുന്നു. “ചിലർ അപ്പോസ്തലന്മാരും, ചിലർ പ്രവാചകന്മാരും, ചിലർ സുവിശേഷകരും, ചിലർ ഇടയൻമ്മാരും, ചിലർ ഉപദേഷ്ട്ടാക്കന്മ്മാരായും നീയമിക്കപ്പെട്ടിരിക്കുന്നു.” എല്ലാം ഒരുപോലെ പ്രധാനമാണ്, ദൈവം സ്ഥാപിച്ചത് മാറ്റാൻ നമുക്ക് കഴിയില്ല. “ഇന്ത്യൻ സഹോദര സഭ” കൾക്കിടയിൽ നമുക്കുള്ള പ്രശ്‌നം, സുവിശേഷപ്രഘോഷണമോ പ്രസംഗപീഠമോ അല്ലാതെ മറ്റൊരു ശുശ്രൂഷയും മൂല്യവത്തായ ശുശ്രൂഷയായി നാം കണക്കാക്കുന്നില്ല അല്ലെങ്കിൽ മറ്റ് കൃപാവരങ്ങളും ശുശ്രൂഷകളും അംഗീകരിക്കുന്നില്ല എന്നതാണ്. അതിനാൽ, നമുക്ക് സുവിശേഷകരും പ്രസംഗകരും മാത്രമേ ഉള്ളൂ. പ്രസംഗകരെ സുവിശേഷകർ എന്നും വിളിക്കുന്നു. ഇന്ത്യൻ സഹോദരന്മാരുടെ അഭിപ്രായത്തിൽ ആരെങ്കിലും ദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, അവൻ ഒരു സുവിശേഷകനാകണം. അത് ഒരു പുരുഷന് മാത്രമേ ചെയ്യാൻ കഴിയൂ, ഒരു സ്ത്രീയ്ക്ക് കഴികയില്ല.  ഈ സങ്കല്പം വേദപ്രകാരം തെറ്റാണ്. കൃപാവരങ്ങൾ പുരുഷന്മാർക്ക് മാത്രമാണെന്നും സ്ത്രീകൾക്കല്ലെന്നും ബൈബിൾ പറയുന്നില്ല. കൃപാവരങ്ങൾ നൽകുന്നത് ദൈവമാണ്, അവന്റെ സഭയെ സേവിക്കുന്നതിനായി വ്യത്യസ്ത ആളുകൾക്ക് കൃപാവരങ്ങൾ നൽകുന്നത് അവന്റെ സ്വന്തം അവകാശമാണ്. അതിൽ മാറ്റം വരുത്താൻ നമുക്ക് അവകാശമില്ല. ഓരോ കൃപാവരങ്ങളെയും തിരിച്ചറിയുകയും അവ സഭയിൽ ഉപയോഗിക്കാൻ അനുവദിക്കുകയും വേണം.

ആ വരങ്ങൾ നൽകുന്നതിലെ ദൈവത്തിന്റെ ഉദ്ദേശ്യവും താഴെ പറയുന്ന വാക്യത്തിൽ പരാമർശിക്കപ്പെടുന്നു. 12  മുതൽ 16  വരെയുള്ള വാക്യങ്ങൾ വായിക്കുക. “അത് നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ  പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിനായുള്ള ശുശ്രൂഷയുടെ വേലയ്ക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനയ്ക്കും ആകുന്നു. അങ്ങനെ നാം ഇനി മനുഷ്യരുടെ ചതിയാലും ഉപായത്താലും തെറ്റിച്ചുകളയുന്ന തന്ത്രങ്ങളിൽ കുടുങ്ങിപ്പോകുവാൻ തക്കവണ്ണം ഉപദേശത്തിന്റെ ഓരോ കാറ്റിനാൽ ചാഞ്ചാടി ഉഴലുന്ന ശിശുക്കൾ ആയിരിക്കാതെ,  സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ട് ക്രിസ്തു എന്ന തലയോളം സകലത്തിലും വളരുവാൻ ഇടയാകും.  ശരീരം മുഴുവനും യുക്തമായി ചേർന്നും ഏകീഭവിച്ചും ഓരോ അംഗത്തിനും അതതിന്റെ പ്രവൃത്തിക്ക് തക്കവണ്ണം സഹായം ലഭിക്കുവാനുള്ള ഓരോ സന്ധിയാലും സ്നേഹത്തിലുള്ള വർദ്ധനയ്ക്കായി അവനിൽ നിന്നു വളർച്ച പ്രാപിക്കുന്നു.”

വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്ത ദാനങ്ങൾ നൽകുന്നതിൽ ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിന്, നാം ഓരോ വരവും തിരിച്ചറിയുകയും അവ ദൈവ സഭയിൽ പ്രത്യേകം ഉപയോഗിക്കാൻ അനുവദിക്കുകയും വേണം. ഈ സുപ്രധാനമായ തിരുവെഴുത്തു സത്യം മനസ്സിലാക്കുകയും നമ്മുടെ ചിന്താഗതി മാറ്റുകയും ചെയ്യേണ്ടത് പ്രധാനമാണ്. നമുക്ക് സുവിശേഷകരുടെ കൃപാവരവും ശുശ്രൂഷയും മാത്രം പരിഗണിക്കാനാവില്ല, പകരം മറ്റെല്ലാ കൃപാവരങ്ങളും ഉൾപ്പെടുത്തണം. കർത്താവു വിളിക്കുമ്പോൾ കേവലം പുരുഷനെ മാത്രമല്ല സേവക്കു വിളിക്കുന്നത്.  അവൻ ഒരു കുടുംബസ്ഥനാണെങ്കിൽ കുടുംബത്തോടൊപ്പം സേവിക്കാൻ വിളിക്കപ്പെടുന്നു. അതിനാൽ, സേവനത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പങ്ക് പരിഗണിക്കേണ്ടതുണ്ട്.

ഒരു വേലക്കാരെന്റെ ഭാര്യയുടെ പങ്ക് 

സ്ത്രീകൾക്ക് എപ്പോഴും മുൻഗണന ഉണ്ടായിരിക്കണം. ഒരു ദൈവദാസന്റെ ഭാര്യയുടെ പങ്കിനെക്കുറിച്ച് ബൈബിൾ എന്താണ് പഠിപ്പിക്കുന്നത്? തിരുവെഴുത്തുകൾ ഒരു വിധത്തിലും വേലക്കാരെന്റെ ഭാര്യയുടെ പങ്ക് നിർവചിക്കുകയോ നിർദ്ദേശിക്കുകയോ ചെയ്യുന്നില്ല. അവൾ ഒരു പ്രത്യേക സ്ത്രീ വിഭാഗത്തിൽ പെട്ടവളാണെന്ന് ദൈവവചനം ഒരിടത്തും സൂചിപ്പിക്കുന്നില്ല. പൊതുവെ സ്ത്രീകളുടെയും ഭാര്യമാരുടെയും വ്യക്തിത്വം, പങ്ക്, ഉദ്ദേശ്യം എന്നിവയെക്കുറിച്ച് തിരുവെഴുത്തുകൾ പഠിപ്പിക്കുന്നതെല്ലാം വേലക്കാരെന്റെ ഭാര്യക്കും ഒരുപോലെ ബാധകമാണ്. അവൾ ആദ്യം തന്റെ സ്രഷ്ടാവിനെ ചിത്രീകരിക്കാൻ രൂപകൽപ്പന ചെയ്യപ്പെട്ടിരിക്കുന്ന ഒരു സ്ത്രീയാണ്, തുടർന്ന് ഭർത്താവിനെ സഹായിയായി ശുശ്രൂഷിക്കുന്ന ഭാര്യ, ഒടുവിൽ ക്രിസ്തുവിൽ തന്റെ വ്യക്തിത്വം കണ്ടെത്തി അവൻ നൽകുന്ന കൃപാവരങ്ങൾക്കും വിളിക്കും അനുസരിച്ച് അവനെ സേവിക്കുന്ന ഒരു വിശ്വാസി. ഒരു വേലക്കാരെന്റെ ഭാര്യക്ക് ഒരു സ്ത്രീയും ഭാര്യയും എന്ന നിലയിലുള്ള അവളുടെ ബൈബിളിലെ പങ്കിനെക്കുറിച്ച് സമഗ്രമായ ധാരണ ഉണ്ടായിരിക്കണം. അവളുടെ ജീവിതത്തെയും ശുശ്രൂഷയെയും അവൾ എങ്ങനെ കാണുന്നു എന്നതിന്റെ അടിസ്ഥാനം അതായിരിക്കും. അങ്ങനെയെങ്കിൽ,  ഒരു കർത്തൃ ശ്രുശ്രൂകൻറെ ഭാര്യ എന്ന നിലയിൽ അവൾ വിവിധങ്ങളായ ഉത്തരവാദിത്തങ്ങളിലും സ്ഥാനങ്ങളിലും ആക്കി വെക്കപ്പെടുന്നതിനാൽ അവളുടെ ജീവിതത്തിനായുള്ള ദൈവത്തിന്റെ ഉദ്ദേശ്യം നിറവേറ്റുന്നതിനുമായി ആ അടിത്തറയിൽ കെട്ടിപ്പടുക്കാൻ അവൾക്ക് കഴിയും. ഉല്പത്തി 1:26-28-ൽ നാം സൃഷ്ടിയുടെ ആറാം ദിവസത്തെ സൃഷ്ടിയുടെ പാരമ്യത്തെക്കുറിച്ച് വായിക്കുന്നു.  ഇവിടെ നമ്മൾ രണ്ട് പ്രധാനപ്പെട്ട കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. “ദൈവം പറഞ്ഞു,” ഇവിടെ ദൈവം എന്ന് പറയുന്നത് ത്രീയേക ദൈവമാണ്. ദൈവം എന്താണ് പറഞ്ഞത്? “നമുക്ക് നമ്മുടെ ഛായയിലും നമ്മുടെ സാദൃശ്യത്തിലും മനുഷ്യനെ ഉണ്ടാക്കാം.” “അതിനാൽ, ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു.” “അവൻ അവനെ ആണും പെണ്ണുമായി സൃഷ്ടിച്ചു.” ത്രിയേക ദൈവം മനുഷ്യനെ തന്റെ ഛായയിൽ ഒരു ശരീരത്തിൽ രണ്ട് ലിംഗങ്ങളോടെ സൃഷ്ടിച്ചു. മനുഷ്യൻ പങ്കുവെക്കുന്ന ദൈവത്തിന്റെ പ്രതിച്ഛായയുടെ ഒരു വശം ശരീരത്തിലെ ഈ ഐക്യമാണ്. ഒരു ശരീരത്തിൽ ആണും പെണ്ണും.  അതിനാൽ, സ്ത്രീയും പുരുഷനും ഒരേപോലെ ദൈവത്തെ പ്രതിനിധീകരിക്കുന്നു. ഓരോ മനുഷ്യനും ദൈവത്തിന്റെ പ്രതിച്ഛായ വഹിക്കുവാനായി സൃഷ്ടിക്കപെട്ടവരാണ്. ഇത് ഒരു ഭാര്യ-ഭർതൃ ബന്ധത്തിൽ ഒതുക്കുവാൻ സാധ്യമല്ല.   ഓരോ വിശ്വാസിയും വ്യക്തികളായി ദൈവത്തിന്റെ പ്രതിച്ഛായയിൽ സൃഷ്ടിക്കപ്പെട്ടവരാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. എന്നിരുന്നാലും, വിവാഹ ബന്ധത്തിൽ കാണപ്പെടുന്ന സമ്പൂർണ്ണത പരിഗണിക്കണം. ഒരു ക്രിസ്തീയ  ദമ്പതികൾ ഒന്നായിത്തീരുമ്പോൾ (ഉൽപ. 2:24; എഫെ. 5:31) അവർ തങ്ങളുടെ ഐക്യത്തിൽ ദൈവത്തിന്റെ പ്രതിരൂപമായിത്തീരുന്നു. അങ്ങനെ ദൈവീക സ്വാരൂപത്തിൽ സൃഷ്ടിക്കപ്പെട്ടതിൻറെ ലക്‌ഷ്യം  സഫലമാകുന്നു. ഓരോ വ്യക്തിയും സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ദൈവത്തിന്റെ സ്വഭാവ വിശേഷതകൾ പ്രദർശിപ്പിക്കുവാനായിട്ടാണ് . നമ്മൾ ഓരോരുത്തരും കർത്താവിൻറെ സാദ്ര്‌ശ്യ മുള്ളവരും അവനെ  പ്രതിനിധാനം ചെയ്യുന്നവരും ആയിരിക്കണം. മനുഷ്യർ ദൈവത്തോട് സാദൃശ്യം പുലർത്തുന്നത് അവൻറെ വ്യക്തിത്വത്തിലും അവന്റെ പ്രവൃത്തിയിലും കൂടിയാണ്. അതിനാൽ, വിശക്കുന്നവർക്ക് ഭക്ഷണം നൽകുന്നതിലൂടെയോ വഴിപിഴച്ച സുഹൃത്തിന് ബുദ്ധിപരമായ ഉപദേശം നൽകുന്നതിലൂടെയോ അല്ലെങ്കിൽ തുടർച്ചയായി ഭാര്യാ-ഭർതൃ ബന്ധത്തിൽ നിരുപാധികമായ സ്നേഹവും ആദരവും പ്രകടിപ്പിക്കുന്നതിലൂടെയും വിശ്വാസികൾക്കു ദൈവത്തെ ചിത്രീകരിക്കാം. ദൈവം മനുഷ്യനെ രൂപപ്പെടുത്തിയപ്പോൾ രണ്ട് ലിംഗങ്ങളും ഒരേ ശരീരത്തിലായിരുന്നു, അവർ ഇരുവരും ദൈവത്തിന്റെ പ്രതിച്ഛായ തുല്യമായി പങ്കിട്ടു (ഉൽപ.1:27). അപ്പോൾ സൃഷ്ടി പൂർത്തിയായി. പിന്നീട്  ദൈവം രണ്ട് ലിംഗങ്ങളെയും രണ്ട് വ്യത്യസ്ത ശരീരങ്ങളായി വേർതിരിക്കാൻ തീരുമാനിച്ചു. അതൊരു പുതിയ സൃഷ്ടിയായിരുന്നില്ല,  മറിച്ച് ഒരു രൂപീകരണമായിരുന്നു. എന്തുകൊണ്ടാണ് മനുഷ്യനെ ദൈവം രണ്ടു ശരീരങ്ങളായി വേർതിരിക്കുന്നത്? നാം ഉൽപ്പത്തി 2:18-ൽ ഉത്തരം കാണുന്നു. “മനുഷ്യൻ തനിച്ചായിരിക്കുന്നത് നല്ലതല്ല.” തന്റെ സൃഷ്ടികളെല്ലാം കണ്ടിട്ട് അത് നല്ലതാണെന്ന് പറഞ്ഞ അതേ ദൈവം തന്നെ ഇപ്പോൾ മനുഷ്യൻ ഏകനായിരിക്കുന്നതു നല്ലതല്ല എന്ന് പറയുന്നു. അതിനാൽ, അവൻ സ്ത്രീയെ ആദാമിൽ നിന്ന് വേർപെടുത്തുകയും അവളെ അവനു ഒരു സഹായിയായി നൽകുകയും ചെയ്തു. അവന്റെ ആവശ്യം നിറവേറ്റാൻ ഒരു സഹായി. ലിംഗങ്ങളെ രണ്ട് വ്യത്യസ്‌ത ശരീരങ്ങളായി വേർതിരിക്കുന്നത് സന്താനോല്പാദനത്തിനുവേണ്ടി യായിരുന്നില്ല, പകരം കൂട്ടുകൂടാനായിരുന്നു. പ്രത്യുൽപാദനത്തിന് രണ്ട് ശരീരങ്ങൾ ആവശ്യമില്ല. ഈ ലോകത്ത് നിരവധി ഏകകോശ ജീവികളുണ്ട്, അവയെല്ലാം പ്രത്യുൽപ്പാദനം നടത്തുന്നു. ദൈവം താൻ സൃഷ്ടിച്ച മനുഷ്യനോട് പറഞ്ഞു, “സന്താനപുഷ്ടിയുള്ളവനായിരിക്കുക, പെരുകുക; ഭൂമിയിൽ നിറയ്ക്കുക.” ലിംഗഭേദം ഉണ്ടാകുന്നതിനുമുമ്പാണ് ഈ കൽപ്പന കൊടുക്കുന്നത്. അതിനാൽ, രണ്ട് ശരീരങ്ങളില്ലാതെപോലും സന്താനോല്പാദനം സാധ്യമാണ്. ഒരു ശരീരത്തിൽ ആദാമിന് പ്രതുൽപ്പാദനം സാധ്യമാകുമായിരുന്നു. അതിനാൽ, പരസ്പരം സഹായിക്കാൻ പരസ്പരം നൽകപ്പെട്ടിരിക്കുന്നു എന്ന വസ്തുത ഭാര്യാഭർത്താക്കന്മാർ തിരിച്ചറിയുകയും അംഗീകരിക്കുകയും വേണം. അവർ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അവർ പങ്കാളികളാണ്. ആ ഉത്തരവാദിത്തം ഒരു ഭാര്യ തിരിച്ചറിഞ്ഞ് ഭർത്താവുമായി സഹകരിക്കണം.

1). തന്റെ ഭർത്താവിന്റെ ശുശ്രൂഷ തന്റേതാണ് എന്ന ഒരു വേലക്കാരെന്റെ ഭാര്യ ആദ്യം അറിയേണ്ടത്. രണ്ടു പേരും ഒന്നായി എന്നതിനു പുറമെ; ഒരു വേലക്കാരെന്റെ ഭാര്യയും ഒരു വേലക്കാരിയാണ്   അവളെയും ഭർത്താവിനൊപ്പം  വേലക്കായി  കർത്താവു വിളിച്ചിരിക്കുന്നു എന്ന സത്യം അവൾ മനസിലാക്കണം. കർത്താവായ  യേശു തൻറെ ശ്രുശ്രൂഷക്കായി പുരുഷന്മാരെ മാത്രമല്ല, സ്ത്രീകളെയും വിളിക്കുന്നു. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സ്ത്രീകളും പുരുഷന്മാരും, ഭർത്താക്കന്മാരും ഭാര്യമാരും തങ്ങളെ ഏൽപ്പിച്ചിരിക്കുന്ന ഏത് ശുശ്രൂഷയിലും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ട്., ” വിളിക്കപ്പെട്ട വേലക്കാരൻ” സുവിശേഷം അറിയിക്കുമ്പോഴോ തൻറെ കൃപാവരത്തിനു അനുയോജ്യമായ മറ്റു എന്തെങ്കിലും പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുമ്പോഴോ തൻറെ ഭവനത്തിൻറെ പരിപാലനം, കുട്ടികളെ വളർത്തുക മുതലായ ഉത്തരവാദിത്തങ്ങൾ റതൻറെ ഭാര്യയായിരിക്കും നിറവേറ്റുന്നത്.  രണ്ടുപേരും   അവരുടെ വിവിധങ്ങളായ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നു. ഈ അറിവ് ഒരു കർത്തൃ ശ്രുശ്രൂഷകൻറെ ഭാര്യയെ അവളുടെ ഉത്തരവാദിത്തം ഫലപ്രദമായി നിർവഹിക്കാൻ സഹായിക്കും. ഭാര്യമാർ ഓർത്തിരിക്കേണ്ട ഒരു പ്രധാന കാര്യം, ഭർത്താവിൻറെ ഉത്തരവാദിത്തങ്ങളിൽ കടന്നു കയറി  നിയന്ത്രിക്കുവാനും ഭരിക്കുവാനും തുടങ്ങിയാൽ ഭർത്താവിൻറെ ആത്മീക ശ്രുശ്രൂഷയെ നശിപ്പിക്കുന്നതിന് സാധിക്കും എന്നതാണ്. ഭർത്താവിനേക്കാൾ നല്ല കാര്യപ്രാപ്തി തനിക്കുണ്ടെന്ന് ചിലപ്പോൾ ഭാര്യക്ക് തോന്നാറുണ്ട്. ഒരുപക്ഷേ അവൾക്ക് ഉണ്ടായിരിക്കാം, പക്ഷേ അത് അവനെ അറിയിക്കുന്നത് ഒരിക്കലും സഹായമാവുകയില്ല.  നിങ്ങളുടെ ഭർത്താവാണ് വീടിന്റെ അധിപൻ എന്ന് ഓർത്ത് സ്നേഹത്തിലും ഐക്യത്തിലും ഒരുമിച്ച് പ്രവർത്തിക്കുക. 

2). പ്രാർത്ഥന: സുവിശേഷകന്റെ ഭാര്യയുടെ ഏറ്റവും പ്രധാനപ്പെട്ട കടമ പ്രാർത്ഥനയാണ്. ദൈവം തന്റെ മക്കളുമായി നിരന്തരം ആശയവിനിമയം നടത്തുവാൻ ആഗ്രഹുക്കുന്നു. സുവിശേഷകന്റെ ഭാര്യ തന്റെ ഭർത്താവിനും ഭർത്താവിന്റെ ശുശ്രൂഷയ്ക്കും കുട്ടികൾക്കും വേണ്ടി പ്രാർത്ഥിക്കുന്നതിന് പ്രത്യേകമായി ഒരു സമയം  നീക്കിവെക്കുന്നത് നല്ലതാണു.  ഈ പ്രാർത്ഥനാവേളയിൽ, അവൾ ആരാധന, നന്ദി,  ഏറ്റുപറച്ചിൽ, കൂട്ടായ്മ, അപേക്ഷകൾ, മധ്യസ്ഥ്യം എന്നിവയിൽ സ്വയം സമർപ്പിക്കണം (ഫിലിപ്പിയർ 4:6). ഒരു വേലക്കാരെന്റെ ഭാര്യ തന്റെ ഭർത്താവ് ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് യാത്ര ചെയ്യുമ്പോൾ യാത്രാ കാരുണ്യത്തിനായി പ്രാർത്ഥിക്കണം;  കൂടുതൽ ആത്മാക്കളെ ദൈവരാജ്യത്തിലേക്ക് നേടുന്നതിനായി പ്രത്യേകം പ്രാർത്ഥിക്കുക;  മാനസാന്തരപ്പെട്ട ആത്മാക്കളുടെ വളർച്ചയ്ക്കായി പ്രാർത്ഥിക്കുക; അവളുടെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കുക; ഇങ്ങനെ പല വിഷയങ്ങൾക്കായി പ്രാർത്ഥിക്കാവുന്നതാണ്.   ഏറ്റവും പ്രധാനമായി, തന്റെ ഭർത്താവിന്റെ ശുശ്രൂഷയുടെ വിജയത്തിന് തന്റെ പ്രാർത്ഥന നിർണായകമാണെന്ന വസ്തുതയെക്കുറിച്ച് ഒരു വേലക്കാരെന്റെ ഭാര്യ മനസിലാക്കിയിരിക്കണം.

3). വിശ്വസ്തനായിരിക്കാൻ ഭർത്താവിനെ പ്രോത്സാഹിപ്പിക്കുക. ഒരു വേലക്കാരാനു  തൻറെ  ഭാര്യ ഒരു പ്രോത്സാഹനമായിരിക്കണം. അവൾ തന്റെ ഭർത്താവിനോടും ദൈവത്തോടും പങ്കാളിയായതിനാൽ, പ്രവൃത്തികൾ 4:36-37-ലെ  ബർന്നബാസിനെപോലെ  അവൾ ഒരു ‘പ്രോത്സാഹനത്തിന്റെ മകൾ’ ആയിരിക്കണം. ആദിമ സഭയിലെ അപ്പോസ്തലന്മാർക്ക് ബർന്നബാസ്  തന്റെ പൂർണ പിന്തുണ നൽകി. അവൻ പ്രോത്സാഹനം നൽകുന്ന ഒരു മനുഷ്യൻ മാത്രമല്ല, പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞ ഒരു നല്ല മനുഷ്യനായിരുന്നു. തത്ഫലമായി, അനേകം ആളുകൾ കർത്താവിന്റെ അടുക്ക ലേക്ക് വരുവാൻ ഇടയായി. (അപ്പ. 11:22-24).വേലക്കാരെന്റെ ഭാര്യ സഫീറയെപ്പോലെയാകരുത്. ദൈവത്തിനെതിരെ പാപം ചെയ്യാൻ അവൾ ഭർത്താവിനെ പ്രോത്സാഹിപ്പിച്ചു. അവൾ എന്താണ് ചെയ്തത്? പ്രവൃത്തികൾ 5:1-11-ൽ ദൈവാത്മാവിനെ പരീക്ഷിക്കാൻ അവൾ ഭർത്താവുമായി സഹകരിച്ചു. ഒരു തുണ്ട് സ്ഥലം വിറ്റ് കിട്ടുന്ന തുകയുടെ ഒരു ഭാഗം സൂക്ഷിച്ചു വെച്ചിട്ടു  ദൈവത്തോട് കള്ളം പറയാൻ സഫീറ ഭർത്താവിനെ പ്രോത്സാഹിപ്പിച്ചില്ലെങ്കിൽ, അവർ പെട്ടെന്ന് മരിക്കില്ലായിരുന്നു. അതിനാൽ, വേലക്കാരെന്റെ ഭാര്യ അനന്യാസിന്റെയും സഫീറയുടെയും കഥയിൽ നിന്ന് പഠിക്കണം. ദൈവത്തോട് വിശ്വസ്തനായിരിക്കാനും ആളുകളുമായി ഇടപഴകുന്നതിൽ നിഷ്കളങ്കനായിരിക്കാനും ഭർത്താവിനെ പ്രോത്സാഹിപ്പിക്കു ക .  മനുഷ്യരുമായുള്ള എല്ലാ ഇടപാടുകളിലും വിശ്വസ്തത ഒരു ദൈവദാസന് ആവശ്യമാണ്. ഒരു ഭാര്യ എല്ലാ കാര്യങ്ങളിലും പരാതിപ്പെടുകയും വിമർശിക്കുകയും ഭർത്താവിനോട് തർക്കിക്കുകയും ചെയ്യുന്നവളായി രുന്നാൽ ഭർത്താവിന് കർത്താവിനെ സേവിക്കാൻ കഴിയില്ല. ഇത്തരത്തിൽ ശകാരിക്കുന്ന ഭാര്യ ശ്രുശ്രൂഷകൾക്കു തടസ്സമാകും, കർത്താവി നായുള്ള തന്റെ സേവനത്തിൽ പരാജയപ്പെടും. ദൈവത്തിന്റെ ദാസൻ തന്റെ ശുശ്രൂഷയിൽ അനേകം പോരാട്ടങ്ങളെ അഭിമുഖീകരിച്ചേക്കാം. അവൻ എപ്പോഴും വ്യത്യസ്ത കാര്യങ്ങൾക്കായി ഭവനത്തിനു പുറത്താണ്. അതിനാൽ, അവൻ വീട്ടിൽ വരുമ്പോൾ ഭാര്യ അവനെ പുഞ്ചിരിക്കുന്ന മുഖത്തോടെ സ്വീകരിക്കണം, അല്ലാതെ പരാതികളോടെയല്ല.ദൈവത്തിന്റെ ശുശ്രൂഷകരുടെ ഭാര്യമാരായി, അവർ തങ്ങളുടെ ഭർത്താക്കന്മാർക്കൊപ്പം നിൽക്കണം, അവരെ പ്രോത്സാഹിപ്പിക്കണം, അവർക്കുവേണ്ടി പ്രാർത്ഥിക്കണം,  വീട്ടു കാര്യങ്ങൾ നന്നായി നോക്കണം,  കുട്ടികളെ പരിപാലിക്കണം, എങ്കിൽ സ്വർഗത്തിൽ നിങ്ങളുടെ പ്രതിഫലം വലുതായിരിക്കും.വിശ്വാസിയായ ഭാര്യയെ കൂടെ കൊണ്ടു നടക്കുവാൻ അപ്പോസ്തലന്മാർക്ക് അവകാശമുണ്ടെന്ന് പൗലോസ് അവകാശപ്പെടുന്നു (1 കോറി: 9 5). പത്രോസ് ഉൾപ്പെടെയുള്ള അപ്പോസ്തലന്മാരിൽ പലരും വിവാഹിതരായിരുന്നുവെന്നും അവരുടെ ഭാര്യമാർ അവരുടെ ശുശ്രൂഷാ യാത്രകളിൽ അവരെ അനുഗമിച്ചിരുന്നുവെന്നും ഇത് സൂചിപ്പിക്കുന്നു. പത്രോസിന്റെ ഭാര്യയെ പേരോ സ്ഥാനമോ പരാമർശിച്ചിട്ടില്ല എന്നത് രസകരമാണ്; വിശുദ്ധ ഗ്രന്ഥം സൂചിപ്പിക്കുന്നത് അവന് വിശ്വാസിയായ ഒരു ഭാര്യയുണ്ടായിരുന്നു (മർക്കോസ് 1:30; 1 കോറി. 9:5). സഭയ്ക്കുള്ളിലെ അവളുടെ ചുമതല അല്ലെങ്കിൽ ഉത്തരവാദിത്തം ഒരു ഭാര്യയുടെ ചുമതലകൾ നിർവഹിക്കുക എന്നതായിരിക്കാം. ഒരുപക്ഷേ, പത്രോസ് ലോകത്തെ ശുശ്രൂഷിച്ചപ്പോൾ അവൾ പത്രോസിനെ ശുശ്രൂഷിച്ചുവെന്ന് മനസ്സിലാക്കാം?

4). ഭവനത്തിൻറെ പരിപാലനമാണ്.  ഒരു വേലക്കാരെന്റെ ഭാര്യ സ്വന്ത ഭവനം നന്നായി പരിപാലിക്കുന്നവളായിരിക്കണം. സദൃശവാക്യങ്ങൾ 31:10-31-ലെ പുസ്‌തകം സാമർഥ്യമുള്ള ഭാര്യയെ വിവരിക്കുന്നു. ആ ഭാഗം ഒന്ന് വായിക്കുക.  ഒരു വേലക്കാരെന്റെ ഭാര്യ ഒരു കുലീന സ്വഭാവമുള്ളവളായിരിക്കേണ്ടത്  ആവശ്യമാണ്. അവളുടെ വീട് നന്നായി കൈകാര്യം ചെയ്യാനുള്ള എല്ലാ സദ്ഗുണങ്ങളും ബഹുമാനവും ശക്തിയും അവൾക്ക് ഉണ്ടായിരിക്കണം. അവൾ വിശ്വസ്തയും വിശ്വാസയോഗ്യയും കഠിനാധ്വാനിയും കരുതലും സ്നേഹവും ഭർത്താവിനെ പിന്തുണക്കുന്നവളും ആയിരിക്കണം  . സദൃശവാക്യങ്ങൾ 31:11 പറയുന്നത്  “ഭർത്താവിൻറെ ഹൃദയം അവളെ വിശ്വസിക്കുന്നു” എന്നാണ്. ഭർത്താവ് ശുശ്രൂഷയ്‌ക്ക് പോകുമ്പോൾ ശൃംഗാരിയായി നടക്കുന്നവളായിരിക്കരുത്.  കൂടാതെ, അവൾ അവളുടെ കുടുംബത്തിന് ഭക്ഷണം നൽകുന്നു (വാക്യം 15). അവൾ തികഞ്ഞ അധ്വാനശീലമുള്ള സ്ത്രീയാണ്! എല്ലാ വേലക്കാരുടെയും ഭാര്യമാർ കഠിനാധ്വാനികളും ശുശ്രൂഷയിൽ പിന്തുണ നൽകുന്നവരുമായിരിക്കണം.

5). കുട്ടികളെ കർത്താവിന്റെ വഴിയിൽ പരിശീലിപ്പിക്കുക: ബൈബിൾ പറയുന്നു,  “ബാലൻ നടക്കേണ്ടുന്ന വഴിയിൽ അവനെ അഭ്യസിപ്പിക്ക വൃദ്ധനായാലൂം അത് വിട്ടു മാറുകയില്ല.”  (സദൃശവാക്യങ്ങൾ 22:6). തന്റെ മക്കളെ കർത്താവിന്റെ മാർഗത്തിൽ പരിശീലിപ്പിക്കുക എന്നത് ഒരു വേലക്കാരെന്റെ ഭാര്യയുടെ പ്രാഥമിക കടമയാണ്. നാം ആയിരിക്കുന്ന ലോകം നമ്മുടെ പൂർവ്വികരുടെ ലോകത്തിൽ നിന്ന് വ്യത്യസ്തമാണ്. ഒരു സ്ത്രീ തന്റെ കുട്ടികളെ കർത്താവിന്റെ മാർഗത്തിൽ പരിശീലിപ്പിക്കുന്നതിൽ ഗൗരവം കാണിക്കുന്നില്ലെങ്കിൽ, ലോകത്തിന്റെ വഴിയിൽ അവരെ പരിശീലിപ്പിക്കാൻ ഇന്റർനെറ്റും ടെലിവിഷനും ചീത്ത സുഹൃത്തുക്കളും ഉണ്ട്. അതിനാൽ, ഒരു കുട്ടിയെ പരിശീലിപ്പിക്കാൻ ഉത്സാഹവും പ്രാർത്ഥനയും ഉള്ള ഒരു മാതാവ് ആവശ്യമാണ്. രക്ഷിതാക്കൾ, പ്രത്യേകിച്ച് അമ്മമാരാണ് കുട്ടികളുടെ ആദ്യ അധ്യാപകർ. ആവർത്തനപുസ്‌തകം 6:6-9, 11:19 വാക്യങ്ങളിൽ, നമ്മുടെ കുട്ടികളെ ദൈവത്തിന്റെ കൽപ്പനകൾ പഠിപ്പിക്കാൻ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു. കുട്ടികളെ ദൈവവചനം പഠിപ്പിക്കുന്നതിൽ അമ്മമാർ സജീവമായി ഇടപെടണം.

6). ഒരു വേലക്കാരെന്റെ  ഭാര്യ ഉത്തമ മാതൃകയായിരിക്കണം.  അവൾ സഭയിൽ ഒരു പ്രധാന സ്‌ഥാനം നല്കപ്പെടുന്നവളാണെന്നും ഒരു മാതൃകാ  സ്ത്രീയായി കാണുവാൻ മറ്റുള്ളവർ ആഗ്രഹിക്കുന്നു എന്നുമുള്ള സത്യം മറന്നു പോകരുത്. എന്നിരുന്നാലും, വേലക്കാരെന്റെ അധവാ സഭാ  ശ്രുശ്രൂഷകൻറെ  ഭാര്യക്ക് സഭയിൽ ഔദ്യോഗിക സ്ഥാനമില്ല. ഒരു ശ്രുശ്രൂഷകനെയോ സുവിശേഷകനെയോ സഭയിലെ ഒരു മൂപ്പനെയോ വിവാഹം കഴിച്ചതിനാൽ, ചില പ്രവർത്തനങ്ങൾ നിർവഹിക്കാനുള്ള അവകാശവും അധികാരവും തങ്ങൾക്കാണെന്നും  തങ്ങളെ സ്ത്രീകളുടെ നേതാവായി അംഗീകരിക്കണമെന്നും ശഠിക്കരുത്. എളിമയിൽ അവൾ ഒരു മാതൃകയായിരിക്കണം. മറ്റു പല സ്ത്രീകളെയും പോലെ അവളും സഭയിൽ ഒരു ദൈവ മകളാണ്.   ശുശ്രൂഷയിലോ നേതൃത്വത്തിലോ ഉള്ള ഏതൊരു സ്ത്രീയുടെയും പെരുമാറ്റം 1 തിമൊഥെയൊസ് 3:11-ൽ ഉള്ളതുപോലെ ആയിരിക്കണം, അതായത്, അവൾ “ബഹുമാനത്തിന് യോഗ്യ” ആയിരിക്കണം. മാത്രമല്ല, ഒരു ഭാര്യ എന്ന നിലയിൽ അവൾ സ്തുത്യർഹയായിരിക്കണം (സദൃ. 31:30). എന്നിരുന്നാലും, അവൾ ഒരു കർത്തൃ ശ്രുശ്രൂഷകനെ വിവാഹം കഴിച്ചുവെന്ന ഏക കാരണം അവളെ അധികാരമോ ഉത്തരവാദിത്തമോ നേതൃത്വമോ ഉള്ള ഒരുവളായി ഉയർത്തുന്നില്ല.

7). വീട്ടിൽ ആതിഥ്യം കാണിക്കാൻ മടിക്കരുത്. നിങ്ങൾ അവർക്ക് എന്ത് കഴിക്കാൻ കൊടുക്കുന്നു എന്നതിൽ അല്ല ആളുകൾ ശ്രദ്ധിക്കുന്നത്.  എന്നാൽ നിങ്ങളെ ഒരു വിശ്വസ്‌ത സുഹൃത്തായി അറിയുന്നതിന്റെയും ലഭിക്കുന്നതിന്റെയും സന്തോഷം ഒരു വലിയ സ്വാധീനമാണ്. ഒരു വേലക്കാരെന്റെ ഭവനം ലളിതവും, സന്തോഷപ്രദവും, വെടിപ്പും  ശുദ്ധിയും ഉള്ളതും, യോഗ്യമായ രീതിയിൽ സജ്ജീകരിച്ചതും ആയിരിക്കണം.  ഭക്ഷണം ലളിതവും മനോഹരവുമായിരിക്കണം. അവൾക്ക് എപ്പോൾ വേണമെങ്കിലും ആളുകളെ ലജ്ജിക്കാതെ സ്വീകരിക്കാൻ കഴിയണം. ഒരു  കർത്തൃ ശ്രുശ്രൂഷകൻറെ ഭാര്യയുടെ ബാഹ്യാവതരണ ത്തെകുറിച്ചു ഒരു വാക്കു പറയേണ്ടത് ആവശ്യമാണ്. ലോകത്തിലുള്ള ഏതൊരു ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളവും, വ്യക്തിപരമായ രൂപം വളരെ പ്രധാനമാണ്. നിങ്ങൾ ഫാഷന്റെ അടിമകളാകരുത്, നിങ്ങളുടെ മുത്തശ്ശിയുടെ കാലത്തെ ഫാഷൻ പിന്തുടരരുത്. വൃത്തിഹീനനായ ഒരു വ്യക്തി ദൈവജനത്തിന് മോശമായ മതിപ്പ് ഉളവാക്കുന്നു.  വേലക്കാരനും ഭാര്യയും നല്ല രീതിയിൽ മറ്റുള്ളവരുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നുവെന്ന് ഉറപ്പാക്കണം. ഇത് വേലക്കാരനും (പുരുഷനും) ബാധകമാണ്. ഒരു ദൈവദാസൻ എപ്പോഴും നന്നായി വസ്ത്രം ധരിക്കണം, താൻ ചുറ്റുമുള്ള ലോകത്തിന് ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്നു എന്ന് ഓർമ്മിക്കുക. ഇറുക്കിയതും അരക്കെട്ടിനു താഴെയും ധരിക്കുന്ന പാന്റ്സ് വൃത്തിഹീനമാണ്, അത് ഒരു കർത്താവിൻറെ വേലക്കാരൻ ധരിക്കുവാൻ പാടില്ല.  ദയവായി അത് എന്ത് വില കൊടുത്തും ഒഴിവാക്കുക. “വേലക്കാരന്റെ ഭാര്യക്ക്” ഒരു പ്രത്യേകമായ സ്ഥാനമോ ശുശ്രൂഷയോ  തിരുവെഴുത്ത് നിർദ്ദേശിക്കുന്നില്ലെ.   ഒരു ഉത്തമ സ്ത്രീക്ക് വേണ്ടി തിരുവെഴുത്തുകളിൽ പറഞ്ഞിരിക്കുന്ന, സ്ഥാപിച്ചിട്ടുള്ളതെല്ലാം അവൾക്കും ബാധകമാണ്. കൂടാതെ ഒരു സ്ത്രീ  എന്ന നിലയിൽ തന്നെ കുറിച്ചുള്ള ദൈവീക ലക്‌ഷ്യം തിരിച്ചറിഞ്ഞു അതിനു യോഗമായ നിലയിൽ ജീവിക്കുകയും പ്രവർത്തിക്കുകയും വേണം.   ഒരു വേലക്കാരെന്റെ ഭാര്യ ഒരു സ്ത്രീയും ഭാര്യയുമാണ് എന്ന വസ്തുതയിലാണ് തന്റെ പ്രാഥമിക സ്ഥാനം കണ്ടെത്തുന്നത്. പ്രാദേശിക സഭയിൽ അവളുടെ ആത്മീയ വരദാനത്തിനുള്ളിൽ പ്രവർത്തിക്കേണ്ട ഒരു വിശ്വാസിയാണ് അവൾ. വേലക്കാരെന്റെ  ഭാര്യയുടെ പങ്കിനെക്കുറിച്ചോ ഉത്തരവാദിത്തത്തെക്കുറിച്ചോ പ്രത്യേക ബൈബിൾ ഉത്തരവുകളൊന്നുമില്ല. ഏതൊരു ക്രിസ്ത്യൻ സ്ത്രീകൾക്കും ആവശ്യമായ ധാർമ്മിക സവിശേഷതകളും ആത്മീയ സവിശേഷതകളും പൊതുവായതാണ്.  ഒരു ശ്രുശ്രൂഷകൻറെ  ഭാര്യയുടെ യോഗ്യതയും, മാതൃകയും ദൈവ വചനാടിസ്ഥാനത്തിൽ വിലയിരുത്തിയാൽ, അവളുടെ സ്വഭാവം മറ്റുള്ളവരെ ആകര്ഷിക്കുന്നതായിരിക്കണം, ജീവിതത്തിൻറെ  എല്ലാ തുറകളിലും ഒരു ദൈവമകളെന്ന നിലയിൽ കൃത്യ നിർവ്വഹണം നടത്തുവാൻ കഴിയണം, തൻറെ ഭർത്താവിൻറെ ശുശ്രൂഷയിൽ സഹായിക്കുവാൻ കഴിയണം, പ്രാദേശിക സഭയിൽ സജ്ജീവമായി പ്രവർത്തിക്കുന്നവളായിരിക്കണം. സഭയിലെ പ്രായമായ  സ്ത്രീകളിൽനിന്നും ഉപദേശങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ചു പഠിക്കുവാൻ ഒരുക്കമായിരിക്കണം.  ശുശ്രൂഷകന്റെ ഭാര്യ ഒരു മുതിർന്ന വ്യക്തിയാണെങ്കിൽ ഒരു ഉപദേശക എന്ന നിലയിൽ സഭയ്ക്കുള്ളിലെ ചെറുപ്പക്കാരായ സ്ത്രീകൾക്ക് ധാരാളം കാര്യങ്ങൾ വാഗ്ദാനം ചെയ്യാനാകും. ഈ ശുശ്രൂഷ വിലപ്പെട്ടതും ആവശ്യമുള്ളതുമാണ്. ഒരു കർത്തൃ വേലക്കാരെന്റെ ഭാര്യ എന്ന നിലയിൽ, ദൈവം നിങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള നിലവാരം നിലനിർത്തുന്നതിനുള്ള ജ്ഞാനത്തിനും മാർഗനിർദേശത്തിനും വേണ്ടി ദിവസവും പ്രാർത്ഥിച്ചുകൊണ്ട് നിങ്ങൾ നിങ്ങളുടെ ഭർത്താവി നോടു  ചേർന്നു നിൽക്കണം. ഒരു സഹായി എന്ന നിലയിൽ നിങ്ങൾ ശുശ്രൂഷയുടെ ദുഃഖങ്ങളും ഭാരങ്ങളും ഭയങ്ങളും നിരാശകളും ഉത്തരവാദിത്തങ്ങളും പങ്കിടുന്നു.  അതെ കാരണത്താൽ ഭാര്യമാരും ഭർത്താവിനൊപ്പം കർത്താവിൻറെ വരവിൽ   സന്തോഷവും പ്രോത്സാഹനങ്ങളും ആവേശവും പങ്കിടുന്നു. “നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തില്‍ വിശ്വസ്തനായിരുന്നു; ഞാന്‍ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക” എന്നു കർത്താവു അവളോട് പറയും.

ഭർത്താക്കന്മാരുടെ കടമകൾ: കർത്തൃ ശ്രുശ്രൂഷകനായ ഒരു ഭർത്താവിന്റെ പങ്ക് പരിഗണിക്കാതെ നമുക്ക് ഈ വിഷയം അവസാനിപ്പിക്കുവാൻ  കഴിയില്ല. ഭർത്താക്കന്മാർക്കും ചില ഉത്തരവാദിത്തങ്ങളുണ്ട്. അവർക്ക് ഭാര്യമാരെ അവഗണിച്ചുകൊണ്ട് ശുശ്രൂഷ തുടരാൻ കഴിയില്ല. എഫെ.5:25-31 വായിക്കുക.  നിങ്ങളിൽ എത്ര പേർ ഈ വേദഭാഗം അടിസ്ഥാനമാക്കി പ്രസംഗിച്ചിട്ടുണ്ട്?   ഒരു ഭർത്താവിന്റെ പ്രാഥമിക കർത്തവ്യം ഭാര്യയെ സ്നേഹിക്കുക എന്നതാണ്. നമ്മുടെ ഇന്ത്യയിൽ പരസ്യമായ സ്നേഹപ്രകടനം വെച്ചുപൊറുപ്പിക്കില്ല. എന്നാൽ നിങ്ങളുടെ സ്വകാര്യതയിൽ ഇത് വീട്ടിൽ തന്നെ ചെയ്യാം. ഇത് ചെയ്യുന്നതിന് നിരവധി മാർഗങ്ങളുണ്ട്, നമ്മുടെ സംസ്കാരം പരിഗണിക്കാതെ ഓരോ ദൈവദാസനും അത് ചെയ്യണം. ഞാൻ കൂടിവരുന്ന സഭയിൽ ഒരു പ്രായമായ ദമ്പതികൾ ഉണ്ടായിരുന്നു. ആ ഭാര്യ പലപ്പോഴും പറഞ്ഞു  കേൾക്കുന്ന ഒരു കാര്യമുണ്ട്. “എന്റെ ഭർത്താവു ക്രിസ്‌തു സഭയെ സ്നേഹിച്ചതുപോലെ തൻറെ ഭാര്യയെ സ്നേഹിക്കുന്ന ഒരുവനാണ്.” എത്ര ഭർത്താക്കൻമ്മാർക്ക് ഈ സാക്ഷ്യം ലഭിക്കും? ഭാര്യയെ വിശുദ്ധിയിൽ   സൂക്ഷിക്കുക. അവളെ വിശുദ്ധീകരിക്കുകയും ശുദ്ധീകരിക്കുകയും ചെയ്യുക. എങ്ങനെ? ദൈവവചനത്താൽ. ദൈവിക സ്നേഹം എല്ലാത്തരം പാപങ്ങളിൽ നിന്നും തിന്മകളിൽ നിന്നും ശുദ്ധീകരിക്കുന്നതാണ്. ആ ശുദ്ധീകരണത്തിന് നിങ്ങൾ ഉപയോഗിക്കുന്ന ഉപകരണമായിരിക്കണം ദൈവവചനം. നിങ്ങൾ ഒരുമിച്ച് വചനം വായിക്കുകയും ഒരുമിച്ച് ചർച്ച ചെയ്യുകയും വേണം. മറഞ്ഞിരിക്കുന്ന പാപങ്ങൾ പുറത്തുകൊണ്ടുവന്ന് അത് കർത്താവിന്റെ മുമ്പിൽ  പരസ്പരം ഏറ്റുപറയുക. “കറ ചുളുക്കം മുതലായവ ഒന്നും ഇല്ലാതെ.”  കറ പുറത്തുനിന്നുമുള്ള മാലിന്യത്താൽ ഉണ്ടാകുന്നതാണ്. ചുളുക്കം ആന്തരീക ക്ഷതത്തിൻറെ അടയാളമാണ്. പുറംലോകത്തിൽ നിന്നും  ഉണ്ടാകുന്ന ഏതെങ്കിലും മാലിന്യങ്ങളെയാണ് കറകൾ പ്രതിനിധീകരിക്കുന്നത്. ചുളിവുകൾ ആത്മീയമായി ഉണ്ടാകുന്ന നാശത്തെ പ്രതിനിധീകരിക്കുന്നു. ഇവ രണ്ടും ദൈവവചനം കൊണ്ട് പരിഹരിക്കാവുന്നതാണ്. ലൗകിക മാർഗങ്ങളിലൂടെ അതിനെ ശുദ്ധീകരിക്കാൻ ശ്രമിച്ചാൽ അത് കൂടുതൽ നാശമുണ്ടാക്കും.അപ്പോൾ ഭർത്താവ് ഭാര്യയെ പോഷിപ്പിക്കുകയും പരിപാലിക്കുകയും വേണം. ഭൗതികമായും ആത്മീയമായും അവളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള ഇരട്ട ഉത്തരവാദിത്തങ്ങളെ ഇത് പ്രകടിപ്പിക്കുന്നു. സുഖവും സുരക്ഷിതത്വവും നൽകാൻ ഭർത്താവ് അവൾക്ക് ഊഷ്മളമായ വാത്സല്യം നൽകണം. എല്ലാ കാരണങ്ങളാലും നിങ്ങളുടെ ഭാര്യ ഒരു പ്രത്യേക വ്യക്തിയാണ്. അവൾ നിങ്ങൾക്കും അവളുടെ ചുറ്റുമുള്ള എല്ലാവർക്കും ഒരു അനുഗ്രഹമാണ്. അവളിൽ പ്രത്യേക താൽപ്പര്യം കാണിക്കുക. ശുശ്രൂഷയുടെ ഭ്രാന്ത് നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട വ്യക്തിയുടെ ക്ഷേമത്തെ കരുതുന്നതിൽ നിന്നും  നിങ്ങളെ തടയരുത്. അത് വളരെ ലളിതമാണ്. അതിൽ ധാരാളം കേൾക്കുന്നതും സംസാരിക്കുന്നതും ഒരുമിച്ച് ചിരിക്കുന്നതും ഉൾപ്പെടുന്നു. അതെ, നിങ്ങൾ അവളുടെ ലൈംഗിക ആവശ്യങ്ങളും നിറവേറ്റണമെന്ന് നിങ്ങൾ ഓർക്കേണ്ടതുണ്ട്. ഭാര്യയോടൊപ്പം തനിച്ചായിരിക്കാൻ സമയം കണ്ടെത്തുക.  നിങ്ങളുടെ ഭാര്യക്ക് ഒരു ഭർത്താവിനെ വേണം, നിങ്ങളുടെ മക്കൾക്ക് ഒരു പിതാവിനെ വേണം, നിങ്ങൾ ഒരു സുവിശേഷകൻ  മാത്രമല്ല എന്നത് ഓർക്കണം.  കുട്ടികളെ വളർത്തുന്നത് കൂട്ടായ പരിശ്രമമായിരിക്കണം.

മാതാപിതാക്കൾക്കുള്ള നിർദ്ദേശങ്ങൾ: എഫേ 5: 31-ൽ, വിവാഹിതരായ ദമ്പതികളുടെ മാതാപിതാക്കൾക്കും യുവദമ്പതികൾക്കും പൗലോസ് ഒരു പ്രധാന ഉപദേശം നൽകുന്നു. നമ്മുടെ ഭാരതീയ സംസ്കാരത്തിൽ നമുക്ക് കൈകാര്യം ചെയ്യാൻ പറ്റാത്ത കാര്യമാണ് ഇത്.  “മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പറ്റി ചേരും.” എന്നാൽ സ്ത്രീ തന്റെ കുടുംബത്തെ ഉപേക്ഷിച്ച് ഭർത്താവിന്റെ മാതാപിതാക്കളുടെ ‘അടിമ’ ആയിത്തീരട്ടെ എന്നതാണ് നമ്മുടെ വ്യവസ്ഥ. എന്നിരുന്നാലും,  ഒരു മനുഷ്യൻ തന്റെ അപ്പനെയും അമ്മയെയും ഉപേക്ഷിച്ച്, ഇതുവരെ ജീവിച്ചരീതിയിൽ നിന്നും വ്യത്യസ്തമായി ദൈവം ആക്കിവെച്ച സ്ഥാനത്തു ഒരു പുതിയ കുടുംബത്തിൻറെ നായകൻ എന്ന   ഉത്തരവാദിത്തങ്ങളെ മനസിലാക്കി പെരുമാറേണ്ടത് ആവശ്യമാണ്. ഇത് പൗലോസിൻറെ ആശയമല്ല. ഇത് ദൈവത്തിന്റെ പദ്ധതിയാണ് (ഉൽപത്തി 2:24). വിവാഹിതനായ ഒരു യുവാവിന് തന്റെയും ഭാര്യയുടെയും ജീവിതം നിയന്ത്രിക്കാൻ മാതാപിതാക്കളെ അനുവദിക്കാനാവില്ല. മാതാപിതാക്കളും ഈ വേദോപദേശം ഗ്രഹിക്കുകയും ദൈവം അവൻറെ മേൽ വെച്ചരിക്കുന്ന ഉത്തരവാദിത്തം നിറവേറ്റുവാൻ അവനെ അനുവദിക്കയും  ചെയ്യണം. നമ്മുടെ ഇന്ത്യൻ സംസ്കാരത്തിൽ പുരുഷന്റെ മാതാപിതാക്കൾ നവ വധുവിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നു. എന്നാൽ മാതാപിതാക്കളുടെ ഇടപെടൽ കൂടാതെ പുതിയതും വേറിട്ടതുമായ ഒരു കുടുംബ യൂണിറ്റായി തങ്ങളുടെ സവിശേഷത  നിലനിർത്താൻ പുതിയ ദമ്പതികളെ അനുവദിക്കണം. എന്നിരുന്നാലും, മാതാപിതാക്കൾക്ക് ആവശ്യമുള്ളപ്പോൾ അവർക്ക് ചില ഉപദേശങ്ങൾ നൽകാൻ കഴിയും. എന്നാൽ വിവാഹിതരായ മകന്റെയും മരുമകളുടെയും ജീവിതം നിയന്ത്രിക്കാനുള്ള ശ്രമത്തിൽ നിന്ന് മാതാപിതാക്കൾ വിട്ടുനിൽക്കണം.ഈ തിരുവെഴുത്തു തത്ത്വങ്ങൾ വളരെ ഗൗരവമായി എടുക്കണം. വിവാഹത്തിന് മുമ്പുണ്ടായിരുന്ന ബന്ധങ്ങളിൽ നിന്ന് മാനസികവും ശാരീരികവുമായ അകൽച്ച നിലനിർത്തണം. ദൈവം രൂപകല്പന ചെയ്തതുപോലെ അവന്റെ ഭാര്യയുമായി ഏകശരീരമായിത്തീരാൻ ഇത് ആവശ്യമാണ്. ഒരു ജഡമായിത്തീരുന്നതിന്, ഒരു ശാരീരിക ഐക്യം മാത്രമല്ല, മാനസികവും വൈകാരികവുമായ ഏകത്വവും ആവശ്യമാണ്. ജീവിതത്തിൽ ഒരു ലക്ഷ്യം, ഒരു ചിന്താരീതി, നിയന്ത്രണങ്ങളില്ലാതെ എല്ലാം പങ്കിടൽ തുടങ്ങിയവയും ഉൾപ്പെടുന്നു. രക്ഷിതാക്കളിൽ ആരുടെയെങ്കിലും ഇടപെടൽ ഉള്ളിടത്തോളം ഇത് സാധ്യമാകയില്ല. എന്തുകൊണ്ടാണ് സ്ത്രീയോട് അവളുടെ അപ്പനെയും  അമ്മയെയും ഉപേക്ഷിക്കാൻ ആവശ്യപ്പെടാത്തത്? ഉത്തരം ഉൽപ്പത്തി 3:16-ൽ കാണാം. “നിന്റെ ആഗ്രഹം നിന്റെ ഭർത്താവി നോടായിരിക്കും.” പ്രലോഭനത്തിന് കീഴടങ്ങുകയും പാപം ചെയ്യുകയും ചെയ്തപ്പോൾ സ്ത്രീയുടെ മേൽ വീണ വിധിയുടെ ഭാഗമാണിത്. അതിനാൽ, അവൾ അപ്പനെയും അമ്മയെയും ഉപേക്ഷിച്ച് ഭർത്താവിനോട് ചേർന്നുനിൽക്കുന്നത് തികച്ചും സ്വാഭാവികമാണ്. ഒരു പുതിയ കല്പന അതിനായി ആവശ്യമില്ല. അതിനാൽ, ഒരു സ്ത്രീ തന്റെ അപ്പനെയും അമ്മയെയും വേർപെടുത്താനും ഭർത്താവിനോട് ചേർന്നുനിൽക്കാനും മടിക്കുന്നുവെങ്കിൽ, അവൾ കർത്താവിനോട് അനുസരണക്കേട് കാണിക്കുന്നു, ദൈവീക കല്പന ലംഖിക്കുന്നു.32-ാം വാക്യത്തിൽ, ഈ ഭാര്യ- ഭർതൃ ഐക്യം ക്രിസ്തുവും സഭയും തമ്മിലുള്ള കൂടുതൽ ശാശ്വതവും പൂർണ്ണവുമായ ബന്ധത്തോട് താരതമ്യപ്പെടുത്താവുന്നതാണെന്ന് പൗലോസ് വ്യക്തമാക്കുന്നു. നമ്മുടെ ക്രിസ്തീയ ഭവനങ്ങൾ ക്രിസ്തുവിന്റെ സഭയുമായുള്ള ബന്ധത്തിന്റെ മാതൃകകളായിരിക്കണം. ആദാമിന്റെ മണവാട്ടിയെ സ്വന്തം ശരീരത്തിൽ നിന്ന് എടുത്തതുപോലെ, ക്രിസ്തുവിൻറെ ശരീരത്തിലെ അംഗങ്ങൾ ചേർന്നതാണ് സഭ. ക്രിസ്തീയ ഭവനം ഈ ബന്ധത്തിന്റെ ഒരു ദൈവിക ദൃഷ്ടാന്തമാണ്. അതുകൊണ്ടുതന്നെ ദാമ്പത്യജീവിതം ഗൗരവമേറിയ കാര്യമാണ്. പിന്നെ എന്തുകൊണ്ട് ക്രിസ്ത്യൻ വിവാഹങ്ങൾ പരാജയപ്പെടുന്നു?  പങ്കാളികളിൽ ആരെങ്കിലും ഒരാൾ ദൈവ ഹിതത്തിനു പുറത്താണ് എന്നതാണ്  കാരണം.  ഒരു വിശ്വാസി അവിശ്വാസിയെ വിവാഹം കഴിക്കുന്നത് തെറ്റാണ്, യഥാർത്ഥ വിശ്വാസികൾ ദൈവഹിതപ്രകാരം വിവാഹം കഴിക്കണം.  ദൈവഹിതത്തിൽ വിവാഹിതരായ വിശ്വാസികളും, അവരുടെ കുടുംബജീവിതം അനുഗ്രഹമാകണമെങ്കിൽ ദൈവഹിതത്തിൽ നിലനിൽക്കണം. മിക്ക ദാമ്പത്യ പ്രശ്‌നങ്ങളുടെയും മൂലകാരണം പാപവും പാപത്തിന്റെ മൂലകാരണം സ്വാർത്ഥതയുമാണ്. ക്രിസ്തുവിനും അന്യോന്യവും കീഴടങ്ങുക എന്നതാണ് സ്വാർത്ഥതയെ മറികടക്കാനുള്ള ഏറ്റം എളിയ മാർഗം.

വിവാഹമോചനവും പുനർവിവാഹവും.ഈ പഠനം അവസാനിപ്പിക്കുമ്പോൾ, ഇക്കാലത്ത് വിശ്വാസികൾക്കിടയിൽ കൂടുതലായി പ്രചരിക്കുന്ന മറ്റൊരു പ്രവണത കൂടി പരിശോധിക്കുന്നത് നന്നായിരിക്കും. വേർപിരിയലിന്റെയും വിവാഹമോചനത്തിന്റെയും കാര്യത്തിൽ ബൈബിൾ വ്യക്തമല്ലെന്ന ആശയം പല ബൈബിൾ പണ്ഡിതൻമ്മാരും പ്രഖ്യാപിച്ചു കേട്ടിട്ടുണ്ട്. ചിലർ 1 കോരി 7:10, 11-നെ അടിസ്ഥാനമാക്കി വേർപിരിയൽ ആകാം എന്ന് അഭിപ്രായ പെടുന്നു. എന്നാൽ വാക്യം ശ്രദ്ധാപൂർവം പരിശോധിച്ചാൽ, വേർപിരിയൽ അനുവദനീയമല്ലെന്ന് നമുക്ക് കാണാൻ കഴിയും, പക്ഷേ അത് മനുഷ്യന്റെ പരാജയം കാരണം സംഭവിക്കാം. അങ്ങനെ സംഭവിച്ചാൽ ഇളവ് നൽകിയിട്ടുണ്ട്. ഇവിടെ ഭാര്യയെക്കുറിച്ച് പറയുന്ന വാക്കുകൾ   വളരെ ശ്രദ്ധയോടെ മനസ്സിലാക്കേണ്ടതാണ്. “പിരിഞ്ഞു എന്ന് വരികിലോ?”   ഭർത്താവിനോടു പറയുന്നത് “ഭർത്താവു ഭാര്യയെ ഉപേക്ഷിക്കരുത്” എന്നാണ് സ്ത്രീക്ക് മാത്രമാണ് ഇളവ് നൽകുന്നത്,  പുരുഷന് ഇളവില്ല എന്നത് ശ്രദ്ധിക്കുക. അതിനു കാരണമുണ്ട്. അതാണ് ക്രിസ്തുവും സഭയും തമ്മിലുള്ള ബന്ധം. യോഹന്നാൻ 6:37-ൽ കർത്താവ് പറഞ്ഞു, “എന്റെ അടുക്കൽ വരുന്നവനെ ഞാൻ ഒരുനാളും  തള്ളി കളയുകയില്ല, ”   “ആർക്കും അവരെ എന്റെ കയ്യിൽ നിന്ന് തട്ടിയെടുക്കാൻ കഴിയില്ല.” (യോഹന്നാൻ 10:28) എന്നാൽ സഭ അവന്റെ ആത്മീയ മണവാട്ടി എന്ന നിലയിൽ അവിശ്വസ്തത കാണിക്കുകയും അവനെ ഉപേക്ഷിക്കുകയും ചെയ്തു എന്ന് വരികിലും  അവൻ സഭയെ തിരികെ സ്വീകരിക്കാൻ വിശ്വസ്തനായി തുടരുന്നു. ക്രിസ്തുവിനെ പ്രതിനിധീകരിക്കുന്ന ഒരു പുരുഷൻ തന്റെ ഭാര്യയെ വിവാഹമോചനം ചെയ്യരുത്, അവൾ അവിശ്വസ്തയായിത്തീർന്നാലും അവനെ ഉപേക്ഷിച്ചാലും,  അവൻ ഉപേക്ഷിക്കുവാൻ പാടില്ല. അത് ക്രിസ്തുവിനെയും സഭയെയും സംബന്ധിച്ച ഒരു വലിയ രഹസ്യമാണ്. സമീപകാലത്ത്, വിശ്വാസികൾക്കിടയിൽ വിവാഹ  മോചനം സാധാരണവും സ്വീകാര്യവും ആയി തീർന്നിരിക്കുന്നു.  ബ്രെത്റൻ സമൂഹത്തിലെ ആധുനീക ദൈവ ശാശ്ത്ര പഠിതാക്കൾ വിവാഹമോചനം നേടിയവരെ സഭയിൽ അംഗീകരിക്കണമെന്നും നേതൃ സ്ഥാനത്തേക്ക് അവർ  വരുന്നതിൽ തെറ്റില്ല  എന്നും പഠിപ്പിക്കുന്നു.  ഇത് പൂർണ്ണമായും ദൈവ വചനത്തിനു വിരുദ്ധമായ പഠിപ്പിക്കലാണ്. വിവാഹമോചിതനായ മൂപ്പനോ സുവിശേഷകനോ തെറ്റായ മാതൃകയും സ്വാധീനവുമാണ്. അവന്റെ സാക്ഷ്യം നഷ്ടപ്പെട്ടു. അതിനെതിരെ അദ്ദേഹത്തിന് തന്റെ സഭയെ ഉപദേശിക്കാൻ കഴിയില്ല,  മറിച്ച് വ്യത്യസ്ത കാരണങ്ങൾ പറഞ്ഞ് അദ്ദേഹം അത് സഹിച്ചുകൊണ്ടേയിരിക്കും. അതിനാൽ, വിവാഹമോചനം നേടിയ വ്യക്തിയെ എല്ലാ പൊതു ശുശ്രൂഷകളിൽ നിന്നും സഭയിലെ നേതൃസ്ഥാനത്തുനിന്നും നീക്കം ചെയ്യണം.  എന്നാൽ ദൈവം എല്ലാ പാപങ്ങളും പൊറുക്കുന്നതാകയാൽ അനുതപിച്ചാൽ കൂട്ടായ്മയിൽ തുടരാൻ അനുവദിക്കാം എന്നതാണ് എന്റെ വ്യക്തിപരമായ  അഭിപ്രായം. ഈ ഭാര്യാ-ഭർതൃ ബന്ധം മറ്റ് യുഗങ്ങളിൽ അറിയപ്പെടാത്ത ഒരു അത്ഭുതകരമായ നിഗൂഢതയാണ്; എന്നാൽ ഇപ്പോൾ പുതിയ നിയമത്തിന്റെ പേജുകളിൽ പൂർണ്ണമായും വെളിപ്പെടുത്തിയിരിക്കുന്നു. ദൈവകൃപയുടെ ഈ കാലഘട്ടത്തിൽ ഏറ്റുപറയാനും അംഗീകരിക്കാനും നിങ്ങളെയും എന്നെയും വിളിച്ചിരിക്കുന്നു എന്നത് വലിയ സത്യമാണ്. 33-ാം വാക്യത്തിൽ പൗലോസ് ദാമ്പത്യ ബന്ധത്തെക്കുറിച്ച് നമ്മെ ഓർമ്മിപ്പിക്കുന്നു: തന്നെപ്പോലെ തന്നെ ഭാര്യയെ സ്നേഹിക്കുക; ഭാര്യ തന്റെ ഭർത്താവിനെ ബഹുമാനിക്കുക.  ലോകത്തെവിടെയും അത്തരമൊരു കുടുംബം നാം പ്രസംഗിക്കുന്ന സുവിശേഷത്തിന് സാക്ഷ്യം വഹിക്കുന്നു. ഈ കാര്യങ്ങൾ നമ്മുടെ ജീവിതത്തിൽ നിലനിൽക്കുന്നത് ആളുകൾ കാണുകയും രണ്ട് ഹൃദയങ്ങളെ ബന്ധിപ്പിച്ച് ക്രിസ്തുവിന്റെയും സഭയുടെയും പരസ്പര ബന്ധം പ്രകടിപ്പിക്കാൻ അവരെ പ്രാപ്തരാക്കാനുള്ള ക്രിസ്തുവിന്റെ ശക്തി തിരിച്ചറിയുകയും വേണം.

മാതാപിതാക്കളും കുട്ടികളുമായുള്ള ബന്ധം. മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും പൗലോസ് നിർദ്ദേശങ്ങൾ നൽകുന്നു എഫെ.6:1-4. എല്ലാ രക്ഷിതാക്കൾക്കും ആദ്യ 2 വാക്യങ്ങൾ പരിചിതമാണ്. കുട്ടികളെ ഉപദേശിക്കുന്നതിനായി നാം നിരന്തരം അവ ഉപയോഗിക്കുന്നുമുണ്ട്. ആ കൽപ്പനയെക്കുറിച്ച് ഞാൻ അധികം പറയേണ്ടതില്ല. എന്നാൽ വാക്യം 4-ൽ സമാനമായ ഒരു കൽപ്പനയുണ്ട്. “പിതാക്കന്മാരേ, നിങ്ങൾ നിങ്ങളുടെ മക്കളെ കോപിപ്പിക്കാതെ കർത്താവിന്റെ ബാലശിക്ഷയിലും  പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ.”  നമ്മുടെ ഇടയിൽ കുട്ടിപ്രസംഗകരില്ലാത്തതിനാലും മാതാപിതാക്കളായ പ്രസംഗകർ തങ്ങളോടു  തന്നെ പ്രസംഗിക്കുവാൻ ആഗ്രഹിക്കാത്തതിനാലും ഈ ഉപദേശം പലപ്പോഴും അവഗണിക്കപ്പെടുന്നു. അന്യായവും ക്രൂരവുമായ നടപടികൾ കുട്ടികളെ തെറ്റായ നടപടികളിലേക്ക് നയിക്കയും അവരിൽ കോപം  ജനിപ്പിക്കയും ചെയ്യും. അത് കുട്ടികളിൽ  നിരാശയും നീരസവും ഉളവാക്കും.  കർക്കശവും യുക്തിരഹിതവുമായ ആവശ്യങ്ങളും കർശനമായ നടപടികളും അവരെ പ്രകോപിപ്പിക്കും.  “കർത്താവിന്‍റെ ബാലശിക്ഷയിലും പാത്ഥ്യോപദേശത്തിലും പോറ്റി വളർത്തുവിൻ”വ്യവസ്ഥാപിതമായ ശിക്ഷണവും  നിർദ്ദേശങ്ങളും, എല്ലാ ജീവിതത്തിന്റെയും നന്മയുടെയും അനുഗ്രഹത്തിന്റെയും അടിസ്ഥാനമായി കർത്താവിന്റെ കൽപ്പനകളെ ബഹുമാനിക്കാൻ കുട്ടികളെ സഹായിക്കുന്നു.  കുട്ടികളെ പ്രകോപിപ്പിക്കുന്നതും അവരെ കർത്താവിന്റെ പരിശീലനത്തിലും ഉപദേശത്തിലും വളർത്തുന്നതിലെ പരാജയവും പല ക്രിസ്തീയ കുടുംബങ്ങളിലും കാണപ്പെടുന്നു. ഒരു കർത്തൃ ശ്രുശ്രൂഷകൻറെ കുടുംബത്തെക്കുറിച്ച് എനിക്കറിയാം, അവിടെ അവരുടെ രണ്ട് ആൺമക്കൾ മുസ്ലീങ്ങളായി മാറി. നിങ്ങൾ ഒരു നല്ല സുവിശേഷകനും, നല്ല പ്രസംഗകനും, നല്ല ബൈബിൾ  അധ്യാപകനും ആയിരിക്കാം. എന്നാൽ ദൈവവചനം അനുസരിച്ച് കുട്ടികളെ വളർത്തുന്നതിൽ നിങ്ങൾ പരാജയപ്പെട്ടാൽ നിങ്ങൾ ഖേദിക്കും. നിങ്ങൾ ബാക്കിയുള്ള വിശ്വാസികൾക്കും ലോകത്തിനും ഒരു തെറ്റായ മാതൃക യായി മാറും. ദൈവം നൽകിയ ഉത്തരവാദിത്തത്തിൽ നിങ്ങൾ പരാജയപ്പെട്ടു.ഒരു കർത്തൃ ശ്രുശ്രൂഷകനിൽ നിന്നും പ്രതീക്ഷിക്കുന്നതുപോലെ ഈ കാര്യങ്ങളിലെല്ലാം ഒരു മാതൃകയായിരിക്കണം.

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More